എം ജി ഒ സി എസ് എം ആലുംനി മീറ്റിംഗ് വിജയപ്രദമായി

ജോര്‍ജ് തുമ്പയില്‍

നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി യൂത്ത് കോണ്‍ഫറന്‍സിനോടനുബന്ധിച്ച് ജൂലൈ 19ന് എം ജി ഒ സി എസ് എം ആലുംനി മീറ്റിംഗ് സഖറിയാ മാര്‍ നിക്കോളോവോസ് മെത്രാപ്പൊലീത്തയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. കഴിഞ്ഞ ഫാമിലി കോണ്‍ഫറന്‍സിന് ശേഷം നാളിതുവരെ നടന്ന പ്രവര്‍ത്തനങ്ങളെകുറിച്ച് സെക്രട്ടറി മാത്യു സാമുവേല്‍ സംക്ഷിപ്ത വിവരണം നല്‍കി. ഭദ്രാസനത്തിലെ കാമ്പസ് മിനിസ്ട്രിയെ സജീവമാക്കാന്‍ ആലുംനി ചെയ്ത പ്രവര്‍ത്തനങ്ങളെകുറിച്ച് സെക്രട്ടറി പ്രത്യേകം പരാമര്‍ശിച്ചു. ‘ഭദ്രാസനത്തിന്‍റെ അടുത്ത പത്തുവര്‍ഷത്തെകുറിച്ചുള്ള വിഷന്‍’ എന്ന വിഷയത്തെകുറിച്ച് സഭാ മാനേജിംഗ് കമ്മിറ്റിയംഗം ജോ ഏബ്രഹാം ചര്‍ച്ച തുടങ്ങിവച്ചു. ഭദ്രാസനമിനിസ്ട്രികളില്‍ പ്രധാനമായ ഹോളി ട്രാന്‍സ്ഫിഗറേഷന്‍ റിട്രീറ്റ് സെന്‍ററിനെകുറിച്ച്, അവിടെ നടക്കുന്ന പ്രവര്‍ത്തനങ്ങളെകുറിച്ച് ജോ ഏബ്രഹാം വിശദീകരിച്ചു. മുന്‍കാലങ്ങളില്‍ സഭാകാര്യങ്ങളിലും നേതൃകാര്യങ്ങളിലും സജീവമായിരുന്നവരും വിവിധകാരണങ്ങളാല്‍ വിശ്വാസകാര്യങ്ങളില്‍ നിന്ന് സമീപകാലത്തായി വിട്ടുനില്‍ക്കുന്നവരുമായവരെ സജീവമാക്കേണ്ടതുസംബന്ധിച്ച് ആലുംനി മുമ്പെടുത്ത തീരുമാനങ്ങള്‍ നടപ്പാക്കേണ്ടതിന്‍റെ ആവശ്യകത സഫേണ്‍ സെന്‍റ് മേരീസ് ഓര്‍ത്തഡോക്സ് ചര്‍ച്ച് വികാരി ഫാ. ഡോ. രാജു വര്‍ഗീസ് ഓര്‍മിപ്പിച്ചു. ഇസ്ലാമിന്‍റെ പ്രചരണമടക്കം കാമ്പസ് മിനിസ്ട്രി നേരിടുന്ന വെല്ലുവിളികളെ അച്ചന്‍ പരാമര്‍ശിച്ചു. കാമ്പസിലെ നിരീശ്വരവാദമുയര്‍ത്തുന്ന വെല്ലുവിളികളും പരാമര്‍ശിക്കപ്പെട്ടു.

