ആകാശത്തു നിന്ന് ‘മന്നാ’ പൊഴിഞ്ഞു / ക്യാപ്റ്റന്‍ കെ. എസ്. ജോസഫ് കണ്ണന്‍തുരുത്തില്‍

ഒരു ദൃക്സാക്ഷിയുടെ അനുഭവ വിവരണം

മദര്‍ സൂസന്‍ കുരുവിളയുടെ നവതിയോടനുബന്ധിച്ച് ‘മലങ്കര സഭാ’ മാസികയില്‍ പ്രസിദ്ധീകരിച്ച ജീവചരിത്ര പ്രധാനമായ ലേഖനം കണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് അത്ഭുത കന്യകയെ നേരിട്ടു കണ്ട റിട്ട. ക്യാപ്റ്റന്‍ കെ. എസ്. ജോസഫ് (കണ്ണന്‍തുരുത്തില്‍, പരിയാരം, കോട്ടയം 21) എഴുതി അയച്ച കുറിപ്പാണു ചുവടെ ചേര്‍ക്കുന്നത്.

ഏകദേശം 73 വര്‍ഷങ്ങള്‍ക്കു മുമ്പ് മാക്കാംകുന്ന് പള്ളിയില്‍ വെച്ച് ദുഃഖവെള്ളിയാഴ്ച കുഞ്ഞമ്മ എന്ന പെണ്‍കുട്ടിയുടെ ദേഹത്ത് അത്ഭുതകരമായി കര്‍ത്താവിന്‍റെ പഞ്ചക്ഷതങ്ങള്‍ പ്രത്യക്ഷപ്പെടുകയുണ്ടായി. ഏതാനും ദിവസങ്ങള്‍ക്കുശേഷം അവള്‍ കോട്ടയത്ത് വരുന്നു എന്നറിഞ്ഞ് ഞാനും രണ്ട് കൂട്ടുകാരും കൂടി കുരിശുപള്ളിക്കു സമീപം അവര്‍ താമസിച്ച വീട്ടില്‍ പോയി. ആ പെണ്‍കുട്ടി ഒരു മുറിയില്‍ കസേരയില്‍ ഇരിക്കുകയായിരുന്നു. ഞങ്ങള്‍ കൈവെള്ളയിലെ ആണിപ്പാടുകള്‍ കണ്ടു. ആ മുറിയില്‍ അയ്മനം കല്ലുങ്കത്ര പള്ളി വികാരി ചാലാശ്ശേരി അച്ചനും വേറെ രണ്ടുമൂന്നു ആളുകളും ഉണ്ടായിരുന്നു. ഏകദേശം പത്തു മിനിറ്റ് കഴിഞ്ഞ് പുരപ്പുറത്ത് ആലിപ്പഴം വീഴുന്നപോലെ ശബ്ദം ഉണ്ടായി. തുടര്‍ന്ന് പല്ലി മുട്ടായി പോലെ വെളുത്ത സാധനം മുറിക്കകത്ത് മുകളില്‍ നിന്ന് ചിതറി വീഴുവാന്‍ തുടങ്ങി. ഞങ്ങള്‍ ആ അത്ഭുതം കണ്ട് സ്തംഭിച്ച് നിന്നുപോയി. ചാലാശ്ശേരില്‍ അച്ചന്‍ അതു സ്വര്‍ഗ്ഗത്തില്‍ നിന്ന് വീണ മന്ന ആണെന്നു പറഞ്ഞു രുചിച്ചുനോക്കി പുളിരസമായിരുന്നു.

എനിക്ക് അന്ന് പന്ത്രണ്ടു വയസ്സ് പ്രായമായിരുന്നു. ബാലമനസ്സായിരുന്നതുകൊണ്ട് ഒട്ടും സംശയിക്കാതെ അത് ദൈവം കാണിച്ച അത്ഭുതമായിട്ട് പരിപൂര്‍ണ്ണമായി വിശ്വസിച്ചു. ഇപ്പോഴും വിശ്വസിക്കുന്നു. തുടര്‍ന്ന് ആ പെണ്‍കുട്ടി പാത്താമുട്ടത്തുള്ള ബഹുമാനപ്പെട്ട മാളിയേക്കല്‍ കുറിയാക്കോസ് റമ്പാച്ചന്‍റെ പള്ളിയില്‍ കുറെ ദിവസങ്ങള്‍ താമസിച്ചു. അത്ഭുതങ്ങള്‍ അവിടെയും ആവര്‍ത്തിച്ചു. രോഗികള്‍ സൗഖ്യമായി. ആളുകള്‍ തടിച്ചുകൂടി.

