മലങ്കരസഭയ്ക്കു മാത്രമല്ല, കേന്ദ്ര-കേരള ഭരണകൂടങ്ങള്‍ക്കും, സുപ്രീംകോടതിക്കുമൊക്കെ അറിയാവുന്ന അവരെല്ലാം ആവര്‍ത്തിച്ചുറപ്പിച്ചിട്ടുള്ള ചില കാര്യങ്ങളുണ്ട്. അതെന്താണെന്നു ചോദിച്ചാല്‍, മലങ്കര ഓര്‍ത്തഡോക്സ് സുറിയാനിസഭയെ പങ്കുവയ്ക്കാനൊക്കില്ല. ശലോമോന്‍റെ കാലത്ത് ഒരു കുഞ്ഞിനെ പങ്കുവയ്ക്കാനായിട്ട് അതിനെ മുറിച്ച് രണ്ടാക്കാമെന്ന് പറഞ്ഞത് നാം ഓര്‍ക്കുന്നുണ്ടാകും. മുറിക്കാന്‍ സമ്മതിച്ചത് സ്വന്തം അമ്മയല്ല. ‘എന്‍റെ കുഞ്ഞ് മരിച്ചു. നിന്‍റെ കുഞ്ഞും മരിക്കട്ടെ. അതുകൊണ്ട് ഇതിനെ മുറിക്കാം, പങ്കുവെയ്ക്കാം’ എന്ന് ആ സ്ത്രീ വിചാരിച്ചു. അപ്പോള്‍ ശലോമോന് കാര്യം മനസ്സിലായി. സ്വന്തം അമ്മയാണെങ്കില്‍ ഒരിക്കലും കുഞ്ഞിനെ മുറിക്കാന്‍ സമ്മതിക്കുകയില്ലായെന്ന്. മലങ്കര ഓര്‍ത്തഡോക്സ് സഭയെയും മുറിക്കാനൊക്കുകയില്ല. നമ്മള്‍ ആരെയാണ് മുറിക്കേണ്ടത്? എന്‍റെ അമ്മ പഴയ യാക്കോബായക്കാരിയാണ്. എനിക്ക് എന്‍റെ അമ്മയുടെ കുടുംബത്തെ മുറിച്ചു മാറ്റാനൊക്കുമോ? നമ്മുടെ ഓരോരുത്തരുടെയും കുടുംബങ്ങളില്‍ യാക്കോബായ വിഭാഗം എന്നു പറയുന്നവര്‍ ഉണ്ട്. അത് സത്യമാണ്. അവരോട് നമുക്ക് ഒരു വിരോധവും ഇല്ല. അവരുടെ അറിവില്ലായ്മ മുതലെടുത്ത് അവരില്‍ ചില കുത്തിത്തിരുപ്പുകള്‍ ഉണ്ടാക്കുകയാണ്. സ്വാര്‍ത്ഥ ലാഭങ്ങള്‍ക്കുവേണ്ടി മാത്രമുള്ളതായിരുന്നു 1970 മുതലുള്ള കുത്തിത്തിരുപ്പുകള്‍. പഴയ ചരിത്രങ്ങളിലേയ്ക്കൊന്നും ഞാന്‍ പോകുന്നില്ല. എന്നാല്‍ കഴിഞ്ഞ 40-45 വര്‍ഷമായിട്ട് കാണുന്ന പ്രതിഭാസമെന്നു പറയുന്നത് അവനവനിസം (ശുദ്ധ മലയാളത്തില്‍ പറഞ്ഞാല്‍ തോന്ന്യവാസം) ആണ്. സ്ഥിരമായി നിയമലംഘനങ്ങള്‍ നടത്തുക എന്നത് ഇന്നും ഇന്നലെയും തുടങ്ങിയതൊന്നുമല്ല. പോലീസുകാരന്‍റെ കൈ വരെ കടിച്ചതാണ്. ഫീലിപ്പോസ് മാര്‍ തെയോഫിലോസ് തിരുമേനിയുടെ കാര്‍ കത്തിച്ചതാണ്. 1971-72 കാലത്ത് ആലുവായില്‍ നടന്ന കാര്യങ്ങളാണിതൊക്കെ. അന്നു മുതലേ തുടങ്ങിയതാണ്. അതു കഴിഞ്ഞ് അത് ഏതൊക്കെ രീതിയിലേക്ക് പോയി എന്ന് നമുക്കറിയാം. പാവപ്പെട്ട മനുഷ്യരെ പല വിധത്തില്‍ കബളിപ്പിച്ചു.
അപ്പോസ്തോല പ്രവൃത്തികള്‍ നമ്മള്‍ പഠിക്കുമ്പോള്‍ അവിടെ നമുക്ക് അറിയാവുന്ന ഒരു കാര്യമുണ്ട്. അര്‍ഹതയില്ലാത്തവന്‍റെ കൈയില്‍ നിന്നും പണം വാങ്ങിച്ചിട്ട് അവനു പരിശുദ്ധാത്മാവിന്‍റെ അധികാരങ്ങളെ കൊടുക്കാന്‍ ഒരു ശീമോന്‍ ശ്രമിച്ചു. അതിനെ ശീമോന്യപാപമെന്നാണ് വിളിക്കുന്നത്. ശീമോനും ശീമോനില്‍ നിന്നും കൈവയ്പ് വാങ്ങിയവരും എല്ലാം ശാപ ഗ്രസ്ഥരായിത്തീര്‍ന്നു.
