അൻപതു നോമ്പിന്റെ ചൈതന്യം ഹൃദയത്തിൽ സ്വാംശീകരിച്ചുകൊണ്ട് ക്രിസ്തീയ കുടുംബ ജീവിതത്തിൻറെ അനുഗ്രഹങ്ങളും പാളിച്ചകളും വിലയിരുത്തി ദൈവം നൽകിയ അനുഗ്രഹങ്ങൾക്ക് നന്ദി കരേറ്റികൊണ്ട് കർത്താവിന്റെ പീഡാനുഭവത്തിനും കുരിശുമരണത്തിനും പുനരുദ്ധാനത്തിനും ഒരുക്കുവാനുള്ള നോമ്പ് കാല കുടുംബ നവീകരണ ധ്യാനം 2018 മാർച്ച് 26 , 27 തിങ്കൾ ചൊവ്വ തീയതികളിൽ.
കപ്പൂച്ചിൻ സഭയുടെ കോട്ടയം പ്രോവിൻസിന്റെ പ്രൊവിൻഷ്യൽ കൂടിയായ ഫാ. ജോസഫ് പുത്തൻപുരയ്ക്കൽ കുടുംബ നവീകരണ ധ്യാനത്തിന് നേതൃത്വം നൽകും .
ഋതുക്കൾ ഇനിയും മാറിവരും… പ്രകൃതി വാരി വിതറുന്ന ജീവിതത്തിന്റെ വർണ്ണപീലികൾ കോർത്തിണക്കി ഫ്ലോറിഡയിലെ മലയാളി സമൂഹത്തിനായി ഒർലാണ്ടോ സെന്റ് മേരീസ് ഓർത്തോഡോക്സ് ഇടവക ഒരുക്കുന്ന കുടുംബ നവീകരണ ധ്യാനം-2018.
നിയതമായ ആവർത്തനങ്ങളോടെ ചലിക്കുന്ന കാലചക്രത്തിൽ എല്ലാം കൃത്യമായ ഇടവേളകളിൽ വന്നുപോയ്കൊണ്ടിരിക്കും. ജീവിതം എന്നു തുടങ്ങി എന്ന് അവസാനിക്കും എന്ന് ആർക്കും പ്രവചിക്കാനാവില്ല. ഇതിനിടയിൽ സർവ്വശക്തൻ ദാനമായി തന്ന ജീവിതത്തിൽ താളപ്പിഴകളില്ലാതെ മുന്നേറുവാൻ, കൊഴിഞ്ഞുവീണ ഇന്നലകളിലെ പൊട്ടിപ്പോയ ഇഴകൾ കോർത്തിണക്കുവാൻ വീണുകിട്ടുന്ന ഒരവസരം.
നിത്യ വിഹ്വലതകൾക്കിടയിൽ ഇനി അല്പമൊരു ഇടവേളയാകാം. ചിരിയിഴകളിലെവിടെയോ സ്വയമറിയാതെ കരച്ചിലിന്റെ വെള്ളി വീഴുമ്പോൾ, കണ്ണുനീരിൻ വക്കുപൊട്ടി ഗദ്ഗദം മാറാതെ
വീണ്ടുമെന്തിനോ വേണ്ടി പൊട്ടിച്ചിരിക്കുവാൻ ശ്രമിക്കാം. ആരോഹണാവരോഹണത്തിന്റെ ആന്ദോളനത്താൽ മനസ്സിന് അല്പം കുളിർമ നിറക്കുവാൻ ശ്രമിക്കാം. ദ്രുതതാളത്തിനൊപ്പം മനസ്സ് കൊണ്ടെങ്കിലും അല്പമൊന്നു ചുവടു വയ്ക്കാം.
ജീവിതത്തിന്റെ രണ്ടു ദിനങ്ങൾ നമുക്കൊന്നിച്ചിരിക്കാം, ആസ്വദിക്കാം, ജീവിതം ആഘോഷമാക്കാം. സ്ട്രെസ്സുകള്‍ വരുന്ന വഴികള്‍ തേടി അവയെ ഇല്ലായ്മ ചെയ്യുവാൻ പഠിക്കാം. കുടുംബജീവിതത്തിൽ നാം അനുവർത്തിക്കേണ്ട പ്രായോഗികമായ മാര്‍ഗ്ഗങ്ങള്‍ പങ്കുവെക്കുന്ന ഫാ.ജോസഫ് പുത്തൻപുരക്കലുമായി രണ്ടു ദിനങ്ങൾ. രണ്ടറ്റവും കത്തിയ മെഴുകുതിരി പോലെ കുടുംബാംഗങ്ങള്‍ക്കായി സ്വയം എരിയുന്നവരാണ് നമ്മിൽ ചിലരെങ്കിലും. “ആകയാല്‍ ക്രിസ്തുവില്‍ എന്തെങ്കിലും ആശ്വാസമോ സ്നേഹത്തില്‍ നിന്നുള്ള സാന്ത്വനമോ, ആത്മാവിലുള്ള കൂട്ടായ്മയോ എന്തെങ്കിലും കാരുണ്യമോ അനുകമ്പയോ ഉണ്ടെങ്കില്‍ നിങ്ങള്‍ ഒരേ കാര്യങ്ങള്‍ ചിന്തിച്ചുകൊണ്ട്, ഒരേ സ്നേഹത്തില്‍ വര്‍ത്തിച്ച്, ഒരേ ആത്മാവും ഒരേ അഭിപ്രായവും ഉള്ളവരായി എന്‍റെ സന്തോഷം പൂര്‍ണ്ണമാക്കുവിന്‍” (ഫിലി. 2:1-4).
2018 മാര്‍ച്ച് ഇരുപത്തിയാറാം തീയതി തിങ്കളാഴ്ച രാവിലെ ഒൻപത് മണി മുതല്‍ വൈകിട്ട് ഏഴ് മണി വരെയും, ഇരുപത്തിയേഴാം തീയതി ചൊവ്വാഴ്ച രാവിലെ ഒൻപത് മണി മുതല്‍ വൈകിട്ട് ഏഴ് മണി വരെയുമാണ് ധ്യാന ദിവസങ്ങളിലെ സമയക്രമീകരണം. കുടുംബ നവീകരണ ധ്യാനത്തില്‍ ഹൃദയ വിശുദ്ധിയോടെ കുടുംബമായി പങ്ക് ചേര്‍ന്ന് ദൈവാനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ ഏവരേയും സ്വാഗതം ചെയ്യുന്നതായി ഒർലാണ്ടോ സെന്റ് മേരീസ് ഓർത്തഡോക്സ് ഇടവക വികാരി ഫാ.ജോൺസൺ പുഞ്ചക്കോണം അറിയിച്ചു.


