ഇംഗ്ലണ്ടിലെ ഡയറക്ടമാരുടെ കോടതിയില്‍ നിന്നും ഉണ്ടായ ഉത്തരവിന്‍റെ എക്സ്ട്രാക്ട്. (1857)

സ്തേഫാനോസ് മാര്‍ അത്താനാസ്യോസ് ഇംഗ്ലണ്ടില്‍ ചെന്ന് ഡയറക്ടര്‍മാരുടെ കോടതിയില്‍ സങ്കടം ബോധിപ്പിച്ചു. ഉത്തരവ് പുറപ്പെടുവാന്‍ വൈകി. ദേഹ സുഖമില്ലായ്കയാല്‍ അദ്ദേഹം സ്വദേശത്തേക്കു തിരിച്ചുപോയി. ആ ഉത്തരവിന്‍റെ പകര്‍പ്പ്.

1857-ാമാണ്ട് ആറാമത് നമ്പ്ര് മെയ് മാസം 13-ാം തീയതി ബഹുമാനപ്പെട്ട ഡയറക്ടമാരുടെ കോടതിയില്‍ നിന്നും ഉണ്ടായ ഉത്തരവിന്‍റെ എക്സ്ട്രാക്ട്.

1849-ല്‍ മാര്‍ അത്താനാസ്യോസ് സ്തേഫാനോസ് തിരുവിതാംകൂറില്‍ പ്രവേശിക്കുന്നതിന് അനുവദിക്കാതെ വിസമ്മതിച്ചതിന് ലെഫ്. ജനറല്‍ കല്ലന്‍ പറയുന്ന കാരണം.

ഇതുപോലെയുള്ള സംഗതികളില്‍ മുമ്പിരുന്ന റസിഡണ്ടന്മാര്‍ ചെയ്തുവന്നത് നടപ്പാക്കുന്നു. നിഷ്പക്ഷമായിരിക്കണമെന്ന് മുമ്പെ തന്നെ ഞങ്ങള്‍ അഭിപ്രായപ്പെട്ടിട്ടുള്ള ഞങ്ങളുടെ ആഗ്രഹം യഥാര്‍ത്ഥമായി നടന്നിട്ടില്ലാത്തതുകൊണ്ടും അതിനാല്‍ മാര്‍ അത്താനാസ്യോസ് സ്തേഫാനോസിന് വാദിപ്പാന്‍ ചില ഹേതുക്കള്‍ കൊടുത്തിരിക്കകൊണ്ടും ഞങ്ങള്‍ ഖേദിക്കുന്നു. ഇപ്പോള്‍ ഉള്ള വിവദുകളില്‍ മെത്രാന്‍ സ്ഥാനത്തിലേക്കു ആദ്യം നിയമിക്കപ്പെട്ട മാര്‍ അത്താനാസ്യോസ് മെത്രാനായി ഭരിക്കുന്നതിന് പൊതുവെ ഒരു സന്തുഷ്ടി ഉണ്ടായിരിക്കുന്നപ്രകാരം കാണിച്ചിരിക്കുന്നു. ഇതു സുറിയാനി സഭയിലുള്ള ജനങ്ങള്‍ മാത്രം നിശ്ചയം വരുത്തേണ്ടിയ ഒരു സംഗതി ആകുന്നു. ഇനിമേലില്‍ ആ നാട്ടിലേക്കു അന്ത്യോഖ്യാ പാത്രിയര്‍ക്കീസിനാല്‍ അയക്കപ്പെടാവുന്ന മേല്പട്ടക്കാരുടെ വാദങ്ങളെ അംഗീകരിക്കുകയോ നിഷേധിക്കുകയോ ചെയ്യേണ്ടത് അവര്‍ തന്നെ ആകുന്നു. ഈ സംഗതിയില്‍ ഞങ്ങള്‍ പറയുന്ന ഗുണദോഷത്തില്‍ ശരിയായി ശ്രദ്ധിക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു 

ശരി എക്സ്ട്രാക്ട് ആക്ടിങ് ചീഫ് സിക്ര. ഇ. മൊര്‍റ്റബി (ഒപ്പ്)

(കണ്ടനാട് ഗ്രന്ഥവരി)