1932-ലെ പാത്രിയര്‍ക്കാ തിരഞ്ഞെടുപ്പ്: വട്ടശ്ശേരില്‍ തിരുമേനിയുടെ കത്ത്

സഭാ ഭാസുരന്‍റെ ശ്രദ്ധേയമായ ഒരു കത്ത്


പ. വട്ടശ്ശേരില്‍ ഗീവറുഗീസ് മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്താ, കയിമാഖാനായിരുന്ന മാര്‍ അപ്രേം സേവേറിയോസിനും ശീമയിലുള്ള മറ്റു മേല്പട്ടക്കാര്‍ തുടങ്ങിയവര്‍ക്കും അയച്ച കത്തിന്‍റെ ശരി തര്‍ജ്ജമ:

മലങ്കരയുടെ സിറിയന്‍ മെത്രാപ്പോലീത്താ ഗീവറുഗീസ് മാര്‍ ദീവന്നാസ്യോസില്‍ നിന്നും.
അഭിവന്ദ്യനേ,

അങ്ങു സസുഖം വസിക്കുന്നു എന്ന് നാം വിശ്വസിക്കുന്നു. 1932 ഫെബ്രുവരി 29-നു താഴെപ്പറയുന്നപ്രകാരം ഒരു കമ്പി അങ്ങേയ്ക്ക് അയച്ചിരുന്നത് ഇതിനാല്‍ ഞാന്‍ സ്ഥിരീകരിക്കുന്നു. ‘മലബാര്‍ മജിലിസും കാതോലിക്കായും ഭാഗഭാക്കാകാതെയുള്ള പാത്രിയര്‍ക്കാ തെരഞ്ഞെടുപ്പ് മലങ്കരസഭ അംഗീകരിക്കുന്നതല്ല.’ നിങ്ങളുടെ പാത്രിയര്‍ക്കീസ് ഇഗ്നാത്യോസ് ഏലിയാസ് തൃതീയന്‍ ഈ നാട്ടില്‍ വച്ച് സങ്കടകരമായി കാലം ചെയ്തതിന്‍റെ ഫലമായിരുന്നു ഈ കമ്പി. മലങ്കരയുള്ള ഞങ്ങള്‍ ആ ദുഃഖസംഭവത്തില്‍ കഠിനമായി ഖേദിക്കുകയും അദ്ദേഹത്തിന്‍റെ ആത്മശാന്തിക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.

മലങ്കരയിലെ വൈദിക മേധാവികള്‍ക്കോ ഈ സഭയ്ക്കോ യാതൊരു അറിവും കൊടുക്കാതെയും അവരെ തെരഞ്ഞെടുപ്പില്‍ സംബന്ധിപ്പിക്കാതെയും നിങ്ങള്‍ ഏലിയാസ് പാത്രിയര്‍ക്കീസിനെ തെരഞ്ഞെടുത്തു. ആ കാരണത്താല്‍ അദ്ദേഹത്തെ ന്യായമായി തെരഞ്ഞെടുക്കപ്പെട്ട പാത്രിയര്‍ക്കീസായി അംഗീകരിക്കാന്‍ സമുദായത്തിലെ ഗണ്യമായ വിഭാഗം വിസമ്മതിക്കുന്നു. ഏതാദൃശനടപടി ആവര്‍ത്തിക്കുന്നതിനാലും തന്നിമിത്തം നിങ്ങളും മലങ്കരസഭയും തമ്മില്‍ ഉള്ള ബന്ധം ഹനിക്കുന്നതിനാലും വരുന്ന ആപത്തിലേക്കു നിങ്ങളുടെ ശ്രദ്ധയെ ക്ഷണിക്കണമെന്നുള്ളതായിരുന്നു നമ്മുടെ കമ്പിയുടെ ഉദ്ദേശ്യം.

ഇവിടുത്തെ നില വിസ്തരിക്കുവാന്‍ അനുവദിച്ചാലും. ഏകദേശം പത്തു വര്‍ഷക്കാലം റോമാ പാപ്പായുടെ കീഴില്‍ ഒരു റോമന്‍ കത്തോലിക്ക് മെത്രാന്‍ ആയിരുന്ന അബ്ദുള്ളാ പാത്രിയര്‍ക്കീസ് നാം അറിയുന്നപ്രകാരം ഉള്ള മാര്‍ഗ്ഗങ്ങളിലൂടെ തുര്‍ക്കി സുല്‍ത്താനെയോ അദ്ദേഹത്തിന്‍റെ ഉദ്യോഗസ്ഥന്മാരെയോ പ്രേരിപ്പിച്ച് അബ്ദല്‍ മ്ശിഹാ പാത്രിയര്‍ക്കീസിന്‍റെ ഫര്‍മാന്‍ റദ്ദു ചെയ്യിക്കയും സ്വന്ത പേരില്‍ ഫര്‍മാന്‍ സമ്പാദിക്കുകയും ചെയ്തു. ഈ നടപടി കാനോനികമെന്നോ, സഭയെ ബന്ധിക്കുന്നതെന്നോ ഞങ്ങള്‍ കരുതുന്നില്ല; നിങ്ങളും കരുതുന്നില്ല എന്നു ഞങ്ങള്‍ കരുതുന്നു.