ആ വിധത്തില്‍ യാതൊരു സാക്ഷ്യവുമില്ലാത്ത, പഠിത്തവും വിവരവുമില്ലാത്ത, കുറെ ആളുകളില്‍ നിന്ന് പണം വാങ്ങിച്ച്, അവര്‍ക്ക് ഓരോ സ്ഥാനങ്ങള്‍ കൊടുത്തിരിക്കുകയാണ്. വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടത്തുക, അക്രമം നടത്തുക, അവനവനിസം നടത്തുക – ഇത് കുറെ പാവങ്ങളെ വഴിതെറ്റിച്ചു. പണമുള്ളവരില്‍ നിന്ന് കുറെ പണം വാങ്ങിച്ചിട്ട് അവര്‍ക്ക് ഷെവലിയര്‍ തുടങ്ങിയ സ്ഥാനമാനങ്ങള്‍ കൊടുക്കുക. അച്ചന്മാരാണെങ്കില്‍ അവരെ കോറെപ്പിസ്ക്കോപ്പാമാരാക്കുക. ഔദ്യോഗികമായി വിവാഹം കഴിച്ചിട്ടില്ലാത്തവരെയൊക്കെ പണം വാങ്ങിച്ച് മുപ്പതും നാല്പതും ലക്ഷം വാങ്ങിച്ചിട്ട് ചുമന്ന കുപ്പായം കൊടുക്കുക, എന്നിട്ട് അവരെ റോഡില്‍ ഇരുത്തുക. എത്ര ആളുകളെ കബളിപ്പിച്ചെന്ന് അറിയാമോ? ഒന്നും രണ്ടും പേരെയല്ല. ഇന്നും അത് തുടരുകയാണ്, ദുഷ്ടനെ പന പോലെ വളര്‍ത്തുമെന്ന് നമ്മള്‍ വേദപുസ്തകത്തില്‍ വായിക്കുന്നു. അതുപോലെ, പ്രായമായാലും രോഗമായാലുമൊക്കെ പിന്നെയും പിന്നെയും എഴുന്നേറ്റ് നടക്കും. സാധാരണഗതിയില്‍ പ്രായമായാല്‍ മനുഷ്യന്‍ ചെയ്തു കൂട്ടിയതിനെയൊക്കെ ഓര്‍ത്ത് പശ്ചാത്തപിച്ച് “ദൈവമേ ക്ഷമിക്കേണമേ” എന്ന് നിലവിളിച്ച് “കുറിയേലായിസോന്‍” പറഞ്ഞ് എവിടെയെങ്കിലുമൊന്ന് ഇരിക്കും. ഇത് അതുമില്ല. അതിനൊക്കെ ചില കാരണങ്ങളുമുണ്ട്. ഇപ്പോള്‍ കോടതി നോട്ടീസ് അയച്ചിരിക്കുകയാണ്. കോടതി ഇതുവരെയൊക്കെ ഇങ്ങനെ ക്ഷമിച്ച് ക്ഷമിച്ചൊക്കെ നിന്നു. ഇപ്പോള്‍ നോട്ടീസ് അയച്ചിരിക്കുകയാണ്. ഇനിയും വരും. മലങ്കര വര്‍ഗീസ് ചേട്ടന്‍റെ രക്തത്തിന് പ്രതിവിധിയാകുന്നതുവരെയും ഇനിയും ഇതൊക്കെ തുടര്‍ന്നുകൊണ്ടിരിക്കും. ചിലതൊക്കെ കണ്ടേ ചിലര്‍ പോകുകയുള്ളു. നേരത്തെ പോകുക എന്നത് ഒരു ഭാഗ്യമാണ്. നമ്മുടെ വിചാരം നേരെ മറിച്ചാണ്. “അയ്യോ… അയാള്‍ പോയതു കണ്ടോ, ശാപമാണ്” എന്നാണ് നമ്മള്‍ വിചാരിക്കുന്നത്. നന്മയില്‍ നേരത്തെ പോകാനൊക്കുന്നത് മഹാഭാഗ്യമാണ്.
ചീഞ്ഞ് അളിഞ്ഞ് ആത്മാവിനെ സ്വീകരിക്കാനാളില്ലാതെ നില്‍ക്കേണ്ടുന്ന ഒരു അവസ്ഥയാണ് നിര്‍ഭാഗ്യമെന്നു പറയുന്നത്. ഞാന്‍ അതിലേക്കൊന്നും കടക്കുന്നില്ല. നമുക്ക് പറയാനുള്ളത് ഇത്രയുമേയുള്ളു. നമുക്ക് മുറിക്കാനൊക്കുകയില്ല. മുറിക്കാനാണെങ്കില്‍ ഒരു ബുദ്ധിമുട്ടും ഇല്ല. വീട്ടില്‍ രണ്ട് കുട്ടികള്‍ ഉണ്ടെങ്കില്‍ അവര്‍ പറയുകയാണ്, ‘നമുക്ക് ഈ അപ്പനെയങ്ങ് മുറിച്ചെടുക്കാമെന്ന്’. അങ്ങനെ പറ്റുമോ? ‘എന്‍റെ അപ്പനാണ്, നിന്‍റെ അപ്പനാണ്. എന്നാലൊരു കാര്യം ചെയ്യാം, മുറിച്ചിട്ട് നീ ഒരു കഷണമെടുത്തോ, ഞാനൊരു കഷണം എടുത്തോളം.’ അങ്ങനെ പറ്റുമോ? ചിലര്‍ കാണുന്നത് സഭയെ സ്വത്തായിട്ടാണ്. സഭ സ്വത്തല്ല. സഭ ആത്മാവാണ്. ദൈവത്തിന്‍റെ സഭയാണ്. പ. മാര്‍ത്തോമ്മാ ശ്ലീഹായാല്‍ സ്ഥാപിതമായ സഭയാണ്. അതിനെ മുറിക്കാനൊക്കുകയില്ല എന്ന് നമ്മള്‍ മാത്രമല്ല പറഞ്ഞത്, നിയമം പഠിച്ച എല്ലാവരും ചേര്‍ന്ന് പറഞ്ഞു. ഇത് സ്വത്തിന്‍റെ തര്‍ക്കമല്ല. നമുക്കിത് വിഭജിക്കാനൊക്കുകയില്ല. നാം ഏകോദര സഹോദരങ്ങളാണ്. ഒരേ വിശ്വാസത്തില്‍ വളര്‍ന്നവരാണ്. എന്‍റെ വാക്കൊന്നുമല്ല. പ. ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവായുടെ വാക്കുകളാണ്. 1958-ല്‍ ഏറെ സ്നേഹത്തോടെയും ബഹുമാനത്തോടെയുമാണ് പരസ്പരം സ്വീകരിച്ച് ഒന്നിച്ചു മുന്നോട്ടു പോകാമെന്ന് തീരുമാനമെടുത്തത്. ഓര്‍ത്തഡോക്സ് സഭയില്‍ നാലാം ക്ലാസും ഗുസ്തിയും പാചകകലയും അറിയാവുന്നവന് മെത്രാനാകണം എന്നു വിചാരിച്ചാല്‍ നടക്കുകയില്ല. മറ്റ് പല കലാപരിപാടികളും അറിയാമായിരുന്നു. അപ്പോള്‍ അങ്ങനെയുള്ള കലാപരിപാടിക്കാര്‍ക്കൊന്നും മലങ്കരസഭയില്‍ സ്ഥാനമില്ല. അവര്‍ക്കൊക്കെ സ്ഥാനം കിട്ടുന്ന ഒരു സ്ഥലമുണ്ട്. അതുകൊണ്ടാണ് ആ സ്ഥലത്തെ മറക്കാന്‍ പലര്‍ക്കും ഇത്ര പ്രയാസം. അമ്മയെ മറന്നാലും തുര്‍ക്കിയിലെ ഒരു സ്ഥലത്തെ മറക്കുകയില്ലെന്നാണ് പറയുന്നത്. ഒരു കാലത്ത് ക്രിസ്ത്യാനി എന്ന് പേരു വിളിക്കപ്പെട്ട സ്ഥലമാണ് അന്ത്യോഖ്യ. അതിനെക്കുറിച്ച് നമുക്ക് അഭിമാനവും സന്തോഷവുമാണ്. എന്നാല്‍ ഇപ്പോള്‍ അവിടെ ഒന്നും ഇല്ല. സിറിയയിലും ഇല്ല. അന്ത്യോഖ്യയുടെ വിശ്വാസത്തെക്കുറിച്ചാണ് പറയുന്നതെങ്കില്‍ നല്ല കാര്യം. ആര് പറഞ്ഞു അതിനെ മറക്കാന്‍. നമ്മള്‍ മറന്നിട്ടില്ല; മറക്കുകയുമില്ല. ഒന്നാം തുബ്ദേനില്‍ പൗരസ്ത്യ ഓര്‍ത്തഡോക്സ് സഭയുടെ (ഓറിയന്‍റല്‍ ഓര്‍ത്തഡോക്സ് സഭയുടെ) പിതാക്കന്മാരെ ഓര്‍ക്കുമ്പോള്‍ പത്രോസിന്‍റെ പിന്‍ഗാമി എന്നുള്ളതുകൊണ്ട് ഇഗ്നാത്യോസിനെയാണ് ഇന്നും ആദ്യം ഓര്‍ക്കുന്നത്. അത് കഴിഞ്ഞാണ് മാര്‍ത്തോമ്മായുടെ പിന്‍ഗാമിയായ ബസേലിയോസിനെ ഓര്‍ക്കുന്നത്. ആരെയും പേടിച്ചിട്ടൊന്നുമല്ല. സുപ്രീംകോടതി വളരെ വ്യക്തമായിട്ട് പറഞ്ഞു, എല്ലാം എടുത്തു കളഞ്ഞോളൂ, നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് മാത്രം ഉള്‍പ്പെടുത്തി ഭരണഘടന പരിഷ്ക്കരിച്ചുകൊള്ളൂ എന്ന്. എന്നിട്ടു നമ്മള്‍ ചെയ്യുന്നില്ല. കാരണം, ഇതില്‍ വലിയ ഒരു ബന്ധമുണ്ട്. അത് കളയണ്ടെന്ന് കരുതിയാണ്. ആരെയും പേടിച്ചിട്ടല്ല.
നമ്മള്‍ ഭാരതീയരാണ്. നമുക്ക് മാര്‍ത്തോമ്മാശ്ലീഹാ ഇങ്ങോട്ടുവന്ന് കര്‍ത്താവിന്‍റെ സുവിശേഷം തന്നതാണ്. തോമാ ശ്ലീഹാ ഇടയ്ക്കിടയ്ക്ക് അങ്ങോട്ടു പോകാന്‍ പറഞ്ഞില്ല. അങ്ങോട്ടു പോയിട്ട് ഒന്നും കിട്ടാനുമില്ല. ആര്‍ക്കെങ്കിലും അങ്ങനെയൊക്കെ പോകാന്‍ ആഗ്രഹമുള്ളവര്‍ പൊയ്ക്കോട്ടെ. ഞാനും അടുത്ത വര്‍ഷം അങ്ങോട്ടെന്നു പോകുന്നുണ്ട്. നിങ്ങള്‍ തെറ്റിദ്ധരിക്കരുത്. എന്‍റെ കൂട്ടുകാരനാണ് അര്‍മ്മീനിയന്‍ ഓര്‍ത്തഡോക്സ് സഭയുടെ ഡമാസ്ക്കസിലെ ബിഷപ്പ്. അദ്ദേഹം കുറെ നാളായിട്ട് വിളിക്കുന്നുണ്ട്. ഞാന്‍ പോകാത്തത് എന്താണെന്നു വച്ചാല്‍, യൂലിയോസ് തിരുമേനി ഡമാസ്ക്കസില്‍ പോയി എന്നു പറഞ്ഞാല്‍ മനുഷ്യന്‍ തെറ്റിദ്ധരിക്കും. അത് വേണ്ടല്ലോ എന്ന് വിചാരിച്ചിട്ടാണ്. പക്ഷേ അടുത്ത വര്‍ഷം കൂട്ടുകാരനെ കാണാന്‍ ഞാന്‍ ഡമാസ്ക്കസിലൊന്നു പോകുന്നുണ്ട്. അവിടെ നിന്ന് അര്‍മീനിയന്‍ ഓര്‍ത്തഡോക്സ് സഭയുടെ കേന്ദ്രമായ ഇരവാനില്‍ പോകാനായിട്ട് ക്ഷണമുണ്ട്. 2019-ല്‍ ദൈവം സഹായിച്ചാല്‍ പോകണമെന്ന് ആഗ്രഹിക്കുന്നു.
