നിലപാടുകള്‍ നിയമത്തിന് വിധേയമായിരിക്കണം / പ. പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ

പരിശുദ്ധ പരുമല തിരുമേനിയുടെ 116-ാമത് വാര്‍ഷിക ഓര്‍മപ്പെരുന്നാള്‍ നാമിവിടെ വളരെ ഭക്തിയോടെ ആചരിക്കുകയാണ്. ലോകത്തിന്‍റെ നാനാഭാഗങ്ങളില്‍ നിന്നും ലക്ഷക്കണക്കിന് പരുമലതിരുമേനിയുടെ മധ്യസ്ഥതയില്‍ വിശ്വസിക്കുന്നവര്‍, തിരുമേനിയോട് ഒന്നിച്ച് ദൈവത്തോട് അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനും നേര്‍ച്ചകാഴ്ചകളുമായി വലിയ ജനസമൂഹം ഇവിടെ വന്നെത്തിയിരിക്കുകയാണ്. നിങ്ങള്‍ക്ക് അറിയാവുന്നതുപോലെ എല്ലാ വെള്ളിയാഴ്ചയിലും ധാരാളം വിശ്വാസികള്‍ ഇവിടെ കടന്നുവരുന്നുണ്ട് എന്നുള്ളതും ഒരു വാസ്തവമാണ്. പരിശുദ്ധന്മാരെ ബഹുമാനിക്കുന്ന, ആദരിക്കുന്ന, അവരുടെ മധ്യസ്ഥത ആവശ്യപ്പെടുന്ന പാരമ്പര്യവും വിശ്വാസവുമാണ് മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയ്ക്കുള്ളത്. എല്ലാ ഓര്‍ത്തഡോക്സ് സഭകളും പരിശുദ്ധന്മാരുടെ മധ്യസ്ഥതയില്‍ ശരണപ്പെടുന്നു.

ഈ വര്‍ഷം നിങ്ങള്‍ ഇവിടെ വന്ന് ഈ പരിശുദ്ധ ആരാധനയില്‍ സംബന്ധിക്കുമ്പോള്‍ ഈ മദ്ബഹായുടെകിഴക്കേ ഭിത്തിയില്‍ ഏതാനും ഐക്കണുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഐക്കണുകള്‍ എന്ന് പറയുന്നത് കേവലം ചിത്രങ്ങള്‍ അല്ല, മറിച്ച് പരിശുദ്ധന്മാരുടെ സാന്നിധ്യം തന്നെയാണ് നമ്മുടെ പഞ്ചേന്ദ്രിയങ്ങള്‍ക്ക് അതില്‍ നിന്നു ലഭിക്കുന്ന ആത്മീയ അനുഭൂതി എന്നു പറയുന്നത്. കര്‍ത്താവായ യേശുക്രിസ്തുവും പരിശുദ്ധ കന്യകമറിയാമും പരിശുദ്ധ യൂഹാനോന്‍ സ്നാപകനും കര്‍ത്താവിന്‍റെ ശിഷ്യന്മാരും കര്‍ത്താവിനോട് ഭക്തിപൂര്‍വ്വം ഒപ്പം നിന്നിട്ടുള്ള ശിഷ്യന്മാരുടെ കൂട്ടായ്മയും ആ ഐക്കണുകളില്‍ കാണുന്നുണ്ട്.

