ഇടവഴിക്കല്‍ ഫീലിപ്പോസ് കത്തനാര്‍ മക്കള്‍ക്കു നല്‍കിയ ശാസനം (1865)

73. എന്‍റെ അപ്പന്‍ ഫീലിപ്പോസ് കത്തനാര്‍ അവര്‍കള്‍ മരണത്തിനു മുമ്പ് മക്കളാകുന്ന ഞങ്ങളുടെ അറിവിനും നടത്തയ്ക്കും വേണ്ടി ഒരു മരണപത്രം പോലെ ഓലയില്‍ അപ്പന്‍റെ തനി കൈപ്പടയിലും ഒപ്പ് സഹിതവും എഴുതിയതു അറിവിനു പകര്‍പ്പ് താഴെ ചേര്‍ക്കുന്നു. ഇത് മേല്‍ ഓര്‍മ്മയ്ക്കായിട്ടു ചേര്‍ക്കുന്നതാകുന്നു.

“കോട്ടയത്തു വലിയപള്ളിയില്‍ ഇടവഴിക്കല്‍ ഉമക്കാണ്ട ചെറിയാന്‍ ഫീലിപ്പോസ് കത്തനാരാകുന്ന എനിക്കു വയസുകാലവും ദീനവും ആകയാല്‍ ഞാന്‍ മരിച്ചതിന്‍റെ ശേഷം എന്‍റെ മക്കള്‍ അറിഞ്ഞു നടപ്പാന്‍ വേണ്ടി എഴുതിയ അറിവ്.

1040-മാണ്ടു മീനം

ഒന്നാമത്, പിതാവിലും പുത്രനിലും പരിശുദ്ധാത്മാവിലും അന്ത്യോഖ്യാ യാക്കോബായ സുറിയാനിക്കാരാകുന്ന നമ്മള്‍ വിശ്വസിച്ചിരിക്കുന്ന വിശ്വാസം സത്യമുള്ളതാകയാല്‍ ആ വിശ്വാസപ്രകാരം വിശ്വസിച്ചു ദൈവത്തെ സ്നേഹിച്ചും ഭയപ്പെട്ടും മനുഷ്യരെ പ്രിയപ്പെട്ടും നടന്നുകൊള്ളണം.

രണ്ടാമത്, അന്ത്യോഖ്യാ യാക്കോബായക്കാരുടെ വിശ്വാസത്തിനും പള്ളിക്രമങ്ങള്‍ക്കും ശരിയായിട്ടും നല്ലതായിട്ടും മറ്റു യാതൊരു മതക്കാരുടെയും ഇല്ലെന്നു വേദപുസ്തക ശോധനകൊണ്ടും മറ്റു പലതുകൊണ്ടും ഞാന്‍ അറിഞ്ഞിരിക്കകൊണ്ടു വ്യത്യാസം കൂടാതെ അതുപോലെ ദൈവകൃപകൊണ്ടു നടന്നുകൊള്ളണം.

മൂന്നാമത്, സത്യ കൈവെയ്പ്പില്ലാത്ത പട്ടക്കാരെക്കൊണ്ടു യാതൊരു കൂദാശപ്രവൃത്തികള്‍ ചെയ്യിച്ചാല്‍ അത് വാസ്തവമില്ലാഴ്ക മാത്രമല്ല പാപവും കൂടെ ലഭിക്കുന്നതാകകൊണ്ടു അതിന്മണ്ണം ചെയ്തുപോകുവാന്‍ ഇടവരരുത്.

