ടി. സി. ജേക്കബ് അച്ചൻെറ നാല്പത്തിരണ്ടാം ചരമ വാർഷികം

മലങ്കര സഭയുടെ ഭരണ സിരാകേന്ദ്രങ്ങളിൽ ചരിത്രപ്രധാനമായ 46 വർഷങ്ങളിൽ മാനേജരായി സ്തുത്യർഹം സേവനമനുഷ്ഠിച്ച തലകുളത്ത് ടി സി ജേക്കബ് അച്ചൻെറ (മാനേജർ അച്ചൻ) നാല്പത്തിരണ്ടാം ഓര്മ ദിനവും അനുസ്മരണ സമ്മേളനവും ഏപ്രിൽ 15, ഞായറാഴ്ച അദ്ദേഹം അന്ത്യവിശ്രമംകൊള്ളുന്ന ചീരഞ്ചിറ st.മേരീസ് പള്ളിയിൽ സമുചിതമായി ആചരിക്കുന്നു.

മലങ്കര സഭാ ഗുരു രത്നം വന്യ Dr. ടി ജെ ജോഷ്വയുടെ പ്രധാന കാര്മീകത്വത്തിൽ രാവിലെ 8ന് വിശുദ്ധ കുർബാനയും തുടർന്ന് അനുസ്മരണ പ്രസംഗവും, കബറിങ്കൽ ധൂപപ്രാർത്ഥനയും, നേർച്ച വിളമ്പും നടത്തപ്പെടും.

ഫാ. ടി സി ജേക്കബ് ഒരു അനുസ്മരണം

മലങ്കര സഭയുടെ ചരിത്രത്തിലെ നിർണായക കാലഘട്ടങ്ങളിൽ സഭയെ സുധീരം നയിക്കുവാൻ ചുക്കാൻ പിടിച്ചിരുന്ന വൈദീക ശ്രേഷ്ഠരിൽ പ്രധാനി ആണ് മാനേജർ അച്ചൻ എന്ന പേരിൽ മലങ്കരയിൽ ഇന്നും അറിയപെടുന്ന ഫാ. ടി സി ജേക്കബ്.

പഴയ സെമിനാരിയിൽ 30 വർഷവും (1930 – 1960) ദേവലോകം കാതോലിക്കേറ്റ് അരമനയിൽ 16 വർഷവും (1960 – 1976 ) മാനേജരായി പ്രവർത്തിച്ച അച്ചൻ ജീവിത വിശുദ്ധിയിലും വിശ്വസ്ഥതയുമുള്ള ഉത്തമ സന്യാസവര്യൻ ആയിരുന്നു.

പരിശുദ്ധ വട്ടശേരി തിരുമേനി മുതൽ പരിശുദ്ധ മാത്യൂസ് പ്രഥമൻ ബാവ വരെ ഉള്ള പ്രഗത്ഭമതികളായ നാല് മലങ്കര മെത്രാപൊലീത്താമാരോട് ചേർന്ന് സഭയുടെ പ്രധാന സാരഥിയായി അച്ചൻ വിശ്വസ്തതയോടെ പ്രവർത്തിച്ചു.

സമുദായ കേസ് കൊടുമ്പിരികൊണ്ടുനിന്ന കാലഘട്ടത്തിൽ കോട്ടയം ദേവലോകത്ത് മലങ്കര മെത്രാപ്പോലീത്തക്ക് ഒരു ആസ്ഥാനം അനിവാര്യമായി വന്നപ്പോൾ K C മാമ്മൻ മാപ്പിള തുടങ്ങിയ സമുദായ പ്രമുഖരോടൊപ്പം മാനേജർ അച്ചൻ നടത്തിയ പ്രവത്തനങ്ങൾ പ്രത്യേകം പ്രസ്താവ്യം ആണ്. ദേവലോകം കാതോലിക്കേറ്റ് അരമനയുടെ സ്ഥാപക മാനേജർ ആയിരുന്ന അച്ചന്റെ മേൽനോട്ടത്തിൽ ആണ് ഇന്നുള്ള ദേവലോകം അരമന ചാപ്പൽ പണികഴിപ്പിച്ചത്.

യോജിച്ച മലങ്കര സഭയുടെ ആസ്ഥാന മാനേജർ ആയിരുന്ന അദ്ദേഹം , എക്കാലത്തും കാതോലിക്ക – പാത്രിയര്കീസ് കക്ഷിഭേദമന്യേ സഭയിൽ സ്വീകാര്യനായിരുന്നു

1965 ജനുവരിയിൽ എത്യോപ്യൻ ചക്രവർത്തിയായിരുന്ന ഹെയ്‌ലിസെലാസി ആഡീസ് അബാബയിൽ വിളിച്ചുകൂട്ടിയ ഓറിയന്റൽ ഓർത്തഡോൿസ് സഭകളുടെ സമ്മേളനത്തിൽ പരിശുദ്ധ ഔഗേൻ ബാവായോടൊപ്പം ടി സി ജേക്കബ് അച്ചനും മലങ്കര സഭക്കായി പങ്കെടുത്തു.സ്വയം ശീര്ഷകത്വമുള്ള മലങ്കര സഭയെ സംബന്ധിച്ചിടത്തോളം ഈ സമ്മേളനം ആഗോള തലത്തിൽ സുപ്രധാനമായിരുന്നു.