ഐക്കണ്‍ വരയ്ക്കുന്ന ഒരു പാരമ്പര്യം നമുക്ക് ഉണ്ട് എന്നുള്ളത് വളരെ കുറഞ്ഞ ആളുകള്‍ക്ക് മാത്രമേ അറിയാവൂ എന്നാണ് എന്‍റെ വിചാരം. പഴയ ദേവാലയങ്ങളിലൊക്കെ ചുമര്‍ ചിത്രങ്ങള്‍ കാണാം. പല ദേവാലയങ്ങളിലും ചുമര്‍ ചിത്രങ്ങളുണ്ട്. അവ നൂറ്റാണ്ടുകള്‍ പഴക്കമുള്ളവയാണ്. അതുപോലെ ഐക്കണുകള്‍ ഓര്‍ത്തഡോക്സ് സഭാ പാരമ്പര്യത്തില്‍ ഉള്ളതാണ്. ഇവിടെ ഇത് വയ്ക്കത്തക്കവിധം തയ്യാറാക്കിയത് നമ്മുടെ സഭയിലെ ഒരു വൈദികനായ അശ്വിന്‍ ഫെര്‍ണാണ്ടസ് ആണ്. അദ്ദേഹം ഐക്കണോഗ്രഫി വിദേശ രാജ്യങ്ങളില്‍ നിന്നെല്ലാം പഠിച്ച് ഇവിടെ വന്ന് പ്രാര്‍ത്ഥനയും ഉപവാസവും നോമ്പും എടുത്തു കൊണ്ട് ചെയ്ത ഒരു അധ്വാനഫലമാണിത്. സ്വര്‍ഗ്ഗത്തിലേക്കുള്ള നമ്മുടെ പ്രവേശനത്തിന് നാം വിശുദ്ധരോടൊപ്പം നിന്ന് ദൈവത്തെ ആരാധിക്കുന്നു എന്ന അനുഭവം മാനസികമായി നമുക്ക് ലഭിപ്പാന്‍ തക്കവണ്ണം ഐക്കണുകള്‍ ഇടയാക്കും.

ഈയിടെ പണ്ഡിതനായ ഒരു മനുഷ്യന്‍, തിരുവിതാംകൂര്‍ രാജ്യത്തെ ഉന്നത ഉദ്യോഗസ്ഥരില്‍ ഒരാളെക്കുറിച്ച് പ്രസംഗിക്കുന്നത് ഞാന്‍ കേള്‍ക്കുകയുണ്ടായി. എല്ലാ ഉന്നത ഉദ്യോഗസ്ഥരും ധാരാളം ഫയലുകള്‍ നോക്കി തീര്‍പ്പ് കല്പിക്കേണ്ടതുണ്ട്. എല്ലാ ഫയലുകളും ഓഫീസില്‍ ഇരുന്ന് നോക്കി തീര്‍ക്കാന്‍ കഴിയുകയില്ല. അതിനാല്‍ ഫയലുകള്‍ വീട്ടില്‍ കൊണ്ടുപോകും. ഫയലുകള്‍ നോക്കാന്‍ അന്ന് ഇലക്ട്രിസിറ്റി വെളിച്ചമൊന്നും ഇല്ല. മെഴുകുതിരി കത്തിച്ചു വയ്ക്കും. പക്ഷേ ഫയലുകള്‍ നോക്കാന്‍ വേണ്ടിയുള്ള മെഴുകുതിരികള്‍ സര്‍ക്കാരിന്‍റെ ചിലവിലുള്ളതാണ്. ഫയലുകള്‍ നോക്കിക്കഴിഞ്ഞ് അദ്ദേഹത്തിന് മറ്റ് പുസ്തകങ്ങള്‍ വായിക്കണമെങ്കില്‍ ആദ്യത്തെ മെഴുകുതിരി മാത്രമേ ഉപയോഗിക്കുകയുള്ളു. നമ്മള്‍ ഇത് കേള്‍ക്കുമ്പോള്‍ വിചാരിക്കും, ഒന്നുകില്‍ അയാള്‍ പൊട്ടനാണ്, അല്ലെങ്കില്‍ അയാള്‍ക്ക് യാതൊരു വെളിവുമില്ല എന്ന്. സര്‍ക്കാരിന്‍റെ ഫയല്‍ നോക്കുമ്പോള്‍ സര്‍ക്കാരിന്‍റെ കാശ് കൊണ്ടുള്ള വെളിച്ചമേ ഉപയോഗിക്കാവൂ, സ്വന്തം കാര്യങ്ങള്‍ നടത്തുമ്പോള്‍ സന്തം പണം ചിലവഴിച്ച് വാങ്ങിച്ച മെഴുകുതിരിയേ ഉപയോഗിക്കാവൂ എന്നുള്ള മൂല്യങ്ങള്‍ നിലനിന്നിരുന്ന ഒരു ക്രൈസ്തവസമൂഹം നമുക്ക് ഉണ്ടായിരുന്നു.