നാലാമത്, മൂശയുടെ അഞ്ചാം പുസ്തകം 23-ാം കേപ്പാലയോന്‍ ഒന്നാം പാസോക്കായില്‍ വ്യഭിചാരത്തില്‍ ഉണ്ടായ സന്തതികള്‍ ദൈവസഭയില്‍ പത്തു തലമുറ വരേയ്ക്കു പ്രവേശിച്ചു കൂടായെന്നു പറഞ്ഞിരിക്കുന്നു. പുതിയ ശുദ്ധ സഭയുടെ അടയാളമാകുന്ന സഭയില്‍ വ്യഭിചാര സന്തതികള്‍ പത്തു കരിന്തല വരെ പ്രവേശിച്ചുകൂടായെങ്കില്‍ ദൈവത്തിന്‍റെ പുതിയതിലും പ്രവേശിച്ചുകൂടാത്തതും അങ്ങനെയുള്ളവര്‍ സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കുമെന്നു നിരൂപിപ്പാന്‍ പാടില്ലാത്തതുമാകയാല്‍ അങ്ങനെയുള്ളവര്‍ക്കു പട്ടം കൊടുപ്പാന്‍ സമ്മതിക്കയും അങ്ങനെയുള്ള ഭവനങ്ങളില്‍ നിന്നു പെണ്ണു കെട്ടുകയും അങ്ങനെയുള്ളിടത്തു മക്കളെ കെട്ടിച്ചയക്കയും ചെയ്യരുത്. കെട്ടാതെയും കെട്ടിക്കാതെയും ഇരിക്കുന്നതു ഉത്തമം. കായേന്‍റെ സന്തതികള്‍ക്കും ലോത്തിന്‍റെ പെണ്‍മക്കള്‍ പെറ്റ മക്കള്‍ക്കും ഹാദിന്‍റെ സന്തതികള്‍ക്കും ഭവിച്ചതും പഴയ പിതാക്കന്മാര്‍ അവലക്ഷണ വംശത്തില്‍ നിന്നു സ്ത്രീകളെ എടുക്കാഞ്ഞതും നിരൂപിച്ചുകൊള്ളണം.

അഞ്ചാമത്, ദൈവദ്വേഷികളെയും മറ്റും അല്ലാതെ, യാതൊരുത്തരെയും ദ്വേഷിക്കയും കരുതികൊണ്ടു പകരം വീട്ടുകയും ചെയ്യരുത്.

ആറാമത്, …….. ഇട്ടിക്കുരുവിളയും ….. തൊമ്മനും ……. ഉലഹന്നന്‍ മുതല്‍പേരും പള്ളിക്കു ഏറിയ നെല്ലും പണവും തരുവാനുള്ളതു പിരിച്ചു പള്ളിയുടെ അറ്റകുറ്റപ്പണി തീര്‍പ്പിക്കണമെന്നു നിരൂപിച്ച കാരണം മശിഹാകാലം 1860-മതു മകര മാസം 21-നു കൊല്ലം 1035-മതു കുംഭ മാസം 2-നു ഞായറാഴ്ച എന്‍റെ മകന്‍ കോറി ഫീലിപ്പോസ് കത്തനാര്‍ കുര്‍ബാന ചൊല്ലുന്നതിനായിട്ടു ആസ്കമായി പള്ളിയകത്തിറങ്ങി കുര്‍ബാനയ്ക്കുള്ള അംശവസ്ത്രം ധരിച്ചു നമസ്കരിച്ചു നില്‍ക്കുമ്പോള്‍ പാലക്കരക്കല്‍ തൊമ്മന്‍ കോരയും ചെങ്ങളവന്‍ ഇട്ടി കുരുവിള കൊച്ചുതുപ്പും മള്ളൂച്ചേരില്‍ ചാണ്ടി ഉലഹന്നനും ഉലഹന്നന്‍ ചാണ്ടിയും മറ്റും ആള്‍ ശേഖരപ്പെട്ടു വന്നു മകന്‍ കത്തനാരെയും എന്നെയും ശേഷം മക്കളെയും അടിച്ചും ഇടിച്ചും ഏറിയ ദണ്ഡങ്ങള്‍ ചെയ്തതുകൊണ്ടും അതിനാല്‍ മകന്‍ കൊച്ചുകുരുവിള ഏറെ താമസിയാതെ മരിപ്പാന്‍ ഇടവന്നതുകൊണ്ടും മേലെഴുതിയ ആളുകളോടു (പൊടിവ്) നിരൂപിക്കയും പകരം വീട്ടണമെന്നു നിരൂപിക്കയും ദൈവം തന്നെ അവരോടു പകരം വീട്ടികൊള്ളട്ടെന്നുപോലും പറകയും ചെയ്യരുത്.