അമ്മയെ മറന്നാലും അന്ത്യോഖ്യയെ മറക്കില്ല എന്നാണ് ചിലരുടെ മുദ്രാവാക്യം. അമ്മയെ മറന്നാലും എന്നൊരു വ്യവസ്ഥ നമുക്ക് വയ്ക്കാനൊക്കുമോ? അമ്മയെ മറക്കുന്നവന് പിന്നെ അപ്പനെ മറക്കുന്നതിന് വല്ല പ്രയാസവുമുണ്ടോ? കാരണം അമ്മയാണ് പറയുന്നത്, ഇതാണ് നിന്‍റെ അപ്പനെന്ന്. അപ്പോള്‍ അമ്മയെ മറക്കുക, അപ്പനെ വേണ്ടാ എന്നും വയ്ക്കുക, ഇതൊക്കെയാണ് നമ്മളെ എതിര്‍ക്കുന്ന നമ്മുടെ സഹോദരങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ഓര്‍ത്തഡോക്സ് സഭ പൂ ചോദിച്ചപ്പോള്‍ ഒരു പൂക്കാലമാണ് കൊടുത്തത് എന്നാണ് അതിനകത്ത് അല്പമെങ്കിലും വിവരമുണ്ടെന്ന് വിചാരിക്കുന്ന ഒരാള്‍ പറഞ്ഞത്. നാക്കു പിഴച്ചതല്ല. അതാണ് സത്യം. അതൊരു പ്രവചനം തന്നെ ആയിരുന്നു. അപ്പോള്‍ ഇതൊക്കെ അറിയാം. എന്നാലും പാവപ്പെട്ട മനുഷ്യനെ വഴിയിലിറക്കിയിട്ട് (ഇന്നലെ ഇവിടെ സണ്ടേസ്കൂള്‍ കുട്ടികളെ റോഡിനു നടുക്ക് നിര്‍ത്തി) മനുഷ്യ മതില്‍ പണിയുകയാണ്. ഞാന്‍ പറയുന്നു, കുന്നംകുളത്തെ ഒറ്റ പള്ളിയിലെ ആള്‍ വന്നാല്‍ മതി, ചേലക്കര വില്ലേജില്‍ പിന്നെ സൂചികുത്താന്‍ സ്ഥലം കാണുകയില്ല. ആവശ്യമുള്ളപ്പോള്‍ എല്ലാവരും ഇവിടെ വരും. അതിന് സംശയമൊന്നും വേണ്ട.
കൊടും വഞ്ചന, ചതി എന്നിവ ഉപയോഗിച്ച് ഒരുപാട് കാര്യങ്ങള്‍ ആര്‍ജിച്ചിരിക്കുന്നു. ഈ ആര്‍ജിച്ചതൊക്കെ സ്വന്തം പേരിലുള്ള ട്രസ്റ്റ് ആക്കിയിരിക്കുകയാണ്. ഭരണഘടനയില്ല, കണക്കില്ല, തിരഞ്ഞെടുപ്പുകള്‍ ഇല്ല. അത്തരത്തിലൊരു പരിപാടിയും കൊണ്ടു നടക്കുകയാണ്. മലങ്കരസഭയില്‍ അതിനി നടക്കില്ല. വീട് അടിച്ചു ശുദ്ധീകരിക്കുന്നതരത്തിലുള്ള ശുദ്ധീകരണമാണ് 2017 ജൂലൈ 3-നു വി. മാര്‍ത്തോമ്മാ ശ്ലീഹായുടെ ദുഖ്റോനോ പെരുന്നാളില്‍ നടന്നത്. അങ്ങനെ ശുദ്ധീകരിച്ചെടുത്തിടത്ത്, ഒരാത്മാവിനെ ഇറക്കിവിട്ടിടത്ത് ഏഴ് ദുരാത്മാക്കളെ കയറ്റി ഇരുത്താന്‍ മലങ്കരസഭയുടെ പ. ബാവാ തിരുമേനി ആഗ്രഹിക്കുന്നില്ല. അദ്ദേഹം വളരെ വ്യക്തമായിട്ടാണത് പറഞ്ഞത്. ഞാന്‍ ഒന്നു കൂടി ആവര്‍ത്തിക്കുകയാണ്. അദ്ദേഹം പറഞ്ഞു, പ. മാര്‍ത്തോമ്മാ ശ്ലീഹായുടെ സഭയ്ക്ക് ഇനി ഒരു വിദേശ ഊന്നുവടിയുടെ ആവശ്യമില്ല. ഭിക്ഷയ്ക്കു വന്നവന്‍ വീട്ടിന്നധികാരിയാകണ്ട. ഇവിടെ ഓരോ കാലത്തും വന്നിട്ടുള്ളവര്‍, നമ്മളെ നന്നാക്കാന്‍ വന്നതല്ല. കര്‍ത്താവിന്‍റെ സുവിശേഷം പറയാന്‍ പ. തോമ്മാ ശ്ലീഹാ വന്നു. അദ്ദേഹം നമ്മളെ നന്നാക്കാന്‍ വന്നതാണ്. പിന്നീട് അവിടെ നിന്ന് ഇങ്ങോട്ട് നമ്മള്‍ ഇവിടെ ഉണ്ടെന്നു അറിഞ്ഞിട്ട് വന്നവര്‍ ആണ്. നാലാം നൂറ്റാണ്ടു മുതലുള്ള കുടിയേറ്റങ്ങളുടെയൊക്കെ ചരിത്രമെടുത്താല്‍, അവരവര്‍ ജീവിക്കുന്ന സ്ഥലത്ത് ഭാരങ്ങളും പ്രയോസങ്ങളും പീഡനങ്ങളും ഒക്കെ ഉണ്ടാകുമ്പോള്‍ അവര്‍ അറിയുകയാണ്, ഭാരതത്തിലൊരു സഭയുണ്ട്, തോമാശ്ലീഹാ സ്ഥാപിച്ച ഒരു