ഈ വിധമുള്ള തന്ത്രങ്ങളുടെ ഫലമായി അബ്ദല്‍ മ്ശിഹായുടെ പാത്രിയര്‍ക്കാസ്ഥാനം നശിച്ചുപോയി എന്നും ഞങ്ങള്‍ വിശ്വസിക്കുന്നില്ല. അബ്ദുള്ളാ പാത്രിയര്‍ക്കീസ് അല്പകാലങ്ങള്‍ക്കുശേഷം ഈ നാട്ടിലേക്കു വരികയും അദ്ദേഹത്തിന്‍റെ ന്യായരഹിതമായ ആവശ്യങ്ങള്‍ക്കു നാം കീഴ്പ്പെടാന്‍ വിസമ്മതിക്കയാല്‍ അദ്ദേഹം നമ്മെ മുടക്കിയിരിക്കുന്നതായി നടിക്കയും ചെയ്തു. അദ്ദേഹം യെരുശലേമിലേക്കു മടങ്ങി അവിടെ എങ്ങാണ്ടു വച്ച് കാലം ചെയ്തു. മലങ്കര നിന്നു തിരിച്ചു പോയ ശേഷം അദ്ദേഹം മര്‍ദ്ദീനില്‍ കുര്‍ക്കുമാ ദയറായില്‍ വാഴുകയോ, നാം നേരിട്ടു അറിയുന്നതുപോലെ നിങ്ങളുടെ നാട്ടിലുള്ള സമുദായത്തിലെ ഒരു ഭാഗം ആളുകളാലും മെത്രാന്മാരാലും അംഗീകരിക്കപ്പെടുകയോ ഒരിക്കലും ഉണ്ടായില്ല.

അധികം താമസിയാതെ അബ്ദല്‍ മ്ശിഹാ മലങ്കര സന്ദര്‍ശിക്കയും അബ്ദുള്ളാ പാത്രിയര്‍ക്കീസ് കാനോനികമായ പാത്രിയര്‍ക്കീസല്ലെന്നും അബ്ദുള്ളാ പാത്രിയര്‍ക്കീസ് പുറപ്പെടുവിച്ചിട്ടുള്ള മുടക്ക് കേവലം നിരര്‍ത്ഥകമാണെന്നും രേഖാമൂലം പരസ്യപ്രസ്താവന ചെയ്കയും കാതോലിക്കാസ്ഥാപനം ഉണ്ടാക്കുന്നതിന് അധികാരപ്പെടുത്തുകയും ചെയ്തു. സുന്നഹദോസില്‍ അദ്ധ്യക്ഷനായ അദ്ദേഹം തന്നെ, സ്ഥലത്തെ ഒരു മെത്രാനെ പൗരസ്ത്യ കാതോലിക്കായായി അഭിഷേകം ചെയ്തു. അദ്ദേഹം ഇവിടെ മെത്രാപ്പോലീത്താമാരെ വാഴിക്കുകയും ചെയ്തു. ക്രമാനുഗതമായി മൂന്നാമത്തെ കാതോലിക്കാ – മോറാന്‍ മാര്‍ ബസ്സേലിയോസ് ഗീവറുഗീസ് ദ്വിതീയന്‍ – ആണ് ഇപ്പോള്‍ കാതോലിക്കാ സിംഹാസനത്തില്‍ വാഴുന്നത്. അബ്ദല്‍ മ്ശിഹാ പാത്രിയര്‍ക്കീസ് മര്‍ദ്ദീനിലേക്ക് തിരിച്ചുപോയി അവിടെ വാണു മരിച്ചു. മെത്രാന്മാര്‍, റമ്പാന്മാര്‍, മറ്റു പട്ടക്കാര്‍, അല്‍മായര്‍ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ ബസ്കുദിശായില്‍ അദ്ദേഹം കബറടക്കപ്പെട്ടതിന്‍റെ ഒരു പടം (ഫോട്ടോ) കുര്‍ക്കുമ ദയറായില്‍ നാം കണ്ടു.

നമുക്കെതിരെയുള്ള അബ്ദുള്ളാ പാത്രിയര്‍ക്കീസിന്‍റെ മുടക്ക് ഈ നാട്ടില്‍ ഇരുപതില്‍പരം വര്‍ഷങ്ങളിലെ വ്യവഹാരത്തിനു വിഷയമായി. ഈ രാജ്യത്തെ ഏറ്റം ഉയര്‍ന്ന കോടതി, മുടക്ക് അസാധുവും ശക്തിഹീനവും ആണെന്ന് അവസാനമായി വിധിച്ചു. മലങ്കര മെത്രാപ്പോലീത്തായായി തുടരുന്നതിനും സഭയുടെ വസ്തുക്കളും പണവും കൈവശം വെച്ച് നിയന്ത്രിക്കുന്നതിനും ഉള്ള നമ്മുടെ അവകാശവും സ്ഥാപിച്ചു കിട്ടി. സാധാരണ പ്രതീക്ഷിക്കാവുന്നതുപോലെ ഇവിടുത്തെ ജനങ്ങളില്‍ ഒരു ചെറിയ വിഭാഗം അബ്ദള്ളായുടെ ഭാഗം പിടിച്ച് ശക്തിയായി പൊരുതും. അബ്ദല്‍ മശിഹായുടെ സ്വീകരണം ഞങ്ങളെ ശീശ്മക്കാരാക്കുന്നില്ല എന്ന് കോടതി വിധിയുണ്ടായി.

