മലങ്കരയിലെ പഴയ ആചാര മര്യാദകള്‍

കൊടുങ്ങല്ലൂര്‍ ദാനമായി ലഭിച്ചതിനെത്തുടര്‍ന്ന് ക്നായിത്തോമ്മാ അവിടെ താമസമാക്കിയപ്പോള്‍, മലങ്കര നസ്രാണികളും ക്നാനായക്കാരും തമ്മിലുള്ള വ്യത്യസ്തയ്ക്കായി നടപ്പാക്കിയ ചില ആചാര മര്യാദാ ക്രമീകരണങ്ങളെപ്പറ്റി രസകരമായ ഒരു വിവരണം അപ്രസിദ്ധീകൃതമായ ഒരു സഭാചരിത്രത്തിലുള്ളത് കാണുക:

“…. ചെപ്പേട് എഴുതിച്ചുകൊണ്ട് കൊടുങ്ങല്ലൂര്‍ ദേശത്ത് ആറുവളഞ്ഞതിനകം ആനക്കോലാല്‍ ഇരുനൂറ്റിനാല്പത്തിനാലു കോല്‍ ഭൂമി അളന്ന് അരചങ്ങി (?) രിക്കും നരപതി ചേരകോന്‍ തേവരി തൃക്കരത്താല്‍ പൂവും നീരോടു കൂടി വാങ്ങിച്ചുകൊണ്ടാര്‍ പരദേശിയായ നസ്രാണി തോമ്മാ. ഇപ്പരിശെ പള്ളിക്കും പട്ടണത്തിനും തീര്‍മ്മ തട്ടിയപ്പൊഴുതു വാണ്ടിത കുംഭമാസം ഇരുപത്തിഒമ്പതിന് ശനിയാഴ്ച പക്കം സപ്തമിയും അതിനോടടുത്ത നാള്‍ ആയില്യവും രാശി കര്‍ക്കടകവും അപ്പരിചെ നമ്മുടെ കര്‍ത്താവിന്‍റെ തന്‍റെ ആണ്ട് 345-ല്‍ ഊരിശലേമില്‍ നിന്ന് വന്ന് നിന്ന നസ്രാണികളും മലയാളത്തില്‍ ഉണ്ടായിരുന്ന നസ്രാണികളും തമ്മില്‍ ബന്ധുക്കളായി അവണ്ണമൊക്കെയും കുലഹീനം വരായ്വാന്‍ വന്നതില്‍ അടിമപ്പെട്ടവരും നിന്നതില്‍ പരിശപ്പെട്ടവരെയും തങ്ങള്‍ ബന്ധുക്കളായി ചമച്ച പെരിയോരുടെ ഊരുവ് (ഊര്‍, നിവാസ സ്ഥലം) 400 പീടിക വടക്കേ പന്തിയിലും ചെറിയോരുടെ ഊരുവ 72 പീടിക തെക്കേ പന്തിയിലും എന്നതു പുരുഷാരത്തിനും മാറാതിരിപ്പാന്‍ പെരിയോരിടത്തു ഇല്ലപിതൃവഴിയും ചെറിയോരിടത്തില്ല മാതൃവഴിയും പെരിയോരിടത്തുള്ള പെണ്ണ് കെട്ടുനിലനിന്ന്, ചെറിയോരെടുത്തുള്ള പെണ്‍കെട്ട് മുട്ടിന്മേല്‍ നിന്നും പെരിയോരിടത്തുള്ള പെണ്ണുകെട്ടിന് കുരിശും ചെറിയോരിടത്തുള്ള പെണ്ണുകെട്ടിന് തലുവപയും പെരിയോരിടത്തുള്ള പെണ്ണുകെട്ടിയാല്‍ ഉടന്‍ മുട്ടാക്കീട്ടു മുടുകയും ചെറിയോരിടത്തുള്ള പെണ്ണുകെട്ടിയാല്‍ ഉടെന്‍ തലവെളിച്ചമാക്കി ഉരം മൂടുകയും പെരിയോരിടത്തുള്ള പെണ്ണുകെട്ട് അഴകനായതില്‍ പിറക് മധുരം കൊടുക്കുകയും ചെറിയോരിടത്തുള്ള പെണ്ണുകെട്ടിന് ആദിയില്‍ മധുരം കൊടുക്കയും പെരിയോരിടത്തുള്ള പെണ്ണുകെട്ടിന് അയനി അപ്പവും ചെറിയോരിടത്തുള്ള പെണ്ണുകെട്ടിന് അയിനിക്കാരിക മഞ്ഞളിയും പെരിയോരിടത്തുള്ള പൊഴുതിന് വെളക്കത്തലയനും ചെറിയോരിടത്തുള്ള പൊഴുതിന് പാണ്ഡ്യനും …. പെരിയോരിടത്തുള്ള വിഴുപ്പെടുപ്പാന്‍ വെളുത്തേടവും ചെറിയോരിടത്തുള്ള ആയിരം കെല്ലിയും പെരിയോരിടത്തുള്ള ഊണ് ബാവായുടെ മടിയില്‍ ഇരുത്തി, ചെറിയോരിടത്തുള്ള ഊണ് തള്ളയുടെ മടിയിലും പെരിയോരിടത്തുള്ള കച്ചവടം പൊന്‍വെള്ളിയും ചെറിയോരിടത്തുള്ള കച്ചവടം  കായച്ചരക്കും എന്നിങ്ങനെ അതിനും ക്രമങ്ങളും ആയി തമ്പുരാന്‍റെ മക്കള്‍ നസ്രാണികള്‍ ആദിയില്‍ നഗരതോരണവും വച്ച് കുടിയിരുന്നതിനാലെ തമ്പുരാന്‍റെ നഗരി ഓറിശലേമിന്‍റെ മൂലം ചൊല്ലി പട്ടണത്തിന് പേര്‍ മഹാദേവര്‍ പട്ടണമെന്ന് വിളിക്കപ്പെട്ടു ഞായം” 

