MOSC Episcopal Synod Decisions: August 2018 / Dr. Yuhanon Mar Dioscoros

news-10.08.18-synod

പേമാരിയും പ്രളയവും ഉരുള്‍പൊട്ടലും മൂലം ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായം എത്തിക്കുന്നതിന് ഓര്‍ത്തഡോക്സ് സഭ ഓഗസ്റ്റ് 12 ഞായര്‍ ദുരിതാശ്വാസ ദിനം ആചരിക്കും. ആരാധനാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥന നടത്തും. ഇടവകകളും ആദ്ധ്യാത്മീക സംഘടനകളും, ആഹാരം, വസ്ത്രം, മരുന്ന് തുടങ്ങിയവ ശേഖരിച്ച് ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ വിതരണം ചെയ്യും. സഭാംഗങ്ങള്‍ കഴിവനുസരിച്ച് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ പ്രത്യേക കല്പനയിലൂടെ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ പരിശുദ്ധ എപ്പിസ്ക്കോപ്പല്‍ സുന്നഹദോസ് യോഗം സമാപിച്ചു. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ അദ്ധ്യക്ഷത വഹിച്ചു. സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദിയസ്ക്കോറോസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഡോ. സഖറിയാ മാര്‍ അപ്രേം, യാക്കോബ് മാര്‍ ഏലിയാസ്, ഡോ. ഏബ്രഹാം മാര്‍ സെറാഫിം, ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് എന്നിവര്‍ ധ്യാനം നയിച്ചു. സഭയിലെ ആദ്ധ്യാത്മീക സംഘടനകളുടെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തി പ്രവര്‍ത്തന മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കുന്നതിന് ഡോ. യാക്കോബ് മാര്‍ ഐറേനിയോസ്, ഡോ. മാത്യൂസ് മാര്‍ തീമോത്തിയോസ്, അലക്സിയോസ് മാര്‍ യൗസേബിയോസ് എന്നിവര്‍ അംഗങ്ങളായി സമിതി രൂപീകരിച്ചു. കോട്ടയം-നാഗ്പൂര്‍ വൈദീക സെമിനാരികളുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനായുളള നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുവാന്‍ ഡോ. ഗബ്രീയേല്‍ മാര്‍ ഗ്രീഗോറിയോസ്, യൂഹാനോന്‍ മാര്‍ പോളിക്കര്‍പ്പോസ്, ഡോ. യൂഹാനോന്‍ മാര്‍ ദിമത്രിയോസ് എന്നിവര്‍ അംഗങ്ങളായ കമ്മിറ്റി രൂപീകരിച്ചു. ഡിസാസ്റ്റര്‍ മാനേജ്മെന്‍റ്, സഭയുടെ മിഷന്‍ പ്രവര്‍ത്തനങ്ങള്‍, പരുമല സെമിനാരി, പരുമല ആശുപത്രി, മിഷന്‍ സെന്‍ററുകള്‍, കോട്ടയം-നാഗ്പൂര്‍ വൈദീക സെമിനാരികള്‍, എക്യൂമെനിക്കല്‍ ഡിപ്പാര്‍ട്ട്മെന്‍റ് എന്നിവയുടെ റിപ്പോര്‍ട്ടും കണക്കും ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ്, ഡോ. യൂഹാനോന്‍ മാര്‍ തേവോദോറോസ്, ഫാ. എം.സി കുര്യാക്കോസ്, ഫാ.എം.സി പൗലോസ്, ഫാ. ഡോ. ഒ. തോമസ്, ഫാ. ഡോ. ബിജേഷ് ഫിലിപ്പ്, ഫാ. ഏബ്രഹാം തോമസ് എന്നിവര്‍ അവതരിപ്പിച്ചു.

ഓര്‍ത്തഡോക്സ് സഭയെ അപകീര്‍ത്തിപ്പെടുത്തുന്നവിധത്തില്‍ മന:പ്പൂര്‍വ്വം വ്യാജവാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്ത -മാധ്യമങ്ങളുടെ മാധ്യമ സംസ്ക്കാരത്തിന് ചേരാത്തതും അധാര്‍മ്മീകവുമായ നിലപാടില്‍ ഉത്കണ്ഠ രേഖപ്പെടുത്തി. കുറ്റാരോപിതരായ വൈദീകരുടെമേല്‍ അതാതു ഭദ്രാസന മെത്രാപ്പോലീത്താമാര്‍ കൈക്കൊണ്ട നടപടികള്‍ യോഗം അംഗീകരിച്ചു. ഭദ്രാസനങ്ങളില്‍ നിയോഗിച്ചിരിക്കുന്ന അന്വേഷണ കമ്മീഷനുകളുടെ പ്രവര്‍ത്തനം സമയബന്ധിതമായി പൂര്‍ത്തിയാക്കി ഉചിതമായ ശിക്ഷണ നടപടികള്‍ സ്വീകരിച്ച് പരിശുദ്ധ കാതോലിക്കാ ബാവായ്ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മെത്രാപ്പോലീത്താമാരോട് നിര്‍ദ്ദേശിച്ചു. വി. കുമ്പസാരം ഉള്‍പ്പെടെയുളള സഭയുടെ കൂദാശകളെ വികലമായി ചിത്രീകരിക്കുന്ന പ്രവണതകളെ യോഗം അപലപിച്ചു. വി. കൂദാശകളുടെ പവിത്രത കാത്തു സൂക്ഷിക്കുന്നതിനായുളള ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. സഭയുടെ കാനോനുകളും ഭരണഘടനയും രാജ്യത്തെ നിയമങ്ങളും അടിസ്ഥാനമായി പുരോഹിതസ്ഥാനികള്‍ക്കും സഭാസ്ഥാപനങ്ങളില്‍ സേവനമനുഷ്ഠിക്കുന്നവര്‍ക്കുമായി പെരുമാറ്റ മാര്‍ഗ്ഗരേഖ കാലീകമായി പുതുക്കി തയ്യാറാക്കുന്നതിനും വൈദിക സ്ഥാനികളെയും സഭാ ശുശ്രൂഷകരെയും സംബന്ധിച്ചുണ്ടാകുന്ന പരാതികള്‍ പരിഗണിച്ച് ഉപദേശം നല്‍കുന്നതിനായി څധാര്‍മ്മിക ഉപദേശക സമിതിچ നിയമിക്കുവാന്‍ തീരുമാനിച്ചു. 2017 ജൂലൈ 3 ന് ഉണ്ടായ ബഹു. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ മലങ്കര സഭയില്‍ ഐക്യവും സമാധാനവും കൈവരിക്കാനുളള ശ്രമങ്ങള്‍ തുടരും.