മദര്‍ സൂസന്‍ കുരുവിളയുടെ കണ്ടനാട് ആശ്രമം / കെ. വി. മാമ്മന്‍

സാധാരണഗതിയില്‍ സഭയും ഭദ്രാസനങ്ങളും മേല്‍പട്ടക്കാരും ചില പ്രമുഖ ഇടവകകളും മിഷന്‍ ബോര്‍ഡുപോലെയുള്ള സുവിശേഷ സേവന പ്രസ്ഥാനങ്ങളും മറ്റും നടത്തുന്ന ദയറാകള്‍, ആശ്രമങ്ങള്‍, മഠങ്ങള്‍, അനാഥ ബാലികാബാലഭവനങ്ങള്‍, വൃദ്ധഭവനങ്ങള്‍ മുതലായവകളില്‍ നിന്നും തികച്ചും വ്യത്യസ്തമായി ദൈവകൃപയുടെ പ്രേരണയാല്‍ ഒരു സിസ്റ്റര്‍ ആരംഭിച്ച് നാലര ദശാബ്ദമായി നല്ല നിലയില്‍ നടത്തിവരുന്ന ഒരു ബഹുമുഖ സേവനകേന്ദ്രമായ കണ്ടനാട് (മുളന്തുരുത്തി) മാര്‍ ഗ്രീഗോറിയോസ് ആശ്രമത്തിലേക്കു അനുവാചകരുടെ ശ്രദ്ധ ക്ഷണിക്കാന്‍ ആഗ്രഹിക്കുന്നു. ആശ്രമസ്ഥാപകയായ സിസ്റ്റര്‍ സൂസന്‍ കുരുവിളയുടെയും (ഇപ്പോള്‍ മദര്‍) 1973-ല്‍ ആരംഭിച്ച ആശ്രമത്തിന്‍റെയും ചരിത്രം അത്ഭുതകരവും അപ്രതീക്ഷിത ദൈവിക നടത്തിപ്പിന്‍റെയുമാണ്. മലങ്കര സഭാസാഗരത്തിലെ ബഹുമുഖ സേവനകേന്ദ്രമായ ഒരു ചെറിയ തുരുത്താണ് കണ്ടനാട് ആശ്രമം എന്നു വിശേഷിപ്പിച്ചാലും തെറ്റില്ല. സ്ഥാപകയായ മദര്‍ സൂസന്‍ കുരുവിളയുടെ ജീവചരിത്രവും ആശ്രമത്തിന്‍റെ ചരിത്രവും ഇതിനകം പുസ്തകങ്ങളിലും പത്രമാസികകളിലും വന്നിട്ടുള്ളതിനാല്‍ ആവര്‍ത്തിക്കുന്നില്ല. ഇന്നു നവതിയുടെ നറുംനിലാവില്‍ നിലനിന്നുകൊണ്ടു തന്‍റെ പ്രവര്‍ത്തനത്തെ ദൈവം ധാരാളമായി അനുഗ്രഹിച്ചു വളര്‍ത്തിയതില്‍ മദര്‍ വിനയപൂര്‍വ്വം ആനന്ദക്കണ്ണീര്‍ പൊഴിക്കുന്ന കാഴ്ച ആശ്രമത്തില്‍ എത്തുന്ന ആരെയും വിസ്മയഭരിതരായി ത്രസിപ്പിക്കാന്‍ പര്യാപ്തമാണ്.

സ്ഥാപകയുടെയും സ്ഥാപനത്തിന്‍റെയും ചരിത്രസംഗ്രഹത്തിലേക്കു കടക്കുന്നതിനു മുമ്പ് പ്രവര്‍ത്തനനിരതമായ ആശ്രമത്തിന്‍റെ ചരിത്രത്തിലേക്കു ഒന്ന് എത്തിനോക്കാം. കഴിഞ്ഞ 45 വര്‍ഷത്തിനിടയില്‍ ഒട്ടധികം പാവപ്പെട്ടവരെ സഹായിച്ചും സംരക്ഷിച്ചും ചരിത്രം സൃഷ്ടിച്ച മാര്‍ ഗ്രീഗോറിയോസ് ആശ്രമത്തില്‍ ഇപ്പോള്‍ നൂറില്‍പരം അന്തേവാസികളാണുള്ളത്. അനാഥരും, സാധുക്കളും, പാവപ്പെട്ട വിദ്യാര്‍ത്ഥിനീവിദ്യാര്‍ത്ഥികളും, അംഗഹീനരും, വൃദ്ധരും മറ്റും ഉള്‍പ്പെട്ട ഗ്രൂപ്പുകള്‍ക്കു പ്രത്യേകം പ്രത്യേകം കെട്ടിടങ്ങളിലാണു താമസസൗകര്യം ഒരുക്കിയിട്ടുള്ളത്. സൗജന്യ ചികിത്സാസഹായത്തിനുള്ള ക്ലിനിക്, സാധുരോഗികള്‍ക്കുവേണ്ടിയുള്ള ആംബുലന്‍സ് സര്‍വീസ്, ജോലിയില്ലാത്ത പാവപ്പെട്ടവര്‍ക്കു ജോലി നല്‍കാനുള്ള ക്രാഫ്റ്റ് സ്കൂള്‍ മുതലായവ ആശ്രമപ്രവര്‍ത്തന പദ്ധതികളുടെ ഭാഗമാണ്.

