കൊച്ചിന്‍ അവാര്‍ഡ് (1840)

ഏറെ വൈകാതെ, മലങ്കരസഭയുടേയും മിഷണറിമാരുടെയും കൂട്ടുത്തരവാദിത്തത്തിലുള്ള സ്വത്തുക്കള്‍ അര്‍ഹതപ്രകാരം വിഭജിക്കുവാന്‍ ഉഭയസമ്മതപ്രകാരം മൂന്ന് യൂറോപ്യന്മാര്‍ അടങ്ങിയ ഒരു കമ്മിറ്റി രൂപീകൃതമായി. ബാരന്‍ ഡി അല്‍ ബിഡന്‍, ജോണ്‍ സിപ്പിയോ വെര്‍ണീഡ, വില്യം ഹെന്‍റി ഹോഴ്സിലി എന്നിവരടങ്ങിയ കമ്മിറ്റിയുടെ തീര്‍പ്പ് ‘1840-ലെ കൊച്ചിന്‍ അവാര്‍ഡ്’ എന്ന പേരില്‍ അറിയപ്പെടുന്നു. ആയതിന്‍റെ പകര്‍പ്പ് താഴെ ചേര്‍ക്കുന്നു:

“കോട്ടയത്തു സെമിനാരി വക വസ്തുക്കളുടെ അവകാശത്തെപ്പറ്റി സുറിയാനി സഭയുടെ മെത്രാപ്പോലീത്തായും ചര്‍ച്ച് മിഷന്‍ സൊസൈറ്റിയിലെ കമ്മിറ്റിക്കാരും തമ്മില്‍ തര്‍ക്കപ്പെടുകയും ആ തര്‍ക്കങ്ങളെ ഒരു പഞ്ചായത്താല്‍ തീരുമാനപ്പെടുത്തുന്നതിനും ഇരു കക്ഷിക്കാരും സമ്മതിക്കുകയും ചെയ്കയാല്‍ ബാറന്‍ അല്‍ ബിഡന്‍, ജോണ്‍ സിപ്പിയോ വെര്‍നീഡ്, വില്യം ഹെന്‍റി നോഴ്സിലി എന്ന ഞങ്ങളെ ചര്‍ച്ച് മിഷന്‍ സൊസൈറ്റിയിലെ കമ്മറ്റിക്കാരും സുറിയാനി സഭയുടെ മെത്രാപ്പോലീത്തായും തിരുവിതാംകൂര്‍ സര്‍ക്കാരും കൂടി ഈ തര്‍ക്കങ്ങളെപ്പറ്റി വേണ്ടുന്ന അന്വേഷണങ്ങള്‍ കഴിച്ച് തീരുമാനപ്പെടുത്തുന്നതിന് പഞ്ചായത്തുകാരായി നിയമിച്ചപ്രകാരം, തര്‍ക്കപ്പെട്ട സംഗതികളെ സംബന്ധിച്ച് ഞങ്ങളുടെ മുമ്പാകെ വച്ചിട്ടുള്ള സകല ആധാരങ്ങളെയും ഞങ്ങള്‍ പരിശോധിച്ച് ഇരു ഭാഗക്കാരും അവരവരുടെ അവകാശത്തെ ഉറപ്പിക്കാന്‍ വേണ്ടി ബോധിപ്പിച്ച സംഗതികളെ കേള്‍ക്കുകയും ചെയ്തു. എന്നാല്‍ ഈ കാര്യത്തിലെ സകല സംഗതികളെയും വേണ്ടുംപ്രകാരം വിചാരിച്ചതിന്‍റെ ശേഷം ഞങ്ങളുടെ പഞ്ചായത്തില്‍ ബോധിപ്പിക്കപ്പെട്ടിട്ടുള്ള ഓരോരോ ഇനത്തിന് താഴെ പറയുംപ്രകാരമുള്ള തീര്‍ച്ച ചെയ്യാനുള്ളതായി കണ്ടിരിക്കുന്നു.

1. പൂവരാഹന്‍ 3000

ഈ സംഖ്യ മലങ്കര ഇടവകയിലെ സുറിയാനി സഭയുടെ വേദത്തലവനായിരുന്ന മാര്‍ത്തോമ്മാ മെത്രാനായിട്ട് ധര്‍മ്മ വകയ്ക്കു എന്ന് നിശ്ചയിച്ച് ആണ്ടില്‍ 100 ക്കു 8 വീതം പലിശ എന്നും കിട്ടത്തക്കതായി അന്നിരുന്ന റസിഡണ്ട് കേണല്‍ മെക്കാളി സായിപ്പ് അവര്‍കള്‍ മുഖാന്തിരം ബഹുമാനപ്പെട്ട കമ്പനിയില്‍ 1808-ല്‍ വട്ടിയ്ക്കു ഇട്ടിരുന്നതാകുന്നു. ഇതു സുറിയാനി യോഗത്തിലെ മുതല്‍ ആകുന്നു എന്ന് തര്‍ക്കമില്ലാത്തതാകകൊണ്ട് മേലില്‍ ചര്‍ച്ച് മിഷന്‍ സൊസൈറ്റിക്കാര്‍ക്കു ഇതില്‍ ഏര്‍പ്പെടുവാന്‍ യാതൊരു അവകാശവും സാധ്യതയും ഇല്ല. അതുകൊണ്ടു മേല്‍ എഴുതിയ സംഖ്യയ്ക്ക് കര്‍ണ്ണല്‍ മെക്കാളി സായിപ്പ് കൊടുത്തിരിക്കുന്ന ആധാരം മെത്രാന് തിരികെ കൊടുക്കപ്പെടുകയും മദിരാശി ഗവണ്‍മെന്‍റില്‍ നിന്ന് 100 ക്കു 8 പ്രകാരമുള്ളതായ വലിയ പലിശ കൊടുത്തുവന്നത് സഫലമാകുംവണ്ണം നടത്തിക്കപ്പെടുകയും വേണം. എന്നാല്‍ മേലാല്‍ ഈ പലിശ പറ്റേണ്ടത് ആയതു സുറിയാനി സഭയ്ക്കു മേല്‍പ്പടിയായ മെത്രാപ്പോലീത്തായും സുറിയാനി യോഗം നിശ്ചയിച്ചിരിക്കുന്നതായ ഒരു പട്ടക്കാരനും മര്യാദയുള്ളതില്‍ ഒരു അയ്മേനിയും കൂടെ ആയിരിക്കണമെന്ന് ഞങ്ങള്‍ അഭിപ്രായപ്പെടുന്നു.

