പാമ്പാക്കുട കോനാട്ടു മാത്തന്‍ കത്തനാരുടെ ഷഷ്ടിപൂര്‍ത്തി (1920)

56. മലങ്കര മല്പാന്‍ ദി. ശ്രീ. പാമ്പാക്കുട കോനാട്ടു മാത്തന്‍ കത്തനാര്‍ അവര്‍കളുടെ ഷഷ്ടിപൂര്‍ത്തി 1095 മീനം 17-നു പാമ്പാക്കുട പള്ളിയില്‍ വച്ച് സ്വശിഷ്യവര്‍ഗ്ഗത്തില്‍ ഭംഗിയായി നടത്തിയിരിക്കുന്നു. ഈ മല്പാന്‍ സുറിയാനി ഭാഷയുടെ പ്രചാരണത്തിനായി വളരെ പരിശ്രമിച്ചിട്ടുള്ള ഒരാളാകുന്നു. കൈയെഴുത്തായി കിടന്നിരുന്ന പല പള്ളിക്രമ പുസ്തകങ്ങളും ഇദ്ദേഹം സ്വന്ത ചെലവില്‍ സുറിയാനിയില്‍ അച്ചടിപ്പിച്ചിട്ടുണ്ട്. “ജീവനിക്ഷേപം” എന്നൊരു മാസിക നടത്തി പല സുറിയാനി ഗ്രന്ഥങ്ങളും തര്‍ജ്ജമ ചെയ്യുകയും സഭാംഗങ്ങള്‍ അറിഞ്ഞിരിക്കേണ്ട പല വിഷയങ്ങളെപ്പറ്റി പ്രതിപാദിക്കയും ചെയ്തു. സമുദായ വഴക്കുണ്ടായതോടു കൂടി ആ മാസികയും നിന്നുപോയി. “സീമത്ഹായെ” എന്ന പേരില്‍ ഒരു സുറിയാനി മാസിക ആരംഭിച്ചിട്ട് അധികനാള്‍ കഴിയുന്നതിനു മുമ്പ് അത് നിര്‍ത്തി കളഞ്ഞു. ഇദ്ദേഹം ഒരു നല്ല സുറിയാനി ഭാഷാ പണ്ഡിതനാണ്. മലയാളത്തിലും സാമാന്യം നന്നായി എഴുതുവാന്‍ കഴിയും.

(ഇടവഴിക്കല്‍ നാളാഗമത്തില്‍ നിന്നും)