മലങ്കര ഓര്‍ത്തഡോക്സ് സഭ കുടുംബക്ഷേമ പദ്ധതി ഉദ്ഘാടനം ചെയ്തു

മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ സേവനവിഭാഗമായ ആര്‍ദ്രയുടെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന ആഹാരത്തിന് ബുദ്ധിമുട്ടുന്ന ആയിരം കുടുംബങ്ങള്‍ക്ക് ആഹാരം എത്തിയ്ക്കുന്നതിനായുളള കുടുംബക്ഷേമ പദ്ധതിയുടെ ഉദ്ഘാടനം പരിശുദ്ധ എപ്പിസ്ക്കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദിയസ്ക്കോറോസ് മെത്രാപ്പോലീത്ത നിര്‍വ്വഹിച്ചു. ദേവലോകം കാതോലിക്കേറ്റ് അരമന ഓഡിറ്റോറിയത്തില്‍ ആര്‍ദ്ര പ്രസിഡന്‍റ് യാക്കോബ് മാര്‍ ഏലിയാസ് മെത്രാപ്പോലീത്തായുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ 100 കുട്ടികള്‍ക്ക് പാഠ്യോപകരണങ്ങള്‍ വിതരണം ചെയ്തു.

അലസന്മാരെയും മടിയന്മാരെയും തേടി സഹായം എത്തുകയില്ലെന്നും തന്നാലാവുന്ന വിധം അദ്ധ്വാനിക്കുന്നവര്‍ക്കാണ് ദൈവാനുഗ്രഹം ഉണ്ടാകുന്നതെന്നും എന്ന് അദ്ധ്യക്ഷ പ്രസംഗത്തില്‍ യാക്കോബ് മാര്‍ ഏലിയാസ് മെത്രാപ്പോലീത്ത പ്രസ്താവിച്ചു. അവസരം ലഭിച്ചിട്ടും നന്മ ചെയ്യാതിരിക്കുന്നത് പാപമാണെന്നും നന്മ ചെയ്യാനും നന്മ ചെയ്യുന്നവരെ പ്രോത്സാഹിപ്പിക്കുവാനും എല്ലാവര്‍ക്കും കടമയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആഗ്ലിക്കന്‍ ബിഷപ്പ് റൈറ്റ് റവ. ഡേവിഡ് ലൂക്കോസ്, ഫാ. മോഹന്‍ ജോസഫ്, ഫാ. എം.റ്റി കുര്യന്‍, ഫാ. കെ. വൈ വില്‍സണ്‍, ആര്‍ദ്ര സെക്രട്ടറി അഡ്വ. ഡോ. ഐസക്ക് പാമ്പാടി, തോമസ് കുതിരവട്ടം എക്സ്.എം.പി, പ്രൊഫ. പി.സി. ഏലിയാസ്, ജോണ്‍സണ്‍ കൈപ്പളളി, പ്രൊഫ. ജോണ്‍ മാത്യൂ, കെ. കുര്യന്‍ എന്നിവര്‍ പ്രസംഗിച്ചു.