കോട്ടയം: ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വീതീയന്‍ കാതോലിക്കാ ബാവയെ കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ കണ്ടപ്പോള്‍ യാത്രക്കാര്‍ക്ക് അത്ഭുതം. പലരും ഓടിയെത്തി. ചിലര്‍ കൈ മുത്തി അനുഗ്രഹം തേടി.
തിരക്കിലും രണ്ടാം നന്പര്‍ പ്‌ളാറ്റ് ഫോമില്‍ ക്ഷമയോടെ അദ്ദേഹം കാത്തുനിന്നു. മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ സമ്മാനം സ്വീകരിക്കാനായെത്തുന്ന കോഴിക്കോട് പറമ്പില്‍ക്കടവ് എം.എം.എം. യു.പി.സ്‌കൂളിലെ രണ്ടുവിദ്യാര്‍ഥികളെ കാത്താണ് ബാവ നിന്നത്. ഏഴാം ക്‌ളാസ് വിദ്യാര്‍ഥി, സെറിബ്രല്‍ പാള്‍സി ബാധിച്ച് നടക്കാന്‍ കഴിയാത്ത അനുഗ്രഹിനെയും ഈ കുട്ടിയെ സ്വന്തം സഹോദരനെപ്പോലെ കൊണ്ടുനടക്കുന്ന സഹപാഠി ഫാത്തിമ ബിസ്മിയെയുമാണ് സഭ സമ്മാനം നല്‍കി ആദരിച്ചത്.
അരമണിക്കൂര്‍ ൈവകി കോഴിക്കോടുനിന്നുള്ള ജനശതാബ്ദി എത്തി. െട്രയിന്‍ നിര്‍ത്തിയതും കുടുംബാംഗങ്ങള്‍ക്കൊപ്പം ഇരുവരും ബാവായുടെ അടുത്തേക്ക്. അനുഗ്രഹ് ചിരിച്ചുകൊണ്ട് തിരുമേനിയെ കെട്ടിപ്പിടിച്ചു. ഫാത്തിമ കൈകൂപ്പി. ബാവാ കുശലം ചോദിച്ചു.
ചിരപരിചതരെപോലെ അവര്‍ സ്റ്റേഷന് പുറത്തേക്ക്. ഇടയ്ക്ക് അുഗ്രഹിന് അത്രദൂരം നടക്കാന്‍ കഴിയുമോയെന്ന ആശങ്ക ബാവയ്ക്ക്. അദ്ദേഹം അനുഗ്രഹിനെ എടുത്തു നടന്നു. കോട്ടയം ദേവലോകം അരമനയില്‍ രണ്ടുകുട്ടികളും ബാവായൊടൊപ്പം ഉച്ചഭക്ഷണം കഴിച്ചു.
ഉച്ചയ്ക്ക് ദേവലോകത്ത് നടന്ന ചടങ്ങില്‍ മാതൃകാ സഹപാഠികളായ അനുഗ്രഹിനും ഫാത്തിമയ്ക്കും അഞ്ചു ലക്ഷം രൂപ ബാവ സമ്മാനമായി നല്‍കി. കഠിനപരിശ്രമത്താല്‍ മലയാളം ഉള്‍പ്പെടെ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ ആലപ്പുഴയില്‍നിന്നുള്ള തമിഴ് വിദ്യാര്‍ഥിനി മീനാക്ഷിക്ക് ഒരു ലക്ഷം രൂപയും സമ്മാനിച്ചു. അച്ഛന്റെ മരണശേഷം അമ്മയുടെ തണലില്‍ കഴിയുന്ന മീനാക്ഷിക്ക് തുടര്‍വിദ്യാഭ്യാസത്തിനാണ് തുക.
കാതോലിക്കാ ബാവാ സമ്മേളനം ഉദ്ഘാടനം ചെയ്തു. എം.ജി.സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍ മുഖ്യപ്രഭാഷണം നടത്തി. ഫാ. ഡോ. എം.ഒ.ജോണ്‍ അധ്യക്ഷത വഹിച്ചു.
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ., ബിജു ഉമ്മന്‍, ജേക്കബ് കൊച്ചേരി, ഫാ. അലക്‌സ് ജോണ്‍, കരിഷ്മാ ഗീവര്‍ഗീസ്, ഫാത്തിമ ബിസ്മി, പറമ്പില്‍കടവ് എം.എ.എം. യു.പി.സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ കെ.സി.ദേവാനന്ദ് എന്നിവര്‍ സംസാരിച്ചു. ഈ വാര്‍ത്ത ജനശ്രദ്ധയില്‍ കൊണ്ടുവന്ന മാതൃഭൂമിയിലെ മാധ്യമപ്രവര്‍ത്തകരായ കെ. മധു, ജി. സതീഷ്, എം. എം. ശ്യാംകുമാര്‍ എന്നിവരെയും ആദരിച്ചു.
മഠത്തിപ്പറമ്പില്‍ മണികണ്ഠന്‍-സുധാ ദമ്പതിമാരുടെ മകനാണ് അനുഗ്രഹ്. പൂതങ്ങര മുഹമ്മദാലി-നസീമ ദമ്പതിമാരുടെ മകളാണ് ഫാത്തിമ.