മലങ്കരസഭാ മാസികയിലെ ലേഖനത്തില്‍ പറയുന്നതുപോലെ കുഞ്ഞമ്മ എന്ന പെണ്‍കുട്ടിക്ക് ആദ്യം കര്‍ത്താവ് വെളിപ്പെടുന്നത് ഇലഞ്ഞിക്കല്‍ കുടുംബ വകയായി ആ തറവാട്ടുമുറ്റത്തുള്ള ദേവാലയത്തില്‍ വച്ചാണ്. ഈ ദേവാലയത്തിന് ഒരു അത്ഭുത ചരിത്രമുണ്ട്. ആ കാര്യത്തെപ്പറ്റി മാമ്മന്‍ മാപ്പിള തന്‍റെ “ജീവിത സ്മരണകള്‍” എന്ന പുസ്തകത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട് (പേജ് 10, 11).

നൂറ്റാണ്ടുകള്‍ക്കു മുമ്പ് ഇലഞ്ഞിക്കല്‍ തറവാട്ടുമുറ്റത്ത് മാര്‍ ഗ്രീഗോറിയോസിന്‍റെ നാമത്തില്‍ ഒരു ദേവാലയം പണിയാന്‍ ഇടയായത് അതിശയം തന്നെ. ആ ദേവാലയം പണിയിച്ച ഗൃഹനാഥന്‍റെ കൊച്ചുമകള്‍ക്ക് അതേ ദേവാലയത്തില്‍ വച്ച് കര്‍തൃദര്‍ശനം ഉണ്ടായതും അത്ഭുതം. ആ പെണ്‍കുട്ടിയുടെ ദേഹത്ത് കര്‍ത്താവിന്‍റെ പഞ്ചക്ഷതങ്ങള്‍ പ്രത്യക്ഷപ്പെട്ടതും മന്നാ പൊഴിഞ്ഞതും അവരുടെ പ്രാര്‍ത്ഥനയില്‍ രോഗസൗഖ്യം ഉണ്ടായതും അതിശയങ്ങള്‍ തന്നെ.

തിരുസഭയില്‍ കന്യാസ്ത്രീയായും പിന്നീട് മദറായി ഉയര്‍ത്തപ്പെടുകയും, വെറും കൈയായി മുളന്തുരുത്തിയില്‍ ചെന്ന് ഒട്ടും പ്രതീക്ഷിക്കാത്തിടത്തു നിന്ന് കിട്ടിയ സാമ്പത്തിക സഹായം കൊണ്ട് മനോഹരമായ ഒരു ദേവാലയം മറ്റൊരു പരിശുദ്ധ ഗ്രീഗോറിയോസിന്‍റെ നാമത്തില്‍ പണിയിക്കുകയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുന്നതു വലിയ ദൈവകൃപ തന്നെയാണ്.

മേല്‍പ്പറഞ്ഞ സെപ്റ്റംബര്‍ ലക്കത്തിലെ വാര്‍ത്ത കണ്ടതിനുശേഷം ഞാന്‍ മാര്‍ ഗ്രീഗോറിയോസ് ആശ്രമത്തില്‍ ചെന്ന് അമ്മയെ കണ്ടു. പഴയ കാര്യങ്ങള്‍ ഓര്‍മ്മിപ്പിച്ചപ്പോള്‍ വളരെ സന്തോഷിച്ചു. അടുത്ത് വിളിച്ചിരുത്തി ഫോട്ടോ എടുപ്പിച്ചു. അനുഗ്രഹിച്ചയച്ചു.