മൂറോന്‍ കൂദാശ: ഒരു നാഴികക്കല്ല് / ഫാ. ടി. ജെ. ജോഷ്വ


പത്തു വര്‍ഷങ്ങള്‍ക്കുശേഷം മലങ്കര ഓര്‍ത്തഡോക്സ് സഭയില്‍ പരിശുദ്ധ മൂറോന്‍ വീണ്ടും കൂദാശ ചെയ്യപ്പെടുകയാണ്. മുമ്പു പല പ്രാവശ്യം പഴയസെമിനാരി ചാപ്പലില്‍ വച്ചാണു നടത്തിയിട്ടുള്ളതെങ്കില്‍ ഇക്കുറി ഈ മാസം 25-നു പൗരസ്ത്യ കാതോലിക്കായുടെ ആസ്ഥാനമായ കോട്ടയം ദേവലോകം അരമന ചാപ്പലില്‍ വച്ചാണു കൂദാശ. പാത്രിയര്‍ക്കീസിനും കാതോലിക്കായ്ക്കും മെത്രാപ്പോലീത്തായ്ക്കും മൂറോന്‍ കൂദാശ ചെയ്യുവാന്‍ കാനോനികമായ അധികാരമുണ്ടെങ്കിലും ഇപ്പോള്‍ സുറിയാനി സഭയില്‍ ആദ്യം പറഞ്ഞ രണ്ടു സ്ഥാനികള്‍ മാത്രമേ അതു നിര്‍വഹിക്കുന്നുള്ളു. വളരെ സൂക്ഷ്മതയോടും പ്രാര്‍ത്ഥനയോടും അവധാനപൂര്‍വം ചെയ്യേണ്ട ഒരു ദിവ്യ കര്‍മ്മമാണ്. പുരാതനകാലത്തു പെസഹാ വ്യാഴാഴ്ചയിലാണ് ഇതു ചെയ്തുകൊണ്ടിരുന്നത്. അതിനു മുമ്പുള്ള നോമ്പും ഉപവാസവും ആവശ്യമായ ഒരുക്കം നല്‍കുന്നു. മാത്രമല്ല, ആദ്യശതകങ്ങളില്‍ മാമോദീസ നല്‍കിയിരുന്നത് ഉയിര്‍പ്പുപെരുനാളിലായിരുന്നു. മാമോദീസായില്‍ ഉപയോഗിക്കേണ്ട വിശുദ്ധ തൈലം അതിനു മുമ്പായി കൂദാശ ചെയ്യപ്പെട്ടുപോന്നു. എന്നാല്‍ പതിമൂന്നാം നൂറ്റാണ്ടിനുശേഷം ഈ പതിവു മാറി, ഇത് അപൂര്‍വമായി നടത്തുന്ന ശുശ്രൂഷയായിത്തീര്‍ന്നു. മലങ്കരസഭയില്‍ ഇപ്പോള്‍ ഏതാണ്ടു പത്തു വര്‍ഷത്തിലൊരിക്കല്‍ ഈ ശുശ്രൂഷ അനുഷ്ഠിച്ചു വരുന്നു. ഇപ്പോഴത്തെ കാതോലിക്കാ ബാവാ ഇതു രണ്ടാം പ്രാവശ്യമാണു മൂറോന്‍ കൂദാശ ചെയ്യുന്നത്.

‘മൂറോന്‍’ എന്ന ഗ്രീക്ക് പദത്തിന്‍റെ അര്‍ത്ഥം സുഗന്ധതൈലം എന്നാണ്. വിവിധ തരത്തിലുള്ള പത്തു കൂട്ടം സുഗന്ധദ്രവ്യങ്ങളും ഒലിവ് എണ്ണയും ചേര്‍ത്തു പാകപ്പെടുത്തി കൂദാശ ചെയ്ത് എടുക്കുന്നതാണ് ഈ തൈലം. മാമോദീസായ്ക്കുള്ള വെള്ളം തയ്യാറാക്കുന്നതിനും മാമോദീസായ്ക്കുശേഷം സ്നാനാര്‍ത്ഥിയെ അഭിഷേകം ചെയ്യുന്നതിനുമാണ് ഈ തൈലം ആദ്യ നൂറ്റാണ്ടുകളില്‍ ഉപയോഗിച്ചുകൊണ്ടിരുന്നത്. പിന്നീട് മദ്ബഹായും പള്ളിയും ബലിപീഠവും തബ്ലൈത്തായും (കുര്‍ബാന അര്‍പ്പിക്കുവാന്‍ ത്രോണോസില്‍ വയ്ക്കുന്ന ഒരു ചെറിയ പലക) കൂദാശ ചെയ്യുവാനും ഉപയോഗിച്ചു തുടങ്ങി. ഇതു പഴയനിയമ പാരമ്പര്യത്തിന്‍റെ മാതൃകയിലാണ്.