സഭക്ക് വേണ്ടി സ്വന്തം ജീവിതംതന്നെ ബലിയർപ്പിച്ച അച്ചൻ, 1976 ലെ പെസഹ വ്യാഴം വെളുപ്പിന് 2.45 ന് കർത്താവിൽ നിദ്രപ്രാപിച്ച വാർത്ത‍ ആകാശവാണിയിലൂടെ അറിഞ്ഞ മലങ്കര നസ്റാണികൾ അന്ത്യമോപചാരം അർപ്പിക്കുവാൻ ദേവലോകം അരമനയിലേക് ഒഴുകിയെത്തി. പിറ്റേന്ന് ദുഃഖവെളി ആയതിനാൽ അന്ന് തന്നെ പരിശുദ്ധ മാത്യൂസ് പ്രഥമൻ ബാവായുടെയും മറ്റു മെത്രാപ്പോലീത്താമാരുടെയും കാര്മീകത്വത്തിൽ വൈകുനേരം 6 മണിയോടുകൂടെ കബറടക്ക് ശിശ്രൂഷകൾ നടത്തപെട്ടു.

നാഷണൽ ക്രിസ്ത്യൻ കൗൺസിലിന്റെ ‘Poor Relief Contact Person’ , ‘വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജ് മലങ്കര സഭയുടെ സെലക്ഷൻ അതോറിറ്റി , മലങ്കര സഭാ മാസികയുടെ ചീഫ് എഡിറ്റർ , കാതോലിക്കേററ് & എം ഡി കോർപ്പറേറ്റ് കറസ്പോണ്ടെന്റ്റ് , കങ്ങഴ M G D M ഹോസ്പിറ്റൽ ട്രസ്റ്റ് മെമ്പർ തുടങ്ങിയ സ്ഥാനങ്ങളിലും ശോഭിച്ച മാനേജർ അച്ചൻ ‘എത്യോപിയൻ സുന്നഹദോസും വിശുദ്ധ നാട് സന്ദർശനവും’, ‘ യോജിച്ച മലങ്കര സഭയും പൗലോസ് മാർ പീലക്സിനോസ് മെത്രാപ്പോലീത്തയും’ തുടങ്ങിയ ഗ്രന്ഥങ്ങളുടെ രചയിതാവും ആണ്.

മാനേജർ അച്ചൻ സഭാ ചരിത്രപണ്ഡിതരുടെ വാക്കുകളിൽ :

‘ക്ഷിപ്രകോപമുള്ള മലങ്കര മെത്രാപൊലീത്താമാരുപോലും മാനേജർ അച്ചനെ കണ്ടാൽ മദംപൊട്ടിയ ആന സ്വന്തം പാപ്പാനെ കണ്ടതുപോലെ ഒന്നടങ്ങും ‘ – K V Mammen (മലയാള മനോരമ മുൻ എഡിറ്റോറിയൽ ബോർഡ് അംഗം )

‘നമ്മുടെ സഭയിലെ മെത്രാപൊലീത്താമാരിൽ വട്ടശേരി തിരുമേനിയും, വൈദീകരിൽ ഫാ. ടി സി ജേക്കബും അച്ചനും , അത്മായരിൽ കെ സി മാമ്മൻ മാപ്പിളയും സമുദായത്തിനു ചെയ്ത സേവനങ്ങൾ സമുദായസ്നേഹമുള്ള ആര്ക്കും വിസ്മരിക്കാൻ സാസാധ്യമല്ല’ – Z.M Paret

‘മാനേജർ അച്ചൻ നമ്മുടെ സഭയുടെ പ്രധാന സന്ദർഭങ്ങളിൽ മുഖ്യസ്ഥാനം വഹിച്ചിട്ടുണ്ട് . തൻറെ സ്വന്തം താല്പര്യം നോക്കാതെ , ആരെയും പ്രീതിപെടുത്താൻ നിൽക്കാതെ , ആർകെങ്കിലും തെറ്റിധാരണയുണ്ടാകും എന്ന ഭയവും കൂടാതെ സഭയുടെ നന്മക്ക് വേണ്ടി പ്രവർത്തിച്ചു – K M Eapen

താൻ ജീവിതത്തിൽ കണ്ടിട്ടുള്ള ഏറ്റവും ശ്രേഷ്ഠരായ നാല് പുരോഹിതരിൽ മാനേജർ അച്ചനും ഉൾപ്പെടുന്നു എന്ന് മാത്യൂസ്‌ പ്രഥമൻ ബാവ അദ്ദേഹത്തിൻറെ ജീചരിത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു.

ജീവിത വിശുദ്ധിയിലും, നമസ്ക്കാര ചിട്ടയാലും തികഞ്ഞ സന്യാസിയും, ഉത്തമ സഭാസ്നേഹിയും ആയിരുന്ന ബഹുമാനപെട്ട അച്ചൻ സഭാപിതാക്കന്മാരുടെ കബറിങ്കൽ എല്ലാദിവസവും ധൂപമർപ്പിച്ചു പ്രാർത്ഥിച്ചിരുന്നു , ആയതിനാൽ എല്ലാ ഞായറാഴിച്ചകളിലും അച്ഛന്റെ കബറിടത്തിലും ധൂപം വെക്കണം എന്ന് Dr. ഗീവര്ഗീസ് മാർ ഒസ്താത്തിയോസ് തിരുമേനി കല്പിച്ചത് ഈ നാല്പത്തിരണ്ടാം വര്ഷവും ഒരു മുടക്കവും കൂടാതെ നടക്കുന്നു.

തനിക്ക് മുമ്പും, ശേഷവും, സഭയുടെ പ്രധാന സ്ഥാനങ്ങളിൽ പലരും വന്നുപോയെങ്കിലും , മലങ്കരയുടെ മാനേജരച്ചെൻ എന്ന പേരിൽ ഫാ ടി സി ജേക്കബ് ഇന്നും സ്മരിക്കപ്പെടുന്നു.