മലങ്കരസഭയിലെ ഇന്നത്തെ അവൈദിക നേതാക്കന്മാര്‍ ആരാണെന്നു ചോദിച്ചാല്‍ ആരുംതന്നെ ഇല്ല എന്ന ഉത്തരമായിരിക്കും ലഭിക്കുക. സഭയുടെ കഴിഞ്ഞ നൂറ്റാണ്ടിലെ ചരിത്രം നോക്കിയാല്‍ സഭയെ ആത്മാര്‍ത്ഥമായി സ്നേഹിക്കുന്നവരും സഭയ്ക്കുവേണ്ടി എന്തു ത്യാഗംചെയ്യാനും തയ്യാറുള്ളവരുമായ സമുന്നത നേതാക്കന്മാര്‍ കാതോലിക്കായെ ചന്ദ്രനു ചുറ്റും നക്ഷത്രങ്ങളെപ്പോലെ നിലകൊണ്ടും, സേവനം ചെയ്തുകൊണ്ടും പ്രശോഭിച്ചിരുന്നു. കെ. സി. മാമ്മന്‍മാപ്പിള, ഇ. ജെ. ജോണ്‍, എം. എ. ചാക്കോ, ഒ. എം. ചെറിയാന്‍, കെ. കെ. ലൂക്കോസ്, ഇ. ജെ. പീലിപ്പോസ് മുതലായവര്‍ക്കുശേഷം പണ്ഡിതന്മാരും ആദ്ധ്യാത്മിക രംഗങ്ങളിലും മറ്റു വിവിധ രംഗങ്ങളിലും പ്രശോഭിച്ചു നിന്നവരുമായ ഒരുപറ്റം രണ്ടാംനിര നേതാക്കന്മാര്‍ സഭയെ ഏറെ ധന്യമാക്കി.
21-ാം നൂറ്റാണ്ടില്‍ അവൈദിക നേതൃത്വം ഏതാണ്ട് അസ്തമിച്ചു. വിവിധ മേഖലകളില്‍ ധന്യജീവിതം നയിച്ചു തിളങ്ങുന്നവര്‍ ആരുംതന്നെ സഭാരംഗത്തേക്കു വരുന്നില്ല; അല്ലെങ്കില്‍ ചിലര്‍ കടന്നുവരാന്‍ അനുവദിക്കുന്നില്ല. അതുകൊണ്ടാണ് സഭയുടെ ചില സമുന്നത വേദികളില്‍ മൂന്നാംതരക്കാര്‍ കടന്നുകൂടുന്നത്.
മലങ്കരമെത്രാപ്പോലീത്തായ്ക്കു യഥാസമയം സ്ഥാനോചിതമായ സാരോപദേശങ്ങള്‍ നല്‍കാന്‍ ഇന്ന് അധികം പേരില്ല. സഭാകേസും നിയമങ്ങളും മറ്റും അറിയാവുന്ന ചില മികച്ച അഭിഭാഷകര്‍ സഭയില്‍ ഉണ്ടെങ്കില്‍ തന്നെ അവര്‍ ആരും കേന്ദ്രവുമായി ബന്ധത്തിലല്ല.
ഉന്നതതല രാഷ്ട്രീയത്തിലും സഭാംഗങ്ങള്‍ ഇല്ല. ഉമ്മന്‍ചാണ്ടി ഓര്‍ത്തഡോക്സുകാരനാണെങ്കിലും അദ്ദേഹം എല്ലാവരുടെയും പൊതുമനുഷ്യനാകയാല്‍, വോട്ടു രാഷ്ട്രീയ പശ്ചാത്തലത്തില്‍ ഓര്‍ത്തഡോക്സുകാരനെന്നു പറഞ്ഞ് ഊറ്റം കൊള്ളുന്നതില്‍ കഴമ്പില്ല. നിയമസഭയിലും പാര്‍ലമെന്‍റിലും ഓര്‍ത്തഡോക്സുകാരില്ല. മറ്റു പല രംഗങ്ങളിലും മികച്ച മേധാശക്തിയുള്ള ചില പ്രഗത്ഭരെ ഇനിയും കണ്ടുപിടിക്കേണ്ടതുണ്ട്. അതുകൊണ്ടാണു തത്വദീക്ഷയില്ലാതെ എങ്ങനെയെങ്കിലും പണം ഉണ്ടാക്കുന്നവരും ബ്ലേഡുകമ്പനി നടത്തുന്നവരും കഴുത്തറുപ്പന്‍ പലിശ വാങ്ങുന്നവരും സഭയുടെ ഉന്നതപദവികളില്‍ എത്തുന്നത്. ഇത് നിരുത്സാഹപ്പെടുത്തേണ്ടതാണ്. സനാതനമായ സല്‍പ്പെരുമാറ്റവും, സംസ്കാരവും, വിനയനിര്‍ഭരമായ ആദ്ധ്യാത്മിക ജീവിതവുമുള്ളവരെയാണ് ഇന്നു സഭയ്ക്കാവശ്യം. നമ്മുടെ മലങ്കര അസോസിയേഷനിലും സഭാ മാനേജിംഗ് കമ്മിറ്റിയിലും മറ്റും നെല്ലിനോടൊപ്പം വളരെ കളകളും വളരുന്നുണ്ടെന്ന യാഥാര്‍ത്ഥ്യം കണ്ടില്ലെന്നു നടിക്കാനാവില്ല. ഇതൊരപകടകരമായ സ്ഥിതിവിശേഷമാണ്.
മെത്രാന്മാരുടെ സ്ഥലംമാറ്റ പ്രശ്നത്തെ തുടര്‍ന്ന് (ഇതൊരു പ്രശ്നം അല്ല) ചില തുമ്പില്ലാത്ത മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍ പിന്നില്‍നിന്നുകൊണ്ട് മലങ്കരമെത്രാപ്പോലീത്തായ്ക്കെതിരെ കേസു കൊടുപ്പിച്ച ലജ്ജാകരമായ സംഭവവും ഉണ്ടായി. നിയമിക്കാന്‍ അധികാരമുണ്ടെങ്കില്‍ സ്ഥലംമാറ്റാനും മലങ്കരമെത്രാപ്പോലീത്തായ്ക്കധികാരമുണ്ട്. സ്ഥലംമാറ്റക്കാര്യമൊന്നും ഭരണഘടനയുടെ പരിഷ്കരിച്ച പതിപ്പിലും കാണുന്നില്ലല്ലോ.