വിദേശ മെത്രാന്മാരെ പുറത്താക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് / ഇടവഴിക്കല്‍ ഫീലിപ്പോസ് കത്തനാര്‍

വിദേശ മെത്രാന്മാരെ അതിര്‍ത്തിക്കു പുറത്തയച്ചുകൊള്ളത്തക്കവണ്ണം തിരുവിതാംകൂര്‍ ദിവാന്‍ മണ്ടപത്തുംവാതിലുകള്‍ക്ക് എഴുതിയ ഉത്തരവ്.
നമ്പ്ര് 1612-മത്.
ഏറ്റുമാനൂര്‍ മണ്ടപത്തുംവാതുക്കല്‍ തഹസീല്‍ദാര്‍ കേശവപിള്ളയ്ക്കു എഴുതുന്ന ഉത്തരവ് എന്തെന്നാല്‍, പരദേശക്കാരനാകുന്ന കൂറിലോസ് മുതലായവര്‍ യാതൊരു സ്ഥാനവും വരുതിയും കൂടാതെ ഓരോ പള്ളികളില്‍ ചെന്നു പാര്‍ക്കയും ചിലരെ ശെമ്മാശ് മുതലായ സ്ഥാനത്തിനു ആക്കുകയും പള്ളിവക മുതലെടുത്ത് അഴിമതികള്‍ ചെയ്കയും ചെയ്തുവരുന്ന സംഗതി ഇടപെട്ട് ആവലാതികള്‍ ഉണ്ടായി കൂറിലോസ് മുതല്‍പേരെ രകതാരി കൂടാതെ ഈ സംസ്ഥാനത്തു ചേര്‍ന്ന പ്രദേശങ്ങളില്‍  പാര്‍പ്പിച്ചു കൂടായെന്നു ഇതിനു മുമ്പില്‍ ഉത്തരവ് കൊടുത്തയച്ചിട്ടുണ്ടല്ലോ. ഇപ്പോള്‍ ആയതിനു വിരോധമായിട്ടു മാര്‍ കൂറിലോസും സ്തേപ്പാനോസും മെത്രാന്‍റെ സ്ഥാനം ഒഴിഞ്ഞിട്ടുള്ള ദീവന്നാസ്യോസും ഓരോ പള്ളികളില്‍ ചെന്നു പലര്‍ക്കും ശെമ്മാശ് മുതലായ പട്ടങ്ങള്‍ കൊടുക്കയും ദുര്‍വഴക്കുകള്‍ ഉണ്ടാക്കുകയും ചെയ്തുവരുന്നതായി പല ആവലാതികളും വന്നിരിക്കുന്നതും ആയതു സംഗതിയുള്ളതല്ലാത്തതും ആക കൊണ്ട് മേലുള്ളതിനു മാര്‍ കൂറിലോസും മാര്‍ സ്തേപ്പാനോസും മതിയായ രകതാരി മുതലായ ആധാരങ്ങള്‍ കൂടാതെ ആ മണ്ടപത്തുംവാതുക്കല്‍ ചേര്‍ന്ന പ്രദേശങ്ങളില്‍ വന്ന് സഞ്ചരിക്കുന്നതായിരുന്നാല്‍ അവരെ പിടിപ്പിച്ച് ഈ സംസ്ഥാനത്തിന്‍റെ അതിര്‍ത്തി കടത്തി അയയ്ക്കയും സ്ഥാനം ഒഴിഞ്ഞിട്ടുള്ള മാര്‍ ദീവന്നാസ്യോസ് മുതലായി യാതൊരുത്തരും പള്ളികളില്‍ കടന്നു മേലെഴുതിയപ്രകാരമുള്ള മുറകേടുകള്‍ നടത്താതെയിരിക്കത്തക്കവിധം ചട്ടംകെട്ടുകള്‍ ചെയ്തുകൊള്‍കയും വേണം. 
ഈ ചെയ്തിക്കു എഴുതിയ ദിവാന്‍ കൃഷ്ണരായര്‍ 127-മാണ്ട് മാര്‍ഗഴി മാസം 3-നു.

(ഇടവഴിക്കല്‍ നാളാഗമത്തില്‍ നിന്നും)