പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദീവന്നാസ്യോസ് രണ്ടാമന്‍ ബ്രിട്ടീഷ് ഗവര്‍ണര്‍ക്ക് നല്‍കിയ ഹര്‍‍ജി (1868)

പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദീവന്നാസ്യോസ് രണ്ടാമന്‍ 1868-ല്‍ മദിരാശിയില്‍ ചെന്ന് ബാരിസ്റ്റര്‍ മോയിന്‍ സായിപ്പിനെക്കൊണ്ട് ഒരു ഹര്‍ജി തയ്യാറാക്കിച്ച് ഗവര്‍ണര്‍ സായിപ്പിന് നല്‍കി. ആ ഹര്‍ജി ഇപ്രകാരം ആയിരുന്നു:

“ഫോര്‍ട്ട്സറ്റ് ജോര്‍ജ്ജ് ആലോചനസഭയില്‍ ഗവര്‍ണര്‍ എത്രയും ബഹുമാനപ്പെട്ട ഫ്രാന്‍സിസ് ലോര്‍ഡ് നെല്ലിയേര്‍ സായിപ്പ് അവര്‍കളുടെ സന്നിധാനത്തിങ്കലേക്കു, തിരുവിതാംകൂറിലേയും കൊച്ചിയിലേയും മലയാളത്തെയും തെക്കേ ഇന്ത്യയില്‍ പെട്ടിട്ടുള്ള സകല സ്ഥലങ്ങളിലേയും സുറിയാനി ക്രിസ്ത്യാനികളുടെ ബിഷപ്പും മെത്രാപ്പോലീത്തായുമാകുന്ന റൈറ്റ്. റവ. മാര്‍ ദീവന്നാസ്യോസ് എഴുതി ബോധിപ്പിക്കുന്ന സങ്കട ഹര്‍ജി എന്തെന്നാല്‍,

തിരുവിതാംകൂര്‍, കൊച്ചി, മലയാളം മുതലായ സ്ഥലങ്ങളിലെ സുറിയാനി ക്രിസ്ത്യാനികളുടെ ബിഷപ്പും മെത്രാപ്പോലീത്തായുമായി എന്നെ അന്ത്യോഖ്യാ പാത്രിയര്‍ക്കീസ് 1865-ല്‍ നിശ്ചയിച്ച് എനിക്കു സ്ഥാനം തന്നു. ഞാന്‍ അന്ത്യോഖ്യയില്‍ നിന്നു വന്നു. സുറിയാനി ക്രിസ്ത്യാനികള്‍ എന്നെ സമ്മതിച്ചു എന്ന് തന്നെയല്ല ഇപ്പോഴും സമ്മതിച്ചു വരുന്നു. എങ്കിലും 1862 (?) -ല്‍ കൊല്ലം 1038 കുംഭ മാസം 3-ാം തീയ്യതി തിരുവിതാംകൂര്‍ ദിവാന്‍ജി അവര്‍കള്‍ ആ സംസ്ഥാനത്തുള്ള സകല തഹശീല്‍ദാര്‍മാര്‍ക്കും അയച്ചിരിക്കുന്ന 2455-ാം നമ്പര്‍ സര്‍ക്കുലര്‍ ഉത്തരവുകൊണ്ട് എനിയ്ക്കു അധികാരം നടത്തുന്നതിനും ജനങ്ങള്‍ക്കു എന്നെ മെത്രാപ്പോലീത്താ ആയി പരസ്യമായി കൈക്കൊള്ളുവാനും ഉള്ള മാര്‍ഗ്ഗത്തിന് തടസ്സമായി തീര്‍ന്നിരിക്കുന്നു. ഈ സംഗതിയെപ്പറ്റി ഞാന്‍ തിരുവിതാംകൂര്‍ ദിവാന്‍ജി അവര്‍കള്‍ക്കു രണ്ടു ഹര്‍ജികള്‍ ബോധിപ്പിച്ചാറെ അതിന് യാതൊരു നിവൃത്തിയും ഉണ്ടാക്കിത്തരാതെ അക്കാര്യം എടപെട്ട് റസിഡണ്ടിനെ അറിയിക്ക മാത്രമേ ചെയ്തിട്ടുള്ളു. അദ്ദേഹത്തിനെയും താന്‍ ബോധിപ്പിച്ചാറെ എന്‍റെ ഹര്‍ജിയില്‍ പറയുന്ന സംഗതിയെക്കുറിച്ച് ഒരു വിചാരണയും ചെയ്കയോ നിവൃത്തി ഉണ്ടാക്കിത്തരുകയോ ചെയ്യാത്ത നിമിത്തം മദ്രാസില്‍ വന്ന് ആലോചനയില്‍ ഗവര്‍ണര്‍ സായിപ്പ് അവര്‍കളുടെ സന്നിധാനത്തിങ്കല്‍ ഈ സംഗതി ബോധിപ്പിയ്ക്കുന്നതിന് ഇടവന്നിരിയ്ക്കുന്നതാകുന്നു.