പൗരസ്ത്യസഭകളില്‍ എല്ലാംതന്നെ മാമോദീസായ്ക്കുശേഷം പരിശുദ്ധാത്മദാനത്തിനു വിശുദ്ധ തൈലം കൊണ്ടുള്ള അഭിഷേകം നടക്കുന്നു. പാശ്ചാത്യ സഭകളില്‍ ഇതിനു പകരമായി നടത്തുന്ന ശുശ്രൂഷയ്ക്ക് ‘സ്ഥിരീകരണം’ എന്നു പറയുന്നു. പൗരസ്ത്യ പാരമ്പര്യമനുസരിച്ചു മൂറോനഭിഷേകം പ്രാപിച്ച ഒരാള്‍ക്കു മറ്റെല്ലാ കൂദാശകളിലും പങ്കെടുക്കാന്‍ അവകാശം സിദ്ധിക്കുന്നു. പട്ടത്വമുള്ള പുരോഹിതന്മാര്‍ക്കും മൂറോനഭിഷേകമുള്ള അത്മായര്‍ക്കും മാത്രമേ കൂദാശകളില്‍ സംബന്ധിപ്പാന്‍ അര്‍ഹതയുള്ളു.

പഴയനിയമ പാരമ്പര്യം ഓര്‍ത്തഡോക്സ് സഭകള്‍ കാര്യമായി എടുക്കുന്നുണ്ട്. പഴയനിയമത്തില്‍ രാജാക്കന്മാര്‍, പുരോഹിതന്മാര്‍, പ്രവാചകന്മാര്‍ എന്നിവരെ വാഴിക്കുമ്പോള്‍ അഭിഷേകതൈലം ഉപയോഗിച്ചിരുന്നു. മാത്രമല്ല സമാഗമനകൂടാരവും സാക്ഷ്യപെട്ടകവും കൂടാരത്തിലെ ഉപകരണങ്ങളും തൈലംകൊണ്ട് അഭിഷേചിച്ചിരുന്നതായി കാണാം. അഭിഷേകം ചെയ്യപ്പെട്ട വ്യക്തികള്‍ക്കു പ്രത്യേക വിശുദ്ധിയും ആത്മനല്‍വരവും ലഭിച്ചതായി വിശ്വസിച്ചു പോന്നു.

പുതിയനിയമത്തില്‍, അഭിഷേകം ചെയ്യപ്പെട്ടവന്‍ എന്നര്‍ത്ഥമുള്ള ക്രിസ്തു (മശിഹാ) എന്ന പേരാണു രക്ഷകനായ യേശുവിനു നല്‍കിയിട്ടുള്ളത്. യോര്‍ദ്ദാനില്‍ വച്ചു മാമോദീസായുടെ സമയം അവിടുന്നു പരിശുദ്ധാത്മാവിനാല്‍ അഭിഷിക്തനായി എന്നു വായിക്കുന്നു. ആ അഭിഷേകത്തെപ്പറ്റി യേശു തന്നെ അവകാശപ്പെടുന്നുണ്ട്. ക്രിസ്തുവിനോട് ഐക്യപ്പെടുന്ന വിശ്വാസികള്‍ക്കും അതേ ആത്മാവിനെ അഭിഷേകത്താല്‍ ലഭിക്കുന്നു.

പരിശുദ്ധാത്മദാനത്തെ അഭിഷേകമായി പല വേദഭാഗങ്ങളില്‍ ചിത്രീകരിച്ചിട്ടുണ്ട്. 2 കോരി. 1:21-ല്‍ “ഞങ്ങളെ നിങ്ങളോടുകൂടെ ക്രിസ്തുവില്‍ ഉറപ്പിക്കുന്നതും, നമ്മെ അഭിഷേകം ചെയ്തതും ദൈവമല്ലോ” എന്നു പറയുന്നു. ഇവിടെ ക്രിസ്തുവില്‍ ഉറപ്പിക്കുക എന്നതു മാമോദീസായെയും, ‘അഭിഷേകം’ മാമോദീസായ്ക്കുശേഷമുള്ള മൂറോന്‍ അഭിഷേകത്തെയും സൂചിപ്പിക്കുന്നതായി വ്യാഖ്യാനമുണ്ട്. കൂടാതെ എഫേ. 4:30, 1 യോഹ. 2:20, 2:27 എന്നീ ഭാഗങ്ങളിലും പരിശുദ്ധാത്മാഭിഷേകത്തെക്കുറിച്ചു പറയുന്നു. ‘അഭിഷേകം’ (പൂശുക) എന്നു പ്രസ്താവിച്ചിട്ടുള്ളതില്‍ നിന്ന്, വിശുദ്ധ തൈലംകൊണ്ടുള്ള അഭിഷേകത്തെ സൂചിപ്പിക്കുന്നതായി മനസിലാക്കാം.