കൊച്ചി രാജ്യത്ത് ഒരു മന്ത്രി അന്നത്തെ നിയമസഭയിലേക്ക് വന്നു. ഒരു പ്രത്യേക സാഹചര്യത്തില്‍, അദ്ദേഹത്തിന് അപമാനകരമായ ഒരു കമന്‍റ് ആരോ പറഞ്ഞു. ഉടനെതന്നെ അദ്ദേഹം രാജി എഴുതിക്കൊടുത്തു. അവിടംകൊണ്ടും തീര്‍ന്നില്ല. അദ്ദേഹം വീട്ടില്‍ നിന്നും നിയമസഭയിലേയ്ക്കു വന്നത് സ്റ്റേറ്റ് കാറിലാണ്. തിരിച്ചുപോയത് ആളുകള്‍ വലിച്ചുകൊണ്ടു പോകുന്ന റിക്ഷാ വണ്ടിയിലാണ്. മൂല്യങ്ങളുടെ വ്യത്യാസം നോക്കിക്കേ. സ്റ്റേറ്റ് കാര്‍ ഉപയോഗിക്കുന്ന ഒരാള്‍ അത് വിട്ടുകിട്ടണമെങ്കില്‍ ചിലപ്പോള്‍ എന്തൊക്കെ വേണമെന്ന് ഞാന്‍ പറയുന്നില്ല. അങ്ങനെയൊരു കാലമുണ്ടായിരുന്നു. എന്‍റേത് മാത്രമേ എനിക്ക് ആവശ്യമുള്ളൂ. സര്‍ക്കാരിന്‍റേത് എനിക്ക് ആവശ്യമില്ല എന്നു വിചാരിക്കുന്ന ഒരു നിലപാട്. ഇതെല്ലാം ജീവിത വിശുദ്ധിയുടെ, ദൈവഭക്തിയുടെ പ്രതിഫലനങ്ങളാണ്. ആ ദൈവഭക്തിയുടെ പ്രതിഫലനങ്ങള്‍ നഷ്ടപ്പെട്ടാല്‍ പിന്നീട് ഭൗമിക ജീവിതം എന്നു പറയുന്നത് ഒരു നരകമായിട്ട് തീരാന്‍ ഇടയുണ്ട്.