2. മാര്‍ അത്താനാസ്യോസ് എന്ന ഒരാളെ അന്ത്യോഖ്യാ പാത്രിയര്‍ക്കീസ് തിരുവിതാംകൂറിലുള്ള സുറിയാനി ക്രിസ്ത്യാനികള്‍ക്കു ബിഷോപ്പായിട്ട് അയയ്ക്കുകയും അദ്ദേഹം 1843-ല്‍ മലയാളത്തില്‍ വരികയും ചെയ്തിട്ടുള്ളത് ശരി തന്നെ. എന്നാല്‍ ആ ബിഷോപ്പിന്‍റെ ക്രമംകെട്ട ഉപദേശങ്ങളും അഴിമതികളും ഹേതുവായിട്ട് തിരുവിതാംകൂറിലും മലയാളത്തില്‍ മറ്റു സ്ഥലങ്ങളിലുമുള്ള സുറിയാനിക്കാര്‍ കൂട്ടമായി പാത്രിയര്‍ക്കീസിനെ ബോധിപ്പിക്കുകയും അദ്ദേഹത്തിന്‍റെ അന്വേഷണത്തില്‍ അവ ശരിയെന്ന് ബോധിക്കുകയും ചെയ്കകൊണ്ട് മാര്‍ അത്താനാസ്യോസിനെ മേല്പട്ടസ്ഥാനത്തു നിന്ന് മുടക്കി. എത്രയും ബഹുമാനപ്പെട്ട മാര്‍ കൂറിലോസിന് സ്ഥാനം കൊടുത്ത് മലയാളത്തേക്കു യാത്രയാക്കി. അദ്ദേഹം 1846-ല്‍ മലയാളത്ത് വന്നിറങ്ങിയതിന്‍റെ ശേഷം സ്ഥാനത്തില്‍ നിന്ന് മുടക്കപ്പെട്ട മാര്‍ അത്താനാസ്യോസിന്‍റെ വിരോധത്തെ തടുക്കുന്നതിന് വേണ്ടുന്ന വൈഭവവും ശക്തിയും പോരായ്ക കൊണ്ടു തനിയ്ക്കു സഹായത്തിനായി മാര്‍ സ്തേഫാനോസ് എന്ന ഒരാളെ 1849-ല്‍ അന്ത്യോഖ്യാ പാത്രിയര്‍ക്കീസ് തിരുവിതാംകോട്ടേയ്ക്കു അയച്ചിരുന്നു.

3. എന്നാറെ മാര്‍ അത്താനാസ്യോസിന്‍റെ ശുപാര്‍ശബലം കൊണ്ടോ സംസ്ഥാനത്തെ നിയമം പ്രമാണിച്ചോ മേലെഴുതിയ മാര്‍ കൂറിലോസും സ്തേഫാനോസും കൊച്ചിയിലും തിരുവിതാംകൂറിലും താമസിച്ചു കൂടാ എന്നും അവര്‍ പരദേശികള്‍ ആകയാല്‍ മേലെഴുതിയ രണ്ടു സംസ്ഥാനങ്ങളിലുമുള്ള സുറിയാനിപ്പള്ളികളില്‍ അവര്‍ക്കു അധികാരം നടത്തുവാന്‍ പാടില്ലെന്നും അന്ന് റസിഡണ്ടായിരുന്ന ലഫ്. ജനറല്‍ കല്ലന്‍ കല്പിച്ചു. ഈ സ്ഥിതി ഇങ്ങനെയിരിക്കേ, മഹാരാജാവ് അവര്‍കള്‍ അന്ത്യോഖ്യാ പാത്രിയര്‍ക്കീസിന്‍റെയോ സുറിയാനി സഭക്കാരുടേയോ മനസ്സ് ഇക്കാര്യത്തില്‍ ഏതുപ്രകാരമെന്ന് ആലോചിക്കാതെ മാര്‍ അത്താനാസ്യോസിന്‍റെ അപേക്ഷയെ മാത്രം പ്രമാണിച്ച് മേലെഴുതിയ മാര്‍ അത്താനാസ്യോസിനെ മെത്രാപ്പോലീത്താ ആയിട്ട് അന്ത്യോഖ്യാ പാത്രിയര്‍ക്കീസ് നിശ്ചയിച്ചിരിക്കുന്നതിനാല്‍ സുറിയാനിക്കാര്‍ സകലമാനപേരും അദ്ദേഹത്തെ അനുസരിച്ചുകൊള്ളണമെന്ന് ഒരു വിളംബരം 1851-ക്ക് കൊല്ലം 1027 കര്‍ക്കിടകം 15-ാം തീയ്യതി (?) പ്രസിദ്ധം ചെയ്തു.