ഏഴാമത്, കാരണവന്മാരാല്‍ വലിയപള്ളി പണി ചെയ്യിച്ചിരിക്കുന്നതും അതിനാല്‍ നമ്മള്‍ തറവാട്ടു കൈക്കാരായി തീര്‍ന്നിരിക്കുന്നതും ആകയാല്‍ ദൈവകൃപകൊണ്ടു പിരിവാനുള്ള നെല്ലും പണവും പിരിച്ചോ മറ്റു എങ്ങനെയോ പള്ളിയുടെ അറ്റകുറ്റപ്പണി തീര്‍പ്പാന്‍ ശ്രമിക്കണം. എന്നാല്‍ ചില സമയം നന്മ ചെയ്യുന്നവര്‍ക്കു തിന്മയും തിന്മ ചെയ്യുന്നവര്‍ക്കു നന്മയും ചില സമയം നന്മ ചെയ്യുന്നവര്‍ക്കു നന്മ തന്നെയും തിന്മ ചെയ്യുന്നര്‍ക്കു തിന്മ തന്നെയും ഇതിന്മണ്ണം ലോകത്തില്‍ അനുഭവിച്ചു കാണും. അത് പ്രമാണിക്കണ്ട. രണ്ടായാലും നല്ലത് ചെയ്തുകൊണ്ടിരിക്കണം.

എട്ടാമത്, ഞാന്‍ അയ്മനത്തില്‍ കുറ്റിക്കാട്ടില്‍ യാക്കോബ് കത്തനാര്‍ക്ക് (പൊടിവ്) കൊടുപ്പാനുള്ളപ്പോള്‍ അയാള്‍ മരിച്ചുപോയി. എങ്കിലും ആ വക ചക്രം 1000 വും പലിശ കൂടാതെ അയാളുടെ ശേഷക്കാര്‍ക്കു കൊടുത്തു എന്‍റെ പാപകടം വീട്ടിക്കൊള്ളണം. (പൊടിവ്) ങ്കില്‍ അതു പാവപ്പെട്ടവര്‍ക്കു കൊടുത്തു കടം വീട്ടിക്കൊള്ളണം.

ഒമ്പതാമത്, എന്‍റെ മകള്‍ നയിത്തിക്കു 500 പണമിട പൊന്ന് സ്ത്രീധനം കൊടുക്കണമെന്നു (പൊടിവ്) മുഖേന വാഗ്ദത്തം ചെയ്തതു ഇതേവരെ കൊടുത്തിട്ടില്ലാഴിക കൊണ്ടു ആയതു കഴിയുമ്പോള്‍ കൊടുത്തുകൊള്ളണം.
പത്താമത്, എന്‍റെ സ്നേഹിതന്‍ തെക്കേത്തലയ്ക്കല്‍ കാരയ്ക്കാട്ടു കുര്യന്‍ കത്തനാര്‍ മരിച്ച സമയം അയാളുടെ ബസ്കിയാമ്മയ്ക്കു ചാകുന്നതുവരെ ആണ്ടുതോറും ഓരോ ചേല വാങ്ങിച്ചു സൗജന്യമായി കൊടുക്കണമെന്നു മനസുകൊണ്ട് നിരൂപിച്ചു എന്നെത്തന്നെ ഞാന്‍ കടപ്പെടുത്തിയതു പോലെ ഇതുവരെയും ചെയ്വാന്‍ കഴിഞ്ഞിട്ടില്ലായ്കകൊണ്ട് ആയതു കൊടുത്ത് എന്‍റെ നിരൂപണകടം തീര്‍ത്തുകൊള്ളണം.

പതിനൊന്നാമത്, ഞാന്‍ മരിച്ചു കഴിഞ്ഞാലുടന്‍ യാതൊരു ആഘോഷം കൂടാതെ അടക്കത്തോടുകൂടെ കൊണ്ടുപോയി വലിയപള്ളിയുടെ തെക്കുപുറത്തെ ചമയപ്പുരയിലെ അതിന്‍റെ (പൊടിവ്) റാന്തലിന്‍റെ കീഴെയോ അടക്കിക്കൊള്ളണം.