സഭയാണ്. പീഡനങ്ങള്‍ ഇല്ലാത്ത ഒരു സഭയാണ്. അവിടെ ചെന്നാല്‍ നമ്മളെ സ്വീകരിക്കാന്‍ തയ്യാറാണ്. അവിടെ ചെന്നാല്‍ ജോലി എടുത്താല്‍ മര്യാദയ്ക്കു ജീവിക്കാം. ഇന്ന് ലക്ഷക്കണക്കിനു ബംഗാളികളും ഒഡീഷക്കാരുമൊക്കെ കേരളത്തില്‍ വരുന്നത് എന്തിനാണ്? ഇവിടെ ജോലി ചെയ്താല്‍ ജീവിക്കാം. കുരുത്തക്കേടുകള്‍ ഉണ്ടാക്കുന്നുണ്ടാവാം. അത് എല്ലാവരുടെയും കൈയില്‍ കുറച്ചുണ്ടാവാം. അങ്ങനെ അതതുകാലത്ത് ഇവിടെ വന്നിട്ടുണ്ട്. അവരെയെല്ലാം നമ്മള്‍ സ്വീകരിച്ചിട്ടുണ്ട്. അവരെയെല്ലാം നമ്മള്‍ ചേര്‍ത്തിട്ടുണ്ട്. അവരെയെല്ലാം നമ്മള്‍ ബഹുമാനിച്ചിട്ടുണ്ട്. ചിലര്‍ ഒരു വാദം പറയും. നിങ്ങള്‍ എന്തിനാണ് സുറിയാനി പറയുന്നത്? നമ്മള്‍ എന്തിനാണ് സുറിയാനി പറയുന്നത്? നമ്മള്‍ സുറിയാനി പറയുന്നത് നമ്മള്‍ സുറിയാനിക്കാര്‍ ആയതുകൊണ്ടാണ്. നമ്മള്‍ സുറിയാനിക്കാര്‍ ആയത് എങ്ങനെയാണ്? നമ്മുടെ കര്‍ത്താവ് അരമായ ഭാഷയാണ് സംസാരിച്ചത്. പ. തോമ്മാശ്ലീഹാ ഭാരതത്തില്‍ വന്നപ്പോള്‍ അദ്ദേഹം സംസാരിച്ചതും അരമായ ഭാഷയിലാണ്. ഇവിടെ സുവിശേഷം ആദ്യം പ്രസംഗിച്ചത് യഹൂദന്മാരോടാണ്. ഇവിടെ യഹൂദന്മാര്‍ അന്നുണ്ട്. പൗരസ്ത്യ സഭയുടെ ആരാധന ഭാഷ സുറിയാനിയാണ്. നമുക്ക് സുറിയാനി അറിയാവുന്നതുകൊണ്ടാണ്, സുറിയാനി അറിയുന്ന വിദേശികള്‍ ഇങ്ങോട്ടു വന്നത്. അല്ലാതെ അവര്‍ വന്ന് ഇവിടെ സുറിയാനി പഠിപ്പിച്ചതല്ല. ആദ്യമായിട്ടൊരു പാത്രിയര്‍ക്കീസ് മലങ്കരയില്‍ വരുന്നത് 19-ാം നൂറ്റാണ്ടിന്‍റെ ഉത്തരാര്‍ദ്ധത്തിലാണ്; പാശ്ചാത്യ സുറിയാനി സംസാരിക്കുന്ന ഒരു പിതാവ് വരുന്നത്. അതിനു മുമ്പ് ഇവിടെ വന്നിരുന്ന പിതാക്കന്മാര്‍ മാര്‍ത്തോമ്മാ ശ്ലീഹായുടെ പിന്‍ഗാമികള്‍ ആയിരുന്നു. പ. യല്‍ദോ ബസേലിയോസ് ബാവാ ആരാണ്? മാര്‍ത്തോമ്മാ ശ്ലീഹായുടെ പിന്‍ഗാമിയാണ്. പൗരസ്ത്യ സുറിയാനിസഭയുടെ അംഗങ്ങളാണ്, ശക്രള്ളാ മഫ്രിയാനാ തുടങ്ങിയവരെല്ലാം. യൂഫ്രട്ടീസ്-ടൈഗ്രീസ് നദിയുടെ രണ്ടു കരകളാണ്. ഒരു ഭാഗം റോമാ സാമ്രാജ്യത്തിനകത്ത്, മറുഭാഗം പേര്‍ഷ്യന്‍ സാമ്രാജ്യം. ആ പ്രദേശങ്ങളിലാണ് ആദ്യകാലം മുതല്‍ ക്രിസ്ത്യാനികള്‍ തിങ്ങിപ്പാര്‍ത്തത്. അവരുടെ ഭാഷ സുറിയാനിയാണ്. തൃശൂരെയും കുന്നംകുളത്തെയും ഭാഷയുടെ പ്രയോഗത്തിന് വ്യത്യാസമുള്ളതുപോലെ പലതരം സുറിയാനികള്‍ അതിനകത്തുണ്ട്. ഉകാരപ്രിയമായിട്ടുള്ള (സ്ലീബോ, സ്കീദോ, തബറോദ് ആലോഹോ) അങ്ങനെ സുറിയാനി പറയുന്ന പാശ്ചാത്യ സുറിയാനിയുണ്ട്. മറുഭാഗത്ത് കല്‍ദായ സുറിയാനിയുണ്ട് (സ്ലീബാ കാദീശാ, തബ്ലൈത്താ, പീലാസാ). അവര്‍ക്ക് അകാരപ്രിയമാണ്. എന്നാല്‍ ഇത് രണ്ടും ഒരേ സഭയാണ്. അന്ത്യോഖ്യയിലും കിഴക്കൊക്കെയിലും പ. പത്രോസ് ശ്ലീഹായുടെ പിന്‍ഗാമികളായിട്ടുള്ളവര്‍. പേര്‍ഷ്യയിലും അതിന്‍റെ അന്നത്തെ ആസ്ഥാനം ഉറഹാ, മെസപ്പട്ടോമിയ, അവിടെ നിന്നിങ്ങോട്ടെല്ലാം