പുതുപ്പള്ളിക്കേസില്‍ ഈ രാജ്യത്തെ ഹൈക്കോടതി വിധിയുടെ ഒരു ഭാഗം ആകുന്നു താഴെ ചേര്‍ക്കുന്നത്. ‘വാദികള്‍ ആദ്യം ഇടവകാംഗങ്ങള്‍ ആയിരുന്നു എന്നുള്ളത് ഈ കേസ്സിലെ ഒന്നാം പ്രതി നിരസിക്കുന്നില്ല. മാര്‍ ദീവന്നാസ്യോസിനെ മലങ്കര മെത്രാപ്പോലീത്താ ആയി തുടര്‍ന്നു സ്വീകരിക്കയാലും അബ്ദല്‍ മ്ശിഹായെ അന്ത്യോക്യാ പാത്രിയര്‍ക്കീസായി അംഗീകരിക്കയാലും അവരുടെ ഇടവകാംഗത്വം നശിച്ചുപോകുമെന്നുള്ള അയാളുടെ വാദം പുലര്‍ത്തത്തക്കതല്ല. എന്തെന്നാല്‍ മാത്തന്‍ മല്പാനും ഉലഹന്നാന്‍ ഗീവറുഗീസും തമ്മില്‍ ഉണ്ടായ കേസില്‍ പാത്രിയര്‍ക്കീസില്‍ നിന്നു മുടക്കുണ്ടെങ്കിലും മാര്‍ ദീവന്നാസ്യോസ് മലങ്കര മെത്രാപ്പോലീത്താ ആയിത്തന്നെ ഇരിക്കുന്നു എന്നും അദ്ദേഹവും അനുയായികളും അബ്ദല്‍ മശിഹായെ സ്വീകരിക്കുന്നതിനാല്‍ വിശ്വാസത്തില്‍ നിന്ന് അന്യരായി തീര്‍ന്നിട്ടില്ലെന്നും നാം അഭിപ്രായപ്പെട്ടിട്ടുണ്ട്. തന്നിമിത്തം വാദികള്‍ ഇപ്പോഴും ഇടവകാംഗങ്ങള്‍ ആയിരിക്കുന്നു എന്ന് വന്നുകൂടുന്നു.’

അതിനകം കാതോലിക്കായോടും മലങ്കര മെത്രാപ്പോലീത്തായോടും മറ്റു മെത്രാപ്പോലീത്താമാരോടും ഈ നാട്ടിലെ ജനങ്ങളോടും ആലോചിക്കാതെയും ആവരുടെ ആനുകൂല്യം കൂടാതെയും പരേതനായ ഏലിയാസ് പാത്രിയര്‍ക്കീസിനെ തിരഞ്ഞെടുക്കുവാന്‍ നിങ്ങള്‍ക്ക് ഇഷ്ടംതോന്നി. ഞങ്ങള്‍ പ്രകൃത്യാ ഇതിനെ എതിര്‍ക്കുകയും അദ്ദേഹത്തെ പാത്രിയര്‍ക്കീസായി അംഗീകരിക്കാതിരിക്കയും ചെയ്തു. സത്യ (ഓര്‍ത്തഡോക്സ്) സഭയുടെ രണ്ടു ശാഖകളും തമ്മില്‍ മൈത്രി ആയി കാണണമെന്ന് ഏതായാലും നമുക്ക് ഉല്‍ക്കണ്ഠയുണ്ടായി. നാം മര്‍ദ്ദീനിലേക്കുപോയി; ഏലിയാസ് പാത്രിയര്‍ക്കീസുമായി കൂടിക്കാഴ്ച നടത്തുകയും സമാധാനപരമായ ഒരു തീരുമാനം ഉണ്ടാകുകയും ചെയ്തു. നാല്പതു സഹദേന്മാരുടെ ദേവാലയത്തില്‍ വച്ച് നാമും പങ്കുകൊണ്ടു വാഴിക്കപ്പെട്ട ഒരു പുതിയ മെത്രാന്‍ മാര്‍ യൂലിയോസ് സമാധാന സന്ദേശവുമായി ഈ നാട്ടിലേക്ക് അയക്കപ്പെട്ടു. ഇവിടെ എത്തിയപ്പോള്‍ സ്ഥലത്തെ മല്‍സരക്കാരുടെ കൃത്രിമത്തിനു കീഴ്പ്പെട്ട് സന്ദേശം മറച്ചു കളഞ്ഞു. മലങ്കര അസോസിയേഷന്‍ പ്രസിഡണ്ടും മലങ്കരയുടെ വൃദ്ധനായ മെത്രാപ്പോലീത്തായും ആയ നമ്മെ സസ്പെണ്ടു ചെയ്തു ശാസനം അയയ്ക്കാന്‍ തക്ക ധിക്കാരം ഒരു ചെറുപ്പക്കാരനായ അദ്ദേഹത്തിന് ഉണ്ടായി. നമ്മെ മുടക്കിയിരിക്കുന്നതായി ഏലിയാസ് പാത്രിയര്‍ക്കീസിന്‍റെ കല്പന എന്ന ഭാവത്തില്‍ എന്തോ പരസ്യപ്പെടുത്തുകയും ചെയ്തു. സ്വക പോലെ കല്പിതങ്ങളായ ഈ ശാസനങ്ങളെ ആധാരമാക്കി സിവില്‍ കേസ് നടത്തുവാന്‍ അദ്ദേഹം ജനങ്ങളെ പ്രോല്‍സാഹിപ്പിച്ചു. ഭാഗ്യവശാല്‍ ആ കേസുകളും അവസാനിക്കുകയും ഏലിയാസ് പാത്രിയര്‍ക്കീസ് ഇവിടെ ജീവിച്ചിരുന്ന കാലത്തുതന്നെ വ്യവഹാരത്തിനു വിഷയമായ പണം ബ്രിട്ടീഷ് ഖജനാവില്‍ നിന്നു കെട്ടി വാങ്ങുകയും ചെയ്തു.