2. രൂപാ 8000

ഈ സംഖ്യ ആധാരത്തിലെ താല്പര്യം നോക്കിയേടത്തോളം തിരുവല്ല പള്ളി ഇടവകയില്‍ സുറിയാനി യോഗക്കാര്‍ തങ്ങളുടെ ജാതി മര്യാദപ്രകാരം വേദപുസ്തക പഠനം നടത്തുന്നതിലേക്കായി സഹായത്തിന് അപേക്ഷിക്കയാല്‍ 1816-ല്‍ തിരുവിതാംകൂര്‍ സര്‍ക്കാരില്‍ നിന്നും ദാനമായി കൊടുത്ത മുതലാകുന്നു. ആയതു അന്നത്തെ സുറിയാനിക്കാരുടെ വേദത്തലവന്‍ മെത്രാപ്പോലീത്താ പക്കല്‍ കൊടുക്കപ്പെട്ടിട്ടുള്ളതാകുന്നു. എന്നാല്‍ ഈ ദാനത്തിന്‍റെ ആന്തരമായ സാധ്യം ഇന്നതായിരുന്നുവെന്ന് കര്‍ണ്ണല്‍ മണ്‍റോ സായിപ്പ് അവര്‍കള്‍ 1816 ജനുവരി മാസം 5-ാം തീയതി സ്വഹസ്താക്ഷരമായി മാര്‍ മദ്ധ്യക്കു, തോംസണ്‍ എന്ന പാതിരി സായ്പ്പിന് എഴുതിയിട്ടുള്ള അസ്സല്‍ എഴുത്തില്‍ തിരുവിതാംകോട് ഒരു സിമ്മനാരി ഉണ്ടാക്കാനുള്ളതിന്‍റെ ആന്തരം സുറിയാനിക്കാരിലെ കത്തങ്ങളും ശെമ്മാശന്മാരും ഇപ്പോള്‍ പൊതുവില്‍ സുറിയാനി ഭാഷയില്‍ ശീലമില്ലാത്തവരാകയാല്‍ അവരെ സുറിയാനി ഭാഷ നല്ലപോലെ വശമാക്കുന്നതിനായിരുന്നു എന്ന് കാണുന്നതിനാല്‍ ബോധപ്പെടുന്നതാകുന്നു. സുറിയാനി ഭാഷ ഗ്രഹിതമായാല്‍ ഭാഷയില്‍ എഴുതപ്പെട്ടിട്ടുള്ള വേദപുസ്തകങ്ങളും വേദകാര്യത്തെപ്പറ്റി എഴുതിയിട്ടുള്ള മറ്റ് അനേക പുസ്തകങ്ങളും വായിച്ച് ഗ്രഹിപ്പാന്‍ സംഗതിയുള്ളതാകുന്നു.
വീണ്ടും, സുറിയാനി ഭാഷയില്‍ വേദപുസ്തകങ്ങളെ അച്ചടിപ്പിച്ച് പകര്‍പ്പുകള്‍ വരുത്തണമെന്നുള്ള ആന്തരം കൂടെയുണ്ടായിരുന്നു. എന്തെന്നാല്‍ അവരുടെ പഠിത്തത്തിന്‍റെ ഇടയില്‍ വേദപുസ്തകം എത്രയും അധികമായി പൊരുള്‍ തിരിക്കണമെന്നു കൂടെ ചട്ടം കെട്ടിയിരുന്നു. പല പള്ളികളും എന്നു വേണ്ട പള്ളികള്‍ അധികപങ്കും (മണ്‍റോ സായിപ്പവര്‍കള്‍ പറയുന്നു) സുറിയാനിയിലാകട്ടെ, മലയാളത്തിലാകട്ടെ ഉള്ള വേദപുസ്തകം ഇല്ലാതെ ഇരിക്കുന്നു. സിമ്മനാരി പണിയിച്ചതിന്‍റെ മാതിരി നോക്കിയാലും പട്ടക്കാര്‍ക്കും അയ്മേനികള്‍ക്കും എടങ്ങേട് കൂടാതെ മലയാളം പഠിപ്പിക്കാന്‍ തക്കതായും മലയാള ഭാഷയിലേക്കു വേദപുസ്തകങ്ങളും വേദകാര്യം അടങ്ങിയിട്ടുള്ള പുസ്തകങ്ങളും പൊരുള്‍ തിരിച്ച് എഴുതി പൊതുവിലെ ഉപകാരത്തിന് വേണ്ടി പ്രസിദ്ധം ചെയ്യുന്നതിന് ഉപകരിക്കുന്നതായും ഉള്ള മുറികളോടു കൂടി പണിയിക്കപ്പെട്ടിരിക്കുന്നതാകുന്നു.

തു കൂടാതെ 1816-ലെ ചര്‍ച്ച് മിഷനറി റജിസ്റ്ററില്‍ കര്‍ണ്ണല്‍ മണ്‍റോ സായിപ്പിന്‍റെ എഴുത്തുകളില്‍ നിന്ന് ചുരുക്കമായി എടുത്തു ചേര്‍ത്തിട്ടുള്ളതില്‍ ‘ഇംഗ്ലീഷ്’ മിഷനറിമാര്‍ കോട്ടയത്തു എത്തുന്നതിന് മുമ്പില്‍ത്തന്നെ ആ കാലത്തിലെ സുറിയാനി മെത്രാപ്പോലീത്തായുടെ താല്പര്യത്താല്‍ മലയാള ഭാഷയിലേക്കു വേദപുസ്തകം പൊരുള്‍ തിരിക്കാന്‍ തുടങ്ങിയപ്രകാരം കാണുന്നുണ്ട്. ഇങ്ങനെ ഇരിക്കുന്നതാകകൊണ്ട് ഈ ദാനം ചെയ്ത ആളുടെ താല്പര്യവും വേദപുസ്തകഗ്രഹിതം അവരുടെ സ്വന്ത മെത്രാന്‍റെയും പട്ടക്കാരുടേയും ഏര്‍പ്പാട് തന്നെ കൊണ്ടു നടത്തിപ്പാന്‍ തക്കവണ്ണവും ഇതിന്‍റെ നീട്ട് കൊടുത്തിരിക്കുന്നതു മിഷനറികളെ കൂടാതെയും അവര്‍ കോട്ടയത്തു എത്തുന്നതിന് മുമ്പും ആയിരിക്കയാലും ഈ രൂപ 8000 വും ഇപ്പോഴത്തെ മെത്രാന് ഏല്പിച്ചുകൊടുപ്പാനും ആയത് ഈ മെത്രാനും ഈ സ്ഥാനത്തില്‍ വരുന്ന മെത്രാനും സുറിയാനിയോഗം നിശ്ചയിക്കുന്ന ഒരു പട്ടക്കാരനും ഒരു അയ്മേനിയും കൂടെ ആ വക ദാനം എന്ത് സാധ്യത്തിനായിട്ട് കൊടുക്കപ്പെട്ടുവോ അവകളെ നടത്തിക്കണം. അതായതു ബൈബിള്‍ എന്ന വേദപുസ്തകവും മറ്റ് വേദകാര്യത്തെ കുറിച്ചുള്ള പുസ്തകങ്ങളും സുറിയാനിക്കാരുടെ ഇടയില്‍ നാട്ടു ഭാഷയിലോട്ട് ഭാഷപ്പെടുത്തി വരുത്തി അതിനാല്‍ ശുദ്ധമുള്ള സുവിശേഷങ്ങളെ പഠിപ്പിക്കണമെന്നാണ്. വിശേഷിച്ചും ഈ രൂപാ 8000 വും ഏതുപ്രകാരത്തില്‍ മുടക്കിയെന്നോ ചെലവാക്കിയെന്നോ വിവരപ്പെടുത്തുന്നതായ ഒരു കണക്കു ആണ്ടുതോറും മേല്‍ എഴുതിയ ചുമതലക്കാര്‍ സര്‍ക്കാരിലേക്കു കൊടുക്കേണ്ടതും ആകുന്നു.

