ഡമാസ്ക്കസ്∙ മലങ്കര സഭയിലെ തർക്കങ്ങളും കേസുകളും ചർച്ചയിലൂടെ ശാശ്വതമായി പരിഹരിക്കുന്നതിനു വാതിൽ തുറന്നിട്ടിരിക്കുകയാണെന്ന് പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവാ.
22 മുതൽ 26 വരെ ഇന്ത്യ സന്ദർശിക്കുന്നുണ്ടെന്നും ആ സമയത്ത് സമാധാന ചർച്ചകളാകാമെന്നുമാണ് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭാ തലവൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായ്ക്കയച്ച കത്തിൽ വ്യക്തമാക്കിയത്.
കേരളത്തിലോ ഡൽഹിയിലോ ബാവായെ കാണാനും ചർച്ചയ്ക്കു തുടക്കമിടാനും തയാറാണെന്നു പരിശുദ്ധ പാത്രിയർക്കീസ് ബാവാ കത്തിൽ പറയുന്നു.
നല്ല സാക്ഷ്യത്തിനായി ഇരു സഭാവിഭാഗങ്ങൾക്കും സ്വീകാര്യമായ സമാധാനത്തിന്റെയും അനുരഞ്ജനത്തിന്റെയും പാതയാണ് താൻ എല്ലായ്പ്പോഴും സ്വീകരിച്ചിട്ടുള്ളതെന്നും സൂചിപ്പിച്ചിട്ടുണ്ട്. സിംഹാസന പള്ളികളുടെ ബിഷപ്പുമാരുടെ ക്ഷണത്തെത്തുടർന്നാണ് താൻ എത്തുന്നതെന്നു ബാവാ കത്തിൽ പറയുന്നു.
സംഭാഷണത്തിനു തയാറെന്ന് പിണറായിക്കുള്ള കത്തിലും
അനുരഞ്ജനചർച്ചയ്ക്കു സന്നദ്ധത അറിയിച്ച് പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവായുടെ കത്ത് മുഖ്യമന്ത്രി പിണറായി വിജയനും. കേരളസന്ദർശനത്തിനിടെ മുഖ്യമന്ത്രിയെ നേരിട്ടുകാണാൻ താൽപര്യമുണ്ടെന്നും ബാവാ എഴുതിയിട്ടുണ്ട്.
തർക്കവിഷയങ്ങൾ രമ്യമായി പരിഹരിക്കുന്നതിൽ പാത്രിയർക്കീസ് ബാവായ്ക്കു സുപ്രധാന പങ്കു വഹിക്കാനാകുമെന്നു മുഖ്യമന്ത്രി അയച്ച കത്തിൽ സൂചിപ്പിച്ചത് പ്രത്യേകം പരാമർശിച്ചു നന്ദി പറഞ്ഞിട്ടുമുണ്ട്. സഭയിലെ ഇരു വിഭാഗങ്ങളുമായി ചർച്ച നടത്താനും പരിഹാരം കാണാനും തന്റെ ഇന്ത്യാസന്ദർശനം വഴിയൊരുക്കുമെന്ന പ്രത്യാശയും പങ്കുവച്ചു.
ചർച്ചകൾക്കായി ഓർത്തഡോക്സ് സഭാ നേതൃത്വത്തിന് കത്തയച്ചെങ്കിലും ആദ്യമൊന്നും പ്രതികരണമുണ്ടായില്ല. എന്നാൽ രണ്ടു ബിഷപ്പുമാർ പിന്നീട് തന്നെ അനൗദ്യോഗികമായി സന്ദർശിച്ചു. ചർച്ചയ്ക്കു ക്ഷണിച്ച് കാതോലിക്കാ ബാവായ്ക്കു കത്തയയ്ക്കുന്നുണ്ടെന്ന കാര്യവും മുഖ്യമന്ത്രിക്കുള്ള കത്തിൽ പാത്രിയർക്കീസ് ബാവാ സൂചിപ്പിച്ചു.