മാര്‍പിന്‍റെ അന്വേഷണ പ്രബന്ധം മലങ്കരയുടെ സുവിശേഷ സ്വത്വം / ഫാ. ജോണ്‍ മാത്യു പള്ളിപ്പാട്

 

“വെസ്റ്റേണ്‍ റൈറ്റ് ഓഫ് സിറിയക് മലങ്കര ഓര്‍ത്തഡോക്സ് ചര്‍ച്ചസ്” എന്നുള്ള പ്രബന്ധം ഒ സി പി മാര്‍പ്പിന്‍റെ സ്വകാര്യ അന്വേഷണ സപര്യയുടെ സഫലമായ പരിസമാപ്തിയാണ്. അജേഷ് റ്റി. ഫിലിപ്പിന്‍റെയും ജോര്‍ജ് അലക്സാണ്ടറിന്‍റെയും ശ്രമങ്ങളെ വെറുതേ ഒരു ഭംഗിക്ക് പുകഴ്ത്തിയും ഒരു ആശംസയും പറഞ്ഞു അവസാനിപ്പിക്കാന്‍ പറ്റില്ല. മലങ്കരസഭയുടെ സുവിശേഷ ബോധ്യത്തിന്‍റെ പറയപ്പെടാത്ത പോയ ചരിത്രത്തിലേക്കുള്ള സൂര്യവെളിച്ചം ആണ് അവരുടെ ഈ സംരംഭം. പരിശുദ്ധ പരുമല തിരുമേനി തുടക്കം കുറിച്ച സുവിശേഷ പ്രവര്‍ത്തനത്തെ കുറിച്ച് ഓര്‍ക്കുമ്പോള്‍ സഭയില്‍ വിജാതീയ മിഷന്‍ ആരംഭിച്ചുവെന്നും കുറച്ച് സുവിശേഷ പ്രവര്‍ത്തനങ്ങള്‍ക്ക് നാന്ദി കുറിച്ചു എന്നും മാത്രം ചിന്തിച്ചേക്കാം. സത്യത്തില്‍ ഒരു മഞ്ഞുമലയുടെ ഒരു ചെറിയ ഭാഗമെങ്കിലും നമ്മള്‍ക്ക് വെളിപ്പെടുത്തിയ ഭൂതകാലത്തിലേക്കുള്ള കണ്ണാടിയാണ് അവരുടെ പ്രവര്‍ത്തനം എന്നുള്ളതില്‍ യാതൊരു അതിശയോക്തിയും ഇല്ല.

അതാകട്ടെ പരിശുദ്ധ പുലിക്കോട്ടില്‍ തിരുമേനിയുടെ ആശയും അഭിലാഷവും ആയി പരിശുദ്ധ പരുമല തിരുമേനി നടുനായകത്വം നല്‍കി ആരംഭിച്ചതാണ്. പിന്നീട് മാര്‍ അല്‍വാറിയോസ് യൂലിയോസ് തിരുമേനിയും റനി വിലാത്തി മാര്‍ തീമോത്തിയോസ് പിതാവും അതി ഭാസുരമായ ആ ദൗത്യം ഏറ്റെടുത്തത് ഒരു വലിയ ജനകീയ മുന്നേറ്റമാണ്. ഭാരതത്തിലെ ഏറ്റവും അടിസ്ഥാന വര്‍ഗ്ഗങ്ങള്‍ താമസിക്കുന്ന ഗ്രാമങ്ങളിലും കുടിയേറ്റക്കാരുടെ സിലോണിലും ആധുനിക സാംസ്കാരിക തള്ളിക്കയറ്റം അവകാശപ്പെടുന്ന അമേരിക്കയിലും കാനഡയിലും മറ്റു യൂറോപ്യന്‍ സ്ഥലങ്ങളിലേക്കും വേരാഴ്ന്നു പോയ ഒരു ചൈതന്യം ആയിരുന്നു. ഒരു പക്ഷേ മലങ്കരയുടെ ഭൂമിക ഭൂഖണ്ഡാന്തര ങ്ങളിലേക്ക് വ്യാപിക്കുവാന്‍ സര്‍വ്വ സാധ്യതയും ഉള്ള ഒരു ജനകീയ മുന്നേറ്റമാകുമായിരുന്നു അത് എന്ന് ഒ. സി. പി. മാര്‍പ്പിന്‍റെ അന്വേഷണങ്ങള്‍ തെളിയിക്കുന്നു.

