അനന്തരം / കെ. എം. ജി.

നഗരത്തില്‍ താമസിക്കുന്ന നാലു വയസ്സുകാരി വളരെ ദൂരെ ഗ്രാമത്തില്‍ ഒറ്റയ്ക്ക് കഴിയുന്ന വല്യപ്പച്ചനെ കാണാനെത്തി. അവധിക്കാലമാണ്. വല്യപ്പച്ചനൊപ്പം പൂക്കളെയും പൂമ്പാറ്റകളെയും കാണാനും കഥകള്‍ കേള്‍ക്കാനും അവള്‍ക്ക് വളരെ ഇഷ്ടമാണ്. അവധി കഴിയാറായി. അപ്പച്ചന്‍ പറഞ്ഞു: ‘മോള്‍ ഇവിടെ എന്‍റെ കൂടെ നിന്നോ. ഞാന്‍ ഒറ്റയ്ക്കാണല്ലോ.’ അവള്‍ ഒരു നിമിഷം ആലോചിച്ചു നിന്നു. പിന്നെ പറഞ്ഞു: ‘ഇവിടെ നില്‍ക്കാനൊക്കെ എനിക്ക് വളരെ ഇഷ്ടമാ. പക്ഷേ അപ്പച്ചന്‍ വല്ലയിടത്തും പോകുമ്പോള്‍, ഞാന്‍ ഇവിടെ ഒറ്റയ്ക്ക് എങ്ങിനെ നില്‍ക്കും?’ വല്യപ്പച്ചന്‍ ഒരു സ്ഥിരം യാത്രക്കാരനാണെന്ന് കുട്ടിക്ക് അറിയാം. കുട്ടി പറഞ്ഞത് ശരിയാണെന്ന് അദ്ദേഹത്തിനും തോന്നി. കുട്ടിക്ക് ധര്‍മ്മസങ്കടം. വല്യപ്പച്ചനൊപ്പം നില്‍ക്കണം. ഒറ്റയ്ക്ക് ആകാനും പാടില്ല. ആ കൊച്ചു ബുദ്ധി തെളിഞ്ഞു: ‘എന്നാല്‍ ഒരു കാര്യം ചെയ്യാം. അപ്പച്ചന്‍ പോകുന്നിടത്ത് ഒക്കെ എന്നെ കൂടി കൊണ്ടുപോയാല്‍ മതി.’ പ്രായവും അറിവും ഉണ്ടെന്ന് കരുതിയ മുത്തച്ഛന്‍ സ്വയം കാണാത്ത പരിഹാരമാണ് ആ കുരുന്ന് ബുദ്ധിയില്‍ ഉദിച്ചത്. അദ്ദേഹത്തിന് വലിയ സന്തോഷം. അങ്ങനെ കൂടെ കൊണ്ടുപോകാമെന്ന് സമ്മതിച്ചു. അപ്പോളതാ അടുത്ത പടി: ‘എന്നാല്‍ അപ്പച്ചന്‍റെ കൂടെപ്പോരാന്‍ എനിക്ക് പുതിയ ചെരുപ്പും ബാഗും വാങ്ങിച്ചു തരണം….’

ഈ ഉദ്ധരിച്ച സംഭാഷണശകലം ഭാവനയില്‍ സൃഷ്ടിച്ചതല്ല. യഥാര്‍ത്ഥത്തില്‍ നടന്നതാണ്. നാം ഒരു പ്രധാന തീരുമാനം എടുക്കുകയോ ഒരു നടപടി തുടങ്ങുകയോ ചെയ്യുമ്പോള്‍, അതിന്‍റെ അനന്തരഫലത്തെക്കുറിച്ച് ഒരു ധാരണയുണ്ടാവണം. ആ ധാരണ നമ്മുടെ വെറും മനക്കോട്ടയോ ദുരാഗ്രഹമോ ആവരുത്. നമ്മുടെ ഭയമോ വെറുപ്പോ മൂലം സൃഷ്ടിക്കുന്ന ഫലവുമാകരുത്. ഒരു കാര്യം ചെയ്യുമ്പോള്‍ വ്യക്തിപരമോ കുടുംബപരമോ, സമൂഹപരമോ, ആയ അതിന്‍റെ ദുഷ്ഫലങ്ങളും സല്‍ഫലങ്ങളും എന്തായിരിക്കാം എന്നത് പല മടക്കുകളില്‍ ചിന്തിക്കയും അറിവുള്ളവരോട് ചര്‍ച്ച ചെയ്ത് വ്യക്തത വരുത്തുകയും ചെയ്താല്‍ അത് വിവേകമാണ്.

