പെരുമ്പെട്ടി ഓര്‍ത്തഡോക്സ് പളളി പെരുന്നാളും കണ്‍വന്‍ഷനും

പെരുമ്പെട്ടി : പെരുമ്പെട്ടി സെന്‍റ് മേരീസ് ഓര്‍ത്തഡോക്സ് ഇടവകയുടെ 97-ാമത് പെരുന്നാളും കണ്‍വന്‍ഷനും ജനുവരി 13 മുതല്‍ 19 വരെ നടത്തപ്പെടും. ജനുവരി 13-ന് ഞായറാഴ്ച രാവിലെ 7 .15-ന് പ്രഭാത നമസ്കാരത്തെ തുടര്‍ന്ന് വികാരി റവ.ഫാ.വറുഗീസ് ഫിലിപ്പ് വി.കുര്‍ബ്ബാന അര്‍പ്പിക്കും. തുടര്‍ന്ന് പെരുന്നാള്‍ കൊടിയേറ്റ് നടത്തും. ഉച്ചയ്ക്ക് 2 മണി മുതല്‍ അഖില മലങ്കര ക്വിസ്സ് മത്സരവും 4 മണി മുതല്‍ എക്യുമെനിക്കല്‍ സിംഗിള്‍ സോങ് മത്സരവും നടത്തപ്പെടും. ജനുവരി 14 മുതല്‍ 16 വരെ വൈകിട്ട് 6 മണിക്ക് സന്ധ്യാനമസ്കാരത്തെ തുടര്‍ന്ന് നടക്കുന്ന വചനശുശ്രൂഷയ്ക്ക് റവ.ഫാ.പോള്‍ പി.ജോര്‍ജ്ജ്, വെരി.റവ.ബസലേല്‍ റമ്പാന്‍, റവ.ഫാ.ജിത്തു തോമസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കും. 17-ന് വൈകിട്ട് സന്ധ്യാനമസ്കാരത്തെ തുടര്‍ന്ന് നടക്കുന്ന കുടുംബസംഗമത്തിന് ശ്രീ.അജി വര്‍ഗീസ് ബത്തേരി നേതൃത്വം നല്‍കും. റവ.ഫാ.സി.കെ.തോമസും സംഘവും ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കും. വിവിധ ദിവസങ്ങളിലായി സമര്‍പ്പണ പ്രാര്‍ത്ഥന, മദ്ധ്യസ്ഥപ്രാര്‍ത്ഥന, ക്യാന്‍ഡില്‍ പ്രയര്‍ തുടങ്ങിയവയും നടക്കും. ജനുവരി 18-ന് വൈകിട്ട് 5.45-ന് നടക്കുന്ന സന്ധ്യാനമസ്കാരത്തിന് ഡല്‍ഹി ഭദ്രാസനാധിപന്‍ അഭി.ഡോ.യൂഹാനോന്‍ മാര്‍ ദിമെത്രയോസ് മെത്രാപ്പോലീത്ത മുഖ്യകാര്‍മ്മികത്വം വഹിക്കും. തുടര്‍ന്ന് 6.30-ന് ഭക്തിനിര്‍ഭരമായ റാസ പളളിയില്‍ നിന്ന് ആരംഭിച്ച് പെരുമ്പെട്ടി ജംഗ്ഷന്‍ വഴി പുന്നനില്‍ക്കുംനിരവ് കുരിശടിയില്‍ എത്തിച്ചേരും. റവ.ഫാ.ഗീവര്‍ഗീസ് തോമസ് പണിക്കശ്ശേരില്‍ കുരിശടിയില്‍ പ്രസംഗിക്കും. തുടര്‍ന്ന് ആടിയാനി വഴി റാസ പളളിയില്‍ എത്തിച്ചേര്‍ന്ന ശേഷം അഭിവന്ദ്യ തിരുമനസ്സുകൊണ്ട് വിശ്വാസികള്‍ക്ക് ശ്ലൈഹിക വാഴ്വ് നല്‍കും. ജനുവരി 19-ന് ശനിയാഴ്ച രാവിലെ 7.30-ന് പ്രഭാതനമസ്കാരത്തെ തുടര്‍ന്ന് അഭി.ഡോ.യൂഹാനോന്‍ മാര്‍ ദിമെത്രയോസ് മെത്രാപ്പോലീത്ത വി.കുര്‍ബ്ബാന അര്‍പ്പിക്കും. തുടര്‍ന്ന് പ്രദക്ഷിണം, ആശീര്‍വ്വാദം, നേര്‍ച്ചവിളമ്പ് എന്നിവയോടെ പെരുന്നാള്‍ സമാപിക്കും.