അന്തേവാസികളായ വിദ്യാര്‍ത്ഥികളുടെ അഭിരുചി മനസ്സിലാക്കി അവര്‍ക്ക് ഉന്നത വിദ്യാഭ്യാസ സൗകര്യം നല്‍കുകയും അവരെ ഉത്തമപൗരന്മാരാക്കി മാറ്റുകയും ചെയ്യുന്ന രീതി ഏറെ അഭിലഷണീയമായി തോന്നി. കൂടാതെ സൗജന്യമായി ഇംഗ്ലീഷ് മീഡിയം നഴ്സറി സ്കൂളും നടത്തുന്നു.

സാധു വിധവകളുടെ പെണ്‍മക്കള്‍ക്കു വിവാഹസഹായം നല്‍കുന്നതും ഭവനരഹിതര്‍ക്കു വീടുവച്ചുകൊടുക്കുന്നതും ആശ്രമത്തിന്‍റെ സേവനപ്രവര്‍ത്തനത്തില്‍ ഉള്‍പ്പെടുന്നു. മറ്റുള്ളവരുടെ ആവശ്യങ്ങളോടു സഹാനുഭൂതിയോടു പ്രതികരിക്കുകയും നല്ല ശമര്യക്കാരനോടു തുല്യം പ്രവര്‍ത്തിക്കുകയും രോഗികളെ ശുശ്രൂഷിക്കുകയും വിശക്കുന്നവര്‍ക്കു ഭക്ഷണം നല്‍കി പോറ്റുകയും ചെയ്യുന്നതില്‍ അവര്‍ണ്ണനീയമായ ആനന്ദം കണ്ടെത്തുന്ന മദര്‍ സൂസന്‍ കുരുവിളയ്ക്ക് ഇക്കാര്യത്തില്‍ പ്രായത്തിന്‍റെ ക്ഷീണം ഒന്നുമില്ല. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ 91-കാരിക്കു 19-കാരിയുടെ ഉത്സാഹവും ഊര്‍ജ്ജവും.

മദര്‍ സൂസന്‍: കൃപയിലൂടെ

പ. പരുമല തിരുമേനിയുടെ പാദസ്പര്‍ശത്താല്‍ അനുഗൃഹീതമായ വളഞ്ഞവട്ടം തൈക്കടവില്‍ കുരുവിള-തങ്കമ്മ ദമ്പതികളുടെ പുത്രിയായി 1927 ജൂലൈ 26-നു കുഞ്ഞമ്മ എന്ന സൂസന്‍ ജനിച്ചു. മുടങ്ങാത്ത കുടുംബപ്രാര്‍ത്ഥനയും പള്ളിആരാധനകളും കുഞ്ഞമ്മയുടെ ആദ്ധ്യാത്മിക ജീവിതത്തെ പോഷിപ്പിച്ചു. പന്ത്രണ്ടാം വയസ്സില്‍ നിരണം ഇലഞ്ഞിക്കല്‍ ചാപ്പലിലെ പ്രാര്‍ത്ഥനാവേളയില്‍ ദൈവവിളി ഉണ്ടായി. പതിമൂന്നാം വയസ്സില്‍ പത്തനംതിട്ട മാക്കാംകുന്ന് സെന്‍റ് സ്റ്റീഫന്‍സ് പള്ളിയിലെ ദുഃഖവെള്ളിയാഴ്ച ശുശ്രൂഷയില്‍ സംബന്ധിച്ചുകൊണ്ടിരിക്കുമ്പോള്‍ ശരീരം ആസകലം അതികഠിനമായി വേദന ഉണ്ടാകുകയും കര്‍ത്താവിന്‍റെ പഞ്ചക്ഷതങ്ങള്‍ രക്തം വമിച്ച് പ്രത്യക്ഷപ്പെടുകയും ചെയ്തു. ചൊവ്വാ, വെള്ളി, മറ്റ് പ്രത്യേക അവസരങ്ങളിലും അതികഠിനവേദനയോടെ രക്തം വമിച്ച് കര്‍ത്താവിന്‍റെ പീഡാനുഭവയാതന അനുഭവിക്കുന്നു. ഈ ‘വേദന’യുടെ അന്ത്യം പ്രത്യേകം ദൈവകൃപാകടാക്ഷം ബാലികയില്‍ ഉണ്ടായിക്കൊണ്ടിരുന്നു.