ഓര്‍ത്തഡോസ് വെസ്റ്റേണ്‍ റൈറ്റിന്‍റെ വേദശാസ്ത്ര സാമൂഹിക ഇടം

വേദശാസ്ത്രപരമായി ഈ നിലപാടിന് എന്തു സാധുതയാണ് ഉള്ളതെന്ന ചിന്ത പ്രസക്തമാണ്. ഓര്‍ത്തഡോക്സ് വിശ്വാസത്തെ കാലികവും നൈരന്തര്യവുമായി കണ്ട് വ്യാഖ്യാനിച്ചാല്‍ തീര്‍ച്ചയായും വേദ ശാസ്ത്രത്തിലും ഒരിടം കണ്ടെത്താന്‍ കഴിയും. ക്രിസ്തുവിലൂടെ ത്രിത്വത്തിലേക്ക് ആഴ്ന്നു പോയി അതിലൂടെ ദൈവസ്നേഹത്തിന്‍റെ മറുരൂപമായി വിളങ്ങേണ്ട ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പാരമ്പര്യം ഭാഷയുടെയും വംശീയതയുടെയും കുറെ പ്രായോഗിക സൗകര്യങ്ങളുടെയും ചില സുരക്ഷിതത്വ ബോധ്യങ്ങളിലും തളയ്ക്കപ്പെട്ട് അന്ധരായി പോയോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. ഓര്‍ത്തഡോക്സ് വെസ്റ്റേണ്‍ മുന്നേറ്റത്തിന്‍റെ സാമൂഹികമായ സാധ്യതയും തുശ്ചീകരിക്കപ്പെടേണ്ട ഒന്നല്ലായിരുന്നു. കാരണം അധിനിവേശാനന്തര കാലഘട്ടത്തില്‍ ഏതു സംസ്കാരത്തിനും ഭാഷയ്ക്കും സമ്പ്രദായങ്ങള്‍ക്കും അതിന്‍റേതായ മൂല്യവും സാമൂഹ്യ നിലനില്‍പ്പിന് അവരുടേതായ പങ്കും വഹിക്കുവാനുണ്ടെന്ന് വിശ്വസിക്കുകയും തെളിയിക്കപ്പെടുകയും ചെയ്തിട്ടുണ്ട്.

ഏകത്വം എന്നതിലുപരി ഐക്യത്തിലേക്കുള്ള ആഹ്വാനം

ഫാഷിസത്തിന്‍റെ മൗഢ്യത്തിനപ്പുറം ഏകത്വം എന്നതിനേക്കാള്‍ ഐക്യമാണ് നിലനില്‍പ്പിന് അടിസ്ഥാനം. ഭാരതത്തിന്‍റെ ഭാഷാ-മത-സാംസ്കാരിക ബഹുലതയുടെ പശ്ചാത്തലത്തില്‍ വൈവിധ്യങ്ങള്‍ ചേര്‍ന്നു വാഴുമ്പോഴാണ് സാഹോദര്യവും സ്നേഹവും വളര്‍ച്ചയും നിലനില്‍പ്പും ഉണ്ടാവുകയുള്ളു എന്ന് ലോകം മുഴുവന്‍ അംഗീകരിച്ച് സാക്ഷ്യപ്പെടുത്തിയിരിക്കുന്നു. ഇവിടെ നമുക്ക് മുമ്പോട്ടു വയ്ക്കുവാനുള്ള ഐക്യം ക്രിസ്തുവിന്‍റെ സ്നേഹത്തിലധിഷ്ഠിതമായ ഐക്യമാണ്. ഡബ്ലിയു. സി. സി. യും എന്‍. സി. സി. യും വൈ.എം.സി.എ. പോലുള്ള പ്രസ്ഥാനങ്ങളും ഒരു തരത്തില്‍ ഈ ഐക്യം കെട്ടിപ്പടുക്കുന്നതിനുള്ള ശ്രമമാണ് നടത്തുന്നത്. പക്ഷേ അവയൊക്കെയും ബാഹ്യമായ ചില ഏജന്‍സികള്‍ ആയും പ്രത്യേകം ചില സംഘടനകളായും പരിമിതപ്പെട്ടു പോകുന്നു എന്നതാണ് സത്യം. എന്നാല്‍ മാര്‍ത്തോമാ ശ്ലീഹായുടെ പൈതൃകമുള്ള സര്‍വരും അതിന്‍റെ സര്‍വ്വ വൈവിധ്യങ്ങളോടു കൂടി ഐക്യത്തില്‍ വരിക എന്നുള്ളത് മലങ്കരയിലെ ക്രൈസ്തവ സഭകള്‍ കാലാതിവര്‍ത്തിയായി താലോലിക്കേണ്ട കാത്തുസൂക്ഷിക്കേണ്ട ആത്മസാക്ഷാത്കാരത്തിന്‍റെ സുവര്‍ണ്ണ സ്വപ്നമായിരിക്കണം.