ഏലിയാസ് പാത്രിയര്‍ക്കീസ് സദുദ്ദേശ്യത്തോടാണ് വന്നത് എന്നുള്ളതില്‍ നമുക്ക് സംശയമില്ല. ഈ നാട്ടില്‍ സമാധാനവും ഐക്യവും സ്ഥാപിക്കാന്‍ അദ്ദേഹം ആഗ്രഹിക്കുകയും ചെയ്തു. മലങ്കര മെത്രാപ്പോലീത്താ എന്ന നിലയില്‍ നമ്മെ സ്വീകരിക്കയും നമ്മോടു പെരുമാറുകയും നാം അദ്ദേഹത്തിന്‍റെ വലത്തുകൈയാണെന്ന് പരസ്യപ്രസ്താവന ചെയ്കയും ചെയ്തു. എങ്കിലും വേഗത്തില്‍ യൂലിയോസിന്‍റെ ദുഷ്ട ലക്ഷ്യത്തില്‍ നിന്നുള്ള ആപല്‍ക്കരമായ ഉപദേശങ്ങള്‍ പ്രബലങ്ങളായി, ഏലിയാസ് പാത്രിയര്‍ക്കീസ് ചഞ്ചലപ്പെടാനും തുടങ്ങി. അദ്ദേഹം സന്ദര്‍ശിച്ച ഓരോ പള്ളി ഇടവകയും സഭയുടെ വ്രണം സൗഖ്യമാക്കണമെന്ന് അദ്ദേഹത്തോട് അപേക്ഷിക്കയും സമാധാനം പുനസ്ഥാപിക്കാനുള്ള ഉത്തമമാര്‍ഗം അതു മാത്രമാണെന്ന് നിര്‍ദ്ദേശിക്കയും ചെയ്തു. ആ മാര്‍ഗത്തിന് അനുകൂലമായ അഭിപ്രായം ഇങ്ങനെ വര്‍ദ്ധിച്ചുവരുന്നത് യൂലിയോസിന് തീരെ ഇഷ്ടമായില്ല. അതിനാല്‍ ഒടുവില്‍ കലഹത്തിന്‍റെ ആത്മാവ് ഏറ്റം ഉഗ്രമായിരിക്കുന്നതായി യൂലിയോസിന് നിശ്ചയമുള്ള ചെറിയതും നിസ്സാരങ്ങളുമായ പള്ളികളിലേക്കു മാത്രമേ ഏലിയാസ് പാത്രിയര്‍ക്കീസിനെ കൊണ്ടുപോയുള്ളു.

അപ്രകാരമുള്ള ഒരു പള്ളി അടുത്തകാലത്തു വഴങ്ങാത്ത ഒരു പട്ടക്കാരനാല്‍ ഉണ്ടാക്കപ്പെട്ടതും ന്യായമോ യോഗ്യമോ ആയ വാസസ്ഥലം ഇല്ലാത്തതുമായ ഒരു ചെറിയപള്ളിയിലേക്കാണ് ഏലിയാസ് പാത്രിയര്‍ക്കീസ് അവസാനമായി കൊണ്ടുപോകപ്പെട്ടത്. അവിടെ അദ്ദേഹം കാലം ചെയ്കയും ചെയ്തു. ഉടന്‍തന്നെ നാം അവിടെ ചെന്ന് പരേതന്‍റെ നിലയ്ക്കും സ്ഥാനത്തിനും ഉചിതമായ ഒരു ശവസംസ്കാരം വാഗ്ദാനം ചെയ്തു. യൂലിയോസും അദ്ദേഹത്തിന്‍റെ പാര്‍ശ്വവര്‍ത്തികളും സമ്മതിച്ചില്ല. ഒരു പാത്രിയര്‍ക്കീസിന്‍റെ ശവശരീരത്തിനുവേണ്ടി ശണ്ഠ കൂട്ടരുതല്ലോ എന്നു വിചാരിച്ചു നമുക്കു പിന്മാറേണ്ടതായി വന്നു.

