ഫാ. ഡോ. ജേക്കബ് കുര്യനെ (കോട്ടയം ഓര്‍ത്തഡോക്സ് സെമിനാരി മുൻ പ്രിൻസിപ്പല്‍) സൺണ്ടേസ്കൂൾ ഡയറക്ടർ ജനറലായി പ. കാതോലിക്കാ ബാവാ നിയമിച്ചു.
സെമിനാരിയുടെ നവോത്ഥാനത്തിന്‍റെ ഭാഗമായി അദ്ധ്യാപകര്‍ മറ്റ് പദവികള്‍ വഹിക്കുന്നത് സുന്നഹദോസ് നിരോധിച്ചതു മൂലം ഫാ. ഡോ. റെജി മാത്യു സ്ഥാനം ഒഴിഞ്ഞതോടെയാണ് ഫാ. ഡോ. ജേക്കബ് കുര്യനെ തല്‍സ്ഥാനത്ത് നിയമിച്ചത്. ഏപ്രില്‍ 16-ന് ചുമതലയേല്‍ക്കും.
സെമിനാരി അദ്ധ്യാപകരായ ഫാ. ഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ട് ശുശ്രൂഷകസംഘം ചുമതലയും, ഫാ. സജി അമയില്‍ വൈദികസംഘം ജനറല്‍ സെക്രട്ടറി സ്ഥാനവും ഒഴിഞ്ഞതായി അറിയുന്നു.
ഫാ. ഡോ. ജേക്കബ് കുര്യന്‍
നെടുമാവ് സെന്‍റ് പോള്‍സ് ഓര്‍ത്തഡോക്സ് പള്ളി ഇടവകാംഗമായ ഇദ്ദേഹം ഓര്‍ത്തഡോക്സ് തിയോളജിക്കല്‍ സെമിനാരിയില്‍ ചേര്‍ന്നു ബി. ഡി. പാസ്സായി. ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ നിന്നും ഭാരതീയ തത്ത്വശാസ്ത്രത്തില്‍ എം. എ. ബിരുദം ഒന്നാം റാങ്കോടെ പാസ്സായി യൂണിവേഴ്സിറ്റി സ്വര്‍ണമെഡല്‍ നേടി. സെറാമ്പൂര്‍ യൂണിവേഴ്സിറ്റിയുടെ മാസ്റ്റര്‍ ഓഫ് തിയോളജി ക്രൈസ്തവ ദൈവശാസ്ത്ര വിഭാഗത്തില്‍ ഒന്നാം റാങ്കോടെ പാസ്സായി മാസ്റ്റേഴ്സ് പ്രൈസിന് അര്‍ഹനായി.
1978 മുതല്‍ 2015 വരെ ഓര്‍ത്തഡോക്സ് തിയോളജിക്കല്‍ സെമിനാരിയില്‍ അദ്ധ്യാപകനായി പ്രവര്‍ത്തിച്ചു. 1979-ല്‍ കശീശാ പട്ടമേറ്റ അച്ചന്‍ ‘മലങ്കരസഭ’ മാസികയുടെ ചീഫ് എഡിറ്ററായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. സെറാമ്പൂര്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് ഡോക്ടറേറ്റ് എടുത്തു. സഭയുടെ ഇന്‍റര്‍ ചര്‍ച്ച് റിലേഷന്‍സ് സെക്രട്ടറിയായിരുന്നു. അഖിലലോക സഭാകൗണ്‍സിലിന്‍റെ ഫെയ്ത്ത് ആന്‍റ് ഓര്‍ഡറിന്‍റെ സ്റ്റാന്‍ഡിംഗ് കമ്മീഷന്‍ അംഗവും, ഓര്‍ത്തഡോക്സ് വൈദിക സെമിനാരി പ്രിന്‍സിപ്പലുമായി സേവനമനുഷ്ഠിച്ചു.