എത്യോപ്യന്‍ സഭയില്‍ ആബൂനാ മത്ഥിയാസ് പാത്രിയര്‍ക്കീസ് നേതൃത്വം നല്‍കുന്ന ഔദ്യോഗിക വിഭാഗവും (ആഡിസ് അബാബാ സിനഡ്) ആബൂനാ മെര്‍ക്കോറിയോസ് പാത്രിയര്‍ക്കീസ് രാജ്യത്തിനു പുറത്തുള്ള വിഭാഗവും (എക്സൈല്‍ സിനഡ്) സമ്പൂര്‍ണ യോജിപ്പിലേക്ക്. വാഷിംഗ്ടണില്‍ അഞ്ചു ദിവസം നടന്ന അനുരഞ്ജന ചര്‍ച്ച ജൂലൈ 26ന് അവസാനിച്ചു. എത്യോപ്യന്‍ പ്രധാനമന്ത്രി ഡോ. ആബി അഹമദിന്‍റെ ശക്തമായ ഇടപെടലാണ് 27 വര്‍ഷത്തെ ഭിന്നിപ്പ് അവസാനിപ്പിച്ചത്.
ഇതനുസരിച്ച് പരസ്പര മുടക്കുകള്‍ പിന്‍വലിച്ചു. പ്രവാസിയായി കഴിയുന്ന പാത്രിയര്‍ക്കീസ് ആബൂനാ മെര്‍ക്കോറിയോസും മെത്രാന്മാരും മാതൃരാജ്യത്തേക്ക് മടങ്ങിയെത്തും. ഇനിയും ഒരു സഭയും ഒരു സുന്നഹദോസും മാത്രമായിരിക്കും. രണ്ടു പാത്രിയര്‍ക്കീസുമാരും സഭാ തലവന്മാരായിരിക്കും. ഭരണച്ചുമതല ആബൂനാ മത്ഥിയാസ് നിര്‍വഹിക്കും.
എത്യോപ്യയിലെ കമ്യൂണിസ്റ്റ് ഭരണകൂടത്തിന്‍റെ കീഴില്‍ 1988-ല്‍ പാത്രിയര്‍ക്കീസായി വാഴിക്കപ്പെടുകയും കമ്യൂണിസ്റ്റ് ഗവണ്‍മെന്‍റിന്‍റെ തകര്‍ച്ചയെ തുടര്‍ന്ന് അവരുമായി സഹകരിച്ചതിന്‍റെ പേരില്‍ 1991-ല്‍ സ്ഥാനഭ്രഷ്ടനാക്കപ്പെടുകയും പിന്നീട് അമേരിക്കയില്‍ രാഷ്ട്രീയ അഭയം തേടുകയും ചെയ്ത ആബൂനാ മെര്‍ക്കോറിയോസിനെ പിന്തുണയ്ക്കുന്നവരാണ് എക്സൈല്‍ സിനഡ് എന്നറിയപ്പെട്ടിരുന്നത്. ഈ വിഭാഗം കൂടുതല്‍ മെത്രാന്മാരെ വാഴിച്ചതോടെ പരസ്പരം മുടക്കി. എത്യോപ്യയിലെ ഭരണപക്ഷവും പ്രതിപക്ഷവും ഒരോ ഭാഗത്തെ പിന്തുണച്ചത് യോജിപ്പിനു തടസ്സമായി. സഭയില്‍ ഇരുകക്ഷികള്‍ക്കും ഭീഷണിയായിരിക്കുന്ന പ്രൊട്ടസ്റ്റന്‍റ് നവീകരണ ചിന്താഗതിയാണ് പുതിയ അനുരഞ്ജന നീക്കം അനിവാര്യമാക്കിയത്.
കോപ്റ്റിക് സഭയില്‍ നിന്ന് 1959-ല്‍ സ്വതന്ത്രമായ എത്യോപ്യന്‍ സഭ 1994-ലെ കോപ്റ്റിക്-എത്യോപ്യന്‍ സഭാ ഉടമ്പടിയനുസരിച്ച് പരസ്പര ബന്ധം നിലനിര്‍ത്തുന്നു.
മലങ്കരസഭയുമായി ഏറ്റവും ബന്ധമുള്ള ഓറിയന്‍റല്‍ ഓര്‍ത്തഡോക്സ് സഭയാണിത്. ഇരു സഭാതലവന്മാരും നിരന്തരമായി പരസ്പര സന്ദര്‍ശനങ്ങള്‍ നടത്തുന്നുണ്ട്.
ഈ ഐക്യം മലങ്കരസഭയ്ക്ക് ഒരു പാഠമാകട്ടെ !!!