വക്രീകരിക്കപ്പെടുന്ന വാർത്തകൾ / ഫാ. ജോൺസൺ പുഞ്ചക്കോണം

മലങ്കര സഭയിലെ പിതാക്കന്മാരെ സമൂഹ മാധ്യമങ്ങളിലൂടെ അപഹസിക്കുകയും അപമാനിക്കുകയും ചെയ്യുന്ന തികച്ചും തരംതാണ രീതികൾ കുറച്ചു നാളുകളായി ചിലർ പിന്തുടരുന്നു. ഇക്കൂട്ടർ ഉപയോഗിക്കുന്ന പദങ്ങൾ, പരിഹാസം, കുത്തുവാക്കുകൾ, ഇരട്ടപ്പേരുകൾ, ഏഷണി, വിളിക്കുന്ന നാമങ്ങൾ പരിഷ്കൃത സമൂഹത്തിന് ഒട്ടും ചേർന്നതല്ല. സോഷ്യൽ മീഡിയകളായ വാട്സ് ആപ്, ഫേസ്ബുക്ക് തുടങ്ങിയ മാധ്യമങ്ങളിലൂടെയാണ് ഇക്കൂട്ടർ ഇവ പ്രചരിപ്പിക്കുന്നത്. പിതാക്കന്മാരുടെ ചിത്രങ്ങൾ മോർഫ് ചെയ്തും, വാർത്തകളുടെ നിജസ്​ഥിതി മനസിലാക്കാതെ സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുന്നത് തികഞ്ഞ വ്യാജപ്രചരണമാണെ ന്നത് ജനങ്ങൾ തിരിച്ചറിയണം. അതേസമയം ഒരാൾ തെറ്റുചെയ്തു എന്ന് ബോധ്യപ്പെട്ടാൽ കർശനമായ ശിക്ഷണ നടപടികൾ സ്വീകരിക്കുവാനും സഭ തയാറായിട്ടുണ്ട്. അത് ഇനിയും പിന്തുടരുക തന്നെ ചെയ്യും. വാർത്തകൾ കേൾക്കുന്ന മാത്രയിൽ പ്രചരിപ്പിക്കുന്നതിന് മുൻപ് അത് യാഥാർത്ഥ്യമാണോ എന്ന് അന്വേഷിക്കുവാൻ നമുക്ക് ഓരോരുത്തർക്കും ബാധ്യതയുണ്ട്. തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുക വഴി ഒരാൾ സമൂഹത്തോടും ദൈവത്തോടും ചെയ്യുന്ന കുറ്റകൃത്യമായത് മാറുമെന്നതിൽ തർക്കമില്ല.

കിട്ടുന്നതെന്തും ഷെയർ ചെയ്യുന്നത് കളവു പറയുന്നതിന് തുല്യമാണ്. ആധികാരികത ഉറപ്പു വരുത്തിയതിനു ശേഷം മാത്രം അത്‌ മറ്റുള്ളവരുമായി പങ്കുവെക്കുക. ഉപകാരമില്ലാത്ത പോസ്റ്റുകളും കമന്റ്റുകളും ഒഴിവാക്കുവാൻ വിശ്വാസികൾ ശ്രദ്ധിക്കണം. മനുഷ്യന്റെ വിലപ്പെട്ട സമയം അനാവശ്യ വാർത്തകൾ പരത്തുന്നതിൽ നിന്നും ഒഴിവാകുകയാണ് ഉത്തമം. പൊതു ഇടങ്ങളിൽ ചില മര്യാദകൾ കാണിക്കുവാൻ മനുഷ്യന് ബാധ്യത ഉണ്ട് എന്നത് വിസ്മരിക്

രുത്. നിമിഷ നേരം കൊണ്ട് ലക്ഷങ്ങളിലേക്ക് പരത്തുന്ന വാർത്തകൾ ആർക്കൊക്കെ ഹാനി സംഭവിപ്പിക്കുന്നു എന്ന് നാം ചിന്തിക്കാറില്ല. നിരുപദ്രവം എന്ന് തോന്നുമെങ്കിലും മുറിവേൽക്കുന്ന അനേകം മനസുകൾ ഉണ്ടെന്ന കാര്യം നാം വിസ്മരിക്കരുത്.

സഭയിലെ ചില നേതാക്കളെ വ്യക്തിഹത്യ ചെയ്യാൻ വേണ്ടി മാത്രം നിരന്തരം തെറ്റായ വാർത്തകൾ കൊടുക്കുക, ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വാർത്ത പരത്തുക, തെറ്റായ ഉദ്ദേശ്യത്തോടെ വാർത്തകൾ പ്രചരിപ്പിക്കുക ഇത് ചിലരുടെ ഹോബിയായി മാറിയിരിക്കുന്നു. രാജ്യത്തെ നിലവിലുള്ള നിയമമനുസരിച്ചു സോഷ്യൽ മീഡിയ ദുരുപയോഗം ചെയ്യുന്നവർക്ക് കർശനമായ ശിക്ഷ ലഭിക്കുവാൻ വേണ്ട നിയമ നടപടികളിലേക്ക് പ്രവേശിക്കുവാൻ മലങ്കര സഭ നേതൃത്വം ഇനിയും അമാന്തം കാട്ടരുത്. അതേസമയം കുറ്റകൃത്യം ചെയ്യുന്നവരെ അവർ എത്ര ഉന്നതരായാലും അവരെ സഭയിൽ നിന്ന് മാറ്റി നിർത്തണം. യാതൊരുവിധ പരിരക്ഷയും ഇക്കൂട്ടർക്ക് നൽകേണ്ടതില്ല. ഏത് സമൂഹത്തിലും ചില പുഴുക്കുത്തുകൾ കാണും. അത്‌ സഭയിലും ഉണ്ട്. ഇവിടെ വ്യക്തികൾ ചെയ്യന്ന കുറ്റം മൂലം സഭ അപമാനിക്കപ്പെടുന്നു. പുഴുക്കുത്തായ കൊമ്പുകൾ വെട്ടിക്കളയുക മാത്രമാണ് അഭികാമ്യം. നിന്റെ കൈ നിനക്ക് ഇടർച്ച വരുത്തിയാൽ അതിനെ വെട്ടിക്കളക: അംഗവൈകല്യമുള്ളവനായി ജീവനിൽ കടക്കുന്നത് രണ്ടു കയ്യുമുള്ളവൻ ആയി കെടാത്ത തീയായ നരകത്തിൽ പോകുന്നതിനേക്കാൾ നിനക്ക് നല്ലത്. നിന്റെ കാൽ നിനക്ക് ഇടർച്ച വരുത്തിയാൽ അതിനെ വെട്ടിക്കളക: മുടന്തനായി ജീവനിൽ കടക്കുന്നത് രണ്ടു കാലുമുള്ളവൻ ആയി നരകത്തിൽ എറിയപ്പെടുന്നതിനേക്കാൾ നിനക്ക് നല്ലത്. നിന്റെ കണ്ണ് നിനക്ക് ഇടർച്ച വരുത്തിയാൽ അതിനെ ചൂഴ്ന്നുകളയുക; രണ്ടുകണ്ണുള്ളവനായി ചാകാത്ത പുഴുവും കെടാത്ത തീയുമുള്ള അഗ്നിനരകത്തിൽ എറിയപ്പെടുന്നതിനേക്കാൾ ഒറ്റക്കണ്ണനായി ദൈവരാജ്യത്തിൽ കടക്കുന്നത് നിനക്ക് നല്ലത്.