പന്ത്രണ്ടാമത്, എന്‍റെ കൂടെ പഠിച്ചു പോയിട്ടുള്ള അരൂപിക്കടുത്ത മക്കളാകുന്ന പുതുപ്പള്ളില്‍ ഇളന്തുരുത്തില്‍ ഫീലിപ്പോസ് കത്തനാര്‍ മുതലായ കത്തങ്ങള്‍ ഒക്കെയും അവര്‍ കുര്‍ബാന ചൊല്ലുമ്പോള്‍ ഒക്കെയും എന്‍റെ ആത്മരക്ഷയ്ക്കു വേണ്ടി ദൈവത്തോടു അപേക്ഷിക്കണം.
പതിമൂന്നാമത്, എന്‍റെ ചെറുപ്പം മുതല്‍ ദൈവവിരോധികളോടും സത്യവിരോധികളോടും ഞാന്‍ മല്ലുകെട്ടിയതല്ലാതെ ദ്രവ്യ സമ്പാദനത്തിനുവേണ്ടി മല്ലുകെട്ടി മുതല്‍ സമ്പാദിച്ചിട്ടില്ലാഴികകൊണ്ട് പട്ടിണികഞ്ഞി മുതലായ എന്‍റെ ശേഷക്രിയകള്‍ ഒക്കെയും ചുരുക്കത്തില്‍ കഴിച്ചാല്‍ മതി.

