74. രണ്ടാം പുസ്തകം 78 മത് ലക്കത്തില്‍ പറഞ്ഞിരിക്കുന്നപ്രകാരം 1846 ചിങ്ങം 26-നു വന്നുചേര്‍ന്നതായ മാര്‍ കൂറിലോസ് ബാവാ 1874 മത് ചിങ്ങമാസം 20-നു ചൊവ്വാഴ്ച വെളുപ്പിനു മുളന്തുരുത്തി പള്ളിയില്‍ വച്ചു കാലംചെയ്ത് അടക്കുകയും ചെയ്തു. അടക്കിയ സമയം മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായും വടക്കര്‍ പല പള്ളിക്കാരും കൂടിയിരുന്നു. ഈ ദേഹം വളരെ പഠിത്വം ഉള്ളവനും സുറിയാനി വേദത്തിന്‍റെ അറിവ് നന്നായി ഗ്രഹിച്ചിട്ടുള്ളവനും ആയിരുന്നു. എങ്കിലും ഈ ദേഹത്തിന്‍റെ ആയുഷ്കാലം മുഴുവനും അനുജന്‍ ഗബ്രിയേലിനു ദ്രവ്യം ഉണ്ടാക്കി കൊടുക്കണമെന്നല്ലാതെ മറ്റ് ഒരു ചിന്തയും ഇല്ലാഞ്ഞു. ആ താല്‍പര്യം നിമിത്തം വളരെ ദ്രവ്യം ഉണ്ടാക്കി അവനു കൊടുത്തു. പാത്രിയര്‍ക്കീസ് ബാവായ്ക്കു റശീസാ പോലും കൊടുത്തയപ്പാന്‍ സംഗതി വന്നിട്ടില്ല. തനിക്കു കുഷ്ഠത്തിന്‍റെ …….നാപ്പിടിച്ച് വളരെ ദുഃഖാവസ്ഥയില്‍ ആണ് കാലം കഴിച്ചത്. ……. ഒരു മോതിരവും മാര്‍ ദീവന്നാസ്യോസിനും കിട്ടി. പാലക്കുന്നന്‍ തട്ടിച്ചു സ്ഥാനം ഏറ്റു വന്ന് …….. വേദം നടത്തുന്ന സങ്കടംകൊണ്ടു എന്‍റെ അപ്പന്‍ വളരെ പ്രയാസപ്പെട്ടും ദ്രവ്യം ചിലവിട്ടും വളരെകാലം ഈ വിചാരത്തില്‍ തന്നെ കാലം പോക്കിയും ഈ ബാവായെ വരുത്തിയതാകുന്നു. 1846-ല്‍ ഈ ബാവാ മലയാളത്തു വന്ന ദിവസം മുതല്‍ ചത്തതു വരെ ദ്രവ്യം വേണമെന്നു മാത്രം വിചാരിച്ചു നടന്നതിനാല്‍ സുറിയാനിവേദം കെടുത്തി. അനുജന്‍ സമ്പത്തുകാരനും ആയി. ബാവായുടെ മരണസമയം 50000 രൂപായുടെ വക ഗബ്രിയേല്‍ കൈവശം ഉണ്ട്. ഇതൊക്കെയും പാത്രിയര്‍ക്കീസ് ബാവായ്ക്കു ഉള്ളതാകുന്നു.
(ഇടവഴിക്കല്‍ ഡയറിയില്‍ നിന്നും)