പൗരസ്ത്യ സുറിയാനിക്കാരാണ്. അവര്‍ കല്‍ദായക്കാരെന്നും മറ്റും പല പേരുകളില്‍ അറിയപ്പെട്ടിട്ടുണ്ട്. തോമാശ്ലീഹായെ അങ്ങോട്ട് അയച്ചത് കര്‍ത്താവാണ്. പത്രോസ് ശ്ലീഹായല്ല. “എന്‍റെ സ്വര്‍ഗ്ഗാരോഹണത്തിനുശേഷം ഒരു ശ്ലീഹായെ ഞാന്‍ അങ്ങോട്ട് അയക്കുമെന്ന്” അബ്ഗാര്‍ രാജാവിന് കര്‍ത്താവ് എഴുത്തെഴുതി എന്നാണ് പാരമ്പര്യം. അങ്ങനെയാണ് ഉറഹായില്‍ സഭ ആരംഭിക്കുന്നത്. ആ ഉറഹായില്‍ നിന്നുള്ള പിതാക്കന്മാരുടെ പാരമ്പര്യമാണ്, അണ മുറിയാത്ത പാരമ്പര്യമാണ് 1865 വരെ മഫ്രിയാനാമാരായിട്ട് പൗരസ്ത്യ സഭയില്‍ ഉള്ളത്. അപ്പോള്‍ ചേട്ടനും അനിയനും തമ്മിലുള്ള ബന്ധം പോലെ എന്തോ ഒന്ന് നിലനിന്നിട്ടുണ്ട്. പൗരസ്ത്യസഭയില്‍ നെസ്തോറിയന്‍ വേദവിപരീതം വന്നപ്പോള്‍, അതുപോലെതന്നെ ഇസ്ലാമിക പീഡനം വന്നപ്പോഴൊക്കെ സഭ അവിടെ ശിഥിലീകരിച്ചപ്പോള്‍ നദിയുടെ അക്കരയിലെ അന്ത്യോഖ്യയില്‍ നിന്ന് തീര്‍ച്ചയായിട്ടും സഹായങ്ങള്‍ സ്വീകരിച്ചിട്ടുണ്ട്. അതിന്‍റെ അര്‍ത്ഥം അതിന്‍റെയെല്ലാം അധിപന്‍ അന്ത്യോഖ്യാ പാത്രിയര്‍ക്കീസ് ആണെന്നല്ല.
ഇപ്പോഴും ഇന്ത്യയിലെ നിയമങ്ങളൊന്നും അറിയാന്‍ പാടില്ലാഞ്ഞിട്ടല്ല. പ. ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവായ്ക്ക് ഇന്ത്യയിലെ നിയമങ്ങളൊന്നും അറിയാന്‍ പാടില്ലാഞ്ഞിട്ടല്ല. എന്തുകൊണ്ടാണ് കൂടെ നില്‍ക്കുന്നത് എന്നറിയാമോ? മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയില്‍ വന്നാല്‍ നല്ല സ്ഥാനവും മാനവുമൊക്കെ കിട്ടും. സംശയമൊന്നും വേണ്ട. നമ്മള്‍ എത്യോപ്യന്‍ സഭയുടെയും അര്‍മ്മീനിയന്‍ സഭയുടെയും മറ്റും പിതാക്കന്മാരെ ഏറെ ബഹുമാനത്തോടെയാണ് ആദരിച്ചത്. സ്ഥാനവും മാനവുമൊക്കെ കിട്ടും. പക്ഷേ അടിച്ചുമാറ്റാന്‍ സാധിക്കുകയില്ല. മറ്റവരുടെ കൂടെ നിന്നാല്‍ പാവപ്പെട്ട മനുഷ്യരെല്ലാം കൊണ്ടുപോയി കൊടുക്കും. അങ്ങോട്ടു പോകുമ്പോള്‍ ടിക്കറ്റ് മാത്രം എടുത്താല്‍ പോരാ, ചിലപ്പോള്‍ തിരുമുല്‍കാഴ്ചയൊക്കെ കൊടുക്കണം.
കോടതികളില്‍ കുറെ റിട്ട് കൊടുക്കുക, പെറ്റീഷന്‍ കൊടുക്കുക, റിവ്യൂ കൊടുക്കുക ഇതാണ് പരിപാടി. പാവപ്പെട്ട സ്ത്രീകളുടെയെല്ലാം മാലയും വളയുമൊക്കെ വാങ്ങിച്ചു വച്ചിരിക്കുകയാണ്. അച്ചന്മാരുടെ പെന്‍ഷന്‍ ഫണ്ടൊക്കെ എടുത്തു തീര്‍ത്തു. അവരൊക്കെ ഇപ്പോള്‍ കൊടി പിടിക്കുകയാണ്. അപ്പോഴൊക്കെ പറഞ്ഞു, ഇപ്പോള്‍ വിധി വരും എന്ന്. ഇനി ഒരു ഭരണഘടനാ ബഞ്ചിലാണ് അവസാന ആശ്രയം വച്ചിരിക്കുന്നത്. ഭരണഘടനാ ബഞ്ചുള്ളത് ഇത്തരം പരിപാടിക്കല്ല. ഭരണഘടനാപരമായി രാഷ്ട്രത്തിന് വലിയ പ്രശ്നങ്ങള്‍ വരുമ്പോഴാണ് ആ ബഞ്ച് കൂടുന്നത്. റിവ്യൂ കൊടുക്കാം, ഐ.എ. കൊടുക്കാം. എന്നെല്ലാം പറഞ്ഞ് പാവം വിശ്വാസികളെ പറ്റിക്കുന്നു. 2017 ജൂലൈ 3 വിധിക്കെതിരെ ഒരു കോടതിയും ഒരിടത്തും ഒരു വിധിയും ഇനി പറയുകയില്ല.
