അനധികൃത പെണ്‍കെട്ടും മുടക്കും (1855)

പാലക്കുന്നത്ത് മാത്യൂസ് മാര്‍ അത്താനാസ്യോസിന്‍റെ രണ്ട് കല്പനകള്‍

മാര്‍ അത്താനാസ്യോസ് മെത്രാപ്പോലീത്താ എഴുത്ത്.

വല്യപള്ളിക്കാരു കണ്ടെന്നാല്‍.

ആ ഇടവകയില്‍ …. മാത്തനെന്നവന്‍റെ കെട്ടിയവള്‍ മരിക്കയില്‍ പിറ്റേ ഞായറാഴ്ച തന്നെ രണ്ടാമതു കെട്ടുന്നതിനു നിശ്ചയിച്ചു മൂന്നാം ദിവസം പുലകുളി കഴിക്കണമെന്നും പെണ്ണിന്‍റെ തകപ്പന്‍ മുതല്‍പേരോടു നിര്‍ബ്ബന്ധിച്ചപ്രകാരം ചെയ്യാഴികയാല്‍ പുലകുളി കഴിഞ്ഞയുടനെ പതിനേഴിനു മുമ്പ് ശനിയാഴ്ച രാത്രിയില്‍ രഹസ്യമായിട്ടു ഒരു പെണ്ണിനെയും കൊണ്ട് അവന്‍ ആ പള്ളിയില്‍ വന്നു നിങ്ങള്‍ അറിയാതെയും ദേശകുറി കൂടാതെയും പസാരം വയ്പിക്കാതെയും ന്യായവിരോധമായിട്ടു …….. കത്തനാരു രാത്രികാലങ്ങളില്‍ പെണ്‍കെട്ടു കഴിപ്പിച്ചു അയച്ചിരിക്കുന്ന സംഗതി കൊണ്ടും കത്തങ്ങളും കൈക്കാരും കൂടി നമ്മെ എഴുതി ബോധിപ്പിച്ചു വിചാരിച്ചതിലും മേലെഴുതിയപ്രകാരം കെട്ടിച്ചു അയച്ചിരിക്കുന്നത് പരമാര്‍ത്ഥമെന്നു അറിയപ്പെട്ടു. പുലകുളി കഴിഞ്ഞയുടനെ കെട്ടിക്ക മുറയില്ലാത്തതും അപ്രകാരം ഒരിക്കലും ഉണ്ടായിട്ടില്ലാത്തതും ആയിരിക്കുമ്പോള്‍ പരിഷ മര്യാദയ്ക്കും ചട്ടത്തിനും വിരോധമായി ചെയ്തിരിക്കുന്ന മേലെഴുതിയ കത്തനാരോടു അതിന്‍റെ അവസ്ഥ പോലെ വിചാരിപ്പാനുള്ളതാകയാല്‍ ഈ സംഗതിക്കു ഇന്നപ്രകാരമെന്നു നിശ്ചയിച്ചു കല്‍പന അയക്കുന്നതുവരെയും ……. കത്തനാരുടെ അംശപ്രവൃത്തികള്‍ നാം മുടക്കിയിരിക്കകൊണ്ടും നടത്തികൊള്‍കയും അരുത്.

എന്ന് 1854-മത ധനു മാസം 3-നു കല്ലൂപ്പാറ പള്ളിയില്‍ നിന്നും എഴുത്ത്.

പകര്‍പ്പ്.

കൂടെ കണ്ടെന്നാല്‍,

ആ ഇടവകയില്‍ കൂടുന്നതില്‍ …… മാത്തനെന്നവനെ കൊണ്ട് സുറിയാനി മര്യാദയ്ക്കു വിരോധമായിട്ടുള്ള മുറയില്‍ …… കത്തനാര്‍ വിവാഹം കഴിപ്പിച്ചിരിക്കുന്നപ്രകാരം നമുക്കു അറിയപ്പെട്ടു മേലെഴുതിയ കത്തനാര്‍ക്കു അംശമുടക്കായി നാം കല്‍പന അയച്ചിട്ടുണ്ടായിരുന്നുവല്ലോ. ഇപ്പോള്‍ മേലെഴുതിയ കത്തനാര്‍ ആ കാര്യത്തെക്കുറിച്ച് അനുതപിച്ചു എന്ന് സ്ഥിരമായി അറിഞ്ഞു അയാളെ കൊണ്ടു അതിനു തക്കതായ പ്രായശ്ചിത്തവും ചെയ്യിച്ചു മുടക്കു തീ

ര്‍ത്തിരിക്കുന്നതിനാല്‍ മുന്‍നാളിലെപോലെ നടന്നുകൊള്ളുന്നതിനു ഈ കല്പനയാല്‍ അയാള്‍ക്കു നാം അനുവാദം കൊടുത്തിരിക്കുന്നു. അതിന്മണ്ണം നടത്തിച്ചുകൊള്‍കയും വേണം.

എന്ന് 1855 മത മകരമാസം 3-നു സിമ്മനാരിയില്‍ നിന്നും എഴുത്ത്.

(ഇടവഴിക്കല്‍ ഡയറിയില്‍ നിന്നും)