മസ്കറ്റ് മഹാ ഇടവകയിൽ നമ്പി നാരായണൻ

മസ്കറ്റ് മഹാ ഇടവകയിൽ കുട്ടികൾക്കും മുതിന്നവർക്കും ആവേശമായി പ്രശസ്ത ബഹിരാകാശ ശാസ്ത്രജ്ഞൻ നമ്പി നാരായണൻ

മസ്കറ്റ്: ഭാരതത്തിന്റെ ബഹിരാകാശ ദൗത്യങ്ങളെക്കുറിച്ചും ശാസ്ത്ര ലോകത്തെയും പഠനകാലത്തെ സ്വന്തം അനുഭവങ്ങളും പങ്കുവച്ച് കുട്ടികൾക്കും മാതാപിതാക്കൾക്കും ആവേശമായി പ്രമുഖ ശാസ്ത്രജ്ഞനും ഐ എസ് ആർ ഓ മുൻ അഡ്വാൻസ്ഡ് ടെക്നോളജി ആൻഡ് പ്ലാനിംഗ് ഡയറക്ടറുമായ എസ്. നമ്പി നാരായണൻ. മസ്കറ്റ് മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവകയിലെ സണ്ടേസ്കൂൾ പ്രസ്ഥാനത്തിന്റെ 36-)മത്  വാർഷികാഘോഷങ്ങളുടെ ഉദ്ഘാടന ചടങ്ങായിരുന്നു വേദി.  വാർഷികാഘോഷ പരിപാടികളിൽ  മുഖാതിഥിയായിരുന്നു റോക്കറ്റ് സയന്റിസ്റ്റ് എന്ന് വിശേഷിപ്പിക്കുന്ന നമ്പി നാരായണൻ.

നാളെയുടെ വാഗ്ദാനങ്ങളാണ് കുട്ടികൾ. ശാസ്ത്ര സാങ്കേതികം, എൻജിനീറിങ്ങ്,  മെഡിക്കൽ, രാഷ്ട്ര മീമാംസ, കലാ-സാംസ്കാരികം തുടങ്ങി ഏത് വിഷയങ്ങളിലാണ് കുട്ടികളുടെ അഭിരുചി എന്ന് മനസ്സിലാക്കി ഭാവി നിർണ്ണയിക്കുവാൻ മാതാപിതാക്കൾ ശ്രദ്ധിക്കണം. അമേരിക്കയിലെ പ്രിൻസ്ടൺ യൂണിവേഴ്സിറ്റിയിൽ നാസയുടെ ഫെല്ലോഷിപ്പോടെ പഠനം നടത്തുന്ന കാലത്ത് ക്രിസ്ത്യൻ മിഷനറിമാരുമായി സഹകരിച്ച് പ്രവർത്തിച്ചിരുന്നതും കേരളത്തിലെ തുമ്പയിൽ ക്രിസ്ത്യൻ സഭയുടെ സ്ഥാപനങ്ങൾ പ്രവർത്തിച്ചിരുന്ന സ്ഥലം ഐ എസ് ആർ ഓ യുടെ പ്രവർത്തനങ്ങൾക്കായി നൽകിയ സംഭവവും പരിപാടികളുടെ ഉദ്ഘാടനം നിർവ്വഹിച്ചു കൊണ്ട് അദ്ദേഹം പങ്ക് വച്ചു. റൂവി സെന്റ്. തോമസ് ചർച്ചിൽ നടന്ന ചടങ്ങിൽ ഇടവക വികാരി ഫാ. ജേക്കബ് മാത്യു അദ്ധ്യക്ഷത വഹിച്ചു. അസ്സോസിയേറ്റ് വികാരി ഫാ. ബിജോയ് വർഗീസ്, ഇടവക ട്രസ്റ്റി ബിജു പരുമല, മുൻ സെക്രട്ടറി മനോജ് മാത്യു, സഭാ മാനേജിംഗ് കമ്മറ്റി അംഗം ഗീവർഗീസ് യോഹന്നാൻ, സണ്ടേസ്കൂൾ മുൻ ഹെഡ് മിസ്ട്രസ് മോളി എബ്രഹാം എന്നിവർ സംസാരിച്ചു. ലോകം അറിയപ്പെടുന്ന ശാസ്ത്രഞ്ജന്മാരിലൊരാളായ  നമ്പി നാരായണന്റെ സാന്നിധ്യം ഇടവകയുടെ ചരിത്രത്തിലെ ധന്യമായ നിമിഷങ്ങളിലൊന്നായിരുന്നു.  ഇടവകയുടെ സ്നേഹോപഹാരം ചടങ്ങിൽ അദ്ദേഹത്തിന് സമ്മാനിച്ചു.

