മസ്‌ക്കറ്റ്: സാമ്പത്തിക ക്ലേശം മൂലം ചികിത്സയ്ക്ക് നിർവ്വാഹമില്ലാത്ത അർബുദ രോഗികൾക്ക് വീണ്ടും ചികിത്സാ സഹായവുമായി മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവക. ഇടവകയുടെ തണൽ ജീവകാരുണ്യ പദ്ധതിയിൽ “കാരുണ്യത്തിന്റെ നീരുറവ” എന്ന് നാമകരണം ചെയ്തിരിക്കുന്ന പദ്ധതിയിലൂടെ നിർദ്ധനരായ കാൻസർ രോഗികൾക്ക് ചികിത്സക്കായി ഒരു ലക്ഷം രൂപവരെ ധനസഹായം നൽകുന്നു. കഴിഞ്ഞ പ്രവർത്തന വർഷവും കാൻസർ ചികിത്സക്കായി നടപ്പാക്കിയ പദ്ധതിയിലൂടെ നൂറ്റി അൻപതോളം പേർക്ക് ധനസഹായം നൽകിയിരുന്നു. അപേക്ഷകർക്ക് നേരിട്ട് ചികിത്സാ സഹായം നൽകുന്നതോടൊപ്പം പദ്ധതിയുടെ ഭാഗമായി ഈ വർഷം സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളുമായി സഹകരിച്ച് കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലും ഒമാനിലുമായി ബോധവത്ക്കരണ സെമിനാറുകൾ, കാന്‍സര്‍ രോഗനിര്‍ണ്ണയ ക്യാംപുകള്‍, സഭയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന പാലിയേറ്റീവ് കെയര്‍ യൂണിറ്റുകള്‍ വഴിയുള്ള ചികിത്സാ സഹായം എന്നിവയും നടത്തും. ജാതിമത ഭേദമെന്യേ എല്ലാ വിഭാഗങ്ങളിലുമുള്ള നിർദ്ധനരായ രോഗികൾക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കും. ഓർത്തഡോക്സ് സഭാംഗങ്ങൾക്ക് മുൻഗണന ലഭിക്കുന്നതാണ്.
ധന സഹായത്തിനായി അപേക്ഷിക്കുന്നവര്‍ പൂർണ്ണ വിവരങ്ങൾ അടങ്ങിയ അപേക്ഷയോടൊപ്പം വൈദ്യ പരിശോധനാ റിപ്പോർട്ട്, വരുമാന സർട്ടിഫിക്കേറ്റ് എന്നിവയുടെ പകർപ്പുകൾ സഹിതം 2018 നവംബർ 30 ന് മുൻപായി
The Vicar, Mar Gregorios Orthodox Church,
P.O Box: 984, Postal Code: 100,
Muscat, Sultanate of Oman
എന്ന വിലാസത്തിൽ അയക്കണം.
തണൽ പദ്ധതിയുടെ ഈ വർഷത്തെ ഉദ്ഘാടനം റുവി സെന്റ്. തോമസ് പള്ളിയില്‍ വിശുദ്ധ കുർബ്ബാനാനന്തരം നടന്ന ചടങ്ങില്‍ കേരള പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടറും ലോക കേരള നിയമസഭാ സ്റ്റാന്റിംഗ് കമ്മറ്റി അംഗവുമായ പി. എം. ജാബിര്‍ നിര്‍വ്വഹിച്ചു. ഇടവകയുടെ അസോസിയേറ്റ് വികാരി ഫാ. ബിജോയ് വർഗ്ഗീസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ട്രസ്റ്റി ബിജു പരുമല, തണൽ പദ്ധതി ജനറൽ കൺവീനർ ശ്രീ. ബെൻസൺ സക്കറിയ എന്നിവര്‍ സംസാരിച്ചു.