3. രൂപ 20,000

ഈ സംഖ്യ 1818-ല്‍ തിരുവിതാംകൂര്‍ സര്‍ക്കാരില്‍ നിന്ന് കോട്ടയത്ത് സെമിനാരിക്കു ഉദകമായി കൊടുത്ത ദാനമാകുന്നു. ആ വക നിലത്തിന്മേല്‍ ഇടുവാനും ഇതിന്‍റെയും വേറെ സെമിനാരി വകയായിട്ടുള്ള സകല മുതലിന്‍റെയും മുതല്‍പിടിത്തവും നടത്തവും ഏറ്റ് നടത്തുന്നതിലേക്കു സെമിനാരിയോട് നേരെ സംബന്ധിക്കപ്പെട്ടതില്‍ ചിലരെയും ഒരു കമ്മറ്റിയായി കൂട്ടി കാര്യവിചാരം നടത്തിപ്പാനുമായി അന്ന് റസിഡണ്ടായിരുന്ന കര്‍ണ്ണല്‍ മണ്‍റോ സായിപ്പവര്‍കള്‍ പാതിരി ബെയ്ലി സായ്പിന് കല്പന അയച്ചിരുന്നു. അതുപ്രകാരം ഈ മുതല്‍, നിലത്തിന്മേല്‍ ഇട്ട് അന്നത്തെ മെത്രാന്‍റെയും പാതിരി ബെയ്ലി സായിപ്പിന്‍റെയും പേരില്‍ ആധാരം എഴുതി വാങ്ങി. എന്നാല്‍ സംഗതിവശാല്‍ ഇരു ഭാഗക്കാരും കൂടി യോജിച്ച് ഇനി നടക്കുന്നത് അസാധ്യമായി തീര്‍ന്നിരിക്കുന്നു. അതുകൊണ്ട് ഇനി ഇരു ഭാഗക്കാരില്‍ ആര്‍ ബാധ്യസ്ഥത ഏറ്റ് നടത്തേണ്ടത് എന്ന് നാം നിശ്ചയിപ്പാനുള്ളതും എന്നാല്‍ നാം അങ്ങനെ നിശ്ചയപ്പെടുത്തണമെങ്കില്‍ ഈ ദാനത്തിന്‍റെ സാധ്യങ്ങളെ കൂടെ ആലോചിച്ച് നിശ്ചയിപ്പാനുള്ളതാകുന്നു. കര്‍ണല്‍ മണ്‍റോ സായിപ്പവര്‍കളുടെ പ്രത്യേക ശിപാര്‍ശി കൊണ്ട് ഈ മുതല്‍ കൊടുത്തപ്പോള്‍ സായിപ്പ് അവര്‍കള്‍ മുഖ്യമായി ആലോചിച്ചിരുന്ന സാധ്യം ഇതായിരുന്നു:

ഇംഗ്ലീഷ് മിഷണറിമാരുടെ ഉപദേശങ്ങള്‍ മൂലം സകല സുറിയാനിക്കാരുടെ ഇടയിലും രാജ്യ സംബന്ധമായും മതസംബന്ധമായും നവീകരണം ഉണ്ടാകണം എന്നത്രേ. ഇപ്പോഴത്തെ ഈ ദാനവും ഇതിന് ശേഷമായിട്ട് തിരുവിതാംകൂര്‍ സര്‍ക്കാര്‍ ഔദാര്യമായി കൊടുത്തിരിക്കുന്ന ദാനങ്ങളും അതു കൂടാതെ ഓരോരോ മഹാന്മാരും ആളുകളും കൊടുത്തിട്ടുള്ളവയും ഓരോ പ്രത്യേക സാധ്യത്തെ ഇനിയും അസാധ്യം ഒരു പ്രത്യേക മുറയില്‍ നിവര്‍ത്തിക്കപ്പെടണമെന്നും അല്ലാതെ ഇംഗ്ലീഷ് മിഷണറിമാരാല്‍ നല്‍കപ്പെടാവുന്ന ഉപദേശമെന്നിങ്ങനെയുള്ള സാധ്യനിവൃത്തികളെ നിഷേധിച്ച സുറിയാനിക്കാര്‍ക്കു കൊടുക്കപ്പെട്ടതാകുന്നുവെന്ന് ഊഹിപ്പാന്‍ തക്ക ഛായ പോലും കാണുന്നില്ല. ഞങ്ങളുടെ മുമ്പാകെ വക്കപ്പെട്ടിരിക്കുന്ന മണ്‍റോ സായിപ്പവര്‍കളുടെ കൈപ്പട എഴുത്തുകളാല്‍ ഈ അഭിപ്രായം സ്ഥിരപ്പെട്ടതായും കാണുന്നു. യോഗം കൂടിയതില്‍ വച്ച് ഇംഗ്ലീഷ് മിഷണറിമാരായി ഇനി മേലില്‍ യാതൊരു ഏര്‍പ്പാടും ഉണ്ടാകുന്നതല്ല എന്ന് മെത്രാപ്പോലീത്താ ഖണ്ഡിതമായി നിശ്ചയിക്കുകയും അതിനാല്‍ അവരോട് യോജിച്ച് നടപ്പാന്‍ മനസ്സില്ലാത്തവിധം തുടങ്ങുകയും കൊണ്ട് മെത്രാന്‍റെ പകരത്തില്‍ ഒരാളെ നിയമിച്ച് ചേര്‍ക്കുന്നതല്ലാതെ പൊത്തുപൊരുത്തം കാണുന്നില്ല. അതുകൊണ്ടു മേലില്‍ ഈ ഇരുപതിനായിരം രൂപായുടെ ജോലി നോക്കേണ്ടത് കോട്ടയത്തുള്ള ഇംഗ്ലീഷ് മിഷണറിമാരും അവര്‍ക്കു പകരമായി വരുന്നവരും ചര്‍ച്ച് മിഷന്‍ സൊസെറ്റിയിലെ തല്ക്കാല സിക്രട്ടറിയും തല്ക്കാലം ഇരിക്കുന്ന റസിഡണ്ട് സായിപ്പും അല്ലെങ്കില്‍ സായിപ്പിന്‍റെ പേര്‍ക്കു സായിപ്പ് നിശ്ചയിക്കുന്ന ആള്‍പേരും കൂടെ സുറിയാനിക്കാരുടെ പ്രത്യേക ഗുണത്തിനായി ചുമതലപ്പെട്ട് നോക്കേണ്ടതാകുന്നു.

4. 14035 രൂപ അണ 6 പൈസാ

ഈ മുതല്‍ കോട്ടയത്തുള്ള മിഷനറി സായിപ്പന്മാരുടെ മുഖാന്തിരത്തില്‍ ത്തന്നെ യൂറോപ്യന്മാരില്‍ നിന്ന് കിട്ടിയ ധര്‍മ്മശേഖരം മുതല്‍ ആകയാല്‍ ആയത് അവരും അവരുടെ സ്ഥാനത്തില്‍ വരുന്നവരും ചര്‍ച്ച് മിഷന്‍ സൊസെറ്റിയിലെ തത്ക്കാല സിക്രട്ടറിയും തല്ക്കാലത്തുള്ള റസിഡണ്ട് സായിപ്പും അല്ലെങ്കില്‍ താന്‍ ആള്‍പേരായി നിശ്ചയിക്കുന്ന ആളും കൂടെ നോക്കി ഈവക മുതല്‍ എന്തു വകക്കായി ശേഖരിക്കപ്പെട്ടുവോ ആ വകകളെ നിര്‍വ്വഹിക്കേണ്ടതാകുന്നു. ഒന്നാമത്, പ്രയോജനമുള്ള പുസ്തകങ്ങളും പ്രത്യേകം സുവിശേഷ പുസ്തകങ്ങളും പ്രസിദ്ധപ്പെടുത്തുന്നതിനും രണ്ടാമത്, സുറിയാനി ബാലന്മാരെ വിദ്യ അഭ്യസിപ്പിക്കുന്നതിനും, മൂന്നാമത്, പട്ടം ഏറ്റിട്ടുള്ളവരുടെ പഠിപ്പിന് വേണ്ടിയും നാലാമത് പള്ളികള്‍ പണിയുന്നതിനും നന്നാക്കുന്നതിനും തന്നേ.

