കോട്ടയം: ഭാരതീയ തപാൽ വകുപ്പ് കേരള സർക്കിളിന്റെ ഭരണ തലത്തിലെ പരമോന്നത ബഹുമതിയായ ‘ഡാക് സേവ’ അവാർഡ് ശ്രീ അലക്സിൻ ജോർജ്ജ് IPS ന് ലഭിച്ചു. ഇന്നലെ നടന്ന അവാർഡ്ദാനച്ചടങ്ങിൽ DGP ശ്രീ ഹേമചന്ദ്രൻ അദ്ദേഹത്തിന് പുരസ്കാരം നല്കി.
നിലവിൽ ഡൽഹിയിലെ തപാൽ വകുപ്പ് ആസ്ഥാനത്ത് വിദേശ കാര്യ ബന്ധങ്ങൾ കൈകാര്യം ചെയ്യുന്ന ഇന്റർ നാഷണൽ റിലേഷൻസ് ഡിവിഷനിൽ അസിസ്റ്റന്റ് ഡയറക്ടർ ജനറലായി സേവനമനുഷ്ഠിക്കുന്ന അദ്ദേഹം 2016 ആഗസ്റ്റ് മുതൽ 2018 ജൂലൈ വരെ കോട്ടയം പോസ്റ്റൽ ഡിവിഷണിൽ സീനിയർ സൂപ്രണ്ടായിരിക്കെ നടത്തിയ വ്യത്യസ്തമായ പുരോഗമന പദ്ധതികളാണ് ഇദ്ദേഹത്തെ ഈ പുരസ്കാരത്തിന് അർഹനാക്കിയത്. വിദ്യാർത്ഥികൾ തങ്ങളുടെ പ്രശ്നങ്ങൾ ജില്ലാ പോലീസ് മേധാവിയെ പോസ്റ്റ് കാർഡ് മുഖേന എഴുതി അറിയിച്ച ” കുട്ടിത്തപാൽ ” പദ്ധതിയിലൂടെ വിസ്മൃതിയിലാണ്ട കത്തെഴുത്ത് സംസ്കാരത്തെ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തി എന്നത് മാത്രമല്ല, അതുവഴി കുട്ടികളുടെ നീറുന്ന പ്രശ്നങ്ങൾ പോലീസിന്റെ ശ്രദ്ധയിൽ കൊണ്ടു വന്നു പരിഹാരം കണ്ടെഞ്ഞി എന്നത് അദ്ദേഹത്തിന്റെ ഒരു മികച്ച കാൽവെപ്പായിരുന്നു. തുടർന്ന് 2017 ജൂൺ 19 ന് വായനദിനത്തോടനുബന്ധിച്ച 6020 വിദ്യാർത്ഥികൾ അവരുടെ ഇഷ്ട സാഹിത്യകാരനോട് പോസ്റ്റ് കാർഡുകളിൽ ചോദ്യങ്ങൾ എഴുതിയയച്ച ”സാഹിതിയോടൊരു ചോദ്യം “ഇന്ത്യൻ ബുക്ക് ഓഫ്റക്കോർഡ്സിൽ ഇടം പിടിക്കുക വഴി കോട്ടയം പോസ്റ്റൽ ഡിവിഷന് രാജ്യാന്തര തലത്തിൽ ശ്രദ്ധ നേടിക്കൊടുക്കാൻ അദ്ദേഹത്തിനു സാധിച്ചു. കൂടാതെ അതിനൂതനമായ ആശയങ്ങളിലൂടെ 2017-18 വർഷത്തിൽ മാത്രം 23.4 കോടി രൂപയുടെ അധികവരുമാനം നേടി കോട്ടയം പോസ്റ്റൽ ഡിവിഷനെ കേരളത്തിലെ ഏറ്റവും മികച്ച ഡിവിഷനാക്കി മാറ്റിയതും ഇദ്ദേഹത്തിന്റെ ക്രിയാത്മകമായ ഇടപെടലുകളിലൂടെയാണ്.