കോടതിവിധി നടപ്പാക്കാൻ ഒരു ധാരണയും ഗവൺമെന്റുമായി ഉണ്ടാക്കിയിട്ടില്ല: ഓര്‍ത്തഡോക്സ് സഭ

ഒരു പള്ളിയുടെ കാര്യത്തിലും കോടതിവിധി നടപ്പാക്കാൻ സാവകാശം നൽകുന്ന വിധത്തിൽ ഒരു ധാരണയും ഗവൺമെന്റുമായി ഉണ്ടാക്കിയിട്ടില്ല.

കോട്ടയം: മലങ്കരസഭക്ക് അനുകൂലമായി ലഭിച്ച സുപ്രീംകോടതിവിധി മറികടക്കുവാൻ സർക്കാരും ഓർത്തഡോക്സ് സഭയും തമ്മിൽ ധാരണയായി എന്ന വാർത്ത അടിസ്ഥാന രഹിതമാണ്‌. രണ്ടു പള്ളികളുടെ കാര്യത്തിൽ വിധിനടപ്പാക്കാൻ സഭ സാവകാശം നൽകുമെന്നും, പരി. കാതോലിക്കാബാവയുടെ പ്രതിനിധികൾ മുഖ്യമന്ത്രിയുടെ ഓഫീസുമായി ഇതുസംബന്ധിച്ച് നടത്തിയ ചർച്ചകൾ പൂർത്തീകരിച്ചു എന്നുമാണ് വാർത്ത പരന്നിരിക്കുന്നത്. പരി. കാതോലിക്കാബാവ തിരുമനസ്സ് മുഖ്യമന്ത്രിയുമായി നടത്തിയ ഫോൺ സംഭാഷണങ്ങളിലൂടെ എല്ലാം ധാരണയായതിനാലാണ് സഭ ഗവൺമെന്റിനോടുള്ള സമീപനം മൃദുവാക്കിയതെന്ന് ഒരു വാർത്ത ചാനൽ റിപ്പോർട്ട് ചെയ്തിരുന്നു.

ഈ വാർത്തകളെല്ലാം അടിസ്ഥാന രഹിതമാണ്‌. പരി.കാതോലിക്കാബാവ തിരുമനസ്സ് അടുത്തിടെയൊന്നും ബഹു മുഖ്യമന്ത്രിയുമായി ഫോണിലോ നേരിട്ടോ സംസാരിച്ചിട്ടില്ല എന്നും, ഒരു ഔദ്യോഗിക പ്രതിനിധി സംഘത്തെയും ഇക്കാര്യങ്ങൾ ചർച്ചചെയ്യാൻ ചുമതലപ്പെടുത്തിയിട്ടില്ലന്നും സ്ഥിതീകരിച്ചു. ഒരുപള്ളിയുടെ കാര്യത്തിലും കോടതിവിധി നടപ്പാക്കാൻ സാവകാശം നൽകുന്ന വിധത്തിൽ ഒരു ധാരണയും ഗവൺമെന്റുമായി ഉണ്ടാക്കിയിട്ടില്ല.

വാർത്തയിലെ പരാമർശങ്ങൾ തമ്മിലുള്ള വൈരുധ്യം പ്രഥമദൃഷ്ടിയാൽ തന്നെ വ്യക്തമാണ്. ഓർത്തഡോക്സ് സഭക്ക് അനുകൂലമായി ലഭിച്ച കോടതിവിധി മറികടക്കേണ്ട ആവശ്യം സഭക്കില്ല. അതുനടപ്പാക്കാനുള്ള ശ്രമമാണ് സഭ നടത്തുന്നത്. ഇക്കാര്യങ്ങൾ നേരിട്ട് പരി. പിതാവുമായി ചർച്ച ചെയ്യുവാനുള്ള സാഹചര്യം ലഭിക്കാത്തതിനാലാണ് വാർത്ത വന്ന ഉടൻ തന്നെ നിഷേധക്കുറിപ്പ് ഇറക്കുവാൻ കഴിയാതെ പോയതെന്നും സഭയുടെ ഔദ്യോഗിക വക്താവും P R O യുമായ ഫാ ഡോ ജോൺസ് എബ്രഹാം കോനാട്ട് വിശദീകരണ കുറിപ്പിൽ അറിയിച്ചു.