4. അന്ത്യോഖ്യാ പാത്രിയര്‍ക്കീസ്, സ്ഥാനത്തില്‍ നിന്ന് മുടക്കിയിട്ടുള്ള മെത്രാപ്പോലീത്തായെ അനുസരിച്ചുകൊള്ളണമെന്നുള്ള വിളംബരത്തിങ്കല്‍ സുറിയാനി ക്രിസ്ത്യാനികള്‍ ആവലാധിപ്പെട്ട പല ഹര്‍ജികളും അയച്ചാറെ അവരുടെ സങ്കടത്തിന് നിവൃത്തിയുണ്ടാക്കിയിട്ടില്ലെന്ന് തന്നെയല്ല, ആവിധം ഹര്‍ജി എഴുതിയവരെ അന്ന് പാറാവില്‍ വയ്ക്കുകയും കൂടെ ചെയ്തു.

5. മേലെഴുതിയ വിളംബരം കൊണ്ടും തിരുവിതാംകൂറിലും കൊച്ചിയിലും ഉള്ള സുറിയാനിപ്പള്ളികളിലും അധികാരം നടത്തുന്നതിന് തന്നെ വിരോധിച്ചിരിക്കകൊണ്ടും മാര്‍ സ്തേഫാനോസ് പല സ്ഥലങ്ങളിലും ഹര്‍ജികള്‍ ബോധിപ്പിച്ചതിന്‍റെ ശേഷം ബിലാത്തിയില്‍ ചെന്ന് നീങ്ങിപ്പോയ ബ. ഡയറക്ടര്‍മാരുടെ കോര്‍ട്ടില്‍ സങ്കടം വച്ചു. അപ്പോള്‍ ആകുന്നു 1857 മെയ് 13-ാം തീയ്യതിയിലെ കല്പന ആ ബ. കോര്‍ട്ടില്‍ നിന്നുണ്ടായത്. അതില്‍ പിന്നെ തിരുവിതാംകൂര്‍ സര്‍ക്കാരില്‍ നിന്ന് ജനങ്ങളുടെ മനസ്സിന് വിരോധമായി പ്രവേശിക്കാതെ മേല്പറഞ്ഞ കാലം വരെ ജനങ്ങളുടെ മനസ്സുപ്രകാരം തെരഞ്ഞെടുക്കുന്ന മെത്രാന്മാര്‍ അധികാരം നടത്തുന്നതിന് അനുവദിച്ചിരുന്നു. നീങ്ങിപ്പോയ ഡയറക്ടര്‍മാരുടെ കല്പന ഇതോടുകൂടെ അടക്കം ചെയ്തിരിക്കുന്നു.

6. ഈ വിധം നടന്നു വരുമ്പോള്‍ ജനങ്ങളില്‍ വിശേഷിച്ച് ഒരു ഭാഗവും തന്നെ അനുസരിപ്പാനില്ലായ്ക കൊണ്ട് മേലെഴുതിയ മാര്‍ അത്താനാസ്യോസ് ഉപായേന തിരുവിതാംകൂര്‍ ദിവാന്‍ജി അവര്‍കളെ എന്തോ ബോധിപ്പിക്കുകയും അദ്ദേഹം അതിനെക്കുറിച്ച് യാതൊരു വിചാരണയും അന്വേഷണവും ചെയ്യാതെ ഇപ്പോള്‍ ആവലാധിക്കിടയാക്കിരിക്കുന്നു. ആ സര്‍ക്കുലര്‍ ഇതില്‍ അടക്കം ചെയ്യുന്നു.

