നെച്ചൂപ്പാടം സി. വി. പോൾ അന്തരിച്ചു

കൊച്ചി ∙ പ്രമുഖ വ്യവസായിയും മാനേജ്മെന്റ് വിദഗ്ധനുമായ കോലഞ്ചേരി നെച്ചൂപ്പാടം സി.വി. പോൾ (91) അന്തരിച്ചു. ഇന്നലെ രാവിലെ 6.30നു മറൈൻ ഡ്രൈവിലെ പ്രസ്റ്റീജ് അപ്പാർട്മെന്റിലായിരുന്നു അന്ത്യം. സംസ്കാരം ഇന്നു 2നു വസതിയിലെ ശുശ്രൂഷകൾക്കുശേഷം 3-ന് എറണാകുളം സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിന്റെ എളംകുളത്തെ സെമിത്തേരിയിൽ. ഭാര്യ: തുമ്പമൺ വടക്കേതാഴേതിൽ ആനി പോൾ. മക്കൾ: ജീന, ജബീന, ജുനു. മരുമക്കൾ: ജോർജ് മാത്യു (ആര്യപ്പള്ളിൽ), ബിജു ഏബ്രഹാം (വെള്ളുത്തോട്ടം), അബി ജോസഫ് (കണിയാന്തറ).

കുടുംബ ബിസിനസായിരുന്ന തോട്ടം വ്യവസായത്തിൽ തുടക്കമിട്ടശേഷം തികച്ചും വ്യത്യസ്തമായ വ്യവസായ മേഖലകളിലേക്കു നീങ്ങി വിജയം നേടിയ ചരിത്രമാണു സി.വി.പോളിന്റേത്. പിൽക്കാലത്ത് ആഗോളതലത്തിലേക്കു വളർന്ന സിന്തൈറ്റ് ഇൻഡസ്ട്രിയൽ കെമിക്കൽസിന്റെ സ്ഥാപക ചെയർമാനാണ്. പോളിഫോർമാലിൻ പ്രൈവറ്റ് ലിമിറ്റഡ്, ലാമിന റീഇൻഫോഴ്സ്ഡ് പ്ലാസ്റ്റിക്സ് തുടങ്ങിയ കമ്പനികൾക്കും തുടക്കമിട്ടു.

രാസവ്യവസായത്തിൽനിന്നു തികച്ചും വ്യത്യസ്തമായ വിദ്യാഭ്യാസ മേഖലയിലേക്കായിരുന്നു അദ്ദേഹത്തിന്റെ മറ്റൊരു ചുവടുവയ്പ്. നവനിർമാൺ എജ്യുക്കേഷൻ ആൻഡ് വെൽഫെയർ സൊസൈറ്റി സ്ഥാപിച്ചത് 1978ൽ. കിന്റർഗാർട്ടൻ മുതൽ ഹയർസെക്കൻഡറി സ്കൂൾ വരെ ഉൾപ്പെടുന്ന നവനിർമാൺ പബ്ലിക് സ്കൂൾ പ്രവർത്തിക്കുന്നത് ഈ സൊസൈറ്റിക്കു കീഴിലാണ്. അറിയപ്പെടുന്ന മാനേജ്മെന്റ് വിദഗ്ധൻ കൂടിയാണ്. ഗോൾഫ് ഏറെ ഇഷ്ടപ്പെട്ടിരുന്ന അദ്ദേഹം സിയാൽ ഗോൾഫ് കോഴ്സ് വികസനത്തിന് ആശയപരമായ സംഭാവനകൾ നൽകി. ഓൾ ഇന്ത്യ കെമിക്കൽ ഇൻഡസ്ട്രീസ് അസോസിയേഷൻ കേരള ചാപ്റ്റർ ചെയർമാനായും പ്രവർത്തിച്ചു. മലയാള മനോരമയ്ക്കു വേണ്ടി എഡിറ്റർ ഫിലിപ് മാത്യു ആദരാഞ്ജലി അർപ്പിച്ചു.