ഇവിടുത്തെ നില ഈ വിധത്തില്‍ ഇരിക്കുന്നു. സംഖ്യ അനുസരിച്ചായാലും വിദ്യാഭ്യാസനില നോക്കിയാലും സ്വാധീനം കൊണ്ടും പള്ളികളുടെയും ജനങ്ങളുടെയും സംഖ്യകൊണ്ടും ഞങ്ങള്‍ ഓര്‍ത്തഡോക്സ് സുറിയാനിസഭയുടെ വമ്പിച്ച ഭൂരിഭാഗമാകുന്നു. മലങ്കര ഞങ്ങളുടെ സംഖ്യ 350000-ല്‍ പരമാണ്. അതില്‍ 3 ല്‍ 2 ഭാഗം അബ്ദള്ളാ പാത്രിയര്‍ക്കീസിനും യൂലിയോസ് മെത്രാനും എതിരാണെന്ന് ധൈര്യസമേതം നാം ഉറപ്പു പറയുന്നു. ഏകദേശം 470 പള്ളികള്‍ ഉള്ളതില്‍ 350-ം ഒരു ഭാഗത്തു തന്നെയാണ്. ഞങ്ങള്‍ക്ക് ഒരു കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായും രണ്ട് എപ്പിസ്കോപ്പന്മാരും ഉണ്ട്. മറ്റേ ഭാഗത്തും നാലു മെത്രാന്മാര്‍ ഉണ്ട്. ഞങ്ങള്‍ക്ക് മൂന്ന് ആണ്‍പള്ളിക്കൂടവും ഒരു പെണ്‍പള്ളിക്കൂടവും ആയി 4 ഇംഗ്ലീഷ് ഹൈസ്ക്കൂളുകളും അനേകം ഇംഗ്ളീഷ് മിഡില്‍ സ്ക്കൂളുകളും ഉണ്ട്. സഭയുടെ വക എല്ലാ സ്വത്തുക്കളും എന്‍റെ കൈവശത്തിലാണ്; സഭയുടെ എല്ലാ പൊതുമുതലും കൈകാര്യം ചെയ്യുന്നതും നാം തന്നെയാണ്.

അബ്ദുള്ളാ പാത്രിയര്‍ക്കീസ് ഉണ്ടാക്കിയ ഭിന്നതയുടെ ആരംഭത്തില്‍ വടക്കുള്ള ജനങ്ങളുടെയും പള്ളികളുടെയും ഒരു ഗണ്യമായ ഭാഗം അദ്ദേഹത്തിന്‍റെ ഭാഗംചേര്‍ന്നു നിന്നിരുന്നു. ഭാഗ്യവശാല്‍ വിദ്യാഭ്യാസാഭിവൃദ്ധി, മാനസിക വികാസം എന്നിവകൊണ്ടും, തന്‍റെ വാക്കുകളാലും പ്രവൃത്തികളാലും വെളിപ്പെടുത്തപ്പെട്ട യൂലിയോസിന്‍റെ വഞ്ചന കണ്ടതുകൊണ്ടും ഈ അടുത്ത കാലത്ത് ഞങ്ങളുടെ ഭാഗത്തേക്ക് ഒരു ഒഴുക്ക് ഉണ്ടായിട്ടുണ്ട്.
അബ്ദുള്ളാ പാത്രിയര്‍ക്കീസിന്‍റെ കക്ഷിയിലെ ഏറ്റം വലിയ വാശിക്കാരില്‍ ഒരാളായ കോനാട്ടു മാത്തന്‍ കശീശായുടെ അദ്ധ്യക്ഷതയില്‍ വടക്കന്‍ പള്ളിപ്രതിപുരുഷന്മാരുടെ ഒരു യോഗം 1927-ല്‍ ആലുവായില്‍ കൂടി. മലങ്കര സ്ഥാപിക്കപ്പെട്ടിട്ടുള്ള കാതോലിക്കാസ്ഥാപനം ഔദ്യോഗികമായി സ്വീകരിക്കയും അംഗീകരിക്കയും ചെയ്യണമെന്ന് ഒരു നിശ്ചയം ഏലിയാസ് പാത്രിയര്‍ക്കീസിന് അയച്ചുകൊടുക്കാനായി ഐകകണ്ഠ്യേന ആ യോഗത്തില്‍ പാസാക്കി. ഇന്നു മറ്റൊരു യോഗം വിളിച്ചുകൂട്ടാമെങ്കില്‍ ഈ അഭിപ്രായംതന്നെ കുറെക്കൂടെ ശക്തിയുക്തം പ്രത്യക്ഷപ്പെടും. ഈ സത്യങ്ങള്‍ യൂലിയോസ് സമ്മതിക്കയില്ലെന്ന് എനിക്ക് നല്ലതുപോലെ അറിയാം. നേരിട്ടുള്ള അറിവു ലഭിച്ചിട്ടില്ലാത്ത നിങ്ങളുടെ ജനങ്ങള്‍ അദ്ദേഹത്തിന്‍റെ വാക്കുകള്‍ സ്വീകരിക്കാന്‍ സന്നദ്ധരായിരുന്നേക്കാം. അദ്ദേഹം അങ്ങയുടെ നാട്ടുകാരനാണ്. എന്നാല്‍ അങ്ങ് ആ മനുഷ്യനെ അറിഞ്ഞിട്ടില്ല എന്ന് എനിക്കു നല്ല തീര്‍ച്ചയാണ്. വിശ്വസ്തരും സത്യസന്ധന്മാരും ആയ മൂന്ന് ആളുകള്‍ – ഒരു മെത്രാനും ഒരു പട്ടക്കാരനും ഒരു അല്‍മായക്കാരനും – ഉള്‍പ്പെട്ട ഒരു നിവേദക സംഘത്തെ അങ്ങു മലങ്കരയ്ക്ക് അയയ്ക്കുമെങ്കില്‍ ഞാന്‍ പറയുന്നതുപോലെയാണു സംഗതികളുടെ വാസ്തവം എന്നും യൂലിയോസ് അങ്ങേ അറിയിച്ചിരിക്കാവുന്നതുപോലെയല്ലെന്നും അവര്‍ ഗ്രഹിക്കുമെന്നുള്ളതില്‍ എനിക്ക് സംശയമില്ല. യൂലിയോസ് അവരോട് കര്‍ണ്ണേ ജപം ചെയ്യുന്നതിനോ എന്‍റെയോ എന്‍റെ പ്രതിനിധിയുടേയോ സാന്നിദ്ധ്യത്തിലല്ലാതെ യാതൊന്നും അവരോടു സംസാരിക്കുന്നതിനോ അനുവദിക്കരുത് എന്നു മാത്രം ഒരു വ്യവസ്ഥയെ ഞാന്‍ വയ്ക്കുന്നുള്ളു. ഞങ്ങള്‍ക്ക് അറബി ഭാഷ അറിഞ്ഞുകൂടാ. യൂലിയോസിന്‍റെ കാര്യത്തില്‍ അറബിഭാഷ അസംഖ്യം പാപങ്ങളെ ആവരണം ചെയ്യുന്നു.

