തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്തായുടെ 40-ാം ചരമദിനം

ചെങ്ങന്നൂര്‍ : മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ സീനിയര്‍ മെത്രാപ്പോലീത്തായും  ചെങ്ങന്നൂര്‍ ഭദ്രാസനാധിപനുമായിരുന്ന് ഓഗസ്റ്റ് 24ന് കാലം ചെയ്ത തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്തായുടെ 40-ാം ചരമദിനം ഒക്ടോബര്‍ രണ്ട് ചൊവ്വാഴ്ച അദ്ദേഹത്തെ കബറടക്കിയിരിക്കുന്ന ഓതറ സെന്‍റ് ജോര്‍ജ് ദയറാ ചാപ്പലില്‍ നടക്കും.
രാവിലെ 7.30ന് പരിശുദ്ധ ബസേലിയോസ് മാര്‍തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാബാവായുടെ മുഖ്യകാര്‍മികത്വത്തില്‍ പ്രഭാതനമസ്കാരവും കുര്‍ബാനയും കബറിങ്കല്‍ ധൂപപ്രാര്‍ത്ഥനയും. ഡോ. യാക്കോബ് മാര്‍ ഐറേനിയോസ് മെത്രാപ്പോലീത്താ അനുസ്മരണപ്രഭാഷണം നടത്തും. സചിത്ര ജീവല്‍സ്പന്ദന സ്മരണിക ‘ഗുരുദക്ഷിണ’യും ഡോ. എം. കുര്യന്‍ തോമസ് എഡിറ്റ് ചെയ്ത് എംഒസി പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിക്കുന്ന ‘വിശ്വസ്തനും കാര്യസ്ഥനും’ എന്ന ഗ്രന്ഥവും പ്രകാശനം ചെയ്യും. പ്രളയ ദുരിതാശ്വാസനിധിയിലേക്കുള്ള ആദ്യഗഡു സഹായ മെത്രാപ്പോലീത്താ ഡോ. മാത്യൂസ് മാര്‍ തീമോത്തിയോസ് പരിശുദ്ധ കാതോലിക്കാബാവായെ ഏല്‍പിക്കും. തുടര്‍ന്ന് അടിയന്തിര സദ്യ.
ലിറ്റില്‍ ഫ്ളവര്‍ മലങ്കര കത്തോലിക്കാ പള്ളി (വിഐപികള്‍ക്കു മാത്രം), സെന്‍റ് പോള്‍സ് മാര്‍തോമ്മാ പള്ളി, സിഎസ്ഐ എക്കോ സ്പിരിച്വാലിറ്റി സെന്‍റര്‍. നസ്രേത്ത് ആശ്രമം തുടങ്ങിയ സ്ഥലങ്ങളില്‍ പാര്‍ക്കിംഗ് സൗകര്യമുണ്ടായിരിക്കും.