മുകളില്‍ സൂചിപ്പിച്ച സംഭാഷണത്തില്‍ തീരെച്ചെറിയ ഒരു കുട്ടി, അവളെടുക്കുന്ന തീരുമാനത്തിന്‍റെ അനന്തരഫലം എന്താകാം എന്ന് ചിന്തിക്കുകയാണ്. ഇത് ഒരു ബാലിശമായ ഉദാഹരണമായി ചിലര്‍ക്ക് തോന്നിയേക്കാം. എന്നാല്‍ സങ്കീര്‍ണ്ണവും ഗൗരവവുമായ തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ മുതിര്‍ന്ന ആളുകള്‍ പലരും ഇത്രയും അനന്തരചിന്ത പുലര്‍ത്തുന്നില്ല എന്നതാണ് വാസ്തവം.

നൊബേല്‍ സമ്മാനാര്‍ഹനായ സാമ്പത്തിക വിദഗ്ദ്ധനും ചിന്തകനുമായ അമര്‍ത്യാ സെന്നിന്‍റെ രചനകളില്‍, ദൂരവ്യാപകമായ അനന്തരഫലങ്ങളെക്കുറിച്ചുള്ള ചിന്ത നിര്‍ണ്ണായകമാണ്. ധര്‍മ്മശാസ്ത്രത്തില്‍ Ethics of Consequence എന്ന് വ്യവഹരിക്കുന്ന ഒരു ചിന്താധാരയുണ്ട്. ഇതാണ് അമര്‍ത്യാ സെന്‍ പൊതുവെ പിന്തുടരുന്നത്. സര്‍ക്കാരോ മറ്റ് വലിയ പ്രസ്ഥാനങ്ങളോ സാമ്പത്തിക വികസനം സംബന്ധിച്ച് എടുക്കുന്ന നയവും നടപടിയും എങ്ങനെ ദീര്‍ഘകാലയളവില്‍ ജനസാമാന്യത്തെ ബാധിക്കുന്നു എന്ന് മുന്‍കൂട്ടി ചിന്തിച്ചിരിക്കണം. അല്ലെങ്കില്‍ വലിയ ആപത്തുകളിലേക്കും ദുര്‍ഘടങ്ങളിലേക്കും സമൂഹം ചെന്നുചേരും.

ഇരുപതാം നൂറ്റാണ്ടില്‍ വ്യവസായ വികസനം, പുരോഗതി, സാമ്പത്തിക വളര്‍ച്ച എന്നിവയെല്ലാം ലോകത്തില്‍ മിക്കവാറും എല്ലാ ഭരണകൂടങ്ങളും സ്വീകരിച്ച ആശയങ്ങളാണ്. എന്നാല്‍ നൂറ്റാണ്ടിന്‍റെ അവസാനമായപ്പോഴേക്കും പരിസ്ഥിതിക്കുണ്ടായ വളരെ ആപത്കരമായ പ്രത്യാഘാതങ്ങളും പ്രകൃതി നല്‍കിത്തുടങ്ങിയ തിരിച്ചടികളും ആദ്യകാല സാമ്പത്തികാസൂത്രകര്‍ ഒട്ടും ചിന്തിച്ചിരുന്നില്ല എന്നു കരുതണം. സൈലന്‍റ് സ്പ്രിംങ്ങ് (Silent Spring) എന്ന പ്രസിദ്ധമായ പുസ്തകമെഴുതിയ റേച്ചല്‍ കാഴ്സണ്‍ തുടങ്ങിയ ചുരുക്കം ചിലര്‍ മനുഷ്യരുടെ വികസനത്വരയുടെ പ്രത്യാഘാതങ്ങള്‍ എന്തായിരിക്കും എന്നു മുന്‍കൂട്ടി കണ്ട് മുന്നറിയിപ്പ് നല്‍കിയവരാണ്. എന്നാല്‍, വികസനത്തിന്‍റെയും വളര്‍ച്ചയുടെയും കുത്തൊഴുക്കില്‍ അങ്ങനെയുള്ള ശബ്ദങ്ങളെ ഒതുക്കിക്കളഞ്ഞു.

