പൗലോസ് മാര്‍ പീലക്സിനോസിന്‍റെ പ്രസംഗവും ഉടമ്പടിയും / കെ. വി. മാമ്മന്‍

പീലക്സിനോസിന്‍റെ പ്രസംഗം പൂര്‍ണ്ണരൂപം

1958-ലെ സഭാസമാധാനം കൈവരുന്നതിനു മുമ്പുതന്നെ അസോസ്യേഷന്‍ കൂടുന്നതു സംബന്ധിച്ച് നോട്ടീസുകള്‍ അയച്ചിരുന്നതനുസരിച്ച് പുത്തന്‍കാവുപള്ളിയില്‍ 1958 ഡിസംബര്‍ 26-നു പ. കാതോലിക്കാബാവായുടെ അദ്ധ്യക്ഷതയില്‍ അസോസ്യേഷന്‍ കൂടി. മലങ്കര മെത്രാപ്പോലീത്തായും പൗരസ്ത്യ കാതോലിക്കായുമായ പ. ബാവാ അസോസിയേഷന്‍ യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. മലങ്കര ട്രസ്റ്റ് സ്വത്തുക്കള്‍ക്ക് മലങ്കര മെത്രാപ്പോലീത്തായുടെ സഹട്രസ്റ്റിമാരായി മണലില്‍ ദിവ്യശ്രീ യാക്കോബു കത്തനാരെയും ഉപ്പൂട്ടില്‍ കുര്യന്‍ ഏബ്രഹാമിനെയും ഐകകണ്ഠ്യേന തെരഞ്ഞെടുത്തു. ആയിരത്തോളം പള്ളികളുടെ പ്രതിനിധികളായി വൈദികരുള്‍പ്പെടെ മൂവായിരം പേരും മാര്‍ യൂലിയോസും പന്ത്രണ്ടു മെത്രാപ്പോലീത്തന്മാരും പത്തു ലക്ഷത്തില്‍പ്പരം വരുന്ന മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി ക്രിസ്ത്യാനികളുടെ പ്രതിനിധികളും ഒന്നിച്ചുകൂടിയ പുത്തന്‍കാവു സമ്മേളനം ബ്രഹത്തായ സുറിയാനിസഭയുടെ ചൈതന്യത്തിന്‍റെ പ്രഭ പരത്തുവാന്‍ പര്യാപ്തമായിരുന്നു. പ. ബാവായുടെ അദ്ധ്യക്ഷ പ്രസംഗാനന്തരം അദ്ധ്യക്ഷവേദിയില്‍ നിന്നുകൊണ്ട് അദ്ധ്യക്ഷന്‍റെ കൈ മുത്തിയിട്ട് പൗലൂസ് മാര്‍ പീലക്സിനോസ് മെത്രാപ്പോലീത്താ (ഒന്നാം ശ്രേഷ്ഠ കാതോലിക്കാ) ചെയ്ത പ്രസംഗത്തില്‍. “ആചന്ദ്രതാരം പൗരസ്ത്യ കാതോലിക്കാ സിംഹാസനത്തിന്‍റെ കൊടിക്കീഴില്‍ ഞങ്ങള്‍ അണിനിരക്കും” എന്ന് സമാധാനാന്തരം ഇദംപ്രഥമമായി പറഞ്ഞതു സഭ ഒന്നടങ്കം തുടര്‍ച്ചയായുള്ള ഹസ്താഡനത്തോടുകൂടി സ്വാഗതം ചെയ്തു. ചരിത്രപ്രധാനമായ ഈ പ്രഖ്യാപനം പക്ഷേ ഒരു വഞ്ചനയായിരുന്നു. 

“ഈ അവസരത്തില്‍ രണ്ടു വാക്കു പറവാന്‍ അവസരം കിട്ടിയത് ഒരു ഭാഗ്യമായി ഞാന്‍ കരുതുന്നു. ഈ സമാധാനത്തിനുവേണ്ടി ഞങ്ങള്‍ തീവ്രമായി പ്രാര്‍ത്ഥിക്കയും പ്രവര്‍ത്തിക്കയും ചെയ്തു. ദൈവം തിരുഹിതമായ അവസരത്തില്‍ ഞങ്ങള്‍ക്ക് ഒരുമിച്ചുകൂടിയിരുന്നു സഭയുടെ ഭാവിയെക്കുറിച്ചു ചിന്തിക്കുവാന്‍ അവസരം കിട്ടി. പൗരസ്ത്യ കാതോലിക്കാ സിംഹാസനത്തിന്‍റെ കൊടിക്കീഴില്‍ ആചന്ദ്രതാരം ഞങ്ങള്‍ അണിനിരക്കും. ഈ സിംഹാസനം എക്കാലവും ഇവിടെ നിലനില്ക്കും. അതില്‍ വാഴുന്ന പൊതുപിതാവിന്‍റെ നേതൃത്വത്തില്‍ യോജിച്ചു നിന്നു പ്രവര്‍ത്തിപ്പാന്‍ ദൈവം നമുക്കു സംഗതിയാക്കട്ടെ. വെറും രാഷ്ട്രീയമോ ലൗകികമോ ആയ കാര്യങ്ങളെ ഉദ്ദേശിച്ചല്ല ഞാന്‍ പറയുന്നത്. ഒരു പൊതുപിതാവിന്‍റെ നേതൃത്വത്തില്‍ ഒന്നിച്ചുനിന്ന് നമ്മുടെ കര്‍ത്താവിനെ സാക്ഷിക്കുവാന്‍ നമുക്ക് അവസരം കിട്ടിയിരിക്കുകയാണ്. ഭാരതത്തിലെ എല്ലാ സഭകളും ഈ പൊതുപിതാവിന്‍റെ നേതൃത്വത്തില്‍ അണിനിരക്കുന്നതിന് ഈ യോജിപ്പ് ആമുഖമായി പരിണമിക്കട്ടെ.