അച്ചന്‍ ഇവിടെ പറഞ്ഞു, “എന്‍റെ മക്കളാണ്. ഞാന്‍ വന്ന് സംസ്ക്കരിക്കാം” എന്ന്. ഇനി അതല്ല ധിക്കാരം കാണിച്ച് ശവം കുഴിച്ചിടാനുള്ള സ്ഥലമാണോ നമ്മുടെ സെമിത്തേരി. ഞങ്ങള്‍ക്ക് തെറ്റു പറ്റി എന്നു പറഞ്ഞ് ഇപ്പോള്‍ വരുന്നുണ്ട്. അപ്പോള്‍ നമ്മള്‍ എന്താണ് പറയുന്നത്, തെറ്റു പറ്റിയെന്നും പറയണ്ട. മര്യാദയ്ക്കു വന്നാല്‍ മതി. എല്ലാവര്‍ക്കും വരാം. ചേലക്കരപള്ളിയില്‍ ആരോടും കയറണ്ടാ എന്നു പറഞ്ഞിട്ടില്ല. മലങ്കരസഭയുടെ മക്കള്‍ക്ക് എല്ലാവര്‍ക്കും ഇവിടെ പ്രവേശിക്കാം. അമ്മയെ മറക്കാതെ, അമ്മയെ അപ്പനെയും ഓര്‍ത്ത്, ആവശ്യമില്ലാത്ത മറ്റ് കാര്യങ്ങളൊക്കെ മറന്ന്, വിശ്വാസികള്‍ പല പള്ളികളിലും വരികയാണ്. നല്ലൊരു ക്യാന്‍സര്‍ വന്നാല്‍ റേഡിയേഷന്‍ വേണം, കീമോ വേണം, ഓപ്പറേഷന്‍ വേണം. ആ ഒരു പ്രക്രിയ ആണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ഈ റേഡിയേഷനും കീമോയും ഓപ്പറേഷനുമൊക്കെ കഴിയുമ്പോള്‍ ക്യാന്‍സറസ് ആയിട്ടുള്ള അണുക്കളൊക്കെ ചത്തൊടുങ്ങും. അതല്ലാതെ വേറെ മാര്‍ഗ്ഗമൊന്നുമില്ല. ക്യാന്‍സര്‍ മാറും. രോഗിയെ തിരിച്ചു കിട്ടും.
അതുകൊണ്ട് ചേലക്കരയിലെ വിശ്വാസികള്‍ അശേഷം പോലും പേടിക്കേണ്ട. നിങ്ങളുടെ കൂടെ പ. സഭ ഉണ്ട് എന്നതാണ് എനിക്ക് ആവര്‍ത്തിക്കാനുള്ളത്. നമ്മുടെ സഭയ്ക്കകത്ത് ചിലര്‍ ഉണ്ട്, “എന്തിനാണ് ഇങ്ങനെ, നമുക്കെല്ലാം കെട്ടിപ്പിടിച്ചു കൂടെ” എന്നു ചോദിക്കുന്നവര്‍. പിശാച് വന്നപ്പോള്‍ കര്‍ത്താവ് പിശാചിനെ കെട്ടിപ്പിടിച്ചോ? പിശാച് പല പരീക്ഷണങ്ങള്‍ ആവര്‍ത്തിച്ചപ്പോള്‍ കര്‍ത്താവ് ‘പിശാചേ പിറകോട്ടു പോകൂ’ എന്ന് പറഞ്ഞു. അപ്പോള്‍ അനീതിയെ കെട്ടിപ്പിടിക്കാനൊക്കുകയില്ല. പാപത്തെ കെട്ടിപ്പിടിക്കാനൊക്കുകയില്ല. പാപിയെ കെട്ടിപ്പിടിച്ചു മാനസാന്തരപ്പെടുത്താം. ആ പ്രക്രിയ ആണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. അതിന്‍റെയിടയ്ക്ക് തിരക്കു കൂട്ടി ചിലരൊക്കെ പല പരിപാടികള്‍ നടത്തുന്നുണ്ട്. ചിലര്‍ ചോദിക്കുന്നു, എന്തിനാണ് വഴക്കു കൂടാന്‍ പോകുന്നതെന്ന്. ഒരുത്തരും വഴക്കുകൂടാന്‍ പോയിട്ടില്ല.