മറ്റൊരു ചിത്രം വരയ്ക്കുന്നതിനു (വശം പ്രതിപാദിക്കുന്നതിന്) നാം ആഗ്രഹിക്കുന്നു. അതു സങ്കടകരമാണെങ്കില്‍ അങ്ങനെ ആകുന്നതില്‍ ഞങ്ങള്‍ക്ക് രസമുണ്ടെന്ന് ഒരു നിമിഷംപോലും വിചാരിക്കരുത്. നിങ്ങളുടെ ജനസംഖ്യ ഞങ്ങളുടേതിന്‍റെ ദശാംശത്തില്‍ കുറവാണെന്നും, കമാലിന്‍റെ രാജ്യത്തു നമ്മുടെ ആളുകള്‍ പ്രായോഗികമായി ഒന്നുമില്ലാത്ത വിധം കുറഞ്ഞുപോയിരിക്കുന്നു എന്നും, ഏലിയാസ് പാത്രിയര്‍ക്കീസ് കുര്‍ക്കുമ ദയറാ ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതനാവുകയും പാത്രിയര്‍ക്കാ സിംഹാസനം സ്ഥാപിക്കാന്‍ ഒരു പുതിയ സ്ഥലം തേടിക്കൊണ്ടിരുന്നു എന്നും തീര്‍ത്തു പറയുവാന്‍ നമുക്കു തക്ക കാരണമുണ്ട്. സിറിയായിലും പലസ്തീനിലും സഭാംഗങ്ങളുടെ സംഖ്യ വളരെ തുച്ഛമാണ്. യറുശലേമിലും ആലപ്പോയിലും പക്ഷേ ഹോംസിലും നമുക്ക് വളരെ തുച്ഛമായ ഇടവകാംഗങ്ങളോടു കൂടിയ കുറച്ചു പള്ളികള്‍ മാത്രമേയുള്ളു. ഇറാക്കിനേയും മൂസലിനേയും അവിടെ നമ്മുടെ സമുദായത്തിനുള്ള ശക്തിയേയും കുറിച്ചു നമുക്കു കുറച്ച് അറിയാം. മഹമ്മദന്മാരോടും പാപ്പാ മതക്കാരോടും താരതമ്യപ്പെടുത്തിയാല്‍ നമ്മുടെ സംഖ്യാബലം വളരെ ക്ഷീണിച്ചിരിക്കുന്നു. ഉള്ളവര്‍ തന്നെ പ്രതിദിനം അമേരിക്കയിലേക്കും ഈജിപ്തിലേക്കും മറ്റു രാജ്യങ്ങളിലേക്കും വലിയ കൂട്ടങ്ങളായി പരദേശഗമനം ചെയ്യുന്നു. ഒന്നോരണ്ടോ പള്ളികളുടേയോ ഒരു ആശ്രമ(കോണ്‍വെന്‍റു) ത്തിന്‍റെയോ മേല്‍അധികാരികളായി എട്ടോഒന്‍പതോ മെത്രാന്മാര്‍ നിങ്ങളുടെ രാജ്യത്ത് ഉണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇതെല്ലാം നാം പറയുന്നതു കഠിന വ്യഥയോടും ലജ്ജയോടും കൂടിയാണെന്ന് എന്നെ വിശ്വസിച്ചാലും. ഞങ്ങളുടെ സഭാവിഭാഗത്തിന്‍റെ പ്രാധാന്യവും നിങ്ങളുടെ സഭാവിഭാഗം അധഃപതിച്ചിരിക്കുന്ന നിര്‍ഭാഗ്യനിലയും അങ്ങേ ബോധ്യപ്പെടുത്തണമെന്നു മാത്രമാണു നമ്മുടെ ഉദ്ദേശ്യം. നിങ്ങളുടെ രാജ്യത്തെ സഭയെ ദൈവം അനുഗ്രഹിക്കട്ടെ. അന്ത്യോക്യാ പാത്രിയര്‍ക്കീസിന് ഒരു കാലത്തു ചൈനയിലും, ടിബറ്റിലും ടര്‍ക്കിസ്റ്റാനിലും, അഫ്ഗാനിസ്റ്റാനിലും, ഇന്‍ഡ്യയിലും, പേര്‍ഷ്യയിലും, ടര്‍ക്കിയിലും അനുയായികള്‍ ഉണ്ടായിരുന്നു. നിങ്ങളുടേതും ഞങ്ങളുടേതും രണ്ടു ശാഖകള്‍ മാത്രം അവശേഷിച്ചിരിക്കുന്നു. അവയെ ഭിന്നിപ്പിക്കുന്നതിനും മറ്റും യാതൊന്നും ചെയ്യരുത് എന്നാണ് നമ്മുടെ പ്രാര്‍ത്ഥന. അബ്ദുള്ളാ പാത്രിയര്‍ക്കീസ് കോടാലി വച്ചു: യൂലിയോസ് സ്ഥിരോത്സാഹത്തോടെ അതു പ്രയോഗിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. നമ്മുടെ ബന്ധം വേര്‍പെടുത്തണമെന്നു ഞങ്ങള്‍ക്ക് ഇഷ്ടമില്ല. എന്നാല്‍ സഭയുടെ ആത്മീയ നിലയേയും പൊതുവായ അഭിവൃദ്ധിയേയും ഹനിച്ച് അധികാരത്തിനും പണത്തിനുംവേണ്ടി നിലവിളി കൂട്ടുന്ന മനുഷ്യരുടെ അശുദ്ധ ശ്രമങ്ങള്‍ക്കു കീഴ്പ്പെടാന്‍ ഞങ്ങള്‍ക്കു കഴികയില്ല.

