പരുമല സെമിനാരി സ്ഥാപിയ്ക്കുന്നു (1867)

പുലിക്കോട്ട് മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്താ 1042-മാണ്ട് മീന മാസം മുതല്‍ കോട്ടയം മുതലായി തെക്കുള്ള ഏതാനും പള്ളികളില്‍ സഞ്ചരിച്ച് വരികയില്‍ സുറിയാനി സഭയിലെ മര്യാദപോലെ അല്ലാതെ ചില തെറ്റുകള്‍ ഏതാനും പള്ളികളില്‍ പാലക്കുന്നത്തു മാര്‍ അത്താനാസ്യോസ് മെത്രാപ്പോലീത്തായുടെ കല്പനപ്രകാരം നടക്കുന്നതിനെ അറിഞ്ഞു മനസ്താപപ്പെട്ട് ജനങ്ങളോട് ‘ഇപ്പോള്‍ കോട്ടയത്തു പഠിച്ചുവരുന്ന ശെമ്മാശന്മാര്‍ മുതലായവര്‍ പള്ളികള്‍ തോറും സഞ്ചരിപ്പാന്‍ ഇടവന്നാല്‍ ചില സ്ഥലങ്ങളില്‍ രഹസ്യമായി കിടക്കുന്ന സത്യമുള്ള സുറിയാനി മാര്‍ഗ്ഗവും കൂടെ തീരെ മാഞ്ഞുപോകുന്നതിന് ഇടവരുമെന്നും അതിനാല്‍ ഈ തെക്കേ ദിക്കുകളില്‍ എവിടെ എങ്കിലും സുറിയാനി മാര്‍ഗ്ഗം അഭ്യസിപ്പിക്കുന്ന ഒരു പുതിയ സെമിനാരി പണിയിക്കണമെന്നും മറ്റും അറിയിക്കയാല്‍ തിരുവല്ലായോടു ചേര്‍ന്ന് മാന്നാര്‍ അരികുപുറത്തു കോരുതു മാത്തന്‍ എന്ന് നാമധേയവും പരോപകാര പ്രിയനുമായുള്ള ആള്‍ക്കു ഈ കാര്യത്തില്‍ ഭക്തിവൈരാഗ്യം തോന്നിയിട്ട് തന്‍റെ പരുമല എന്ന സ്ഥലത്ത് ഒരു പുരയിടം സിമ്മനാരി വയ്ക്കുന്ന വകയ്ക്കായിട്ട് മെത്രാപ്പോലീത്തായ്ക്കു ദാനം ചെയ്തിരിക്കുന്നതു കൂടാതെ സിമ്മനാരിപ്പണി ഉടനെ ആരംഭിക്കാന്‍ വേണ്ടി തന്‍റെ വക ഇരുപത്തിരിക്കോല്‍ നീളമുള്ള ഒരു നെല്പുരയും പൊളിച്ചു കൊടുത്തിരിക്കുന്നു

(കണ്ടനാട് ഗ്രന്ഥവരി, പു. 325).