ബാലികയുടെ ആത്മീയ ജീവിത പ്രത്യേകതകളെ ഡോക്ടര്‍മാരും സഭാദ്ധ്യക്ഷന്മാരും വേറെ വേറെ പരിശോധിച്ചു. ഒന്നും പിടികിട്ടിയില്ല. “അത്ഭുത കന്യക”യായി വളര്‍ന്നുവന്ന കുഞ്ഞമ്മ, പ. ബസ്സേലിയോസ് ഗീവറുഗീസ് ദ്വിതീയന്‍ ബാവായുടെ പ്രിയങ്കരിയായ ആത്മീയ പുത്രിയായി തീര്‍ന്നു. പരിശുദ്ധ പരുമല തിരുമേനിയുടെ കബറിങ്കല്‍ പോയി പ്രാര്‍ത്ഥിച്ച് ആ മദ്ധ്യസ്ഥത മൂലം കൃപാകടാക്ഷത്തില്‍ വളര്‍ന്നു. ആത്മീയമായി ഉയര്‍ന്ന കുഞ്ഞമ്മയെ 17-ാം വയസ്സില്‍ പ. ഗീവറുഗീസ് ദ്വിതീയന്‍ ബാവാ, സിസ്റ്റര്‍ സൂസന്‍ കുരുവിള എന്ന നാമത്തില്‍ കന്യാസ്ത്രീയാക്കി. ‘കല്ലാശ്ശേരില്‍ ബാവ’യുടെ കാലശേഷം മാര്‍ത്തോമ്മാ മാത്യൂസ് ദ്വിതീയന്‍ ബാവായുടെ നേതൃത്വത്തില്‍ സിസ്റ്റര്‍, നിത്യകന്യാവ്രത ജീവിതസപര്യ നിര്‍വിഘ്നം തുടര്‍ന്നു.
അസാധാരണ ആത്മീയ നല്‍വരം ദാനമായി ലഭിച്ച സിസ്റ്റര്‍ സൂസന്, പരുമല തിരുമേനിയുടെ ജന്മനാട്ടില്‍ ഒരു ധര്‍മ്മസ്ഥാപനം തുടങ്ങുവാനുള്ള “ദൈവിക ദൂത്” ലഭ്യമായി. അങ്ങനെ 1973-ല്‍ മുളന്തുരുത്തി-കണ്ടനാട് റോഡരികില്‍ വേഴപ്പറമ്പില്‍ “മാര്‍ ഗ്രീഗോറിയോസ് ആശ്രമം” സ്ഥാപിതമായി.

1991-ല്‍ പ. ബസ്സേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ദ്വിതീയന്‍ ബാവാ കൂദാശ ചെയ്ത് പ്രതിഷ്ഠിച്ച മാര്‍ ഗ്രീഗോറിയോസ് ആശ്രമം ചാപ്പലില്‍ യാമപ്രാര്‍ത്ഥനകളും വി. കുര്‍ബ്ബാനയും നിര്‍വിഘ്നം നടന്നുവരുന്നു. ഈ പ്രസ്ഥാനത്തിന്‍റെ ആത്മീയ സ്രോതസ്സാണ് ഈ ചാപ്പല്‍.

പത്തു വര്‍ഷം മുമ്പ് സിസ്റ്റര്‍ സൂസന്‍ കുരുവിളയെ മദര്‍ സൂസന്‍ എന്ന പേരില്‍ ആശ്രമം മദര്‍ ആക്കുകയും ആശ്രമം അംഗമായ ഫാ. മാത്യുവിനെ റമ്പാനാക്കുകയും ആശ്രമം അംഗങ്ങളായ ഡെയ്സി, മറിയാമ്മ എന്നിവരെ സിസ്റ്റര്‍ നവോമി, സിസ്റ്റര്‍ മറിയാമ്മ എന്നീ പേരുകളില്‍ സിസ്റ്റേഴ്സ് ആക്കുകയും ചെയ്തുകൊണ്ട് പ. ദിദിമോസ് പ്രഥമന്‍ ബാവാ, ആശ്രമപ്രവര്‍ത്തനങ്ങള്‍ക്ക് സഭാതല അംഗീകാരം നല്‍കി.

1973-ല്‍ വെറുംകൈയോടെ മുളന്തുരുത്തിയിലേക്ക് വന്ന സിസ്റ്ററെ “കൃപയിലൂടെ” ദൈവം നടത്തി ഇന്നു കാണുന്ന ആശ്രമം ഉളവാക്കി. ആ ദൈവം തന്‍റെ വിളിയെ തീര്‍ച്ചയായും കൃപയിലൂടെ തന്നെ പൂര്‍ത്തീകരിക്കുമെന്ന് മദര്‍ സൂസന്‍ ഉറച്ച് വിശ്വസിച്ചു.