7. ആ സര്‍ക്കുലര്‍ ഉത്തരവില്‍ മാര്‍ കൂറിലോസ് മാര്‍ അത്താനാസ്യോസിനോട് മത്സരിച്ച് അധികാരം നടത്തുവാന്‍ ശ്രമിക്കുന്നു എന്നും സര്‍ക്കാരില്‍ നിന്നും മതകാര്യങ്ങളില്‍ പ്രവേശിപ്പാന്‍ ആഗ്രഹിക്കുന്നില്ലെന്നും സമാധാന ലംഘനം ഉണ്ടാകരുതെന്ന താല്പര്യമേ ഉള്ളൂ എന്നും എഴുതിയിരിക്കുന്നു. അതുകൊണ്ട് മാര്‍ അത്താനാസ്യോസിനെ അനുസരിയ്ക്കുവാന്‍ മനസ്സില്ലാത്തവര്‍ ഉണ്ടെങ്കില്‍ തനതായിട്ട് പള്ളികള്‍ പണിയിക്കുകയും മാര്‍ അത്താനാസ്യോസിന്‍റെ സ്വാധീനത്തിലുള്ള പള്ളികളിന്മേല്‍ അവര്‍ക്കു ന്യായമായ അവകാശം വല്ലതും ഉണ്ടെങ്കില്‍ അദാലത്തു വ്യവഹാരം ചെയ്തുകൊള്ളണമെന്നും ദിവാന്‍ജി അവര്‍കള്‍ ആ സര്‍ക്കുലര്‍ ഉത്തരവില്‍ കല്പിച്ചിരിക്കുന്നു. ഉത്തരവിന് വിരോധമായി ആരെങ്കിലും അനുസരണക്കേട് കാണിക്കുകയോ പള്ളികളില്‍ മുന്‍ കൈവശത്തിന് വിരോധമായി ഏതെങ്കിലും പ്രവര്‍ത്തിക്കയോ ചെയ്യുന്ന മെത്രാന്മാരാകട്ടെ യോഗക്കാരാകട്ടെ ബോധിപ്പിക്കുന്നപക്ഷം അങ്ങനെ ഉള്ളവരെ വരുത്തി പോലീസില്‍ ചേര്‍ത്തു വിസ്തരിച്ച് തെളിവു കണ്ടാല്‍ തക്കവണ്ണം ശിക്ഷിയ്ക്കുമെന്നു കൂടി ആ സര്‍ക്കുലറില്‍ കാണിച്ചിട്ടുണ്ട്.

8. മാര്‍ അത്താനാസ്യോസിന്‍റെ സ്ഥാനത്തിലേക്കു ബിഷപ്പും മെത്രാപ്പോലീത്തായുമായി അന്ത്യോഖ്യാ പാത്രിയര്‍ക്കീസ് എന്നെ നിയമിച്ചിരിക്കുന്നതിനാല്‍ പാത്രിയര്‍ക്കീസ് എനിയ്ക്കു തന്നിട്ടുള്ള സ്ഥാനക്കടലാസ്സുകളെ തിരുവിതാംകൂര്‍ സര്‍ക്കാരില്‍ കാണിച്ച് ഉടനെ സര്‍ക്കാരില്‍ നിന്നും വേണ്ടുന്ന സഹായങ്ങള്‍ സകലതും ചെയ്തു തരുവാന്‍ എനിക്കു ന്യായമായ അവകാശം ഉണ്ടായിരുന്നു. അങ്ങനെയുള്ള സഹായം സര്‍ക്കാരില്‍ നിന്ന് ചെയ്തു തരുന്നതിന് പകരം മാര്‍ അത്താനാസ്യോസിന് അനുകൂലമായി ഉണ്ടായിരിക്കുന്ന സര്‍ക്കുലര്‍ ഉത്തരവ് ബലമായിട്ടിരിക്കുന്ന കാലമൊക്കെയും പള്ളികളില്‍ എന്‍റെ ന്യായമായ അധികാരം നടത്തുന്നതിന് പാടില്ലാതെ ആകുന്നു തീര്‍ന്നിരിക്കുന്നത്. പാത്രിയര്‍ക്കീസ് എനിക്കു തന്നിരിയ്ക്കുന്ന അധികാരപ്രകാരം എന്നെ പരഹസ്യമായി അനുസരിപ്പാന്‍ മനസ്സുള്ളവര്‍ അങ്ങനെ ചെയ്യുന്നപക്ഷം തിരുവിതാംകൂര്‍ സര്‍ക്കാരിന്‍റെ കല്പനയ്ക്കു ലംഘനം വരുത്തുകയും അങ്ങിനെ ക്രിമിനല്‍ ശിക്ഷയ്ക്കു യോഗ്യന്മാരായി തീരുകയും ചെയ്യുമെന്ന് വിചാരിയ്ക്കുന്നു.

9. മേലെഴുതിയ ഞെരുക്കങ്ങളെയും നീതികേടിനേയും കുറിച്ച് തിരുവിതാംകൂര്‍ ദിവാന്‍ജിയ്ക്കും റസിഡണ്ടിനും പല ഹര്‍ജികളും അയച്ച് മൂന്ന് സംവത്സരം വരെ ആ നിവൃത്തിക്കായി കാത്തിരുന്നത് വൃഥാ ആയേ ഉള്ളൂ. അതുകൊണ്ടത്രേ ഇപ്പോള്‍ മദ്രാസില്‍ വന്ന് ആലോചനയില്‍ സായിപ്പ് അവര്‍കളുടെ മുമ്പാകെ സങ്കടം ബോധിപ്പിയ്ക്കുന്നത്.