5. കടമറ്റം നിലവും അതിന്മേല്‍ മുടങ്ങിയ മുതലും

ഈ വസ്തു മുമ്പില്‍ ഒരു മെത്രാന്‍റെ മുതല്‍ ആയിരുന്നു. അതുകൊണ്ട് ഈ വസ്തുവും അതിന്‍റെ ആധാരങ്ങളും ഇപ്പോഴത്തെ മെത്രാന് തന്നെ തിരികെ കൊടുപ്പാനും ആയത് ഈ മെത്രാനും മെത്രാന്‍റെ സ്ഥാനത്തില്‍ വരുന്നവരും മെത്രാന്മാര്‍ കഴിഞ്ഞാല്‍ അവരുടെ വസ്തുക്കളെപ്പറ്റി സുറിയാനി സഭയില്‍ നടന്നുവരുന്ന ക്രമംപോലെ സുറിയാനി സമൂഹക്കാരുടെ പ്രയോജനത്തിനായി നടന്നുകൊള്ളേണ്ടതാകുന്നു.

6. സെമിനാരി ഇരിക്കുന്ന സ്ഥലം

നീട്ടില്‍ ഈ സ്ഥലം യൗസേപ്പ് റമ്പാനും ആ സ്ഥാനത്തേക്കു വരുന്നവരും അനുഭോഗമായി അനുഭവിച്ചുകൊള്ളത്തക്കവണ്ണം കത്ത്, എഴുതിക്കാണുന്നതുകൊണ്ട് ആയതു ഇപ്പോഴത്തെ മെത്രാനെ തന്നെ ഏല്പിക്കുകയും താനും യോഗം നിശ്ചയിക്കുന്നതായ ഒരു പട്ടക്കാരനും അയ്മേനിയും കൂടെ പൊതുവില്‍ സുറിയാനിക്കാരുടെ സ്വന്തമായി നടന്നുകൊള്ളേണ്ടതാകുന്നു.

7. കോട്ടയത്ത് സെമിനാരി

സുറിയാനി സമൂഹക്കാരുടേതു എന്ന് തര്‍ക്കമില്ലാത്തതായി ബഹുമാനപ്പെട്ട കമ്പനിയില്‍ വട്ടിയ്ക്കിട്ടിരുന്ന 3000 പൂവരാഹന്‍റെ പലിശ കൊണ്ട് മിക്കവാറും ഇത് പണിചെയ്യപ്പെട്ടിരിക്കുന്നതാക കൊണ്ട് ആയത് മെത്രാനെ ഏല്പിച്ചുകൊടുപ്പാനും മെത്രാനും സുറിയാനി യോഗം നിശ്ചയിക്കുന്നതായ ഒരു പട്ടക്കാരനും അയ്മേനിയും കൈവശമായി നടക്കേണ്ടതും ആകുന്നു.

8. സെമിനാരിയോട് ചേര്‍ന്ന പള്ളി

പാതിരി ബെയിലി സായിപ്പ് അവര്‍കള്‍ ബോധിപ്പിക്കയാല്‍ കര്‍ണല്‍ മണ്‍റോ സായിപ്പ് അവര്‍കളുടെ ശുപാര്‍ശയിന്മേല്‍ തിരുവിതാംകൂര്‍ സര്‍ക്കാരില്‍ നിന്ന് ദാനമായി കൊടുത്ത 500 രൂപ ചെലവിട്ട് പണിയിക്കപ്പെട്ടതും അതു മുതല്‍ മണ്‍റോ സായിപ്പ് അവര്‍കളുടെ കല്പനപ്രകാരം മേലെഴുതിയ സായിപ്പിന്‍റെ കൈവശം ഇരിക്കുന്നതുമാകുന്നു. ഈ പള്ളിയുടെ അധീനത പാതിരി സായിപ്പന്മാരുടെ കൈവശം തന്നെ ആയിരിക്കുകയും സെമിനാരിയില്‍ പഠിപ്പിച്ച് വരുന്നവരില്‍ ഒരാളെ കൊണ്ട് പള്ളിയില്‍ അടിയന്തിരം കഴിപ്പിക്കുകയും മറ്റുള്ള പള്ളികളില്‍ മെത്രാന്‍ സ്വയാധികാരം നടത്തുന്നതു പോലെ ഈ പള്ളിയില്‍ പാതിരി സായിപ്പന്മാരുടെ സമ്മതം കൂടാതെ ഒരാളെ നിശ്ചയിക്കുന്നതിന് മെത്രാന് സംഗതി വന്നിട്ടില്ലാത്തതു കൊണ്ട് ഈ സംഗതികള്‍ ഒക്കെയും വിചാരിച്ചു നോക്കിയാല്‍ സെമിനാരിയോടു കൂടി ചേര്‍ക്കപ്പെട്ട പള്ളിയും അതിന് ചെലവ് വന്നിരിക്കുന്ന മുതല്‍ സെമിനാരി വക പൊതു മുതലോട് ചേര്‍ന്നതും ആകുന്നു. എന്നാല്‍ സെമിനാരി മുന്‍ വിവരിച്ചിരിക്കുന്ന സംഗതികളെ കൊണ്ട് മെത്രാന്‍ മുതലായവരുടെ കൈവശത്തില്‍ ഇരിക്കണമെന്ന് തീരുമാനിച്ചു പോയിരിക്കുന്ന മുറയ്ക്കു അതോട് ചേര്‍ന്ന പള്ളി വേറൊരു അധീനത്തില്‍ ആക്കിവയ്ക്കുന്നത് യുക്തമെന്ന് തോന്നുന്നില്ല. ആയതുകൊണ്ട് ഈ പള്ളിയും മെത്രാന്‍ മുതല്‍പേരുടെ കൈവശം തന്നെ സെമിനാരി എന്നപോലെ ഇരിക്കേണ്ടതും മിഷനറിമാരുടെ മുഖാന്തിരത്താല്‍ തന്നെ സുറിയാനിക്കാരുടെ വേദഗ്രഹിതം മുടക്കം കൂടാതെ ഇരിക്കുന്നതിന് വേണ്ടി ചര്‍ച്ച് മിഷന്‍ സൊസെറ്റിക്കാര്‍ അവരുടെ സ്വന്തം ചെലവില്‍ ഇതിന് മുമ്പില്‍ പണിയിച്ചിട്ടുള്ള പുത്തന്‍ സെമിനാരിയോട് ചേര്‍ന്ന് ഒരു പള്ളി പണിയിക്കുന്നതിലേക്കു ഉപയോഗമായിട്ട് കര്‍ണല്‍ മണ്‍റോ സായിപ്പായിട്ട് സെമിനാരി വകയ്ക്കു ദാനങ്ങളും സെമിനാരിയോടു ചേര്‍ന്ന പള്ളി വകയ്ക്കു മുതലും കൊടുപ്പിച്ചപ്പോള്‍ ആലോചിച്ചിരുന്ന ആന്തരങ്ങളെ കഴിയുംപ്രകാരം നിറവേറ്റേണ്ടതാക കൊണ്ട് മേലെഴുതിയ പള്ളിപ്പണിക്കു ചെലവ് വന്നിരിക്കുന്ന രൂപ 500 സെമിനാരി വക പൊതുമുതലില്‍ നിന്ന് മിഷനറിമാര്‍ക്കു കൊടുപ്പാനുള്ളതാകുന്നു. ആ മുതല്‍ കൊണ്ടു പണിയുന്ന പള്ളി ഇവരും ചര്‍ച്ച് മിഷന്‍ സൊസെറ്റിയുടെ സിക്രട്ടറിയും ബ്രിട്ടീഷ് റസിഡണ്ടും അല്ലെങ്കില്‍ റസിഡണ്ട് നിശ്ചയിക്കുന്ന ആള്‍പേരും കൂടി സുറിയാനി സമൂഹക്കാരുടെ പ്രത്യേക സാധ്യത്തിനായി നടത്തിക്കേണ്ടതാകുന്നു.

