മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ മദ്രാസ് ഭദ്രാസനത്തിനു കീഴിലുള്ള ഏഷ്യ പസഫിക് റീജീയന്‍ ഫാമിലി കോണ്‍ഫറന്‍സിന് മെല്‍ബണില്‍ (Lady Northcote Recreation Camp, Glenmore Road, Rowsley, Melbourne) ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഓസ്ട്രേലിയ, ന്യൂസിലണ്ട്, സിംഗപ്പൂര്‍, മലേഷ്യ എന്നീ രാജ്യങ്ങളിലെ മലങ്കര സഭാ വിശ്വാസികളെ പങ്കെടുപ്പിച്ചുകൊണ്ട് ‘ENCHRISTOS 2019’ എന്ന പേരില്‍ ഇദംപ്രദമമായി നടക്കുന്ന കുടുംബ സംഗമം ജനുവരി 17 വ്യാഴാഴ്ച മുതല്‍ 19 ശനിയാഴ്ച വരെ നീണ്ടു നില്‍ക്കും. ഓസ്ട്രേലിയ നാഷണല്‍ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് പ്രസിഡന്‍റ് ബിഷപ്പ് ഫിലിപ് ജെയിംസ് ഹഗിന്‍സ് സംഗമം ഉദ്ഘാടനം ചെയ്യും. ഇടവക മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ.യൂഹാനോന്‍ മാര്‍ ദീയസ്കോറോസ് തിരുമേനി അധ്യക്ഷത വഹിക്കും. വിക്ടോറിയ ലജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗം ശ്രീ. കൗശാല്യ വഗേല MP സുവനീര്‍ പ്രകാശനം നിര്‍വ്വഹിക്കും. മൂന്നു ദിവസങ്ങളിലായി നടക്കുന്ന ക്ലാസുകള്‍ക്ക് റവ.ഫാ.അത്തനേഷ്യസ് അട്യയ (Coptic Orthodox Church), റവ.ഫാ.ഫിലിപ് കുരുവിള, റവ.വിനോദ് വിക്ടര്‍ (CSI, Melbourne), ഡോ.അബി പിട്ടാപള്ളില്‍, ഡോ.അബിഷ് ആന്‍റണി, ശ്രീമതി ബിബി കുരുവിള എന്നിവര്‍ നേതൃത്വം നല്‍കും. “നാമെല്ലാവരും ക്രിസ്തുവില്‍ ഒന്ന്” (ഗലാത്യര്‍ 3:28) എന്നതാണ് കോണ്‍ഫറന്‍സിന്‍റെ മുഖ്യ ചിന്താവിഷയം. വിശുദ്ധ കുര്‍ബ്ബാന, യാമനമസ്കാരങ്ങള്‍, ക്ലാസുകള്‍, മ്യൂസിക് മിനിസ്ട്രി, സണ്‍ഡേസ്കൂള്‍ കലാമേള, ഗ്രിഗോറിയന്‍ ആരാധന, ധ്യാനം, വൈദികസമ്മേളനം, ബാല-യുവജന സമ്മേളനം, വിനോദ പരിപാടികള്‍ എന്നിവ സംഗമത്തിന്‍റെ ഭാഗമായി നടക്കും.