ഗീവർഗീസ് മാർ അത്തനാസിയോസ് സഫ്രഗൻ മെത്രാപ്പോലീത്ത കാലം ചെയ്തു

ഗീവർഗീസ് മാർ അത്തനാസിയോസ് സഫ്രഗൻ മെത്രാപ്പോലീത്ത കാലം ചെയ്തു

കൊച്ചി • മാര്‍ത്തോമ്മാ സുറിയാനി സഭ റാന്നി – നിലയ്ക്കല്‍ ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ അത്താനാസിയോസ് സഫ്രഗന്‍ മെത്രാപ്പൊലീത്ത(73) കാലം ചെയ്തു. വാർധക്യസഹജമായ അസുഖത്തെത്തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ഇന്നു പുലർച്ചെ 4.40 നായിരുന്നു അന്ത്യം.

തിരുവല്ല നെടുമ്പ്രം മുളമൂട്ടില്‍ ചിറയിന്‍കണ്ടത്തില്‍ പരേതരായ സി.ഐ. ഇടിക്കുളയുടെയും ആച്ചിയമ്മയുടെയും മകനാണ് സഫ്രഗന്‍ മെത്രാപ്പോലീത്ത ഗീവര്‍ഗീസ് മാര്‍ അത്താനാസിയോസ്. 1944 ഏപ്രില്‍ 26 നാണ് ജനനം. സി.ഐ. ജോർജ് എന്നായിരുന്നു ആദ്യനാമം. 1969 ജൂൺ 14ന് വൈദികനായി. 1989 ഡിസംബർ ഒൻപതിന് ഡോ. അലക്‌സാണ്ടർ മാർത്തോമ്മാ മെത്രാപ്പൊലീത്ത മേൽപ്പട്ട സ്‌ഥാനത്തേക്ക് ഉയർത്തി. 2015 ഒക്ടോബർ രണ്ടിന് സഫ്രഗൻ മെത്രാപ്പൊലീത്തയായി. മികച്ച വാഗ്മിയും കവിയുമാണ്.

മുബൈ–ഡൽഹി, കോട്ടയം–കൊച്ചി ഭദ്രാസനങ്ങളുടെ അധ്യക്ഷൻ, മാർത്തോമ്മാ വൈദിക സെമിനാരി ഗവേണിങ് ബോർഡ് ചെയർമാൻ, സൺഡേ സ്‌കൂൾ സമാജം പ്രസിഡന്റ്, സുവിശേഷ പ്രസംഗസംഘം പ്രസിഡന്റ്, നാഷനൽ മിഷനറി സൊസൈറ്റി പ്രസിഡന്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

 ഭൗതിക ശരീരം ഇന്ന് രാവിലെ 11 മണി വരെ ഇളംകുളം ജറുശലേം മാർത്തോന്മാ പള്ളിയിൽ പൊതുദർശനത്തിന് വച്ചതിന് ശേഷം ഇന്ന് രണ്ടുമണിയോട് കൂടി തിരുവല്ലയിൽ എത്തിച്ചേരുന്നതാണ്. കബറടക്ക ശുശ്രുഷ വെള്ളിയാഴ്ച രാവിലെ 10 മണിക്ക് തിരുവല്ലയിൽ നടക്കുന്നതാണ്..

പ. കാതോലിക്കാ ബാവാ അനുശോചിച്ചു

പരന്നവായനയും ആഴത്തിലുളള ചിന്തയുംകൊണ്ട് സ്വന്തം രചനകളെയും പ്രഭാഷണങ്ങളെയും സമ്പന്നമാക്കിയ മനുഷ്യസ്നേഹി ആയിരുന്നു കാലം ചെയ്ത മാര്‍ത്തോമ്മാ സഭാ സഫഗ്രന്‍ മെത്രാപ്പോലീത്ത ഗീവര്‍ഗീസ് മാര്‍ അത്താനാസിയോസ് എന്ന് പ. ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. സഭകള്‍ തമ്മില്‍ സൗഹാര്‍ദ്ദവും സഹകരണവും വളര്‍ത്തുന്നതിന് അദ്ദേഹം ശ്രമിച്ചിരുന്നെന്നും അനുശോചന സന്ദേശത്തില്‍ പ. കാതോലിക്കാ ബാവാ അനുസ്മരിച്ചു.