(പഴയൊരു കൈയെഴുത്തു സഭാചരിത്ര ഗ്രന്ഥത്തില്‍ നിന്നും. ഈ ഗ്രന്ഥം ഫാ. ജോസഫ് ചീരന്‍റെ ലൈബ്രറിയിലുണ്ട്).

മഹാദേവര്‍ പട്ടണത്തിന്‍റെ വടക്കും തെക്കും ഭാഗത്തുള്ളവര്‍ പില്ക്കാലത്ത് ആ പട്ടണം വിട്ട് പല ദേശങ്ങളില്‍ പാര്‍ത്തിട്ടും ക്നായിത്തൊമ്മായുടെ കൂടെ വന്ന് തെക്കേത്തെരുവില്‍ താമസിച്ചവര്‍ ഇന്നും തെക്കുംഭാഗക്കാര്‍ എന്ന പേരിലാണറിയപ്പെടുന്നത്.

ഇ. എം. ഫിലിപ്പ് എഴുതുന്നു: “സാമൂഹികമായി ആലോചിക്കുന്നതാകയാല്‍ ഒരു തല്ക്കാല സുറിയാനി ക്രിസ്ത്യാനികളുടെ ഇടയില്‍ തെക്കുംഭാഗരെന്നും വടക്കുംഭാഗരെന്നും രണ്ടു കൂട്ടരുണ്ട്. ഇവരുടെ പൂര്‍വ്വികര്‍ മഹാദേവര്‍ പട്ടണത്തിന്‍റെ വടക്കും തെക്കും ഉള്ള തെരുവുകളില്‍ അധിവസിച്ചിരുന്നതിനാലാണ് ഇപ്രകാരം പേരുണ്ടായത്. ഈ വേര്‍തിരിവ് അന്നു മുതല്‍ തുടര്‍ച്ചയായി സംരക്ഷിക്കപ്പെട്ടു പോരുന്നു. പോര്‍ച്ചുഗീസുകാര്‍ ആദ്യമായി കേരളത്തില്‍ വന്ന അവസരത്തിലും ഈ വേര്‍തിരിവ് ജാഗരണാപൂര്‍വ്വം പാലിക്കപ്പെട്ടിരുന്നു എന്ന് കാണുന്നു. ഇരു കൂട്ടരും ഏക മതാനുസാരികളും ഒരേ ആരാധനാക്രമങ്ങള്‍ ഉപയോഗിക്കുന്നവരും ആകുന്നു. ഹിന്ദുക്കളുടെ ജാതിവ്യത്യാസം പോലെയുള്ള ഒരു നിലയില്ലെങ്കിലും ഇവര്‍ തമ്മില്‍ മിശ്രവിവാഹം നടത്തുന്നില്ലെന്ന് മാത്രമല്ല ഓരോ കൂട്ടര്‍ക്കും പ്രത്യേക സാമൂഹ്യ നടപടികളുമുണ്ട്. തങ്ങള്‍ ക്നായിത്തോമ്മായുടെയും അനുയായികളുടെയും നേര്‍സന്തതികളാണെന്ന് തെക്കുംഭാഗര്‍ സമര്‍ത്ഥിക്കുന്നു. അവരില്‍ ഓരോരുത്തരും അവരുടെ പൂര്‍വ ഗോത്ര നാമങ്ങളെ ആസ്പദമാക്കി അവരുടെ താവഴി കുറിക്കുവാന്‍ ശ്രമിക്കുന്നു. കുടിയേറിപ്പാര്‍ത്ത ഏഴു ഗോത്രങ്ങളുടെ പേരുകള്‍ ഇവയാകുന്നു: ബാജി, ഹാദായി, കേജാ, ബെല്‍ക്കോത്ത്, കുജാലിക്കു, മജമോത്ത്, ജൈമത്ത്” (പു. 65, 66).