എം ജി ഒ സി എസ് എം മുന്‍ ജനറല്‍ സെക്രട്ടറിയും ജാക്സണ്‍ഹൈറ്റ്സ് സെന്‍റ് മേരീസ് ഓര്‍ത്തഡോക്സ് ചര്‍ച്ച് വികാരിയുമായ ഫാ. ജോണ്‍ തോമസ്, താന്‍ കോളജിലായിരുന്ന കാലത്തെ കാമ്പസ് മിനിസ്ട്രിയുടെ പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടി യുവജനപ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതിന്‍റെ പ്രാധാന്യം എടുത്തുപറഞ്ഞു. കാമ്പസ് കാലത്ത് വിദ്യാര്‍ഥി നേതാവായിരുന്ന സൂസന്‍ വര്‍ഗീസ് (കൊച്ചമ്മ) കാമ്പസ്കാലത്തെ മിനിസ്ട്രിയുടെ പ്രവര്‍ത്തനങ്ങള്‍ ഓര്‍മിച്ചെടുത്തു. തങ്ങളുടെ ഇടവകകളിലെ കോളജ് വിദ്യാര്‍ഥികളെകുറിച്ച വിവരങ്ങള്‍ പങ്കുവയ്ക്കുന്നതിന് ഇടവകവികാരിമാര്‍ക്ക് മെമോ അയച്ചെങ്കിലും ഏതാനും വികാരിമാര്‍ മാത്രമേ ഇതുസംബന്ധിച്ച് പ്രതികരിച്ചുള്ളുവെന്ന് മെത്രാപ്പൊലീത്ത പറഞ്ഞു.
സണ്‍ഡേ സ്കൂളിലെ മുതിര്‍ന്ന കുട്ടികളെ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ചുവച്ച് അവരെ തുടര്‍ന്നും മിനിസ്ട്രിയുമായി ബന്ധപ്പെട്ട് നിര്‍ത്തുക, 12-ാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് കരിയര്‍ കൗണ്‍സലിംഗ് സെഷന്‍ സംഘടിപ്പിക്കുക, കോളജ് വിദ്യാര്‍ഥികളുടെ സ്വാതന്ത്ര്യത്തില്‍ ഇടപെടുന്നുവെന്ന തോന്നലുളവാകാതിരിക്കാനായി, അവര്‍ക്ക് ആവശ്യമുള്ള ഏത് സാഹചര്യത്തിലും നേരിട്ട് മിനിസ്ട്രിയുമായി ബന്ധപ്പെടാന്‍ സാഹചര്യമൊരുക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് പ്രധാനമായും ഉ

ര്‍ന്നുവന്നത്. ഫാ. വിജയ് തോമസിന്‍റെയും ഫാ. സുജിത് തോമസിന്‍റെയും നേതൃത്വത്തില്‍ ചില ഏരിയകള്‍ കേന്ദ്രീകരിച്ച് കാമ്പസുമായി ബന്ധപ്പെട്ട് വളരെ നല്ലരീതിയില്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുവെന്ന് മാര്‍ നിക്കോളോവോസ് അനുസ്മരിച്ചു.

