പള്ളികള്‍ക്കു കല്ലിടുന്നു (1868) / ഇടവഴിക്കല്‍ ഫീലിപ്പോസ് കോറെപ്പിസ്ക്കോപ്പാ

വള്ളിക്കാട്ട് ദയറാ സ്ഥാപനം
വാകത്താനത്തു പള്ളിയില്‍ എണ്ണച്ചെരി കത്തനാരു പാലക്കുന്നന്‍റെ പക്ഷത്തില്‍ ചെര്‍ന്നും വള്ളിക്കാട്ടു പൌലൊസ കത്തനാരു അതിനു വിരൊധമായും പല വ്യവഹാരങ്ങള്‍ ചെയ്തശെഷം വെറെ ഒരു പള്ളി വൈക്കണമെന്നു പൌലൊസ കത്തനാരു മുതല്‍ പെരു നിശ്ചയിച്ച മാര്‍ കൂറിലൊസ ബാവായെ ബൊധിപ്പിക്കയാല്‍ 1837 മത കന്നി മാസം 6നു എന്‍റെ പെര്‍ക്കു അയച്ച സാധനത്തും പ്രകാരം ഞാന്‍ അവിടെ ചെന്നു വാകത്താനത്തു അയ്യനാട്ടു കുന്നില്‍ 31 നു തമ്പുരാനെപ്പെറ്റമ്മയുടെ നാമത്തില്‍ ഒരു പള്ളിക്കു കല്ലിട്ടു കൊടുക്കയും ചെയ്തു.
കോട്ടയം പുത്തന്‍ പള്ളിക്കു കല്ലിടുന്നു
12. രണ്ടാം പുസ്തകം 200 മത് ലക്കത്തില്‍ പറയുന്ന കുന്നുംപുറത്ത് യാക്കോബ് കത്തനാരും ദേശകുറി കൂടാതെ പാലക്കുന്നനോടു പട്ടം ഏറ്റ പുത്തനങ്ങാടിയില്‍ എരുത്തിക്കല്‍ കുഞ്ഞെമ്മന്‍റെ മകന്‍ ചെറിയാന്‍ കത്തനാരും കൂടി കോട്ടയത്തു കുന്നുംപുറത്തു ഇട്ടൂപ്പിന്‍റെ പേരില്‍ പണ്ടാരവക പാട്ടം പതിഞ്ഞിട്ടുള്ള പെത്തമന്‍ പറമ്പില്‍ ഒരു പള്ളി വെയ്ക്കണമെന്നു ഉത്തരവു വരികയും ആ വിവരം മാര്‍ കൂറിലോസ് ബാവായെ ബോധിപ്പിച്ചാറെ കല്ലിട്ടു കൊടുക്കുന്നതിനു മകര മാസം 15-നു എന്‍റെ പേര്‍ക്ക് ആ ദേഹം എഴുതി സാധനം വരികയും ചെയ്കയാല്‍ 1868 മത് കുംഭം 3-നു മാര്‍ ബര്‍സൗമ്മാ എന്ന പുണ്യവാളന്‍റെ നാമത്തില്‍ ഞാന്‍ ആ പള്ളിക്കു കല്ലിട്ടു കൊടുക്കയും ചെയ്തു.
വാകത്താനം പുതുശ്ശേരി പള്ളിയ്ക്കു കല്ലിട്ടു 
49. 1871 മത് മീന മാസം 7-നു ഞായറാഴ്ച വാകത്താനത്തു ആയിരം തൈക്കല്‍ ചെറിയാന്‍ മുഖാന്തിരം മാര്‍ കൂറിലോസ് ബാവായുടെ കല്പന പടി വാകത്താനത്തു പുതുശേരി എന്ന കുന്നേല്‍ പന്ത്രണ്ടു ശ്ലീഹന്മാരില്‍ ഒരുത്തനായ മാര്‍ ശെമവൂന്‍ ക്നാനായ എന്ന ശ്ലീഹായുടെ നാമത്തില്‍ ഞാന്‍ കല്ലിട്ടു കൊടുക്കയും ചെയ്തു.
പാക്കില്‍ പള്ളിക്കു കല്ലിട്ടു  
55. 1871 ഇടവ മാസം 2-നു പടനിലത്തു ചാക്കോ മുഖാന്തിരം പാക്കില്‍ മുരിക്കോലി കുന്നുംപുറത്ത് മാര്‍ കൂറിലോസ് ബാവായുടെ കല്‍പനപ്പടി മാര്‍ തോമ്മാ ശ്ലീഹായുടെ നാമത്തില്‍ ഒരു പള്ളിക്കു ഞാന്‍ കല്ലിട്ടു കൊടുക്കുകയും ചെയ്തു.
തുരുത്തിക്കാട്ടു പള്ളിക്കു കല്ലിട്ടു  
58. തുരുത്തിക്കാട്ടു ചേട്ടുപള്ളില്‍ കുര്യന്‍ മുതല്‍പേരുടെ അപേക്ഷയാല്‍ മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായുടെ കല്പനപ്പടി 1871 വൃശ്ചികമാസം 7-നു ഞായറാഴ്ച പള്ളിക്കല്‍കുന്ന് എന്ന സ്ഥലത്ത് മാര്‍ യോഹന്നാന്‍ ഏവന്‍ഗേലിസ്ഥായുടെ നാമത്തില്‍ ഒരു പള്ളിക്കു ഞാന്‍ കല്ലിടുകയും ചെയ്തു.
 
(ഇടവഴിക്കല്‍ ഡയറിയില്‍ നിന്നും)