9. ഊട്ടുപുരയും നെല്പുരയും

ഈ പണികള്‍ സെമിനാരിയോട് ചേര്‍ന്നിരിക്കുന്നതാക കൊണ്ട്, സെമിനാരി മെത്രാന്‍ മുതല്‍പേരുടെ അധീനത്തില്‍ ഇരിക്കേണ്ടതാണെന്ന് മുന്‍ തീരുമാനിച്ചതുപോലെ ഇതുകളും അതോടു ചേരേണ്ടവയാകുന്നു.

10. കാലം ചെയ്ത മെത്രാന്‍റെ വക പണ്ടങ്ങള്‍ വിറ്റ മുതല്‍ 4139 രൂപ 3 പൈസ

ഇതില്‍ 1183 രൂപ 14 അണ സെമിനാരി പണിക്കു വേണ്ടി അന്ന് സുറിയാനി സഭയ്ക്കു തലവന്‍ ആയിരുന്ന യൗസേപ്പ് റമ്പാന്‍ ചെലവിട്ട് പോയത് കഴിച്ച് 2960 രൂപ 3 പൈസ ഉള്ളത് മുമ്പില്‍ ഇരുന്ന മെത്രാന്മാരുടെ പണ്ടങ്ങള്‍ വിറ്റ മുതലാക കൊണ്ട് പള്ളിവക മുതലെന്നപോലെ തോന്നുന്നതാകയാല്‍ അന്യാധീനപ്പെടാവുന്നതല്ല. അതുകൊണ്ട് ഇത് സെമിനാരി പൊതുമുതലില്‍ നിന്ന് മെത്രാന് തിരികെ കൊടുപ്പാനുള്ളതും അതതു മെത്രാനും മെത്രാന്‍റെ സ്ഥാനത്തില്‍ വരുന്നവരും മരിച്ചുപോയ മെത്രാന്മാരുടെ മുതല്‍ കാര്യത്തെപ്പറ്റി സുറിയാനി സഭയില്‍ നടന്നുവരുന്ന ചട്ടംപോലെ നടന്നു കൊള്ളേണ്ടതും ആകുന്നു.

11. മണ്‍റോ തുരുത്ത് (കല്ലട സ്ഥലം)

ഇതിന്‍റെ നീട്ട് കൊടുത്തിരിക്കുന്നത് പാതിരി ജോസഫ് ഫെന്‍ സായിപ്പിന്‍റെ പേരിലും താനും തന്‍റെ സ്ഥാനത്തേക്കു വരുന്നവരും സുറിയാനിക്കാരുടെ സ്വന്തം പ്രയോജനത്തിന്നായിക്കൊണ്ട് അനുഭോഗമായി നടന്നു കൊള്ളത്തക്കവണ്ണം ആകകൊണ്ട് ആയത് സുറിയാനി സമൂഹക്കാരുടെ സ്വന്തം ഗുണത്തിനുവേണ്ടി കോട്ടയത്ത് ഇരിക്കുന്ന മിഷനറിമാരും അവരുടെ സ്ഥാനത്തു വരുന്നവരും ചര്‍ച്ച് മിഷന്‍ സൊസെറ്റിയിലെ സിക്രട്ടറിയും ബ്രിട്ടീഷ് റസിഡണ്ടും അല്ലെങ്കില്‍ റസിഡണ്ട് തനിക്കു പകരം നിയമിക്കുന്ന ആള്‍പേരും അവരുടെ കൈവശം നടത്തിക്കേണ്ടതാകുന്നു.

മെത്രാപ്പോലീത്തായെക്കുറിച്ച് യാതൊരു പ്രസ്താവവും കൂടാതെ റവ. യൗസേഫ് ഫെന്‍ന്‍റെയും ആ സ്ഥാനത്തില്‍ വരുന്നവരുടെയും അധീനത്തില്‍ ഈ സ്വത്ത് ഏല്പിച്ചിരിക്കുന്ന സംഗതി തന്നെ 20000 രൂപ, റാണി മഹാരാജാവ് ദാനം ചെയ്തതിന്‍റെ ആന്തരം ഇന്നത് എന്നുള്ളതിന് ബലമായിട്ടുള്ള ഒരു ഊഹവും അതല്ലാ, സാക്ഷിയ്ക്ക് ആവശ്യമായിരുന്നാല്‍ സാക്ഷിയും ആകുന്നു എന്ന് കൂടി പറയേണ്ടതായി കാണുന്നു.

12. 3000 പൂവരാഹന് 1835, 36, 37 ഈ കൊല്ലങ്ങളില്‍
കൂടിയ പലിശ വക 2520 രൂപ

ഈ സംഖ്യ സെമിനാരി വകയ്ക്കു പിരിഞ്ഞു ചെല്ലേണ്ടുന്ന കുടിശിക വകയാകുന്നു. ആവശ്യപ്പെട്ട രശീതികള്‍ക്കു മെത്രാന്‍ ഒപ്പിട്ടു കൊടുക്കായ്കയാല്‍ വസൂല്‍ ആകാത്തതുമാകുന്നു. മെത്രാനും ചര്‍ച്ച് മിഷന്‍ സൊസെറ്റിയുടെ കമ്മറ്റിക്കാരും തമ്മില്‍ വഴക്കുണ്ടായി എങ്കിലും പഠിത്തം നിര്‍ത്തല്‍ ചെയ്തിട്ടില്ലാത്തതിനാല്‍ ഈ 3000 പൂവരാഹന്‍റെ മുതല്‍ അതിലെ വരവില്‍ ഒരു ഓഹരി ആയിരുന്നതുകൊണ്ട് മേലെഴുതിയ കൊല്ലങ്ങളിലെ പലിശയും സെമിനാരി വക സ്വത്തുക്കള്‍ ഗവണ്മെണ്ടു കമ്മീഷണര്‍ വിറ്റ കാലം വരെ സെമിനാരി വകയ്ക്കു മുതല്‍ കൂട്ടേണ്ടതാകുന്നുവെന്ന് ഞങ്ങള്‍ അഭിപ്രായപ്പെടുന്നു. അതുകൊണ്ട് ഈ രൂപ 2520 സിമ്മനാരി വക പൊതു മുതലിലേയ്ക്കു കൊടുക്കപ്പെടണമെന്ന് ഞങ്ങള്‍ തീരുമാനം ചെയ്യുന്നു. മെത്രാന്‍, കമ്മറ്റിക്കാര്‍ക്കു എഴുതിയിട്ടുള്ള ഇംഗ്ലീഷ് സാധനത്തില്‍ ഈ 3000 പൂവരാഹന്‍റെ പലിശ മുമ്പിലുള്ള മെത്രാന്മാര്‍ അവരുടെ ചെലവിനായിട്ട് വാങ്ങിയിരുന്നു എന്ന് പറയുന്നത് ശരിയായിട്ടുള്ളതല്ല. എന്തെന്നാല്‍ കര്‍ണല്‍ മണ്‍റോയുടെ സ്വഹസ്താക്ഷരത്തില്‍ പറയുംപ്രകാരം റവ. ബെയ്ലി ശുപാര്‍ശ ചെയ്യുകയും കര്‍ണല്‍ മണ്‍റോ അനുവദിക്കുകയും ചെയ്തതിന്‍റെ ശേഷം മാസംതോറും 50 രൂപ സെമിനാരി വക മുതലില്‍ നിന്ന് കിട്ടിയിരുന്നതല്ലാതെ നിജമായിട്ട് ഒരു വരവ് സെമിനാരിയില്‍ നിന്ന് മെത്രാന്മാര്‍ക്കു ഇല്ലായിരുന്നു. പിന്നത്തേതില്‍ കൂട്ടി കൊടുത്തു വന്ന 70 രൂപായും മേല്പറഞ്ഞ 3000 പൂവരാഹന്‍റെ പലിശയുടെ തുകയും യദൃച്ഛയാ ഒത്തുവന്നിട്ടുള്ളതത്രേ ആകുന്നു.

