അര്‍മീനിയന്‍-മലങ്കര സഭകള്‍: കൂടിക്കാഴ്ചകള്‍

അര്‍മീനിയന്‍ ഓര്‍ത്തഡോക്സ് സഭ, മലങ്കരസഭയുമായി വി. കുര്‍ബ്ബാനസംസര്‍ഗവും ഉറ്റബന്ധവും പുലര്‍ത്തുന്ന സഭയാണ്.
 
ആമീദില്‍ (ടര്‍ക്കിയിലെ ഡയാര്‍ബക്കീര്‍) വച്ച് 1865 ഏപ്രില്‍ 30-ന് പുലിക്കോട്ടില്‍ തിരുമേനിയെ മേല്പട്ടക്കാരനായി വാഴിച്ചപ്പോള്‍ ഒരു അര്‍മേനിയന്‍ മെത്രാന്‍ പരിശുദ്ധ ഇഗ്നാത്തിയോസ് യാക്കോബ് കക പാത്രിയര്‍ക്കീസ് ബാവായോടൊപ്പം സഹകാര്‍മ്മികത്വം വഹിച്ചിരുന്നു. റമ്പാന്‍ ഫാ. സി.എം. തോമസ് (പിന്നീട് തോമ്മാ മാര്‍ ദിവന്നാസിയോസ് മെത്രാപ്പോലീത്താ) എച്ച്മിയാഡ്സിനിലെ സുപ്രിം കാതോലിക്കായുടെ കല്പന പ്രകാരം 1938 മാര്‍ച്ച് മുതല്‍ ആറുമാസം ലണ്ടനിലെ സെന്‍റ് സര്‍ഗീസ് അര്‍മേനിയന്‍ പള്ളിയുടെ വികാരിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
 
സുപ്രിം കാതോലിക്കാ വസ്കന്‍ I 1963 നവംബറില്‍ മലങ്കര സഭ സന്ദര്‍ശിച്ചു. ദേവലോകം കാതോലിക്കേറ്റ് അരമന ഉദ്ഘാടനം ചെയ്തത് (1963 നവംബര്‍ 19) ഇദ്ദേഹമാണ്. ജറുസലേമിലെ അര്‍മേനിയന്‍ പാത്രിയര്‍ക്കീസ് യെഗീഷേ ഡര്‍ഡേറിയന്‍ ഇതോടൊപ്പവും 1972 ഡിസംബറിലും മലങ്കര സന്ദര്‍ശിച്ചു.
 
1976 സെപ്റ്റംബറില്‍ പരിശുദ്ധ ബസേലിയോസ് മാര്‍തോമ്മാ മാത്യൂസ് I കാതോലിക്കാ ബാവായും സംഘവും അര്‍മേനിയാ സന്ദര്‍ശിച്ചു. അര്‍മേനിയന്‍ സഭയുടെ വിശുദ്ധ മൂറോന്‍ കൂദാശയില്‍ പരിശുദ്ധ ബാവാ സഹകാര്‍മ്മികത്വം വഹിച്ചു.
 
കരേക്കിന്‍ I സര്‍ക്കീസിയാന്‍ കാതോലിക്കായുടെ സ്ഥാനാരോഹണ ശുശ്രൂഷയില്‍ സംബന്ധിക്കാന്‍ പരിശുദ്ധ ബസേലിയോസ് മാര്‍തോമ്മാ മാത്യൂസ് II കാതോലിക്കാ ബാവാ 1995 ഏപ്രില്‍ ആദ്യം അര്‍മേനിയാ സന്ദര്‍ശിച്ചു.
 
മലങ്കര സഭ സന്ദര്‍ശിക്കാനുള്ള തയ്യാറെടുപ്പുകള്‍ നടക്കുന്നതിനിടയിലാണ് 1999 ജൂണ്‍ 29-ന് പരിശുദ്ധ കരേക്കിന്‍ I കാലം ചെയ്തത്.
അര്‍മ്മീനിയന്‍ സുപ്രീംകാതോലിക്കാ കരേക്കിന്‍ രണ്ടാമന്‍ (2008) സലീഷ്യന്‍ കാതോലിക്കാ ആരാം പ്രഥമന്‍ (2010) എന്നിവര്‍ മലങ്കര സന്ദര്‍ശിച്ചിട്ടുണ്ട്.