മരണഗെയിമുകള്‍ക്കെതിരെ കര്‍ശന നടപടിയ്ക്ക് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം; നടപടി ജോസഫ്.എം.പുതുശ്ശേരിയുടെ പരാതിയില്‍

എം. മനോജ്‌ കുമാര്‍

തിരുവനന്തപുരം: കുട്ടികളെ മരണത്തിലേക്ക് തള്ളിവിടുന്ന ഓണ്‍ലൈന്‍ ഗെയിമുകള്‍ക്കെതിരെയുള്ള കേരളാ കോണ്‍ഗ്രസ് (എം) ഉന്നതാധികാരി സമിതിയംഗം ജോസഫ് എം പുതുശ്ശേരിയുടെ യുദ്ധം ഫലം കാണുന്നു. പുതുശ്ശേരിയുടെ പരാതിയില്‍ ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് എതിരെയുള്ള കര്‍ശന നടപടികള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശം നല്‍കി.

കുട്ടികളെ മരണത്തിലേക്ക് നയിക്കുന്ന ഓണ്‍ലൈന്‍ ഗെയിമുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനാണ്‌ ഡിജിപിയ്ക്ക് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയത്. കല്ലൂപ്പാറയില്‍ 13 വയസുള്ള വിദ്യാര്‍ഥിയുടെ ദുരൂഹ മരണം വിവാദമായ സാഹചര്യത്തിലാണ് ഓണ്‍ലൈന്‍ ഗെയിമുകള്‍ക്കെതിരെ നടപടി സ്വീകരിക്കാനും കുട്ടിയുടെ മരണത്തിന്റെ പിന്നിലുള്ള കാരണങ്ങള്‍ അന്വേഷിക്കാനും ആവശ്യപ്പെട്ട് പുതുശ്ശേരി മുഖ്യമന്ത്രിയെ സമീപിക്കുന്നത്. ഈ പരാതിയിലാണ് നടപടിയ്ക്ക് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയത്.

രണ്ടാഴ്ചയ്ക്കുള്ളില്‍ നടപടി സ്വീകരിക്കാനാണ്‌ ഡിജിപിയോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. ഈ കാര്യത്തിലുള്ള നടപടി പരാതിക്കാരനായ പുതുശ്ശേരിയെ അറിയിക്കാനും മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മരണഗെയിമുകളുടെ പിടിയില്‍പ്പെട്ട് കേരളത്തിലും കുട്ടികള്‍ മരിക്കാന്‍ തുടങ്ങുന്നു എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടതോടെയാണ് മരണ ഗെയിമുകള്‍ നിരോധിക്കാന്‍ ആവശ്യപ്പെട്ട് പുതുശ്ശേരി പരാതിയുമായി മുഖ്യമന്ത്രിയെ സമീപിക്കുന്നത്.

കല്ലൂപ്പാറയിലെ 13 വയസുള്ള വിദ്യാര്‍ഥിയുടെ മരണത്തിനു പിന്നില്‍ ഓണ്‍ലൈന്‍ ഗെയിമുകള്‍ ആണെന്ന് വാര്‍ത്തയുണ്ടായിരുന്നു. ഈ കുട്ടി ഓണ്‍ലൈന്‍ ഗെയിമുകള്‍ കളിക്കുന്ന കുട്ടിയായിരുന്നു. വിലകൂടിയ കാര്‍ സ്വന്തമാക്കുമെന്നു ഈ കുട്ടി പറയാറുമുണ്ടായിരുന്നു. മുത്തശിയുടെ ഫോണ്‍ ഉപയോഗിച്ചായിരുന്നു കുട്ടിയുടെ കളി. ഈ കളി കുട്ടി ബുക്കില്‍ കുറിച്ചിടുകയും ചെയ്തിരുന്നു. അടുത്ത കാലത്തായി തനിക്ക് പേടി തോന്നുന്നെന്നു കുട്ടി പറഞ്ഞിരുന്നു.

മുത്തച്ഛനെ കെട്ടിപ്പിടിച്ചായിരുന്നു കുട്ടിയുടെ ഉറക്കം. വലിയ വാഗ്ദാനം നല്‍കി കുട്ടികളെ ഓണ്‍ലൈന്‍ ഗെയിമുകള്‍ ആകര്‍ഷിക്കുകയും മരണവലയത്തിലേക്ക് തള്ളിവിടുകയും ചെയ്യുന്നുണ്ട്-പുതുശ്ശേരി പരാതിയില്‍ പറയുന്നു. കല്ലൂപ്പാറയിലെ കുട്ടിയുടെ മരണത്തിനു പിന്നിലെ സത്യാവസ്ഥ അന്വേഷിക്കണമെന്നും പൊലീസിലെ സൈബര്‍ വിഭാഗത്തിന്റെ അന്വേഷണം ഈ കാര്യത്തില്‍ വേണമെന്നും കത്തില്‍ പുതുശ്ശേരി ആവശ്യപ്പെട്ടിരുന്നു.

മൊബൈല്‍ അധിഷ്ടിത സാങ്കേതിക വിദ്യകളില്‍ ഒളിഞ്ഞിരിക്കുന്ന അപകട സാധ്യതകളെ കുറിച്ച് വിദ്യാഭ്യാസ വകുപ്പും പൊലീസും വിദ്യാര്‍ഥികള്‍ക്കിടയില്‍ ശക്തമായ ബോധവത്ക്കരണ നടപടികള്‍ നടത്തണം. പാഠ്യപദ്ധതിയില്‍ പോലും ഇതുള്‍പ്പെടുത്തുന്നതില്‍ തെറ്റില്ല. വിദ്യാലയങ്ങളില്‍ സൈബര്‍ സെല്ലും കൌണ്‍സിലിംഗ് കേന്ദ്രങ്ങളും വേണം. ഇവ വഴി വിദ്യാര്‍ഥികള്‍ക്ക് ഭയാശങ്കകള്‍ പങ്കുവെയ്ക്കുന്നത്തിനുള്ള വേദിയായി മാറും.

വിദ്യാര്‍ഥികള്‍ക്ക് മാനസിക സംഘര്‍ഷം കുറയ്ക്കാനുള്ള അവസരമില്ല. ഇത് അപകടത്തിലേക്ക് കുട്ടികളെ തള്ളിവിടുന്നു. കല്ലൂപ്പാറ പോലുള്ള ഹൃദയഭേദകമായ സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കാതിരിക്കാനാണ് അപകടകരമായ ഓണ്‍ലൈന്‍ ഗെയിമുകള്‍ക്കെതിരെ നടപടി വേണ്ടത്- പരാതിയില്‍ മുഖ്യമന്ത്രിയോട് പുതുശ്ശേരി ആവശ്യപ്പെട്ടിരുന്നു. ഈ പരാതിയാണ് മുഖ്യമന്ത്രി സ്വീകരിച്ച് ഡിജിപിയ്ക്ക് കൈമാറുകയും അടിയന്തിര നടപടി രണ്ടാഴ്ചയ്ക്കുള്ളില്‍ സ്വീകരിച്ച് പുതുശ്ശേരിയെ അറിയിക്കാനും നിര്‍ദ്ദേശിച്ചത്.

Source