നാമിപ്പോള്‍ വെള്ളപ്പൊക്കത്തെക്കുറിച്ചൊക്കെ ധാരാളം സംസാരിക്കാറുണ്ട്. 1924-ലെ വെള്ളപ്പൊക്കത്തെക്കുറിച്ചും നാം കേള്‍ക്കുന്നുണ്ട്. അന്ന് ഒരു പക്ഷേ ഇന്നുള്ള പലരും ജനിച്ചു കാണുകയില്ല. ആ വെള്ളപ്പൊക്കത്തേക്കാളും വളരെ ശക്തമായ വെള്ളപ്പൊക്കമാണ് ഇപ്പോഴുണ്ടായതെന്ന് വിചാരിക്കുന്നവരുമുണ്ട്. ഇങ്ങനെയുള്ള ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ എന്തുകൊണ്ടാണ് നമ്മുടെ മനസ്സ് ദൈവസന്നിധിയിലേക്ക് ഒന്ന് ഉയര്‍ത്തുവാന്‍ തക്കവണ്ണം നമുക്ക് കഴിയാത്തത്? നമ്മള്‍ എന്നും പ്രാര്‍ത്ഥിക്കുന്നവരായിരിക്കാം. പക്ഷേ ഒരു ക്രൈസ്തവവിശ്വാസിയെ സംബന്ധിച്ചിടത്തോളം മനുഷ്യനു താങ്ങാനാകാത്ത ദുരന്തങ്ങളാണെങ്കിലും, സന്തോഷമാണെങ്കിലും, ദൈവസന്നിധിയിലേക്ക് ശിരസ്സുയര്‍ത്തുവാന്‍ തക്കവണ്ണം നമുക്ക് ഇടയാകണം. അതാണ് നാം പഠിക്കേണ്ടുന്ന പാഠം. വേദപുസ്തകത്തില്‍, പ്രത്യേകിച്ച് പഴയനിയമത്തില്‍ ധാരാളം യഹോവയുടെ ഇടപെടലുകള്‍ യിസ്രായേല്‍ ജാതിയുടെ ചരിത്രത്തില്‍ ഉണ്ടാകുന്നുണ്ട്. ഇടപെടലുകള്‍ ഉണ്ടാകുമ്പോള്‍ അവര്‍ ആദ്യം ചെല്ലുന്നത് ദേവാലയത്തിലേക്കാണ്. എന്നിട്ട് ദൈവത്തോട് തന്‍റെ ജീവിതത്തിന്‍റെ പോരായ്മകളെക്കുറിച്ച് പറഞ്ഞ് അനുതപിക്കുന്ന ഒരു അവസ്ഥയാണ് അവിടെയൊക്കെ കാണുന്നത്. ഇന്ന് ആ ഒരു തരത്തില്‍ ചിന്തിക്കാനേ നമുക്ക് കഴിയുന്നില്ല.
വെള്ളപ്പൊക്കത്തില്‍ അനേകരുടെ ജീവന്‍ നഷ്ടപ്പെട്ടു. അനേക കഷ്ടനഷ്ടങ്ങള്‍ എല്ലാവര്‍ക്കും വന്നു. ജാതിമതഭേദമെന്യേ എല്ലാവരും അതില്‍ സഹകരിച്ച്, ദുഃഖിക്കുന്നവരോടൊപ്പം ദുഃഖിക്കുകയും സഹായിപ്പാന്‍ നാം എല്ലാവരും ഒരുമിച്ച് തയ്യാറാകുകയും ചെയ്തു. നല്ലതു തന്നെ. പക്ഷേ അതോടൊപ്പം തന്നെ നാം നമ്മുടെ ശിരസ്സുകളും ഹൃദയങ്ങളും മനസ്സും ദൈവസന്നിധിയിലേക്കുയര്‍ത്തി അവിടെ നമുക്ക് നമ്മുടെ സങ്കടങ്ങള്‍ സമര്‍പ്പിക്കാന്‍ ഇടയാകണം. അത് ദുരിതം വന്നവര്‍ മാത്രമല്ല ചെയ്യേണ്ടത്.

കുന്നംകുളത്ത് 1935-ല്‍ പ്ലേഗു ബാധയുണ്ടായപ്പോള്‍ പ. പാമ്പാടി തിരുമേനി അവിടെ ചെന്ന് പ്ലേഗ് രോഗമുള്ള വീടുകളില്‍ കയറി പ്രാര്‍ത്ഥിച്ച്, അങ്ങാടിയില്‍ മുഴുവന്‍ നടന്ന് ഒരു പ്രദക്ഷിണം നടത്തി ദൈവത്തോട് “ഈ ബാധ ഞങ്ങളില്‍ നിന്നു നീക്കിത്തരണമേ” എന്ന് അപേക്ഷിക്കുകയുണ്ടായി. ഇന്നും അവിടുത്തെ ജനങ്ങള്‍ക്ക് അത് കേള്‍ക്കുമ്പോള്‍ രോമാഞ്ചമാണ്.