മലങ്കരസഭയുടെ എല്ലാ സ്വത്തുക്കളിന്മേലും പാത്രിയര്‍ക്കീസ് സ്വേഛാ പ്രഭുവാണെന്നു രേഖാമൂലം സമ്മതിക്കായ്കയാല്‍ മാത്രം 350000 ജനങ്ങളുടെ മെത്രാപ്പോലീത്താ ആയ ഒരു വൈദികാദ്ധ്യക്ഷനെ മുടക്കുവാന്‍ തക്ക അവിവേക ധൈര്യം അബ്ദുള്ളാ പാത്രിയര്‍ക്കീസിന് ഉണ്ടായിരുന്നു. പാത്രിയര്‍ക്കീസ് പരാജിതനായി. എന്നാല്‍ മലങ്കരസഭയ്ക്കു അസംഖ്യം പണം ചെലവു ചെയ്യാന്‍ ഇടയാക്കി എന്നു തന്നെയല്ല അതിലും കഷ്ടതരമായി അനേകം സത്യലംഘനത്തിനും കള്ളപ്രമാണ നിര്‍മ്മാണത്തിനും കാരണമാക്കി. ഇതു കേവലം ഭയങ്കരമെന്നേ പറയേണ്ടു. സ്ഥാനത്തിന് അര്‍ഹതയുള്ള ഒരു ആത്മീയ പിതാവും ഇങ്ങനെ ഒരു അതിക്രമത്തിനു മുതിരുകയില്ലായിരുന്നു. അബ്ദുള്ളാ പാത്രിയര്‍ക്കീസ് ആരംഭിക്കുക തന്നെയല്ലാ ആ അശുദ്ധാഗ്നിയെ വീശുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. അബ്ദുള്ളാ പാത്രിയര്‍ക്കീസിന്‍റെ പ്രതിപുരുഷന്‍ പരേതനായ സ്ലീബാ മാര്‍ ഒസ്താത്തിയോസ് സ്വന്തം കൈപ്പടയിലുള്ള ഒരു കള്ള ഹൂദായകാനോന്‍ പുനര്‍ജീവിപ്പിക്കുവാന്‍ പോലും മുതിര്‍ന്നു.

മലങ്കരസഭയുടെ പല വിധത്തിലുള്ള പ്രാധാന്യം പരിഗണിച്ച് പുരാതനമായ കാതോലിക്കാ സ്ഥാപനം ഇവിടെ പുനര്‍ജീവിപ്പിക്കണമെന്ന് ഞങ്ങള്‍ വിചാരിച്ചു. പാത്രിയര്‍ക്കാ സിംഹാസനം ശതകഗതിയില്‍ പല സ്ഥലങ്ങളില്‍ മാറ്റപ്പെട്ടിട്ടുണ്ട്. മലങ്കരസഭയും അനേക നൂറ്റാണ്ടു കാലങ്ങളില്‍ ഭരണസീമയില്‍ ഉള്‍പ്പെട്ടിരുന്ന കാതോലിക്കാ സ്ഥാപനം ഈ രാജ്യത്തേക്കു മാറ്റി സ്ഥാപിച്ചതില്‍ അയോഗ്യത ഒന്നുമില്ലായിരുന്നു. അബ്ദല്‍ മ്ശീഹാ പാത്രിയര്‍ക്കീസ് അതിനേയും അതിന്‍റെ തുടര്‍ച്ചയേയും അനുവദിക്കയും അനുഗ്രഹിക്കയും അദ്ദേഹംതന്നെ ഒന്നാമത്തെ കാതോലിക്കായെ അവരോധിക്കയും ചെയ്തു.