10. ദിവാന്‍ജിയുടെയും റസിഡണ്ടിന്‍റെയും പ്രവൃത്തികളിന്മേല്‍ ഞാന്‍ അപ്പീല്‍ ചെയ്യുകയും ബ്രിട്ടീഷ് ഗവണ്‍മെണ്ടില്‍ നിന്ന് സഹായിക്കണമെന്ന് ആലോചനയില്‍ ഗവര്‍ണര്‍ സായിപ്പ് അവര്‍കളോട് അപേക്ഷിക്കുകയും ചെയ്യുന്നതില്‍ വച്ച്, മതകാര്യങ്ങളില്‍ പക്ഷ പ്രതിപക്ഷ വിചാരത്തെ അതിക്രമിച്ചിട്ട് ഒരു സഹായവും എനിയ്ക്കു ചെയ്തു തരണമെന്ന് ഞാന്‍ അശേഷവും ആഗ്രഹിയ്ക്കുന്നില്ല. ഒരു കക്ഷികളെയും പക്ഷാപക്ഷം കൂടാതെ വിചാരിക്കണമെന്നും തിരുവിതാംകൂര്‍ സര്‍ക്കാരില്‍ നിന്നും മാര്‍ അത്താനാസ്യോസിന്‍റെ പേരില്‍ കാണിച്ചിരിയ്ക്കുന്ന അനുകൂലം നീക്കിത്തരണമെന്നും മാത്രമേ ഞാന്‍ അപേക്ഷിക്കുന്നുള്ളു.

11. ദിവാന്‍ജിയുടെ 1038-ലെ സര്‍ക്കുലര്‍ ഉത്തരവ് നിഷ്പക്ഷമായി അയക്കപ്പെട്ടതാണെങ്കിലും ആയത് എനിക്കും എന്നെ അനുസരിപ്പാന്‍ മനസ്സുള്ള ജനങ്ങള്‍ക്കും എത്രയോ അധികം വൈഷമ്യമുള്ളതായി ഭവിച്ചിരിക്കുന്നു. എന്തെന്നാല്‍ പള്ളികള്‍ ഒക്കെയും മാര്‍ അത്താനാസ്യോസിന്‍റെ കൈവശമാകുന്നു എന്ന സര്‍ക്കുലര്‍ ഉത്തരവില്‍ നിരന്തരമായി സൂചിപ്പിച്ചിരിയ്ക്കുന്നു. ഒരു പള്ളിയും ഒരു ബിഷപ്പിന്‍റെയും കൈവശമല്ലെന്ന് പ്രത്യക്ഷമാകുന്നു. അതതു പള്ളികളില്‍ കര്‍മ്മം കഴിയ്ക്കുന്ന പട്ടക്കാരുടെ മേലുള്ള അധികാരം കൊണ്ട് പള്ളിക്കാര്യങ്ങളില്‍ പ്രവേശിക്കുന്നതേ ഉള്ളൂ. ആ അധികാരം പട്ടക്കാരുടെയും പള്ളിക്കാരുടേയും മനസ്സോടു കൂടെ ഒഴിഞ്ഞു കൊടുക്കുന്നതാവുന്നുവെങ്കില്‍ എനിയ്ക്കു ആവലാതിയ്ക്കിടയില്ല. എങ്കിലോ 1027-ലെ വിളംബരപ്രകാരം സുറിയാനിക്കാര്‍ സകലമാനപേരും മാര്‍ അത്താനാസ്യോസിനെ അനുസരിപ്പാന്‍ കല്പിച്ചിരിക്കുന്നു. 1038-ലെ സര്‍ക്കുലറിനാല്‍ അദ്ദേഹത്തെ അനുസരിക്കാത്തവരെ ക്രിമിനലായി ശിക്ഷിക്കുമെന്ന് കാണിച്ചിരിയ്ക്കുന്നു. അനുസരണക്കേടിന് ശിക്ഷ നിശ്ചയിച്ചിരിയ്ക്കുമ്പോള്‍ മനസ്സോടുള്ള കീഴ്വഴക്കം ഉണ്ടാകുന്നതല്ല. മാര്‍ അത്താനാസ്യോസിന്‍റെ വാഴ്ചയ്ക്കു വിരോധമായി ഉള്ളവര്‍ക്കു സര്‍ക്കുലറില്‍ വേറെ വഴി കാണിച്ചിട്ടുള്ളത് സത്യം തന്നെ. അവര്‍ക്ക് അവരുടെ പള്ളികളെ ഉപേക്ഷിച്ചിട്ട് വേറിട്ട് പണിയാം. അല്ലെങ്കില്‍ അവര്‍ക്ക് അദാലത്ത് വ്യവഹാരം ചെയ്യാം. ഇവ രണ്ടില്‍ ഒന്നാമത്തേത് ന്യായത്താല്‍ ആരുടെമേലും നിര്‍ബന്ധിക്കരുതാത്തതാകുന്നു. സുറിയാനിക്കാരുടെ കാരണവന്മാരുടെ കാലം മുതല്‍ ധര്‍മ്മമായി ഇട്ടിട്ടുള്ള മുതലുകളൊക്കെയും കൂടി കിടക്കുന്ന പള്ളികളെ അവരുപേക്ഷിച്ച് വേറിട്ട് പണിയാമെന്ന് പറയുന്നത് തന്‍റെ വസ്തുവിന്മേല്‍ മറ്റൊരുവന്‍ കരേറി ഇരിയ്ക്കുന്നുവെന്ന് അന്യായപ്പെടുന്നവരോട്, അവര്‍ അതുപേക്ഷിച്ചുംവച്ച് വേറിട്ടൊന്ന് വാങ്ങിക്കൊള്ളണമെന്ന് പറയുമ്പോലിരിയ്ക്കുന്നു. രണ്ടാമത്തേതു അതുപോലെ തന്നെ നിസ്സാരമായിട്ടുള്ളതാകുന്നു.