നാം പരിശുദ്ധ പരുമല തിരുമേനിയെ എന്തുകൊണ്ടാണ് ഇത്രയും ആരാധനാഭാവത്തോടെ, ആശ്രയഭാവത്തോടെ കണ്ട് കഷ്ടപ്പെട്ട് ഇവിടേക്ക് കടന്നുവന്ന്, വാഹനങ്ങളില്‍ മാത്രമല്ല, മൈലുകള്‍ കാല്‍നടയായി വന്ന് പ്രാര്‍ത്ഥിക്കുന്നതും, നേര്‍ച്ചയര്‍പ്പിക്കുന്നതും, ദൈവസന്നിധിയില്‍ പ. പരുമല തിരുമേനിയോടൊപ്പം പ്രാര്‍ത്ഥിക്കുന്നതും. സുല്‍ത്താന്‍ ബത്തേരി ഭദ്രാസനത്തിലെ കേളകത്തുനിന്ന് അമ്പതോളം വിശ്വാസികള്‍ കാല്‍നടയായി ഇവിടെ വന്നു. അവര്‍ കുറെ വര്‍ഷങ്ങളായി വരാറുള്ളതാണ്. അവര്‍ 15 ദിവസം മുമ്പ് അവിടെ നിന്നും പുറപ്പെടും. രാത്രിയാകുമ്പോള്‍ ചെന്നെത്തുന്നിടത്ത് ഉറങ്ങും. അതിരാവിലെ എഴുന്നേറ്റ് വീണ്ടും നടക്കും. ക്ഷീണിക്കുമ്പോള്‍ ഏതെങ്കിലുമൊരു തണല്‍മരത്തിനു കീഴില്‍ ഇരിക്കും. അത് പ്രായമുള്ളവരല്ല, ചെറുപ്പക്കാരാണ്. എന്തുകൊണ്ടാണ് പ. പരുമലതിരുമേനിയുടെ അടുത്തുചെന്ന് നമ്മുടെ സങ്കടങ്ങള്‍ പറയുമ്പോള്‍, തിരുമേനി നമുക്കുവേണ്ടിയും നമ്മുടെ സങ്കടങ്ങള്‍ ദൈവത്തിനു മുമ്പിലേക്ക് എത്തിക്കാതിരിക്കുകയില്ല എന്ന വിശ്വാസത്തിലാണ്. അനുഭവങ്ങള്‍ കൊണ്ടു മാത്രമാണ് ഇപ്രകാരമുള്ള സത്യങ്ങള്‍ നമുക്ക് ബോധ്യമാവുന്നത്. സത്യങ്ങള്‍ ബോധ്യമാകണമെങ്കില്‍ നിയമമോ അതുപോലെ തന്നെ വാഗ്വാദങ്ങളോ ഒന്നും പ്രയോജനപ്പെടുമെന്ന് എനിക്ക് തോന്നുന്നില്ല. പ. പരുമലതിരുമേനി, അതുപോലെയുള്ള പരിശുദ്ധന്മാരായ പിതാക്കന്മാരുടെ മദ്ധ്യസ്ഥത അപേക്ഷിച്ചുകൊണ്ടുള്ള നമ്മുടെ പ്രാര്‍ത്ഥനകളുടെ വിലയെന്ത് എന്ന് അനുഭവത്തിലൂടെ അറിയുമ്പോഴാണ് നമുക്ക് ദൈവഭക്തി കൂടുതല്‍ വര്‍ദ്ധിക്കുന്നത്. അല്ലെങ്കില്‍ നമ്മുടെ അധരങ്ങളില്‍ മാത്രമേ ദൈവഭക്തി ഉണ്ടാകയുള്ളു. അതിന് അപ്പുറമായ ഒരു ഭക്തി എന്നു പറയുന്നത് തീര്‍ച്ചയായും നമ്മുടെ ജീവിതത്തോട് ബന്ധപ്പെട്ട് ചില കാര്യങ്ങള്‍ ഉണ്ടാകുമ്പോഴാണ്. അസംഭവ്യമായ കാര്യങ്ങള്‍ ഉണ്ടാകുമ്പോള്‍ നമ്മുടെ ജീവിതത്തോട് ബന്ധപ്പെട്ട് പ. പരുമല തിരുമേനിയുടെ മദ്ധ്യസ്ഥതയില്‍ അഭയപ്പെട്ട് തിരുമേനിയും നമ്മോടൊപ്പം നമുക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയാണ്. അങ്ങനെ പ്രാര്‍ത്ഥിക്കുമ്പോള്‍, നമ്മുടെ പ്രാര്‍ത്ഥനയ്ക്ക് പോരായ്മ ഉണ്ടെങ്കില്‍ പോലും പ. പരുമല തിരുമേനി പ്രാര്‍ത്ഥിക്കുമ്പോള്‍ അത് അനുവദിച്ചു കൊടുക്കാതിരിക്കാന്‍ നിവൃത്തിയില്ല എന്ന ഒരു ദൈവിക സങ്കല്‍പ്പം ഉണ്ട്. അത് ഈ പരിശുദ്ധന്മാരെ ഓര്‍ക്കുകയും അവര്‍ നമുക്കുവേണ്ടി നമ്മുടെ ബലഹീനതകള്‍ ഉള്‍ക്കൊണ്ടുകൊണ്ടു തന്നെ നമുക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും മദ്ധ്യസ്ഥത ചോദിക്കയും ചെയ്യുമ്പോള്‍ വലിയ നന്മകള്‍ നമുക്ക് ലഭിക്കും.

പ. മാര്‍ത്തോമ്മാ ശ്ലീഹായാല്‍ സ്ഥാപിക്കപ്പെട്ട ഒരു അനുഗൃഹീത സഭയാണ് നമ്മുടേത് എന്ന് നിങ്ങള്‍ മറക്കരുത്. അപ്പോസ്തോലനാല്‍ സ്ഥാപിക്കപ്പെട്ട ഒരു സഭ അനേക ദുരിതങ്ങളിലൂടെ വര്‍ത്തമാനകാലത്തും മുന്നോട്ടു പോകുകയാണ്. എനിക്ക് കൂടുതലായിട്ട് ഒന്നും പറയാനില്ല. നിലപാടുകള്‍ സ്വീകരിക്കുമ്പോള്‍ അത് നിയമത്തിന് വിധേയമായിരിക്കണം. നിയമത്തിന് വിധേയമായി നിലപാടുകള്‍ സ്വീകരിക്കുകയും, തുല്യമായ നീതി എല്ലാവര്‍ക്കും ലഭിക്കുകയും ചെയ്യണം. അപ്പോള്‍ മാത്രമാണ് ഒരു സമൂഹത്തിന് സമാധാനത്തോടു കൂടിയും, സന്തോഷത്തോടു കൂടിയും ജീവിക്കുവാനായിട്ട് സാധിക്കുകയുള്ളു എന്നുള്ള കാര്യം ഞാന്‍ ഈ സമയത്ത് പ്രത്യേകമായി ഓര്‍ക്കുകയാണ്. അവിടെ തുല്യനീതി എല്ലാവര്‍ക്കും ലഭിക്കാന്‍ തക്കവണ്ണമുള്ള നിലപാടുകളായിരിക്കണം എടുക്കേണ്ടത്. നിലപാടുകള്‍ നിയമത്തിനു വിരുദ്ധമായി എടുക്കുന്നത് ഒട്ടും ശരിയല്ല, അത് മനുഷ്യന് മുമ്പാകെയും ദൈവമുമ്പാകെയും ശരിയല്ല എന്നുള്ള ഒരു ബോധ്യവും നമുക്കുണ്ടാവണം എന്ന് മാത്രം ഓര്‍മ്മിപ്പിക്കുകയാണ്. ഈ പ. സഭ ഇനിയും ഒരു സാക്ഷ്യമുള്ള സഭയായി തീരട്ടെ. ഒരു മെഴുകുതിരി കത്തിക്കുന്നതില്‍ പോലും അന്യന്‍റെ അഥവാ സര്‍ക്കാരിന്‍റെ മുതല്‍ എനിക്ക് വേണ്ട എന്നു പറയുന്ന ഒരു സഭയായി തീരട്ടെ.