പതിനാലാമത്, എന്‍റെ അപ്പനും അമ്മയും മരിക്കുന്നതുവരെ പുത്തന്‍പുരയ്ക്കല്‍ എന്ന പുരയില്‍ ഞാന്‍ പാര്‍ക്കയും ജ്യേഷ്ഠന്‍ ഇടവഴിക്കല്‍ പുരയില്‍ പാര്‍ക്കയും തറവാട്ടു വക മാത്തു ഭട്ടതിരിയോടു തട്ടമുള്ള കിളിരൂരെ നിലം മറ്റുള്ള പുരയിടങ്ങള്‍ ചന്തയിലുള്ള പീടികമുറികള്‍ മറ്റും ഒക്കെയും കൊണ്ടു ചിലവ് നടന്നു വന്നു. എന്‍റെ പുത്തന്‍ കുര്‍ബാന അടിയന്തിരത്തിനു (പൊടിവ്) പണം അപ്പന്‍ കച്ചീട്ട് എഴുതി കൊടുത്തു കടം വാങ്ങിച്ചു പുത്തന്‍ കുര്‍ബാന കഴിക്കയും (പൊടിവ്) വില്‍ നിന്നും അപ്പന്‍ തന്നെ ഏതാനും കൊടുക്കയും ശേഷം പണം അപ്പന്‍ മരിച്ചശേഷം കോട്ടയത്തു സെമിനാരി വകയ്ക്കു ഞാന്‍ തന്നെ കൊടുത്തു കടം വീട്ടി കച്ചീട്ടു വാങ്ങിച്ചിരിക്കുന്നു. മാത്തു ഭട്ടതിരിയുടെ വക നിലം പൊളിച്ചെഴുതിയ സമയത്ത് രണ്ടു പേരുടെയും പേരു വച്ച് ആധാരം എഴുതുന്നതു പതിവില്ലായ്ക കൊണ്ടു മുമ്പിലത്തെ അര്‍ത്ഥം വച്ചു ജ്യേഷ്ഠന്‍ കുര്യന്‍റെ പേരു വച്ച് ആധാരം എഴുതിച്ചതല്ലാതെ അധികമായിട്ടു ദ്രവ്യം കൊടുത്തിട്ടില്ല. ആ വിവരം ഭട്ടതിരിയുടെ കുറിയില്‍ എഴുതിയിട്ടുണ്ട്. കുന്നത്തു ഈശ്വരമാരാരുടെ വകയ്ക്കു കണ്ടുകേട്ടു വരുവാന്‍ തുടങ്ങിയ സമയം കൈപ്പുഴ മലയില്‍ക്കാര്‍ക്കു ചന്തയിലെ പീടികമുറികള്‍ പണയം എഴുതിയി (പൊടിവ്) പണയ എഴുത്തു ഇടവഴിക്കല്‍ ഓലപ്പെട്ടിയില്‍ ഇട്ടിരിക്കുന്നതല്ലാതെ അപ്പനും അമ്മയും മരിക്കുന്നതിനു മുമ്പും അതില്‍ പിന്നെയും യാതൊരു വസ്തുവും യാതൊരുത്തര്‍ക്കും (പൊടിവ്) ഇതുവരെയും ഉണ്ടായിട്ടില്ല. തറവാട്ടുവക പൊന്‍, വെള്ളി, വെങ്കലപാത്രം, നിലംപുരയിടങ്ങള്‍ ഇവയില്‍ പുത്തന്‍പുരയ്ക്കല്‍ പുരയിടം മുതലായി രണ്ടുമൂന്നു പുരയിടം ഞാനും ശേഷം നിലംപുരയിടം പീടികമുറികള്‍ ഒക്കെയും ജ്യേഷ്ഠനും മക്കളും അനുഭവിക്കയും എല്ലാത്തിന്‍റെയും കരം പൊതുവില്‍ അവര്‍തന്നെ തീര്‍ക്കയും ചെയ്തുവരുന്നതല്ലാതെ ഇതേവരെ പകുതി കഴിഞ്ഞിട്ടില്ല. ജ്യേഷ്ഠത്തിയുടെ കാലംകൂടെ കഴിയുന്നതുവരെ പകുതി ചെയ്വാന്‍ എനിക്കു മനസും ഇല്ല. ഇതുവരെ 13 വര്‍ഷത്തില്‍ അധികമായിട്ടു തറവാട്ടുവകയില്‍ നിന്നു കരം തീര്‍ക്കയും തറവാട്ടു വകയില്‍ നിന്നു രണ്ടു കിണ്ണനും ഒരു കിണ്ടിയും ഒരു അഞ്ചുതിരി വിളക്കും ഞാന്‍ പറ്റുകയും ചെയ്തിട്ടുള്ളതല്ലാതെ യാതൊന്നും ഞാന്‍ പറ്റീട്ടുമില്ല. ഇതുവരെയും ചേട്ടനും മക്കളും വസ്തുക്കള്‍ അനുഭവിച്ചു വന്നതുപോലെ ഞാനും അനുഭവിച്ചു (പൊടിവ്). ഇതുവരെ അവര്‍ അനുഭവിച്ചുവന്ന അനുഭവം കൂടെ ഇങ്ങോട്ടുകൂടെ (പൊടിവ്) വാനുള്ളതും എന്തെങ്കിലും അവര്‍ വലച്ചിട്ടുണ്ടായിരുന്നാല്‍ ആയതു ഞാന്‍ പ്രമാണിപ്പാന്‍ ഇല്ലാത്തതും ആകുന്നു. ഇനി ഒരിക്കല്‍ പകുതി ചെയ്യുന്ന സമയത്ത് ജ്യേഷ്ഠന്‍റെ മക്കള്‍ക്കു വലിയ ദോഷം കൂടാതെയും നമുക്ക് അധികം നഷ്ടം വരാതെയും ഐകമത്യത്തോടു കൂടെയും ഐക്യതയോടു കൂടെയും തറവാട്ടു വകയായിട്ടുള്ളതു ഒക്കെയും പകുതി ചെയ്വാനുള്ളതും തമ്മില്‍ പ്രിയത്തോടു കൂടെ ഇരിക്കാനുള്ളതും ആകയാല്‍ ആയതിനെ പ്രമാണിച്ചും ആര്‍ക്കെങ്കിലും ന്യായാന്തരാധമായ (പൊടിവ്) ണ്ടായിരുന്നാല്‍ അതു പ്രമാണി (പൊടിവ്) (ഇതിന്‍റെ ശേഷം ഒരു ഓല പോയതായി തോന്നുന്നു. ഇത്രയും മാത്രമേ ഇപ്പോള്‍ കിടപ്പുള്ളു).

(ഇടവഴിക്കല്‍ ഡയറിയില്‍ നിന്നും)