പരിശുദ്ധ കാതോലിക്കാ സിംഹാസനത്തിന്‍റെ തണലില്‍ മേല്പ്പട്ടക്കാരായ ഞങ്ങള്‍ കയ്യോടു കൈകോര്‍ത്തു പിടിച്ചുനിന്ന് പ്രവര്‍ത്തിക്കും. പ. അന്ത്യോഖ്യാ സിംഹാസനവുമായുള്ള സ്നേഹബന്ധവും പരസ്പരധാരണയും നമ്മില്‍ വര്‍ദ്ധിച്ചുവരട്ടെ. ഇനിയും ഭിന്നിച്ചു നില്ക്കുന്ന ഇന്‍ഡ്യയിലെ ഇതര സഭാവിഭാഗങ്ങളും പ. കാതോലിക്കാ സിംഹാസനത്തിന്‍കീഴില്‍ വന്നു നമ്മുടെ കര്‍ത്താവിനെ സാക്ഷിക്കുവാന്‍ ദൈവം സംഗതിയാക്കട്ടെ. നമ്മുടെ യോജിപ്പ് അതിനു വഴിതെളിക്കട്ടെ.”

ഉടമ്പടി

സുപ്രീംകോടതി വിധിയാല്‍ മലങ്കരയിലെ ഭദ്രാസന ഇടവകകള്‍ ഭരിക്കുന്നതിനുള്ള അധികാരം, അസോസ്യേഷന്‍റെ തെരഞ്ഞെടുപ്പു മൂലമേ മേല്പട്ടക്കാര്‍ക്കു ലഭിക്കുമായിരുന്നുള്ളു. പാത്രിയര്‍ക്കീസ് കക്ഷിയിലെ മെത്രാപ്പോലീത്തന്മാര്‍ പുത്തന്‍കാവ് അസോസ്യേഷനില്‍ സംബന്ധിക്കുന്നതിനു മുമ്പ് പ. കാതോലിക്കാബാവായുടെ കല്പന അനുസരിച്ചും അസോസ്യേഷന്‍ പാസ്സാക്കി നിലവിലിരിക്കുന്ന ഭരണഘടനപ്രകാരവും നടന്നുകൊള്ളാമെന്നു ബാവായ്ക്കു ഉടമ്പടി എഴുതി കൊടുത്തിരുന്നു. പൗലൂസ് മാര്‍ പീലക്സിനോസ് സ്വന്തം കൈപ്പടയില്‍ എഴുതിയ ഉടമ്പടിയുടെ ശരിപകര്‍പ്പ് താഴെ ചേര്‍ക്കുന്നു.

പൗരസ്ത്യ കാതോലിക്കാ നി.വ.ദി.മ.ശ്രീ. മോറാന്‍ മാര്‍ ബസ്സേലിയോസ് ഗീവറുഗീസ് ദ്വിതീയന്‍ ബാവാ തിരുമനസ്സിലേക്ക്.

POULOSE PHILOXINOS
METROPOLITAN

GETHSEMANE ASHRAM
PIRAMADAM
Mannathoor P. O.
Moovattupuzha
Kerala State, India

22-12-1958

സഭയില്‍ സമാധാനം ഇല്ലാതെ വളരെക്കാലം കഴിഞ്ഞ ശേഷം ദൈവകൃപയാല്‍ ഈ മാസം 16-ാം തീയതി അസമാധാനം അവസാനിപ്പിച്ച് യോജിക്കുന്നതിന് ഇടയായതില്‍ ഞാന്‍ ദൈവത്തെ സ്തുതിക്കുന്നു.
സഭയുടെ ഭാവി കാര്യങ്ങള്‍ തിരുമനസ്സിലെ ആജ്ഞയിന്‍കീഴില്‍ ഭംഗിയായി നടക്കുമെന്നു വിശ്വസിക്കുന്നു. അവയുടെ നിവര്‍ത്തിക്ക് സഭയുടെ കാനോനാകളും, നടപ്പിലിരിക്കുന്ന ഭരണഘടനയും, അപ്പഴപ്പോള്‍ തിരുമേനി നല്‍കുന്ന നിര്‍ദ്ദേശങ്ങളും അനുസരിച്ച് എപ്പോഴും ഞാന്‍ പ്രവര്‍ത്തിച്ചുകൊള്ളാമെന്ന് അറിയിച്ചുകൊള്ളുന്നു.

കണ്ടനാടു ഭദ്രാസന ഇടവകയുടെ
പൗലോസ് പീലക്സീനോസ് മെത്രാപ്പോലീത്താ (ഒപ്പ്)