12. സമാധാന ലംഘനം ഉണ്ടാകരുതെന്നുള്ള ആന്തരത്തോടു കൂടെ സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചതായിരിക്കാമെന്ന് വരികിലും അതുകൊണ്ട് ഏറിയ ജനങ്ങള്‍ ഭയപ്പെടുകയും അന്ത്യോഖ്യാ പാത്രിയര്‍ക്കീസിന്‍റെ നിരാക്ഷേപമായ സ്ഥാനക്കടലാസ്സുകള്‍ കൊണ്ട് എനിയ്ക്കു ലഭിച്ചിട്ടുള്ള സ്ഥാനത്തില്‍ നിന്ന് മുടക്കിയിരിക്കുന്ന മറ്റൊരു ബിഷപ്പിനെ അനുസരിപ്പാനായിട്ട് അവരു നിര്‍ബന്ധിയ്ക്കുകയും ചെയ്തിട്ടുള്ളത് നിശ്ചയമാകുന്നു. ഇത് മതകാര്യങ്ങളില്‍ പക്ഷാപക്ഷ നിയമങ്ങളെ പ്രത്യക്ഷമായി അതിക്രമിച്ചിരിക്കുന്നതു തന്നെയല്ല, അതിന്‍റെയും അതിര്‍ വിട്ട് തിരുവിതാംകോട് സംസ്ഥാനത്തുള്ള പള്ളികളില്‍ മതാധിപത്യം നടത്തേണ്ടത് ആര്, നടത്തേണ്ടാത്തത് ആര് എന്ന് വരുതി കൊടുപ്പാനുള്ള സര്‍വാധികാരം ആ സര്‍ക്കാരില്‍ നിന്നും എടുത്തിരിയ്ക്കുന്നു.

13. മാര്‍ അത്താനാസ്യോസിന്‍റെ വാഴ്ചയെ അനുസരിക്കണമെന്നുള്ള നിര്‍ബന്ധത്തിന്‍റെ ശക്തി കൊണ്ട് ഏതാനും ഗൃഹസ്ഥന്മാര്‍ മനസ്സോടെ എന്നെ അനുസരിപ്പാന്‍ ശ്രമിച്ചവരെ അദ്ദേഹം പള്ളി മുടക്കം ചെയ്തിരിക്കുന്നു. അതിനാല്‍ പള്ളിയിലെ കര്‍മ്മങ്ങളിലും കൂദാശകളിലും കൂടുന്നതിന് അവര്‍ക്കു ഇടയില്ലാതെയും തീര്‍ന്നിരിയ്ക്കുന്നു. അതില്‍ വിശേഷിച്ച് പള്ളിയില്‍ കൈക്കാരന്മാരോ യോഗത്തില്‍ പ്രമാണികളോ ആയിട്ടുള്ള ചിലരുടെ പേരില്‍ മാര്‍ അത്താനാസ്യോസ് തിരുവിതാംകോട്ട് സര്‍ക്കാരില്‍ ബോധിപ്പിച്ചതിനാല്‍ സര്‍ക്കുലര്‍ ഉത്തരവിന്‍റെ താല്പര്യപ്രകാരം അവര്‍ ആ സര്‍ക്കാരിന്‍റെ അനിഷ്ടത്തിന് ഉള്‍പ്പെടുകയും അത് നിമിത്തം അവര്‍ ഇപ്പോള്‍ വ്യസനസ്ഥിതിയില്‍ ഇരിക്കയും ചെയ്യുന്നു. ഈ വിഷമം മര്യാദയ്ക്കുള്ള ബോധത്തിന് അനുസരിച്ച് നടക്കുന്നവര്‍ക്കൊക്കെയ്ക്കു വരുന്നതാകുന്നു.