ഈ രാജ്യത്തെ ജനങ്ങളുടെ വിപുലമായ ഭൂരിപക്ഷത്തിന്‍റെ വികസിതവും ഊര്‍ജിതവുമായ സഹായത്തോടുകൂടി ഇവിടെ കാതോലിക്കാ സ്ഥാപനം സ്ഥിതി ചെയ്യുന്നു എന്നുള്ളതു സംശയമറ്റ സത്യമാണ്. ഇരുപതില്‍പരം വര്‍ഷങ്ങള്‍ അതു നിലനില്ക്കുകയും മൂന്ന് അദ്ധ്യക്ഷന്മാര്‍ ആ സ്ഥാനത്തു വാഴുകയും ചെയ്തിട്ടുണ്ട്. നിഖ്യായിലെ പൊതു സുന്നഹദോസിന്‍റെ നടപടികളില്‍ നിന്ന്, ടൈഗ്രീസിലെ കാതോലിക്കാ സ്ഥാപനം ആ സുന്നഹദോസിനു മുമ്പു സ്ഥാപിക്കപ്പെട്ടിരിക്കുന്നു എന്നും, അതിനെ സ്വീകരിക്കയും പാത്രിയര്‍ക്കീസും കാതോലിക്കായും തമ്മിലുള്ള ബന്ധം ക്രമീകരിക്കുകയും മാത്രമാണ് സുന്നഹദോസ് ചെയ്തതെന്നും അനുമാനിക്കാം. നിങ്ങളേയും ഞങ്ങളേയും അഭിമുഖീകരിച്ചിരിക്കുന്നത് ഇതുപോലെയുള്ള ഒരു സന്ദര്‍ഭമാണ്. കാതലായ വിശ്വാസകാര്യങ്ങളില്‍ വ്യതിയാനം ഉണ്ടായിട്ടില്ല. മലങ്കരസഭ മേല്‍ പാത്രിയര്‍ക്കീസിന്‍റെ നേരിട്ടുള്ള ഭരണം ഒരു കാലത്തും ഉണ്ടായിരുന്നില്ല.

അടുത്തകാലത്തു തത്സംബന്ധമായി തുടങ്ങിയ പരിശ്രമങ്ങള്‍ പരാജയപ്പെട്ടു. തുടര്‍ന്നുള്ള പരിശ്രമങ്ങള്‍ക്ക് ഇപ്പോള്‍ കുറേക്കാലമായി പാത്രിയര്‍ക്കാ സ്വേച്ഛാപ്രബുദ്ധതയ്ക്ക് ഇരയായിരുന്ന ഞങ്ങള്‍ കീഴ്പ്പെടുകയില്ല. അത്മായക്കാരുടെയും പട്ടക്കാരുടെയും സംഖ്യകൊണ്ട് ഞങ്ങള്‍ ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ വമ്പിച്ച വിഭാഗമാകുന്നു. പാത്രിയര്‍ക്കീസ് ഇന്നു ഭവനരഹിതനാണ്. ഈ കാര്യങ്ങള്‍ അങ്ങ് അറികയും അഭിമുഖീകരിക്കയും അതിന്‍പ്രകാരം പ്രവര്‍ത്തിക്കയും ചെയ്യേണ്ടതാണ്. വടക്കന്‍ പള്ളികളിലെ കഴിഞ്ഞ തലമുറ കാതോലിക്കാ സ്ഥാപനത്തോട് ആനുകൂല്യമുള്ളവരായിരുന്നില്ലെങ്കിലും അങ്ങനെയുള്ള സ്ഥാപനത്തിന്‍റെ ആവശ്യം വിപുലമായും ശക്തിയായും വടക്കരുടെ ഇടയില്‍ പോലുമുള്ള ഇപ്പോഴത്തെ തലമുറയ്ക്കു തോന്നിയിട്ടുണ്ട്. ഈ വാസ്തവങ്ങളില്‍ അധികവും യൂലിയോസ് നിരസിക്കുമെന്ന് എനിക്ക് അറിയാം. അദ്ദേഹത്തിന്‍റെ വാക്കുകള്‍ അങ്ങു വകവയ്ക്കുന്നുണ്ടെങ്കില്‍, മുമ്പു സൂചിപ്പിച്ചിട്ടുള്ള നിവേദകസംഘം ഇക്കാര്യംകൂടി അന്വഷിച്ച് റിപ്പോര്‍ട്ടു ചെയ്യണമെന്നു നാം അപേക്ഷിക്കുന്നു. സഭയുടെ ഐക്യം പരിപാലിക്കുന്നതു നമ്മുടെ സ്ഥിരവും സ്ഥായിയുമായ ഉദ്ദേശ്യവും ആയിരിക്കണം. പ്രയാസങ്ങള്‍ ഉണ്ടാകുമ്പോള്‍ വ്യക്തിപരവും രാജ്യപരവുമായ മേധാവിത്വം പരിത്യജിക്കുവാന്‍ നാം സന്നദ്ധരായിരിക്കണം. അങ്ങനെയുള്ള വിഷമങ്ങള്‍ ഉണ്ടായിരിക്കുമ്പോള്‍ അങ്ങും ഞാനും ത്യാഗം ചെയ്ത്, അങ്ങനെ സഭയുടെ ഐക്യം കൈവരുത്താന്‍ തയ്യാറാകണം.

നിങ്ങളുടെ നാട്ടില്‍ നിങ്ങളും ഈ രാജ്യത്തു ഞങ്ങളും ഉന്നതത്തില്‍ നിന്ന് നടത്തപ്പെടണമെന്നും നമ്മള്‍ ഇരുകൂട്ടരും വണക്കത്തോടും വിശ്വാസത്തോടും ആ നടത്തിപ്പിനെ അനുഗമിപ്പാന്‍ മനസ്സും സന്നദ്ധതയും ഉള്ളവര്‍ ആയിത്തീരണമെന്നും നാം പ്രാര്‍ത്ഥിക്കുന്നു.

ക്രിസ്തുവില്‍ അങ്ങയുടെ

മാര്‍ ദീവന്നാസ്യോസ് ഗീവറുഗീസ്
മലങ്കര മെത്രാപ്പോലീത്താ (ഒപ്പ്)

സിറിയന്‍ സെമിനാരി
കോട്ടയം
1932 മാര്‍ച്ച് 7