അർബുദ രോഗബാധിതരുടെ വ്യാപ്തി ഓരോവർഷവും ക്രമാതീതമായി വർദ്ധിക്കുകയാണ്. വിഷലിപ്തമായ ഭക്ഷ്യവസ്തുക്കളുടെ ഉപയോഗം, ജീവിത ശൈലി,വ്യായാമമില്ലായ്മ, ഫാസ്റ്റ് ഫുഡ് സംസ്കാരം തുടങ്ങിയവ പ്രധാന കാരണങ്ങളാണ്. പുതിയ കണക്കനുസരിച്ച് കേരളത്തിൽ മാത്രം പ്രതിവർഷം അറുപതിനായിരത്തോളം പേരാണ് കാൻസർ രോഗബാധിതരായിത്തീരുന്നത്. ഈ നില തുടർന്നാൽ 2025 ആകുമ്പോഴേക്കും ഇത് തൊണ്ണൂറായിരം പേർക്ക് എന്ന കണക്കിലെത്തും. അർബുദ രോഗത്തിനുള്ള ചികിത്സാ ചിലവ് സാധാരണക്കാർക്ക് താങ്ങാവുന്നതിലുമധികമാണ്. ഈ സാഹചര്യത്തിലാണ് ഇടവക ഈ വർഷവും ഇത്തരത്തിലൊരു ഉദ്യമം ഏറ്റെടുത്തത്. ഇടവക രൂപീകൃതമായ നാൾ മുതൽ ശ്രേഷ്ഠമായ ആരാധനാ നിർവ്വഹണത്തിനും ആധ്യാത്മിക പ്രവർത്തങ്ങൾക്കുമൊപ്പം സമൂഹത്തിൽ ക്ലേശമനുഭവിക്കുന്നവർക്കും വേദനിക്കുന്നവർക്കും അശരണർക്കുമായി നിരവധി കർമ്മപദ്ധതികളാണ് ആവിഷ്ക്കരിച്ചു വരുന്നത്. കഴിഞ്ഞ 13 വർഷങ്ങളായി തുടർച്ചയായി ഇടവക നടപ്പാക്കി വരുന്ന തണൽ ജീവകാരുണ്യ പദ്ധതിയിലൂടെ ഹൃദയ ശസ്ത്രക്രിയ, വിവാഹം, ഭവനനിർമ്മാണം, വൃക്ക രോഗികൾക്കുള്ള ചികിത്സാ സഹായം തുടങ്ങിയ വിവിധ പദ്ധതികളിലൂടെ ആയിരത്തിലധികം പേർക്ക് ധനസഹായം നൽകിയതായും ഫാ. ബിജോയ് വർഗ്ഗീസ് പറഞ്ഞു. ചടങ്ങിൽ സഭാ മാനേജിംഗ് കമ്മറ്റി അംഗവും സംരംഭകനുമായ ഡോ. ഗീവര്‍ഗീസ് യോഹന്നാനില്‍ നിന്ന്‍ ചികിത്സാ സഹായ പദ്ധതിയിലേക്കുള്ള ആദ്യ തുക സ്വീകരിച്ചു. ഇടവക സെക്രട്ടറി ബിനു കുഞ്ചാറ്റില്‍, കോ ട്രസ്റ്റി ജാബ്സന്‍ വര്‍ഗീസ് എന്നിവര്‍ സന്നിഹിതരായിരുന്നു.
കാൻസർ രോഗികൾക്കുള്ള ധനസഹായം കൂടാതെ ഇടവക ഈ വർഷം ആരംഭിക്കുന്ന സാന്ത്വനം ജീവകാരുണ്യ പദ്ധതിയിലൂടെ പരുമല സെന്റ്. ഗ്രീഗോറിയോസ് ആശുപത്രിയുമായി സഹകരിച്ച് വൃക്കരോഗികൾക്ക് ഡയാലിസിസ്, കൂടാതെ മറ്റ് രോഗങ്ങൾക്കുള്ള ചികിത്സ, വിവാഹം, വിദ്യാഭാസം, ഭവന നിർമ്മാണം തുടങ്ങിയവയ്ക്കുള്ള ധനസഹായവും നൽകും. ഇതിനുള്ള അപേക്ഷകൾ 2019 ഫെബ്രുവരി 28-ന് മുൻപായി മുകളിൽ കൊടുത്തിരിക്കുന്ന വിലാസത്തിൽ അയക്കേണ്ടതാകുന്നു.