രണ്ടാം നൂറ്റാണ്ടു മുതല്‍ ഇതിനെപ്പറ്റി വ്യക്തമായ പരാമര്‍ശങ്ങള്‍ ഉണ്ട്. അന്ത്യോക്യയിലെ ബിഷപ്പായിരുന്ന തിയോഫിലോസ് (എ.ഡി. 180) സ്നാനത്തെക്കുറിച്ചു പറയുമ്പോള്‍ “ദൈവത്തിന്‍റെ തൈല”ത്തെക്കുറിച്ചു സൂചിപ്പിക്കുന്നു. “യൂദാസ് തോമസിന്‍റെ പ്രവൃത്തികള്‍” (മൂന്നാം നൂറ്റാണ്ട്) എന്ന കൃതിയില്‍ സ്നാനാര്‍ത്ഥികളുടെ നെറ്റിയില്‍ മുദ്രകുത്തി അഭിഷേകം ചെയ്തതായി പറയുന്നു. വിശുദ്ധ ക്രിസോസ്റ്റം (മാര്‍ ഈവാനിയോസ്) രേഖപ്പെടുത്തിയിരിക്കുന്നതു തൈലാഭിഷേകം മൂലമുള്ള പരിശുദ്ധാത്മദാനവും സ്നാനവും തമ്മില്‍ അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ്. ദൈവശാസ്ത്രവീക്ഷണത്തില്‍ ഒരു വിശ്വാസിയെ ഉത്തമ ക്രിസ്ത്യാനിയും ക്രിസ്തുവിന്‍റെ പടയാളിയുമാക്കിത്തീര്‍ക്കുന്ന കൂദാശയാണു മൂറോനഭിഷേകം. ഇതുമൂലം ലഭിക്കുന്ന പരിശുദ്ധാത്മദാനം ജീവിതത്തിന്‍റെ എല്ലാ മേഖലകളിലും സ്വാധീനം ചെലുത്തുന്നു. മാമ്മോദീസായില്‍ക്കൂടി ലഭിക്കുന്ന ദൈവിക ജീവന്‍ മൂറോനഭിഷേകം മൂലം കരുത്താര്‍ജ്ജിച്ച്, സര്‍ഗശക്തിയായി ഒരുവനില്‍ വ്യാപരിക്കുന്നു; ആത്മദാനങ്ങള്‍ നല്‍കിക്കൊണ്ട് അവനെ പൂര്‍ണതയിലേക്കു നയിക്കുകയും ചെയ്യുന്നു. തിന്മയുടെ ശക്തികളോടു പോരാട്ടം ചെയ്യുന്നതിനുള്ള ആയുധവും വിശ്വാസിക്കു ലഭിക്കുന്നു. മാമ്മോദീസായെ വീണ്ടും ജനനത്തിന്‍റെ കൂദാശയെന്നും, മൂറോനഭിഷേകത്തെ പരിപൂര്‍ണതയുടെ കൂദാശയെന്നും പിതാക്കന്മാര്‍ വിശേഷിപ്പിച്ചിട്ടുണ്ട്. ഇതു ക്രിസ്തീയ ഐക്യത്തിന്‍റെ കൂദാശയായി കരുതാം. ഒരേ തൈലംകൊണ്ട് അഭിഷേകം ചെയ്ത് ഒരു ശരീരത്തിന്‍റെ കൂട്ടായ്മയിലേക്കു ചേര്‍ക്കപ്പെടുന്നതിനാല്‍ ഐക്യത്തെ ഊട്ടിയുറപ്പിക്കുന്ന കൂദാശയാണ്. വിശ്വാസവിപരീതികള്‍ ഓര്‍ത്തഡോക്സ് സഭയിലേക്കു ചേരുമ്പോള്‍ മൂറോനഭിഷേകം നടത്തി അവരെ സ്വീകരിക്കുന്നു.