ക്രയോജനിക് സാങ്കേതിക വിദ്യയുടെ പിന്നിലെ മാസ്റ്റർ ബ്രെയിനും ഐ എസ് ആർ ഓ യുടെ വിവിധ ബഹിരാകാശ ദൗത്യങ്ങൾക്ക് ചുക്കാൻ പിടിച്ചതും അദ്ദേഹമായിരുന്നു. ‘ഓർമ്മകളുടെ ഭ്രമണപഥം’ എന്ന തന്റെ ആത്മകഥയിൽ ഔദ്യോഗിക ജീവിതത്തിനിടെയുണ്ടായ തീവ്രമായ ജീവിതാനുഭവങ്ങളും താണ്ടിയ ദുരിതപർവ്വങ്ങളും വിശദമായി പ്രതിബാദിച്ചിട്ടുണ്ട്.  അതിജീവനവും പ്രതിസന്ധികളിൽ തളർന്നു പോകാതെ സത്യത്തിനും നീതിക്കും വേണ്ടി പോരാടാനുള്ള കരുത്തും ഏതൊരാൾക്കും പ്രചോദിതമാണ്.  ആധുനികതയുടെ അതിപ്രസരവും മാധ്യമങ്ങളുടെ സ്വാധീനവും ലഹരിയോടുള്ള ആസക്തിയും പരിഷ്കാര സമ്പന്നതയോടുള്ള അഭിനിവേശവും പുതിയ തലമുറയിൽ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ  വിശുദ്ധ ഗ്രന്ഥങ്ങളെ സംബന്ധിച്ചും സഭയുടെ ചരിത്രവും വിശ്വാസവും പാരമ്പര്യങ്ങളും പൈതൃകവും ബാല്യത്തിൽ തന്നെ കുട്ടികൾക്ക് പകർന്നു നൽകുന്നതിനും  ആത്മീയതയിലും  ക്രൈസ്തവ മൂല്യങ്ങളിലധിഷ്ഠിതവുമായ ജീവിതശൈലി രൂപപ്പെടുത്തുന്നതിലും സണ്ടേസ്കൂൾ പ്രസ്ഥാനം വഹിക്കുന്ന പങ്ക് നിർണായകമാണെന്നും ചടങ്ങിൽ സംസാരിച്ചവർ അനുസ്മരിച്ചു.

ഹെഡ് മിസ്ട്രസ് സാറാ റോയ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ഇടവക കോ-ട്രസ്റ്റി ജാബ്‌സൺ വർഗീസ്, സെക്രട്ടറി ബിനു കുഞ്ചാറ്റിൽ, മുൻ ട്രസ്റ്റി മാത്യു വർഗീസ് എന്നിവർ സന്നിഹിതരായിരുന്നു. കൺവീനർമാരായ മേരി മാത്യു സ്വാഗതവും സാറാ മെറീനാ മാത്യു നന്ദിയും അർപ്പിച്ചു. തുടർന്ന് വിദ്യാർത്ഥികൾ അവതരിപ്പിച്ച വൈവിധ്യമാർന്ന കലാപരിപാടികളും അരങ്ങേറി. സണ്ടേസ്കൂൾ വിദ്യാർത്ഥികൾ അണിനിരന്ന റാലിയോടെയാണ് വാർഷികാഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചത്.

വാര്‍ത്ത
ബിജു പരുമല