14. മിക്കവാറും സുറിയാനി ക്രിസ്ത്യാനികള്‍ എല്ലാവരും എന്നെ അവരുടെ ന്യായമായ മേലധികാരിയും മെത്രാപ്പോലീത്തായും ആയിട്ട് മനപൂര്‍വ്വമായിട്ട് സമ്മതിച്ചിരിക്കുന്നു എന്നും അവര്‍ പരസ്യമായി എന്നെ അനുസരിക്കുന്നു എങ്കില്‍ അവരെപ്പിടിച്ച് തിരുവിതാംകോട്ട് സര്‍ക്കാര്‍ മേലെഴുതിയ സര്‍ക്കുലര്‍ ഉത്തരവ് പ്രമാണിച്ച് ശിക്ഷിയ്ക്കുമെന്ന് സുറിയാനിക്കാരില്‍ അധികവും ആളുകളുടെ താല്പര്യം തിരുവിതാംകോട്ട് സര്‍ക്കാര്‍ കൂട്ടാക്കുന്നില്ലെന്നും സന്നിധാനത്തിങ്കല്‍ ബോധിപ്പിക്കുന്നു.

15. ഇതു സംബന്ധമായി ഞാന്‍ വക്കീല്‍ മുഖാന്തിരം ഹര്‍ജി കൊടുത്തു. അതിന് ദിവാന്‍ജി …. തന്ന മറുപടിയില്‍ എന്‍റെ അപേക്ഷ ശരിയും ന്യായവും ആയിട്ടുള്ളതാകുന്നു എന്ന് സമ്മതിച്ചു എങ്കിലും ഈ സംഗതിയില്‍ പ്രവേശിച്ച് യോഗക്കാരുടെ മനസ്സ് അറിയുന്നതിന് എത്രയും പ്രയാസമാകുന്നു എന്ന് പറഞ്ഞിരിക്കുന്നു. അതിന് ഒരു വിധത്തിലും പ്രയാസമുള്ളതല്ല. എഴുത്തു മൂലം ഓരോരുത്തരുടെ മനസ്സറിയുന്നതിന് പകരം സുറിയാനി ക്രിസ്ത്യാനികളില്‍ എല്ലാവരുമോ അല്ലെങ്കില്‍ മിക്കവാറും ആളുകളോ തങ്ങളുടെ ന്യായമായ ബിഷപ്പും മെത്രാപ്പോലീത്തായുമായിട്ട് എന്നെ കൈക്കൊള്ളുന്നതിന് മനസ്സായിരിക്കുന്നോ എന്ന് ഓരോരോ മണ്ഡപത്തുംവാതുക്കല്‍ കമ്മീഷണര്‍മാരെ നിശ്ചയിച്ച് റിപ്പോര്‍ട്ട് ചെയ്യാകുന്നതാകുന്നു.

16. രായപുരം പള്ളി എടവകയിലുള്ള ഏതാനുംപേര്‍ വികാരി അപ്പോസ്തോലിക്കായുടെ ഭാഗവും ഏതാനുംപേര്‍ ഗോവക്കാരുടെ ഭാഗവും ആയി തര്‍ക്കപ്പെട്ട് മദ്രാസ് ഹൈക്കോര്‍ട്ട് മുമ്പാകെ ഈയിടെ കൊണ്ടുവന്ന വ്യവഹാരത്തില്‍ ജനങ്ങളുടെ മനസ്സ് നറുക്കിട്ട് അറിയണമെന്ന് ഹൈക്കോര്‍ട്ട് കല്പിച്ചു. സാര്‍ ആഡാം ബീറ്റില്‍ സ്റ്റൊന്‍ നര്‍ക്കിടീച്ച് അധികം ജനങ്ങളുടെ മനസ്സ് പ്രകാരം പള്ളിയും മുതല്‍കാര്യങ്ങളും വികാരി അപ്പോസ്തോലിക്കായുടെ ഭാഗക്കാര്‍ക്കു കൊടുക്കുകയും ചെയ്തു.

17. കൊച്ചി സര്‍ക്കാരില്‍ ഇപ്രകാരമുള്ള രണ്ട് സുറിയാനി പള്ളികളില്‍ ഇപ്രകാരം ഉള്ള ഒരു തര്‍ക്കം 1860-ല്‍ ഉണ്ടായാറെ അന്നു റസിഡണ്ടായിരുന്ന മെസ്റ്റര്‍ ബാല്‍റൂബിയും ദിവാന്‍ ശങ്കുണ്ണി മേനോനും കൂടി ആ തര്‍ക്കം 16-ാമത് വകുപ്പില്‍ പറയുംപ്രകാരം പ്രവര്‍ത്തിച്ച് തര്‍ക്കത്തിന് വെടിപ്പാകയും ചെയ്തു.