പ. ബാവാ തിരുമേനി സഭയുടെ പ്രധാന ചുമതലക്കാരനായി നില്‍ക്കുമ്പോള്‍ അദ്ദേഹത്തിന് ഡിപ്ലോമസി വേണം, പറയേണ്ടവരോട് ചിലപ്പോഴൊക്കെ ബോള്‍ഡായിട്ട് പറയാനറിയണം. ചില പ്രത്യേക നിലപാടുകള്‍ എടുക്കേണ്ടി വരും. ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും നമുക്ക് പ്രത്യേക സ്നേഹവുമില്ല, സ്നേഹക്കുറവുമില്ല. പക്ഷേ, ഒരു പ്രത്യേക സമയത്ത് പറയേണ്ടി വന്നു. ഇറക്കിവിടേണ്ടവനെ ഇറക്കി വിട്ടു. ഒരു ആഭ്യന്തരമന്ത്രിയെയാണ് ഇറക്കിവിട്ടത്; ചില്ലറക്കാരനെയൊന്നുമല്ല. “ഒന്നുകില്‍ സാറിവിടെ ഇരുന്നോ, ഞാന്‍ പോകാം, അല്ലെങ്കില്‍ ഞാനിവിടെ ഇരിക്കാം സാര്‍ പൊയ്ക്കോ. സാറിനെ ഞാന്‍ വിളിക്കാം. സാറിനെ ഞാന്‍ വിളിച്ചിട്ടല്ല ഇപ്പോള്‍ വന്നത്.” ഇങ്ങനെ പറയാനുള്ള തന്‍റേടം സഭയ്ക്കുണ്ട്. ആവശ്യമെങ്കില്‍ രാഷ്ട്രീയ നിലപാടുകള്‍ എടുക്കാനുള്ള തന്‍റേടവും സഭയ്ക്കുണ്ട്. ഞാന്‍ രാഷ്ട്രീയം പറയാനൊന്നും ആഗ്രഹിക്കുന്നില്ല. ചെങ്ങന്നൂരൊക്കെ അത്തരത്തിലുള്ള നിലപാടുകള്‍ തന്നെയാണ് സഭ എടുത്തത്. അതിന്നര്‍ത്ഥം സഭയെ ആര്‍ക്കും തീറെഴുതി കൊടുത്തെന്നുമല്ല. ഇനി ഓര്‍ത്തഡോക്സ് സഭ ഞങ്ങളുടെ കൂടെയാണ് എന്ന് ഇപ്പോള്‍ ചിലര്‍ വിചാരിക്കുന്നു. അങ്ങനെയൊന്നുമില്ല. അല്പംകൂടി കാത്തിരിക്കുകയാണ്. മലങ്കരസഭയെ ആര്‍ക്കും തീറെഴുതി കൊടുത്തിട്ടില്ല. ഒരു ഔദാര്യവും മലങ്കരസഭ ചോദിക്കുന്നുമില്ല. ഏതെങ്കിലും കോടതി ഏതെങ്കിലുംവിധത്തില്‍ ആര്‍ക്കെങ്കിലും എന്തെങ്കിലും കൊടുക്കണമെന്നു പറഞ്ഞിട്ടുണ്ടെങ്കില്‍ സഭ അത് കൊടുക്കും. പക്ഷേ തിരിച്ചാണ് പറഞ്ഞിട്ടുള്ളതെങ്കില്‍ അത് നേടിയെടുക്കും. ചിലരൊക്കെ ഇപ്പോള്‍ ഉപദേശിയുടെ റോളാണ് കളിക്കുന്നത്. ആളുടെ പേര് പറയുന്നില്ല. നിങ്ങള്‍ക്ക് വേണമെങ്കില്‍ മനസ്സിലാകും. സിറിയില്‍ ഉള്ള ഒരാള്‍ക്ക് എഴുത്തെഴുതി വരുത്തുക. എന്നിട്ട് വീട്ടില്‍ കാപ്പി കൊടുക്കുക. എന്നിട്ട് വര്‍ത്തമാനം പറയുക. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലും അഞ്ചും ആറും ഗ്രൂപ്പുകള്‍ ഇല്ലേ? അവരെയൊക്കെ ഒന്നു വിളിച്ചുവരുത്തി കാപ്പി കൊടുത്തിട്ട് സുവിശേഷം പറയാത്തത് എന്താണ്? ആ സുവിശേഷം ഒരു ദുഷ്ടലാക്കില്‍ ആയിരുന്നു. വിളിച്ച ആള്‍ക്ക് അറിയില്ലായിരുന്നു ഇതിനകത്തെ കള്ളക്കളി എന്താണെന്ന്. അദ്ദേഹം വിചാരിച്ചു, ചിലപ്പോള്‍ ഇങ്ങനെയങ്ങു തീരുമെന്ന്. പിന്നീട് അദ്ദേഹത്തിനു കാര്യങ്ങള്‍ മനസ്സിലായി. സത്യവാങ്മൂലം എന്നു പറഞ്ഞ് അസത്യ വാങ്മൂലം കോടതിയില്‍ കൊടുക്കാന്‍ നോക്കി. എടുത്ത് ദൂരെക്കളഞ്ഞു. വലിയ ബഹളമുണ്ടാക്കി സുപ്രീംകോടതിയില്‍ കൊണ്ടുപോയി റിവ്യൂ പെറ്റീഷന്‍ കൊടുത്തു. അതും കഴിഞ്ഞ ദിവസം തള്ളി. എനിക്ക് ചോദിക്കാനുള്ളത്, ‘എന്താ മോനേ നീ ഇനിയും നന്നാകാത്തത്’ എന്നാണ്. എന്തിനാണ് ഈ പാവപ്പെട്ട വിശ്വാസികളെ ഇങ്ങനെ ഉപദ്രവിക്കുന്നത്? “അപ്പാ നിന്നോടും സ്വര്‍ഗ്ഗത്തോടും ഞാന്‍ പാപം ചെയ്തു” എന്ന് തോമ്മാശ്ലീഹായോട് ഒന്ന് പറയാന്‍ സാധിക്കില്ലേ? കെട്ടിപ്പിടിക്കും; സ്വീകരിക്കും. ഒറ്റിക്കൊടുക്കാന്‍ വന്ന യൂദായോടും സ്നേഹത്തോടെ പെരുമാറിയ കര്‍ത്താവാണ് നമുക്കുള്ളത്. തള്ളിപ്പറഞ്ഞ ശീമോനെ സ്നേഹത്തോടെ നോക്കിയ കര്‍ത്താവാണ് നമുക്കുള്ളത്. അതുകൊണ്ട് മലങ്കരസഭ എല്ലാവരെയും സ്വീകരിക്കും. പക്ഷേ, അനീതി കൊണ്ട് ഇതിനെ നേരിടാമെന്ന് ആരും വ്യാമോഹിക്കേണ്ടതില്ല. നിങ്ങളുടെ കൂടെ സഭയുണ്ട്. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.
(കുന്നംകുളം ഭദ്രാസനത്തിലെ ചേലക്കര സെന്‍റ് ജോര്‍ജ്ജ് പള്ളിയില്‍ ആഗസ്റ്റ് 5-നു നടത്തിയ പ്രസംഗത്തിന്‍റെ പ്രസക്ത ഭാഗങ്ങള്‍)