13. ഗവണ്മെണ്ടു കമ്മീഷണര്‍ എത്തിയതിന്‍റെ ശേഷമായിട്ട് 3000 പൂവരാഹന്‍റെ പലിശ

ഗവണ്മെണ്ടു കമ്മീഷണര്‍ എത്തിയപ്പോള്‍ മെത്രാനും മിഷനറി സൊസൈറ്റിക്കാരും തമ്മില്‍ തേര്‍ച്ചയായി പിരിഞ്ഞതുകൊണ്ട് അതിന്‍റെ ശേഷമുള്ള സെമിനാരി വക ചെലവുകള്‍ ഒക്കെയും തിരുവിതാംകൂര്‍ സര്‍ക്കാരിലെ ദാനം വക മുതലില്‍ നിന്നും മറ്റും അല്ലാതെ സുറിയാനിയോഗക്കാരുടെ സ്വന്തം മുതലില്‍ നിന്ന് കൊടുക്കേണ്ടതല്ലെന്ന് ഞങ്ങള്‍ അഭിപ്രായപ്പെടുന്നു. അതുകൊണ്ടു സെമിനാരി വസ്തുക്കള്‍ വിറ്റ കാലം മുതല്‍ ഇന്നു വരെ ഈ 3000 പൂവരാഹന്‍റെ പലിശ മെത്രാന്‍ വാങ്ങി താനും സുറിയാനിക്കാര്‍ നിശ്ചയിക്കുന്ന ഒരു പട്ടക്കാരനും അയ്മേനിയും കൂടി സുറിയാനി യോഗത്തിന്‍റെ ഗുണത്തിനുവേണ്ടി സൂക്ഷിച്ചുകൊള്ളേണ്ടതാകുന്നു.

14. 1000 രൂപ

ഇത് റവ. ഫെന്‍ കോട്ടയത്തു നിന്ന് പോകുമ്പോള്‍ സെമിനാരിയ്ക്കു ചെയ്ത ദാനമാകുന്നു. ഈ സംഖ്യയും മറ്റ് സെമിനാരി വക പണവും കൂടി ഫെന്‍ സായിപ്പ് തന്നെ സെമിനാരി വക മുതല്‍ തന്‍റെ കൈവശമിരിക്കുമ്പോള്‍ ഒരു പള്ളി വകയ്ക്കു ചെലവിട്ടതാകുന്നു. ആ പള്ളി ആര്‍ക്കു വേണ്ടി പണിയപ്പെടുകയും അതു ആരുടെ കൈവശത്തില്‍ ഇരിക്കുകയും ചെയ്യുന്നുവോ അവര്‍ക്കു അതു ഇരിക്കേണ്ടതാകുന്നു എന്ന് ഞങ്ങള്‍ തീരുമാനിക്കുന്നു.

15. സെമിനാരിയില്‍ പണിക്കാരുടെ ശമ്പളം

ഗവണ്മെണ്ടു കമ്മീഷണര്‍ വന്നതിന്‍റെ ശേഷം ഇവരുടെ പ്രവൃത്തികള്‍ കൊണ്ട് ആവശ്യമുണ്ടായിരുന്നതിനാല്‍ 1839 നവംബര്‍ മാസം വരെ ഇവര്‍ പണിയില്‍ നിന്നിരുന്നു എന്ന് കാണുന്നു. അതുകൊണ്ട് ഈ സംഖ്യ ആ പണിക്കാര്‍ക്കു കൊടുക്കുന്നതിനു വേണ്ടി സെമിനാരി വക പൊതുമുതലില്‍ നിന്ന് റവ. ബെയിലി സായിപ്പിനെ ഏല്പിച്ചുകൊടുക്കണമെന്ന് ഞങ്ങള്‍ തീരുമാനിക്കുന്നു.

1838 മെയ് 14 മുതല്‍ സെപ്തം. 30 വരെ
സെമിനാരി വക ചെലവ് രൂപാ 668. 12. 0
1838 ഒക്ടോ. 3 മുതല്‍ 1839 ഡിസം. 31 വരെ
സെമിനാരി വക ചെലവ് 2290. 7. 11 2959. 3. 11
മേലെഴുതിയ തീയതി വരെ കല്ലട പാട്ടം വരവ് 689. 10. 0
കഴിച്ച് ബാക്കി 2279. 3. 11

സെമിനാരി വക കണക്കുകള്‍ കൊണ്ടും പഞ്ചായത്തുകാര്‍ക്കു കിട്ടിയിരിക്കുന്ന തെളിവു കൊണ്ടും ഇതിന് മുമ്പില്‍ വിവരിച്ചപോലെ സെമിനാരി വക പഠിത്തം നിര്‍ത്തല്‍ ചെയ്തിട്ടില്ലായിരുന്നു. എന്തെന്നാല്‍ സര്‍ക്കാര്‍ കമ്മീഷണര്‍ മെത്രാപ്പോലീത്തായുടെയും മിഷനറിമാരുടെയും എഴുത്തുകളില്‍ പറയുംപോലെ സമ്മതത്തോടു കൂടി സെമിനാരി വക വസ്തുക്കള്‍ ലേലം ചെയ്തു വില്ക്കുന്നതിന് എത്തിയിരുന്ന സമയം മെത്രാപ്പോലീത്താ കഴിഞ്ഞുപോയ മെത്രാന്മാരുടെ വസ്തുക്കള്‍ വില്ക്കുന്നതു ശരി അല്ലെന്ന് ബോധിപ്പിക്കുകയും അതിനാല്‍ പൈതങ്ങളെ മറ്റു സ്ഥാനത്തേക്കു മാറ്റുവാനും അവിടേക്കു സുറിയാനി മല്പാനെയും ആശാന്മാരെയും സെമിനാരി വക ഏതാനും സാമാനങ്ങളോട് കൂടി മാറ്റുന്നതിന് സംഗതിയായി. അതിനാല്‍ പൈതങ്ങളുടെ പഠിത്തം ഒരു വിനാഴിക പോലും മുടക്കം വരാതെ ആവശ്യത്തിന്‍ പേരില്‍ സ്ഥലം മാറി പഠിത്തം നടന്നിരുന്നു. എന്നാല്‍ വിറ്റ് ഈടായ മുതല്‍ സര്‍ക്കാര്‍ ഖജനാവില്‍ അനാമത്ത് വയ്ക്കപ്പെടുകയാല്‍ അതില്‍ നിന്ന് പഠിത്തം നടക്കുന്നതിലേക്കു ഉപയോഗപ്പെടുവാന്‍ സംഗതി വന്നില്ല. കല്ലട സ്ഥലം വില്ക്കാതെയിരിക്കയാല്‍ അതിന്‍റെ പാട്ടം മാത്രം ഇതിലേക്കു ഉപയോഗമായി വന്നു. കര്‍ണല്‍ മണ്‍റോ സായിപ്പായിട്ട് തങ്ങളെ ഭരമേല്പിച്ചിരിക്കുന്ന കാര്യങ്ങള്‍ നടത്തുന്നതിന്‍റെ ചുമതല അവരില്‍ നിന്ന് ഒഴിയപ്പെടുന്നതു വരെ ബാധ്യസ്ഥതയോടെ നടത്തേണ്ടത് മിഷണറിമാര്‍ ആയിരിക്ക കൊണ്ട് അവര്‍ സെമിനാരി വക പഠിത്ത ചെലവ് നടത്തിക്കുന്നതിലേക്കു ചര്‍ച്ച് മിഷന്‍ സൊസെറ്റി വക കമ്മറ്റിക്കാരോട് സഹായം ചോദിക്കയാല്‍ മേലെഴുതിയ പണം അവര്‍ വായ്പയായിട്ട് കൊടുത്തതാകുന്നു. ഈ മേലെഴുതിയ സംഗതികളെ കൊണ്ട് ചര്‍ച്ച് മിഷന്‍ സൊസെറ്റി വക കമ്മറ്റിക്കാര്‍ക്ക് ഈ വക പണം മുഴുവനും ശരിയായിട്ടു കൊടുക്കപ്പെടേണ്ടതാണെന്നും അതുകൊണ്ട് മെലെഴുതിയ രൂപ 2279 അണ 9 പൈസ 11 സെമിനാരി വക പൊതുമുതലില്‍ നിന്ന് കൊടുക്കപ്പെടണമെന്നും ഞങ്ങള്‍ അഭിപ്രായപ്പെടുന്നു.