ഭൂമി കുഴിച്ചെടുക്കുന്ന കൊഴുത്ത എണ്ണയില്‍ നിന്നു വേര്‍തിരിക്കുന്ന പെട്രോളും ഡീസലും ഉപയോഗിച്ചുള്ള ഒരു മഹാനാഗരികതയാണ് കഴിഞ്ഞ നൂറ്റാണ്ടില്‍ ലോകം മുഴുവന്‍ പടര്‍ന്നത്. ഒരു തരം കാര്‍ബണ്‍ നാഗരികത എന്നു വിളിക്കാവുന്ന ഈ ആഗോള പ്രതിഭാസം ചോദ്യം ചെയ്യപ്പെട്ടത് അടുത്ത കാലത്താണ്. ഭൗമാന്തരീക്ഷം കാര്‍ബണ്‍ ഡയോക്സൈഡ് തുടങ്ങിയ വാതകങ്ങളാല്‍ പൂരിതമാകുന്ന അവസ്ഥ വന്നു. തല്‍ഫലമായി ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും വ്യക്തമായി വന്നു തുടങ്ങി. അപ്പോഴാണ് മനുഷ്യര്‍ പുതിയ ഊര്‍ജ്ജസ്രോതസ്സുകളിലേക്ക് മടിച്ച് മടിച്ചാണെങ്കിലും തിരിയുന്നത്. പക്ഷേ ഇതിനകം സംഭവിച്ച നാശം അതിബൃഹത്താണ്.

ആ വ്യാപകമായ അനന്തരഫലങ്ങള്‍ മുന്‍കൂട്ടി കാണാന്‍ എല്ലാവര്‍ക്കും കഴിവില്ല. മിക്ക മനുഷ്യരും താല്‍ക്കാലിക ലാഭവും സുഖവും അന്വേഷിക്കുന്നവരാണ്. പ്രവാചകശേഷിയുള്ളവരും ഉള്‍ക്കണ്ണു തുറന്നവരുമായ ചുരുക്കം ചിലര്‍ക്ക് അത് കഴിയും. പക്ഷേ മറ്റുള്ളവര്‍ അവരെ അവഗണിക്കും.

യറുശലേം ദേവാലയത്തിന്‍റെ ഓരോ കല്ലും പണിയും എത്ര മഹത്തായിരിക്കുന്നു എന്ന് സൗന്ദര്യബോധത്തോടെ ചൂണ്ടിക്കാണിച്ച് പറഞ്ഞ ശിഷ്യനോട് നസ്രായന്‍ പറഞ്ഞു: ‘ഇത് കല്ലിന്മേല്‍ കല്ലു ശേഷിക്കാതെ തകര്‍ക്കപ്പെടും’ (മര്‍ക്കോസ് 13:1). എന്ത് അരസികനാണ് തങ്ങളുടെ ഗുരു എന്ന് ചിലരുടെ മനസ്സിലെങ്കിലും തോന്നിക്കാണും. ഉന്നതികളിന്മേല്‍ വിരാജിക്കുന്ന മഹത്വത്തിന്‍റെ രാജപട്ടണമായ യേറുശലേം കണ്ട് യേശു കണ്ണീര്‍ വാര്‍ത്തു. “ഈ നാളില്‍ നിന്‍റെ സമാധാനത്തിനുള്ള മാര്‍ഗ്ഗം നീയും അറിഞ്ഞു എങ്കില്‍ കൊള്ളായിരുന്നു. ഇപ്പോഴോ അത് നിന്‍റെ കണ്ണിനു മറഞ്ഞിരിക്കുന്നു….” (ലൂക്കോസ് 19:41-44).

