മലങ്കര സഭയില്‍ ശാശ്വത സമാധാനം ഉണ്ടാക്കുവാനുള്ള പരിശ്രമങ്ങളില്‍ നിന്ന് ഓര്‍ത്തഡോക്സ് സഭ പിന്‍മാറുകയോ നിസ്സഹകരിക്കുകയോ ചെയ്തിട്ടില്ല എന്ന് പരിശുദ്ധ എപ്പിസ്കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദീയസ്കോറോസ് വ്യക്തമാക്കി. ബഹുമാനപ്പെട്ട സുപ്രീംകോടതി വിധിയുടെയും 1934-ലെ മലങ്കര സഭാ ഭരണഘടനയുടെയും അടിസ്ഥാനത്തില്‍ ശാശ്വത സമാധാനത്തിനുള്ള ക്രിയാത്മകമായ തുടര്‍നടപടികളാണ് ആവശ്യമായിരിക്കുന്നത്. ഇന്ത്യയിലെ അധികാരമുള്ള ഉന്നതമദ്ധ്യസ്ഥനായ സുപ്രീംകോടതിയാണ് സഭാ പ്രശ്നം എങ്ങനെ പരിഹരിക്കണമെന്ന വ്യക്തമായ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. അത് നടപ്പാക്കുക എന്നത് മാത്രമാണ് അവശേഷിക്കുന്നത്. ഇനിയെങ്കിലും അക്രമം വെടിഞ്ഞ് സമാധാനപാത സ്വീകരിക്കുന്നതാണ് അഭികാമ്യം എന്ന് പാത്രിയര്‍ക്കീസ് വിഭാഗം മനസ്സിലാക്കണം. ശാശ്വതമായ സമാധാനം മലങ്കരസഭയില്‍ ഉണ്ടാകുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ വ്യക്തമാക്കിക്കൊണ്ടുള്ള അന്തിമവിധി 2017 ജൂലൈ 3-ന് സുപ്രീംകോടതി പ്രഖ്യാപിച്ചിരിക്കെ, അതിന് വിരുദ്ധമായി മറ്റ് അന്താരാഷ്ട്ര സഭാ വേദികളില്‍ സമാധാനത്തിനെന്ന വ്യാജേന ചര്‍ച്ചകള്‍ക്കായി ശ്രമിക്കുന്നത് നിര്‍ഭാഗ്യകരമാണ്. ഭാരതത്തിന്‍റെ പരമോന്നത നീതിപീഠം വ്യക്തമായ വിധി പ്രസ്താവിച്ചിരിക്കെ ചര്‍ച്ചകള്‍ എത്രമാത്രം പ്രസക്തമാണ് എന്ന് സന്ദേഹിക്കുന്നതായും അദ്ദേഹം കൂട്ടിചേര്‍ത്തു. ഭാരതത്തിന്‍റെ ദേശീയതയ്ക്ക് ഊന്നല്‍ നല്‍കുന്നതും ജനാധിപത്യ തത്വങ്ങളും സഭയുടെ സ്വതന്ത്ര വ്യക്തിത്വം ഉറപ്പിക്കുന്നതുമായ സുപ്രീംകോടതിവിധിയുടെ അന്തസത്ത കാത്തുസൂക്ഷിക്കുവാനും പരിപൂര്‍ണ്ണ സമാധാനത്തിനുവേണ്ടിയുള്ള തുടര്‍ നടപടികള്‍ കൈക്കൊള്ളുവാനുമുള്ള സമയമാണിത്. ഓറിയന്‍റല്‍ ഓര്‍ത്തഡോക്സ് സഭകളുടെ ഏതെങ്കിലും ഒരു പൊതുവേദിയില്‍ അതില്‍ അംഗത്വമുള്ള സഭകളുടെ ആഭ്യന്തര പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹാരമുണ്ടാക്കുക എന്ന ഒരു നടപടിക്രമം നിലവിലില്ലാത്തതിനാല്‍ ഓര്‍ത്തഡോക്സ് സഭ സമാധാന ചര്‍ച്ചകളോട് നിസഹകരിച്ചു എന്ന വാര്‍ത്ത പൊള്ളയാണെന്ന് മാര്‍ ദീയസ്കോറോസ് വ്യക്തമാക്കി. മലങ്കര സഭയുടെ സ്വാതന്ത്ര്യം പൂര്‍ണ്ണമായും സംരക്ഷിച്ചുകൊണ്ടുളള ശാശ്വത സമാധാനമാണ് മലങ്കര സഭ ലക്ഷ്യം വെയ്ക്കുന്നത്. മലങ്കരയില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങളുടെ പൂര്‍ണ്ണമായ ചിത്രം ഓറിയന്‍റല്‍ ഓര്‍ത്തഡോക്സ് സഭാ തലവന്മാരെ നേരത്തെ തന്നെ രേഖാമൂലം അറിയിച്ചിരുന്നു.
കോതമംഗലം മാര്‍ത്തോമ്മന്‍ ചെറിയപള്ളി, വെട്ടിത്തറ മാര്‍ മിഖായേല്‍ എന്നീ പള്ളികള്‍കൂടി ഓര്‍ത്തഡോക്സ് സഭയ്ക്ക് അവകാശപ്പെട്ടത് എന്ന് പെരുമ്പാവൂര്‍ കോടതി വിധിച്ചിരിക്കുന്നു.