ഇത്രയും സുദീര്‍ഘമായ ശുശ്രൂഷ സുറിയാനി സഭയില്‍ വേറെയില്ല. ഏതാണ്ട് ആറു മണിക്കൂറില്‍ കുറയാത്ത സമയമെടുക്കുന്നു. പ്രധാന കാര്‍മ്മികനായ കാതോലിക്കായെ കൂടാതെ എല്ലാ മേല്‍പട്ടക്കാരും പങ്കാ ളിത്തം വഹിക്കുന്നു. കൂടാതെ അംശവസ്ത്രധാരികളായ 12 പട്ടക്കാര്‍ ധൂപക്കുറ്റികള്‍ വഹിച്ചും 12 ശെമ്മാശന്മാര്‍ മറ്വഹ്സാകള്‍ വഹിച്ചും 12 ഉപശെമ്മാശന്മാര്‍ (എവ്പ്ദ്യക്കിനേര്‍) മെഴുകുതിരികള്‍ വഹിച്ചും സഹകരിക്കുന്നു. മദ്ബഹായിലും അഴിക്കകത്തും ഹയ്ക്കലായിലുമായി മൂന്നു ഗായകസംഘങ്ങള്‍ അനുക്രമമായി ഗാനങ്ങള്‍ ആലപിക്കുവാനുണ്ടാകും. ഗാനങ്ങള്‍ പ്രധാനമായും അനുയോജ്യമായ സങ്കീര്‍ത്തനങ്ങളും ഉത്തമഗീതങ്ങളും ചേര്‍ത്തുണ്ടാക്കിയവയാണ്. ആര്‍ക്കദിയാക്കോന്‍ (ആര്‍ച്ച് ഡീക്കന്‍) ഈ ശുശ്രൂഷയില്‍ ആദ്യവസാനം പ്രധാനമായ ഒരു സ്ഥാനം വഹിക്കുന്നു. യഥാസമയം അനുയോജ്യമായ പ്രസ്താവനകള്‍ നടത്തുന്നതും ലുത്തിനിയ (മദ്ധ്യസ്ഥപ്രാര്‍ത്ഥന) നയിക്കുന്നതും അദ്ദേഹമാണ്. ശുശ്രൂഷയ്ക്കു പ്രധാനമായും രണ്ടു ഭാഗങ്ങളാണുള്ളത്. ഒന്നാമത്തെ ശുശ്രൂഷയില്‍ പള്ളിയുടെ വടക്കേ വാതിലില്‍ക്കൂടി ഇറങ്ങി തെക്കേ വാതിലില്‍ക്കൂടി അകത്തു പ്രവേശിക്കുന്ന ആഘോഷപൂര്‍വ്വമായ ഒരു പ്രദക്ഷിണമുണ്ട്. പ്രധാന കാര്‍മ്മികന്‍ വിശുദ്ധ തൈലം വഹിച്ചുകൊണ്ടു പ്രത്യേകം സംവിധാനം ചെയ്തിട്ടുള്ള ഒരു കൂടാരത്തിനുള്ളിലാണു പ്രദക്ഷണത്തില്‍ പോകുന്നത്. രണ്ടാമത്തെ ഭാഗത്ത്, കാര്‍മ്മികന്‍ ത്രോണോസില്‍ മൂറോന്‍ കുപ്പികള്‍ വച്ചുകൊണ്ടു കുര്‍ബാനയിലെപ്പോലെ പ്രാര്‍ത്ഥനകള്‍ നടത്തുന്നു. അതിന്‍റെ അവസാനത്തില്‍ ശുദ്ധീകരിക്കപ്പെട്ട തൈലം വഹിച്ചുകൊണ്ടു നാലു വശത്തേക്കും തിരിഞ്ഞ് ആഘോഷം നടത്തുന്നു.

അങ്ങനെ സുദീര്‍ഘമായ ശുശ്രൂഷ സമാപിച്ചശേഷം കുര്‍ബാന ആരംഭ

ച്ചു പൂര്‍ത്തിയാക്കുന്നു. സഭ മുഴുവന്‍റെയും അതിലെ അംഗങ്ങളുടെയും ആത്മീയ ജീവിതത്തെ പരിപുഷ്ടിപ്പെടുത്തി ചൈതന്യവത്താക്കിത്തീര്‍ക്കുന്ന വിശുദ്ധ മൂറോന്‍ കൂദാശ ചെയ്യപ്പെടുന്ന സന്ദര്‍ഭം സഭയുടെ അനുഭവത്തില്‍ സുപ്രധാനമായ ഒന്നാണ്.

(മനോരമ, 21-3-1988)