അനന്തരഫലങ്ങളിലേക്കുള്ള പ്രവാചകന്‍റെ ഉള്‍ക്കണ്ണുകള്‍ കൊണ്ടാണ് നസ്രായന്‍ എല്ലാം നോക്കിക്കണ്ടത്. യഹൂദന്മാരുടെ മതപ്രമാണിമാര്‍ അനുതാപപൂര്‍വ്വം അത് മനസ്സിലാക്കിയിരുന്നെങ്കില്‍ ചരിത്രം മാറ്റിയെഴുതാമായിരുന്നു. വലിയ സാമ്പത്തികക്രമങ്ങളും രാഷ്ട്രീയ വ്യവസ്ഥകളും വിടുക. നമ്മുടെ കൊച്ചു കാര്യങ്ങളില്‍ ഭാവിയുടെ പല മടക്കുകള്‍ കാണാന്‍ നമുക്ക് കണ്ണുണ്ടായിരുന്നെങ്കില്‍! നാം ചരിത്രത്തിന്‍റെ വിധാതാക്കളാണ് എന്നു തിരിച്ചറിഞ്ഞിരുന്നെങ്കില്‍!

തൊട്ടയല്‍ക്കാരനുമായി ചിലപ്പോള്‍ വ്യവഹാരം നടത്തേണ്ടി വന്നേക്കാം. സത്യത്തിനും നീതിക്കും ന്യായത്തിനും വേണ്ടി സമരം ചെയ്യേണ്ടി വന്നേക്കാം. വസ്തുതര്‍ക്കത്തില്‍ കൊലപാതകം വരെയെത്തുന്ന സഹോദരന്മാരുണ്ട്. ഇരുഭാഗത്തും ചിയര്‍ വിളിക്കാന്‍ ആളുകള്‍ കാണും. അവര്‍ക്ക് അവരുടെ ലക്ഷ്യങ്ങളുണ്ട്. ഉദ്ദിഷ്ട കാര്യസാധ്യങ്ങളുണ്ട്. എന്നാല്‍ വിവേകമുള്ളവര്‍ ഭാവിതലമുറകളെക്കുറിച്ചാവും ചിന്തിക്കുന്നത്. സാമ്പത്തിക നയങ്ങളാണെങ്കിലും വര്‍ഗ്ഗീയ സംഘര്‍ഷങ്ങളാണെങ്കിലും കുടുംബകലഹങ്ങളാണെങ്കിലും, സമീപഭാവിയിലും വിദൂരഭാവിയിലും എന്താണ് അതിന്‍റെ പ്രത്യാഘാതങ്ങള്‍ എന്നു ചിന്തിക്കുന്നതാണ് വിവേകം. മഹാഭാരതയുദ്ധത്തിലെന്നപോലെ, സകലവും തകര്‍ന്നടിഞ്ഞു കഴിയുമ്പോഴായിരിക്കും, നാം നഷ്ടപ്പെട്ടുപോയതിനെക്കുറി

ച്ച് ‘ഗാന്ധാരീവിലാപം’ നടത്തുന്നത്. മഹാവ്യര്‍ത്ഥതയാണല്ലോ യുദ്ധാനന്തരം കുരുക്ഷേത്രത്തില്‍ കാണുന്നത്. “വഴിക്കു വച്ചു തന്നെ പ്രതിയോഗിയോട് അനുരഞ്ജനപ്പെട്ടുകൊള്‍വാന്‍” യേശുക്രിസ്തു പഠിപ്പിച്ചു (മത്തായി 5:25, ലൂക്കോസ് 12:58).

അനുരഞ്ജനമുണ്ടായില്ലെങ്കില്‍ എന്താണ് അനന്തരഫലമെന്നും അവിടെ വ്യക്തമാക്കുന്നുണ്ട്. തന്‍റെ മുന്നറിയിപ്പുകള്‍ കേള്‍ക്കേണ്ടവര്‍ കേള്‍ക്കാനിടയില്ല എന്നറിഞ്ഞുകൊണ്ടായിരിക്കാം, കൂടെക്കൂടെ യേശു പറഞ്ഞു: “കേള്‍പ്പാന്‍ ചെവിയുള്ളവന്‍ കേള്‍ക്കട്ടെ.” അധികാരികള്‍ കേള്‍ക്കാതിരുന്നാല്‍ അനന്തരഫലം അനുഭവിക്കുന്നത് പാവപ്പെട്ട ജനങ്ങളാണ്. അവര്‍ ചിതറിപ്പോകും. ചെന്നായ്ക്കള്‍ അവരെ കടിച്ചുകീറും. നൂറ്റാണ്ടുകളോളം ശാപഭൂമിയില്‍ അവര്‍ അലയും. അനന്തരം…??