16. സര്‍ക്കാരില്‍ നിന്നും ദാനമായി കൊടുത്ത 1000 രൂപ

ഇത് 20,000 രൂപ കൊടുത്തതിന് പുറമേയും 2100 രൂപായുടെ ആധാരത്തില്‍പെട്ടതും ആകുന്നു. ഈ തുകയില്‍ 500 രൂപ സെമിനാരിയിലെ പള്ളി വകയ്ക്കായിട്ട് തള്ളിയത് നീക്കി ശേഷിപ്പുള്ളത് കര്‍ണല്‍ മണ്‍റോവിന്‍റെ വരുതിപ്രകാരം സെമിനാരിയുടെ കുറവ് തീര്‍ക്കുന്നതിന് വക വച്ചിരിക്കുന്നത് സുറിയാനിയോഗക്കാരുടെ ഗുണത്തിനുവേണ്ടി മെത്രാപ്പോലീത്തായുടെ കൈവശമിരിക്കണമെന്ന് തീര്‍ച്ചപ്പെടുത്തുന്നു.

നെല്പുരയില്‍ കിടപ്പുള്ള നെല്ലിന്‍റെ വിലയും 1839 ഡിസം. 31-ാം തീയതി വരെ കോട്ടയത്ത് സെമിനാരി വകയ്ക്കു കിട്ടുവാനുള്ള പാട്ടബാക്കിയും ഉള്‍പ്പെടെ ഉള്ള ചീട്ടുകളും പൂവര്‍ത്തിങ്കിലെ ദാനമായിട്ട് കിട്ടിയിരിക്കുന്നതിന്മേലുള്ള സകല അവകാശങ്ങളും കഴിച്ച്

മുതല്‍പിടിയില്‍ ഇരിപ്പ് 15245. 6. 0
ഖജനാവില്‍ രൊക്കം ഇരിപ്പ് 6746. 7. 3
പാട്ടക്കുടിശിക 8223. 14. 1
നെല്പുരയില്‍ കിടക്കുന്ന നെല്ലിന്‍റെ വില 272. 0. 8
                                                                           15245. 6. 0

ഖജനാവില്‍ അധികം ഇരിപ്പു വന്നത് സെമിനാരി വക വസ്തുക്കള്‍ വാങ്ങിയപ്പോള്‍ കൊടുത്ത മുതലിനേക്കാള്‍ അതില്‍ പിന്നെയുള്ള വൃദ്ധിയാല്‍ വിറ്റപ്പോള്‍ അധികം വില കിട്ടിയതിനാല്‍ ഉണ്ടായതാകുന്നു. ബഹുമാനപ്പെട്ട മിഷനറിമാരും അവരോടു കൂടിയ സുറിയാനി കമ്മറ്റിക്കാരും കൂടി ആ വക വസ്തുക്കളെ വെടിപ്പാകുംവണ്ണം നോക്കി വന്നതിനാല്‍ മേലെഴുതിയ വൃദ്ധി ഉണ്ടായതുകൊണ്ട് ആ പാട്ടക്കുടിശ്ശികയും കിടപ്പു നെല്ലിന്‍റെ വിലയും ഉള്‍പ്പെടെ രൂപ 15245. 0. 0 ഉള്ളത് മെത്രാപ്പോലീത്താമാരുടെ പക്കല്‍ നിന്ന് വീഴ്ചയുള്ള മുതലിനും തിരുവിതാംകൂര്‍ സര്‍ക്കാരില്‍ നിന്നും മറ്റും ദാനമായി സെമിനാരി വകയ്ക്കു കിട്ടിയിട്ടുള്ള വസ്തുക്കള്‍ക്കും വീതം പോലെ പകുതി ചെയ്യുന്നതിനല്ലാതെ വേറെ ന്യായമായ വഴി ഒന്നും കാണുന്നില്ല.

മെത്രാപ്പോലീത്തായുടെ വക 22634 രൂപായ്ക്കു 6088. 15. 5

സിമ്മനാരി വകയ്ക്ക് ചര്‍ച്ച് മിഷന്‍ സൊസെറ്റി
കമ്മറ്റി വക 9156. 0. 7
                       15245. 0. 0

ഈ വക രൂപ പ്രധാനമായ മുതല്‍ വീതം പോലെ ഏല്പിച്ചിരിക്കുന്ന മുറയ്ക്കു ആ ക്രമവും വിധവും അനുസരിച്ച് അതത് കക്ഷികള്‍ക്കു കൊടുക്കേണ്ടതാണെന്ന് തീരുമാനം ചെയ്യുന്നു.

17. പദവികള്‍ കൊടുത്തിരിക്കുന്ന ചെപ്പേടുകളും സ്ഥാനപ്പട്ടയങ്ങളും മുതലായതും

സെമിനാരിയുടെ അടിസ്ഥാനത്തിനും മിഷണറിമാര്‍ വരുന്നതിനും ഏറിയകാലം മുമ്പെയും ഉള്ള ഈ ആധാരങ്ങള്‍ കൈവശം വക്കേണ്ടതിന്നുള്ള അവകാശം സുറിയാനിക്കാരുടെ മേലേ യജമാനന്‍ ആയ മെത്രാപ്പോലീത്തായ്ക്കു ആണെന്നുള്ളതിന് തര്‍ക്കമില്ലായ്കയാല്‍ ആയവ ഇപ്പോഴത്തെ മെത്രാപ്പോലീത്തായ്ക്കു കൊടുക്കണമെന്ന് ഞങ്ങള്‍ നിശ്ചയിക്കുന്നു.