18. ഇപ്രകാരമുള്ള ഒരു സര്‍ക്കുലര്‍ നടപ്പില്ലാത്ത കൊച്ചി സര്‍ക്കാരിലും ബ്രിട്ടീഷ് കൊച്ചിയിലും സുറിയാനി ക്രിസ്ത്യാനികള്‍ എത്രയോ സംവത്സരങ്ങളായിട്ട് അവരുടെ മനസ്സുപോലെ ഉള്ള ബിഷപ്പുമാരെ അനുസരിക്കുകയും മതകാര്യങ്ങളില്‍ ക്രമമായി നടന്നുവന്നിട്ടുള്ളതും തിരുവിതാംകൂര്‍ സര്‍ക്കാരില്‍ തന്നെയും മേലെഴുതിയ സര്‍ക്കുലര്‍ ഉത്തരവ് ഉണ്ടാകുന്നതിന് മുമ്പെ അവിടെ ഉള്ള സുറിയാനി ക്രിസ്ത്യാനികള്‍ സമാധാന ലംഘനം വരുത്താതെ മതകാര്യങ്ങള്‍ നടത്തിപ്പോന്നിട്ടുള്ളതും മറ്റു യാതൊരു രാജ്യത്തും ജാതിയിലും മതകാര്യങ്ങളില്‍ ഇപ്രകാരമുള്ള ഒരു സര്‍ക്കുലര്‍ ഉത്തരവ് ഉണ്ടെന്ന് കേട്ടിട്ടുള്ള അവസ്ഥയും വിചാരിച്ചു നോക്കുമ്പോള്‍ തിരുവിതാംകൂര്‍ ദിവാന്‍ജിയുടെ ഉത്തരവ് അസാമാന്യമായതും സുറിയാനിക്കാര്‍ക്കു വളരെ ഞെരുക്കവും ദുഃഖവും വരുത്തുന്നതാകുന്നു.

19. മത കാര്യങ്ങളില്‍ പക്ഷപ്രതിപക്ഷം കൂടാതെ ഇരിക്കണമെന്നുള്ള ബ്രിട്ടീഷ് ഗവണ്മെന്‍റിന്‍റെ ബുദ്ധിയോടു കൂടിയ പുരാതന ധര്‍മ്മവും ബ്രിട്ടീഷ് റസിഡണ്ട് മുഖാന്തിരം ഈ കാര്യത്തിലും നടത്തിത്തരണമെന്നും ഈ സര്‍ക്കുലര്‍ ഉത്തരവും അതിലെ നിര്‍ബന്ധവും ശിക്ഷയും ദുര്‍ബ്ബലം ചെയ്യണമെന്നും 1857 ജൂലായ് 14-ന് 282-ാം നമ്പ്രില്‍ തിരുവിതാംകൂര്‍ ബ്രിട്ടീഷ് റസിഡണ്ടിനയച്ചിട്ടുള്ള …. നീങ്ങിപ്പോയ ബഹുമാനപ്പെട്ട ഡയറക്ടര്‍മാരുടെ കോര്‍ട്ടിലെ കല്പനപ്രകാരം സുറിയാനിക്കാരെല്ലാവരും അവരവരുടെ മനസ്സുപോലെയുള്ള ബിഷപ്പിനെ അനുസരിക്കുന്നതിന് സമ്മതിച്ച് വേറെ ഒരു വിളംബരം ചെയ്യിക്കുന്നതിനും മാര്‍ഗ സംബന്ധമായ കാര്യങ്ങളില്‍ തടസം ചെയ്യാതിരിക്കുന്നതിനും അഭിപ്രായഭേദമുള്ള ദിക്കുകളില്‍ കമ്മീഷണര്‍മാരെ നിശ്ചയിച്ച് ഇടവകക്കാരുടെ മനസ്സ് ഏതുപ്രകാരമെന്ന് നിശ്ചയിക്കുകയും അധികം ആളുകളുടെ മനസ്സ് ഏതു ഭാഗത്തേയ്ക്ക് ചേരുന്നുവോ ആ ബിഷപ്പിന്‍റെ പക്കല്‍ പള്ളിയും മുതല്‍കാര്യങ്ങളും ഏല്പിച്ചു കൊടുക്കണമെന്നും കാണിച്ച് വേറെ ഒരു വിളംബരം ചെയ്യണമെന്ന് കല്പനയുണ്ടാവാന്‍ അപേക്ഷിക്കുന്നു. മദ്രാസ്, 1869 ഫെബ്രുവരി 3-ാം തീയ്യതി.”

(കണ്ടനാട് ഗ്രന്ഥവരി, പു. 240-249).