വ്യത്യസ്ത മേഖലകളിൽ വിജയമുറപ്പിച്ച പ്രതിഭ

കൊച്ചി∙ വേറിട്ട ചേരുവകളുടെ രസതന്ത്രമായിരുന്നു സി.വി.പോൾ നെച്ചൂപ്പാടമെന്ന വ്യവസായിയുടെ ജീവിതകഥ. ആദ്യം പ്ലാന്റേഷൻ, അവിടെ നിന്നു രാസവ്യവസായത്തിലേക്ക്, പിന്നെ, പുതുതലമുറയുടെ നവനിർമിതിയെന്ന ലക്ഷ്യത്തോടെ വിദ്യാഭ്യാസ മേഖലയിൽ നിക്ഷേപം, ഗോൾഫ് കോഴ്സ് രൂപകൽപനയോളം എത്തിയ ഗോൾഫ് പ്രണയം. ‘‘നിങ്ങളുടെ കഴിവിന്റെ പരമാവധി സമർപ്പിക്കുക; അതാണു നിങ്ങൾക്കു ലോകത്തിനു നൽകാവുന്ന ഏറ്റവും മികച്ച സമ്മാനം’’ – ഇതായിരുന്നു ഇന്നലെ ലോകത്തോടു വിടപറഞ്ഞ പ്രമുഖ വ്യവസായി സി.വി.പോളിന്റെ ദർശനം. അദ്ദേഹത്തിന്റെ ജീവിതംതന്നെ അതിനു സാക്ഷ്യമായി.

കുടുംബ ബിസിനസിന്റെ ഭാഗമായാണ് അദ്ദേഹം ചെറിയൊരു കാലം പ്ലാന്റേഷൻ മേഖലയിൽ പ്രവർത്തിച്ചത്. പിന്നീടു സിന്തൈറ്റ് ഇൻഡസ്ട്രിയൽ കെമിക്കൽസ് സ്ഥാപക ചെയർമാനായി. കേരളത്തിൽ വ്യവസായങ്ങൾ വേരുപിടിക്കുക അത്ര എളുപ്പമല്ലാതിരുന്ന കാലത്താണു പോളിഫോർമാലിൻ പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപിച്ചത്– 1974 ൽ. ഫോർമാലിൻ, അമിനോ റെസിൻ തുടങ്ങിയ ഉൽപന്നങ്ങളുടെ നിർമാണത്തിൽ മുൻനിര സ്ഥാപനമായി പോളിഫോർമാലിൻ ലിമിറ്റഡിനെ മാറ്റാൻ അദ്ദേഹത്തിനു കഴിഞ്ഞു.

എഴുത്തിനോടും വായനയോടുമുള്ള താൽപര്യം അദ്ദേഹത്തെ നയിച്ചത് ഒരു പത്രത്തിന്റെ പിറവിയിലേക്കാണ്. 1951ൽ അദ്ദേഹം ആരംഭിച്ച ‘ഐക്യമുന്നണി’ എന്ന പത്രത്തിന്റെ ചുമതലക്കാരിലൊരാൾ പിൽക്കാലത്തു പ്രശസ്തനായ സാക്ഷാൽ വയലാർ രാമവർമയായിരുന്നു. ഗോൾഫായിരുന്നു അദ്ദേഹത്തിന്റെ പ്രിയപ്പെട്ട കായികവിനോദം. പുത്തൻകുരിശിൽ ഗോൾഫ് പരിശീലന കേന്ദ്രം സ്ഥാപിച്ച അദ്ദേഹം സിയാൽ ഗോൾഫ് ക്ലബ് രൂപകൽപനയിലും പങ്കുവഹിച്ചു. പെരുമാറ്റത്തിലെ ലാളിത്യംകൊണ്ടുകൂടിയാണ് അദ്ദേഹം പരിചയപ്പെട്ടവർക്കെല്ലാം പ്രിയങ്കരനായത്.