സാംക്രമിക രോഗങ്ങള്‍ മാറിപ്പോകുവാനുള്ള അപേക്ഷ

സാംക്രമിക രോഗങ്ങളുടെ കാലത്ത് (പുറപ്പാട് 9:1-6)
 
മനുഷ്യരുടെ ജീവിതത്തിന് ആവശ്യമായതെല്ലാം സൃഷ്ടിച്ചവനും സകലവും പരിപാലിക്കുന്നവനുമായ കര്‍ത്താവേ, നിന്നില്‍ത്തന്നെ ഞങ്ങള്‍ ജീവിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. കൊടുങ്കാറ്റിനെ ശാസിച്ച് ശിഷ്യന്മാര്‍ കയറിയിരുന്ന വഞ്ചി ഗലീലാക്കടലില്‍ മുങ്ങിപ്പോകാതെ അവരെ രക്ഷിച്ച നാഥാ, നിന്‍റെ ആംഗ്യത്തില്‍ സകല പ്രകൃതിയും കീഴടങ്ങുന്നു. പകര്‍ച്ചവ്യാധികള്‍മേല്‍ മനസ്സലിയണമേ. അഗ്നി സര്‍പ്പത്തിന്‍റെ കടിയേറ്റവര്‍, നിന്‍റെ കല്പന പ്രകാരം പിച്ചള സര്‍പ്പത്തെ നോക്കി രക്ഷ പ്രാപിച്ചു. നിന്നെ വിളിച്ചപേക്ഷിക്കുന്ന ഞങ്ങളോടും ഉത്തരമരുളി ഞങ്ങളെ രക്ഷിക്കണമെ. അഹരോന്‍റെ ധൂപത്താല്‍ ഇസ്രായേല്‍ ജനത്തില്‍ നിന്ന് വസന്തയെ നിരോധിച്ചത് ഇവിടെ ഉണ്ടായിട്ടുള്ള വസന്തയെയും തടയണമെ. പ്രയാസങ്ങളുടെയും, കഷ്ടതകളുടെയും മദ്ധ്യത്തില്‍ ഞങ്ങള്‍ നിന്നെ അവിശ്വസിപ്പാന്‍ ഇടയാകരുതേ. ധനവാന്‍റെ പടിക്കല്‍ കിടന്ന ലാസര്‍ അബ്രഹാമിന്‍റെ മടിയില്‍ ആശ്വാസം കണ്ടെത്തിയതുപോലെ ഈ ലോകത്തില്‍ എന്തെല്ലാം കഷ്ടതകള്‍ വന്നാലും പരലോകത്തില്‍ നീ ആശ്വാസം നല്‍കുമെന്ന പ്രത്യാശയില്‍ ഞങ്ങളെ ഉറപ്പിക്കണമെ.
 
കര്‍ത്താവേ, നിന്‍റെ ഹിതത്തിന് പൂര്‍ണ്ണമനസ്സോടെ വിധേയരാകുവാനും, നിന്നെ മഹത്വപ്പടുത്തുവാനും ഞങ്ങള്‍ക്ക് സംഗതിയാക്കണമെ. “ജീവിക്കുന്നു എങ്കില്‍ നാം കര്‍ത്താവിനായി ജീവിക്കുന്നു. മരിക്കുന്നുവെങ്കില്‍ നാം കര്‍ത്താവിനായി മരിക്കുന്നു” (റോമ. 14:8) എന്ന്, വി. പൗലോസ് ശ്ലീഹായെപ്പോലെ പറയത്തക്കവണ്ണമുള്ള വിശ്വാസവും ധൈര്യവും ദിവ്യസ്നേഹവും കൊണ്ട് ഞങ്ങളെ നിറയ്ക്കണമേ. ഞങ്ങള്‍ നിന്നേയും നിന്‍റെ പിതാവിനെയും നിന്‍റെ പരിശുദ്ധാത്മാവിനെയും എന്നാളും മഹത്വപ്പെടുത്തുമാറാകണമേ (ആമ്മീന്‍).
 
ദൈവമാതാവേ, പരിശുദ്ധന്മാരെ, ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമെ (ആമ്മീന്‍).
(സന്ദര്‍ഭോചിത പ്രാര്‍ത്ഥനകള്‍ / മാത്യൂസ് മാര്‍ ബര്‍ണബാസ്)