പഴഞ്ഞി കത്തീഡ്രലിലെ ചുമർചിത്രം പുതുക്കുന്നു

പഴഞ്ഞി∙സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിലെ ചുമർചിത്രങ്ങൾ നവീകരിക്കുന്നു. രണ്ടര നൂറ്റാണ്ട് പഴക്കം കണക്കാക്കുന്ന നാലു ചിത്രങ്ങളാണ് പഴമ നഷ്ടപ്പെടാതെ പുതുക്കുന്നത്. കത്തീഡ്രൽ നവീകരണത്തിന്റെ ഭാഗമായാണ് ഇതു ചെയ്യുന്നത്.

പ്രാചീന കാലത്ത് ഉപയോഗിച്ച അതേ സാമഗ്രികൾകൊണ്ടാണ് ചിത്രങ്ങൾ വരയ്ക്കുന്നത്.മദ്ബഹയുടെ ഇരുവശങ്ങളിലുമായാണ് ചിത്രങ്ങൾ. ഇടതുവശത്ത് ആദ്യപാപവും ഏബ്രഹാമിന്റെ ബലിയും വലതുവശത്ത് ക്രിസ്തുവിന്റെ മരണവും ക്രിസ്തുവിന്റെ ശരീരം കിടത്തിയിരിക്കുന്നതുമാണ് ആലേഖനം ചെയ്തിട്ടുള്ളത്.

മണലും കുമ്മായവും നിശ്ചിത അനുപാതത്തിൽ ചേർത്ത് അതിൽ കടുക്ക ചതച്ച വെള്ളം, ഊഞ്ഞാൽ വള്ളി(ചുണ്ണാമ്പ് വള്ളി) ചതച്ച വെള്ളം , ശർക്കര എന്നിവ ചേർത്ത് ചുമരിൽ തേച്ചുപിടിപ്പിക്കുകയാണ് മു‍ൻ കാലങ്ങളിൽ ചെയ്തിരുന്നതെന്ന് ചുമർചിത്രങ്ങളുടെ സംരക്ഷണ പ്രവർത്തകനായ വി.എം.ജിജുലാൽ പറഞ്ഞു.

പഞ്ഞിയും കുമ്മായവും ചേർത്ത് തേയ്ക്കുകയും പിന്നീട് ചുണാമ്പും കരിക്കിൻവെള്ളവും ചേർത്ത് മിനുസപ്പെടുത്തുകയും ചെയ്യും. ഇതിന് മുകളിലാണ് ചിത്രം വരച്ചിട്ടുള്ളത്. പള്ളിയുടെ പൗരാണികത നിലനിർത്തിയുള്ള നവീകരണമാണ് നടത്തുന്നതെന്ന് വികാരി ഫാ.ജോസഫ് ചെറുവത്തൂർ, സഹവികാരി ഫാ.ഗീവർഗീസ് വർഗീസ്, ട്രസ്റ്റി സുമേഷ് പി.വിൽസൺ, സെക്രട്ടറി അനീഷ് സി.ജോർജ് എന്നിവർ അറിയിച്ചു.

ചുവപ്പും കറുപ്പും നിറങ്ങൾ മാത്രം

പള്ളിയിലെ ചിത്രങ്ങളിലെല്ലാം ചുവപ്പും കറുപ്പും നിറങ്ങളേയുള്ളൂ. ചുവന്ന വെട്ടുക്കല്ല് അരച്ച് ഊറി വരുന്നതാണ് ചുവപ്പിന് ഉപയോഗിച്ചിട്ടുള്ളത്. നല്ലെണ്ണ കത്തുമ്പോൾ ലഭിക്കുന്ന കരിയാണ് കറുപ്പിനായി ഉപയോഗിച്ചത്. ആര്യവേപ്പിന്റെ കറയാണ് പശ.