സ്പര്‍ശിക്കപ്പെടാതെ പോയ പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരുടെ മുന്നേറ്റം

മലങ്കരയിലെ ക്രൈസ്തവ ബോധത്തിലെ തനി ദ്രാവിഡമെന്നോ, വരേണ്യമെന്നോ, വണിക്കുകള്‍ എന്നോ, യഹൂദ വംശീയരെന്നോ ഉള്ള മേല്‍ കൈ വാദം മറ്റു സമൂഹങ്ങളെ ക്രിസ്തുസ്നേഹത്തിലേക്ക് കൊണ്ടുവരുവാന്‍ തടസ്സമായി. അതുകൊണ്ടാണ് മെച്ചപ്പെട്ട ജീവിത സൗകര്യം ഇല്ലാത്തതും തള്ളപ്പെട്ടവരും നിലപാടുകളാല്‍ ന്യൂനപക്ഷമായവരുമായ സംഘങ്ങളെ നമ്മോടൊപ്പം കൂട്ടാന്‍ മടിച്ചത്.
സുവിശേഷീകരണത്തിന് മലങ്കരസഭയ്ക്ക് ദിശാബോധം നല്‍കേണ്ട അന്വേഷണമാണ് ഒ. സി. പി. മാര്‍പ് നിര്‍വ്വഹിച്ചിരിക്കുന്നത്. കാരണം സിറിയന്‍ സുന്നഗോഗ് എന്ന അദ്ധ്യായത്തില്‍ മലങ്കരസഭയിലേക്ക് വന്ന പ്രത്യേക വിഭാഗത്തിന് അന്നത്തെ മലങ്കര മെത്രാപ്പോലീത്താ ആയിരുന്ന പുലിക്കോട്ടില്‍ തിരുമേനി, ലാറ്റിന്‍, ആംഗ്ലിക്കന്‍ രീതിയില്‍ ആരാധന നടത്തുവാനുള്ള അനുവാദം നല്‍കിയത് ഇന്നും മലങ്കരസഭയ്ക്കു മനസ്സിലാകാത്ത ക്രിസ്തീയ ബോധ്യമാണ്. കൂടാതെ അവിടെ നേതൃത്വം നല്‍കുവാന്‍ കേരളത്തില്‍ നിന്ന് ആരെ എങ്കിലും ‘കെട്ടി ഇറക്കാതെ’ അവരുടെ സമൂഹത്തിന്‍റെ സ്പന്ദനം അറിയുന്ന ഒരാളെ ചുമതലകള്‍ ഏല്പിച്ചത് ആ സമൂഹം സംരക്ഷിക്കപ്പെടണം എന്ന ബോധ്യത്തിലാണ്.

അതുപോലെ കന്യാകുമാരിയിലെ സ്വതന്ത്ര കാതോലിക്ക് മിഷന്‍ ആരംഭിച്ചപ്പോള്‍ അല്‍വാറീസ് തിരുമേനി അവര്‍ക്ക് ആത്മീയ പിന്തുണ നല്‍കി. ശക്തമായ കൊളോണിയല്‍ പിന്തുണയുള്ളവര്‍ ഈ സംരംഭത്തെ തച്ചുതകര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍, അധികാരമില്ലാത്ത, സമ്പത്തില്ലാത്ത ആരാധിക്കുവാന്‍ സ്ഥലമില്ലാത്ത, ആവശ്യത്തിനു പട്ടക്കാര്‍ പോലും ഇല്ലാത്തവരുടെ പക്ഷംചേര്‍ന്ന് പരുമല തിരുമേനി അവര്‍ക്ക് വൈദികനെ നല്‍കുന്നതും അവരോടൊപ്പം നിന്ന് പോരാടാന്‍ ധൈര്യം നല്‍കിയതും മറക്കാന്‍ പറ്റാത്ത ഏടുകളാണ്. അതുകൊണ്ടുതന്നെ തമിഴ്നാടിന്‍റെ ഉള്‍പ്രദേശങ്ങളില്‍ പ. പരുമല തിരുമേനിയുടെ ചിത്രം വെച്ച് സിദ്ധവൈദ്യം ചെയ്യുന്നവരും; പരുമല പള്ളി വരെ പദയാത്ര നടത്തിവരുന്നവരും, പരുമല എന്ന പേരുപോലും സ്വീകരിച്ച ധാരാളം ഭക്തര്‍ നമ്മളറിയാതെ സഭയുടെ സുവിശേഷപ്രവര്‍ത്തനത്തിന്‍റെ ഭാഗമായി ഇന്നും അവശേഷിക്കുന്നു.

(പുസ്തക പ്രകാശന സമ്മേളനത്തില്‍ നടത്തിയ പ്രസംഗം)

Metropolitan Zachariah Nicholovos, Chorbishop Kuriakose Moolayil Launch ‘Western Rites of Syriac-Malankara Churches’