സ്വന്തം പിതാവ് ഒരു പരീക്ഷയ്ക്ക് ചോദ്യപേപ്പര്‍ തയ്യാറാക്കുകയാണ്. സ്വന്തം മകള്‍ പരീക്ഷ എഴുതുന്നുണ്ട്. അപ്പോള്‍ ആ പെണ്‍കുട്ടിയുടെ അമ്മ ഭര്‍ത്താവിനോട് പറയുന്നു, ഒന്നു രണ്ട് ചെറിയ ചോദ്യങ്ങള്‍ അവള്‍ക്ക് പറഞ്ഞുകൊടുക്കരുതോ എന്ന്. ആ മനുഷ്യന്‍ മിണ്ടിയില്ല. ഒരു മുറിയ്ക്കകത്ത് രഹസ്യമായി ചെന്ന് വാതിലടച്ച് ചോദ്യപേപ്പര്‍ തയ്യാറാക്കി. അതു കഴിഞ്ഞ് പുറത്തിറങ്ങി ചോദ്യപേപ്പര്‍ കവറിലാക്കി ഒട്ടിച്ച് സീല്‍ ചെയ്തു. അതുകഴിഞ്ഞ് അതിന്‍റെ ഡ്രാഫ്റ്റുകള്‍ ഒക്കെ എടുത്ത് സ്വന്തം ഭാര്യ അടുപ്പില്‍ തീ കത്തിക്കുന്നതിനിടയില്‍ അവളുടെ മുമ്പില്‍ വച്ചു തന്നെ തീയിലെട്ട് കത്തിച്ചു കളഞ്ഞു. ഈ സംഭവം മലയാള മനോരമയുടെ സപ്ലിമെന്‍റില്‍ വന്നതാണ്. എം. പി. അപ്പന്‍ എന്ന് പറയുന്ന സാഹിത്യകാരന്‍ അദ്ദേഹത്തിന്‍റെ മകളോടാണിങ്ങനെ ചെയ്തത്. നമ്മള്‍ ആണെങ്കിലോ, ചോദ്യം മുഴുവന്‍ നമ്മള്‍ കൊടുത്തിട്ട് നീ ഇത് മാത്രം പഠിച്ചാല്‍ മതി എന്നു പറഞ്ഞേനേ. മൂല്യങ്ങള്‍ ചോരുന്നു; മൂല്യങ്ങള്‍ ചോര്‍ത്തുന്നു. അതുകൊണ്ട് കഷ്ടങ്ങള്‍ ഉണ്ടാകുന്നു. മൂല്യങ്ങളിലൂടെ ജീവിക്കുമ്പോള്‍ നമുക്ക് ഒരുപക്ഷേ അപമാനമോ നഷ്ടമോ ഉണ്ടായേക്കാം. പക്ഷേ ഭയപ്പെടേണ്ടതില്ല. ദൈവം നമ്മോടൊപ്പം ഉണ്ടാകും. പ. പരുമല തിരുമേനിയുടെ മദ്ധ്യസ്ഥത നമുക്ക് എന്നും കോട്ടയായിരിക്കട്ടെ എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട് ഞാനെന്‍റെ വാക്കുകള്‍ ഇവിടെ ഉപസംഹരിക്കുന്നു.

(2018-ലെ പരുമല പെരുന്നാളില്‍ ചെയ്ത പ്രസംഗം)

Gepostet von GregorianTV am Donnerstag, 1. November 2018