ഭദ്രാസനത്തില്‍ സ്വകാര്യ പ്രാര്‍ഥനാഗ്രൂപ്പുകള്‍ ഉയര്‍ന്നുവരുന്നതുമായി ബന്ധപ്പെട്ട വെല്ലുവിളികളെകുറിച്ച് എം ജി ഒ സി എസ് എം യൂത്ത്ലീഗ് നേതാവും മുന്‍ ഭദ്രാസനകൗണ്‍സില്‍ മെംബറും ഫൊക്കാനാ ജനറല്‍ സെക്രട്ടറിയുമായി പ്രവര്‍ത്തിച്ച പാരമ്പര്യമുളള ഫീലിപ്പോസ് ഫിലിപ്പ് ആശങ്ക പങ്കുവച്ചു. വൈകാരികവും സാമൂഹികമായ വിഷയങ്ങളിലും വ്യക്തിപരമായ പ്രശ്നങ്ങളിലും സാമുദായികമായി പിന്തുണ കുറയുന്ന സാഹചര്യമാണ് ഇത്തരം പ്രെയര്‍ഗ്രൂപ്പുകള്‍ മുതലെടുക്കുന്നതെന്ന് മെത്രാപ്പൊലീത്ത ചൂണ്ടിക്കാട്ടി. വിശ്വാസപരമായി കൂടുതല്‍ ബോശവല്‍കരണം നല്‍കുന്നതിലൂടെയും അംഗങ്ങള്‍ തമ്മില്‍ ഇടവകതലത്തിലും ഭദ്രാസനതലത്തിലും ഊഷ്മളമായ ബന്ധങ്ങള്‍ വളര്‍ത്തിയെടുക്കുന്നതിലൂടെയും മാത്രമേ ഇത്തരം സാഹചര്യങ്ങളെ നേരിടാനാവൂ എന്ന് ചൂണ്ടിക്കാണിക്കപ്പെട്ടു. ആല്‍ബനി സെന്‍റ് പോള്‍സ് ഓര്‍ത്തഡോക്സ് ഇടവകയിലെ എയ്ന്‍സ് ചാക്കോ വിശ്വാസപരമായ ബോധ്യങ്ങള്‍ സംബന്ധിച്ച് ഓണ്‍ലൈന്‍ വീഡിയോകള്‍ പ്രയോജനപ്പെടുത്തുന്നതിനെകുറിച്ച് പരാമര്‍ശിച്ചത് തിരുമേനി അംഗീകരിച്ചെങ്കിലും ഈ രംഗത്തും വെല്ലുവിളികളുണ്ടെന്ന് തിരുമേനി ചൂണ്ടിക്കാട്ടി. ഡിജിറ്റല്‍ സംബന്ധിയായി വിവരങ്ങള്‍ ശേഖരിച്ച് സെന്‍റ് മേരീസ് ബ്രോങ്ക്സ് ഇടവകയില്‍ വച്ച് താന്‍ ചെയ്ത പ്രവര്‍ത്തനങ്ങളെ സിറാകുസ് സെന്‍റ് തോമസ് ഇടവകയിലെ ചെറിയാന്‍ പെരുമാള്‍ ചൂണ്ടിക്കാട്ടി. ഇത്തരം ഡിജിറ്റല്‍ വിവരശേഖരണസാധ്യതയെ എച്ച് ടി ആര്‍ സി ഡിജിറ്റല്‍ ലൈബ്രറിയില്‍ ഉപയോഗപ്പെടുത്തുന്നതിനെകുറിച്ച് തിരുമേനി പറഞ്ഞു. സഭാകാര്യങ്ങള്‍ക്കായി ഡിജിറ്റല്‍ ലൈബ്രറി രൂപീകരിക്കുന്നത് ആലുംനിയുടെ പ്രഖ്യാപിതലക്ഷ്യങ്ങളിലൊന്നാണന്നത് അന്‍റൂ അവന്യുവിലെ സെന്‍റ് തോമസ് ചര്‍ച്ച് വികാരി ഫാ. എം കെ കുരിയാക്കോസ് ചൂണ്ടിക്കാട്ടി. ഏരിയാ കോഓര്‍ഡിനേറ്റേഴ്സിന്‍റെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിലൂടെ ഓരോ പ്രദേശങ്ങളിലെയും പ്രവര്‍ത്തനങ്ങള്‍ വിജയിപ്പിക്കുന്നതിനെകുറിച്ച,് വിദ്യാര്‍ഥിനേതാവെന്ന നിലയിലും സഭാപ്രവര്‍ത്തനങ്ങളിലും തിളങ്ങുന്ന പാരമ്പര്യത്തിനുടമയായ ഷൈനി രാജു പറഞ്ഞു. നിലവില്‍ എം ജി ഒ സി എസ് എം സെക്രട്ടറിയായ ലിസ രാജനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് തിരുമേനി ആലുംനി അംഗങ്ങളെ ഉദ്ബോധിപ്പിച്ചു. മാത്യു സാമുവല്‍ ചര്‍ച്ച ഉപസംഹരിച്ച് സംസാരിച്ചു. ജോയിന്‍റ് സെക്രട്ടറിയും ഭദ്രാസന കൗണ്‍സില്‍ അംഗവുമായ സജി പോത്തന്‍ നന്ദി പറഞ്ഞു. മാര്‍ നിക്കോളോവോസിന്‍റെ ആശീര്‍വാദത്തോടെയും ഗ്രൂപ്പ് ഫോട്ടോസെഷനോടെയും മീറ്റിംഗ് സമാപിച്ചു. എബി തരിയന്‍, രാജു ജോയി, ഏബ്രഹാം പോത്തന്‍, അനില്‍ വര്‍ഗീസ് തുടങ്ങിയവരും ചര്‍ച്ചകളില്‍ പങ്കെടുത്തു.