1835, 36, 37 ഈ കൊല്ലങ്ങളിലെ 3000 പൂവരാഹന്‍റെ പലിശ കിട്ടുവാനുള്ള രൂപാ 2520 ഇന്ന പ്രകാരം ചെയ്യണമെന്ന് വെളിവായി പ്രസ്താവിച്ചിട്ടില്ലാത്തതിനാല്‍, ഈ രൂപ പിരിഞ്ഞുവരുന്ന സമയത്ത് അത് റസിഡണ്ടിന്‍റെ ഖജനാവില്‍ ഇരിപ്പുള്ള മുതല്‍ എങ്ങനെ തീരുമാനപ്പെടുത്തിയിരിക്കുന്നുവോ ആ വീതം പോലെ അതത് കക്ഷികള്‍ക്കു ഭാഗം ചെയ്കയും അതിനെ അവര്‍ താന്താങ്ങളുടെ സ്വാധീനത്തില്‍ മുന്‍ ഏല്പിച്ചിരിക്കുന്ന മുതലിന്‍റെ ക്രമവും വിധവും ഏതുപ്രകാരമോ അതുപ്രകാരം ഏറ്റുകൊള്‍കയും ചെയ്യണമെന്നും കൂടി ഞങ്ങള്‍ തീരുമാനം ചെയ്യുന്നു.

തന്‍റെ സ്വാധീനത്തില്‍ ഇരുന്നിരുന്ന ആധാരങ്ങളും മറ്റും റവ. ജോസഫ് പീറ്റ് സായിപ്പ് അപഹരിച്ചുകൊണ്ടു പോയിരിക്കുന്നു എന്ന് മെത്രാപ്പോലീത്താ ബോധിപ്പിട്ടുള്ളതിനെ വിസ്തരിപ്പാന്‍ ഞങ്ങള്‍ക്കധികാരമില്ലെന്ന് സമ്മതം തന്നെ എന്ന് വരികിലും ഈ പഞ്ചായത്തില്‍പ്പെട്ട സംഗതികളുടെ തെളിവിലേക്കു ഉപയോഗമുള്ള ലക്ഷ്യങ്ങള്‍ ഏതെങ്കിലും നഷ്ടം വന്നിട്ടുണ്ടോ എന്ന് നിശ്ചയം വരുത്തുന്നത് ന്യായത്തിന്‍റെ പൂര്‍ത്തിക്കും കക്ഷികളുടെ തൃപ്തിയ്ക്കും ആവശ്യമുള്ളതായി ഞങ്ങള്‍ വിചാരിക്കുന്നു. അതിന് ഞങ്ങള്‍ റവ. ബി. ബെയിലി സായിപ്പിനെ വിസ്തരിച്ചു. ആ സായിപ്പ് ഇംഗ്ലണ്ടില്‍ നിന്ന് തിരിയെ വന്ന് റവ. ജോസഫ് പീറ്റ് സായിപ്പിനോട് ആധാരപ്പെട്ടി ഏറ്റുവാങ്ങിയപ്പോള്‍ റവ. ഹെന്‍റി ബേക്കര്‍ സായിപ്പ് ഇംഗ്ലണ്ടിന് പോകും മുമ്പെ ആധാരങ്ങളുടെ വിവരത്തിന് എഴുതിവച്ചിരുന്ന പട്ടിക പ്രകാരം ശരിയായി കണ്ടിരിക്കുന്നു എന്നും ഈ പട്ടികയുടെ ഒരു പകര്‍പ്പ് മെത്രാപ്പോലീത്തായുടെ പക്കലും വേറൊരു പകര്‍പ്പ് അന്നിരുന്ന റസിഡണ്ട് സായിപ്പ് അവര്‍കളുടെ പക്കലും റവ. ഹെന്‍റി ബേക്കര്‍ സായിപ്പ് താന്‍ തന്നെ കൊടുത്തിരുന്നു എന്നും ബെയിലി സായിപ്പിന്‍റെ മൊഴിയില്‍ കാണുന്നു.

സെമിനാരി വകയ്ക്കു കിട്ടേണ്ടുന്ന പാട്ടക്കുടിശ്ശിക പിരിക്കുന്നതിന് ഉദ്യോഗമില്ലാത്ത ആളുകള്‍ ശ്രമിച്ചാല്‍ വളരെ പ്രയാസങ്ങള്‍ ഉണ്ടാകുന്നതിനാല്‍ ആ വകയ്ക്കു സര്‍ക്കാരില്‍ നിന്ന് ഒരു കമ്മീഷണറിനെ നിയമിച്ചാല്‍ കൊള്ളാമെന്ന് ഞങ്ങള്‍ അഭിപ്രായപ്പെടുന്നു.
നിലംപുരയിടങ്ങളുടെ മേല്‍വിചാരം മിഷണറിമാരെ ഏല്പിക്കയെന്ന് വന്നാല്‍ അവരുടെ സ്വന്തമായിട്ടുള്ള പ്രവൃത്തികള്‍ക്കു വിഘ്നം വരുന്നതാക കൊണ്ടും അതു സംബന്ധമായിട്ടുണ്ടാകുന്ന പ്രയാസങ്ങള്‍ ഒഴിഞ്ഞു കിട്ടണമെന്ന് മിഷനറിമാര്‍ തന്നെ പ്രത്യേകം ആഗ്രഹിച്ചിരിക്കുന്നതു കൊണ്ടും മണ്‍റോ തുരുത്ത് സര്‍ക്കാരില്‍ നിന്ന് തന്നെ എടുത്തുകൊള്‍ കയും അതിനുള്ള വില കൊടുക്കുകയും ചെയ്യുന്നതു കൊള്ളാമെന്ന് ഞങ്ങള്‍ ശുപാര്‍ശ ചെയ്യുന്നു. മുമ്പൊരിക്കല്‍ ഇതുപ്രകാരം ജനറല്‍ ശുപാര്‍ശ ചെയ്തത് തിരുവിതാംകൂര്‍ രാജാവ് സമ്മതിച്ചുമിരിക്കുന്നു. അങ്ങനെ കിട്ടുന്ന വില, കോട്ടയത്ത് റവ. മിഷണറി സായിപ്പന്മാരും അവരുടെ സ്ഥാനത്തു വരുന്നവരും ചര്‍ച്ച് മിഷണറി സൊസെറ്റിയുടെ കറസ്പോണ്ടിംഗ് കമ്മറ്റിയില്‍ അന്നന്നിരിക്കുന്ന സിക്രട്ടറിയും അന്നുള്ള ബ്രിട്ടീഷ് റസിഡണ്ട് അല്ലെങ്കില്‍ റസിഡണ്ട് നിശ്ചയിക്കുന്ന ആളും കൂടി സുറിയാനി യോഗത്തിന്‍റെ ഗുണത്തിന് മാത്രമായ ഉപയോഗിക്കേണ്ടതുമാകുന്നു.

ഈ പഞ്ചായത്തില്‍ തീര്‍ച്ചപ്പെടാതെയുള്ള അവകാശങ്ങള്‍ ഈ കക്ഷികളില്‍ ആര്‍ക്കെങ്കിലുമുണ്ടായിരുന്നാല്‍ അതിനെ അസാധുവായി തള്ളി യിരിക്കുന്നു എന്ന് കൂടി പറയുന്നത് ആവശ്യമായി ഞങ്ങള്‍ കരുതിയിരിക്കുന്നു.

നമ്മുടെ കര്‍ത്താവിന്‍റെ ആണ്ട് 1840 ഏപ്രില്‍ 4-ന് കൊച്ചിയില്‍ വച്ച് തീര്‍ച്ച ചെയ്തത്.

(ഒപ്പ്) ഡി. അന്‍ബീഡന്‍
(ഒപ്പ്) ജെ. എസ്. വെര്‍ണീഡ്
(ഒപ്പ്) വി. എച്ച്. ഹോഴ്സിലി

(ഇട്ടൂപ്പ് റൈട്ടര്‍, പു. 232-245).