സഭാസമാധാനം കാലഘട്ടത്തിന്‍റെ ആവശ്യം / ഡോ. ജേക്കബ് മണ്ണാറപ്രായില്‍ കോര്‍എപ്പിസ്കോപ്പാ

ഒരു നൂറ്റാണ്ടിലേറെയായി മലങ്കരസഭയില്‍ നിലനില്‍ക്കുന്ന ഭിന്നതകള്‍ക്കും വ്യവഹാരങ്ങള്‍ക്കും അന്ത്യം കുറിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. പരസ്പരം ഛിദ്രിക്കുന്ന ഭവനം നിലനില്‍ക്കില്ല. വാശിയും വൈരാഗ്യവും ഒന്നിനും പരിഹാരമല്ല. ലോകരാഷ്ട്രങ്ങളുടെ ഇടയിലും, സഭ, സാമുദായിക ഭിന്നതകളുടെ പേരിലും ഉണ്ടായിട്ടുള്ള യുദ്ധങ്ങളും കലഹങ്ങളും വരുത്തിവെച്ചിട്ടുള്ള വിനകള്‍ ചരിത്രഏടുകളിലെ കറുത്ത അദ്ധ്യായങ്ങളാണ്.

ഒരു വീണ്ടുവിചാരത്തിന് ചെവികൊടുത്തിരുന്നെങ്കില്‍ ഒരുപക്ഷെ നാം പറഞ്ഞതും ചെയ്തതുമായ പലതും വേണ്ടായിരുന്നുവെന്ന് ബോധ്യമാകുമായിരുന്നുവെന്നതിന് സംശയമില്ല.

ദീര്‍ഘകാലത്തെ വ്യവഹാരങ്ങള്‍ക്ക് അന്ത്യംകുറിച്ചുകൊണ്ട് 1958-ലെ സുപ്രീംകോടതിവിധിയെ തുടര്‍ന്ന് രണ്ടായി നിന്ന് യുദ്ധം ചെയ്തുകൊണ്ടിരുന്ന ഇരുവിഭാഗവും യോജിച്ച് ഒന്നായിചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്ന ആ ഒരു വ്യാഴവട്ടക്കാലം സഭയുടെ സുവര്‍ണ്ണ കാലഘട്ടമായിരുന്നു. അന്ന് കൈവന്ന സമാധാനം നിര്‍ഭാഗ്യവശാല്‍ നമുക്ക് കൈമോശം വന്നു. 1970കളുടെ ആരംഭത്തില്‍ അസമാധാനത്തിന്‍റെ വിഷവിത്തു മുളച്ചു. അത് വളര്‍ന്ന് വലുതായി.

1958-ലേക്കാള്‍ ചരിത്രപ്രാധാന്യമര്‍ഹിക്കുന്ന ഒരു വിധിയാണ് 2017 ജൂലൈ 3-ന് രാജ്യത്തെ പരമോന്നത നീതിപീഠം പുറപ്പെടുവിച്ചിരിക്കുന്നത്. ഈ അവസരം നഷ്ടപ്പെടുത്തുന്നത് ആത്മഹത്യാപരമാണ്. 1958-ലെ സമാധാനം പൊളിഞ്ഞെന്ന് പറഞ്ഞ് വിധിയെ പഴിച്ച് അന്നത്തെ പിതാക്കന്മാരെ കുറ്റം പറഞ്ഞ് കാലം കഴിക്കേണ്ട കാലഘട്ടമല്ലിത്. യോജിപ്പുണ്ടായാല്‍ വീണ്ടും പിളരുമെന്ന ചില വ്യവഹാരദാഹികളുടെയും സ്ഥാനമോഹികളുടെയും ദുഷ്ടലാക്കോടുകൂടിയ നിലപാട് വേദനാജനകമാണ്. വീണ്ടും വീഴുമെന്ന കാരണത്താല്‍ ആരും വീണിടത്തുതന്നെ കിടക്കാറില്ലല്ലോ. അതുകൊണ്ടാണ് വീണവര്‍ എഴുന്നേറ്റ് ലക്ഷ്യത്തിലേക്ക് കുതിക്കുന്നത്.

നെല്ലും വാഴയും കുലയ്ക്കുമ്പോള്‍ അത് അതിനു ജന്മം നല്‍കിയ ഭൂമിദേവിയെ നമിക്കുന്നുവെന്നതിന്‍റെ സൂചനയായി തലകുനിക്കുന്നതുപോലെ വിജയികള്‍ കൂടുതല്‍ വിനയാന്വിതരാകണം. ഓട്ടക്കളത്തില്‍ ജയപരാജയങ്ങള്‍ സ്വാഭാവികമാണ്. മത്സരത്തില്‍ ജയപരാജയങ്ങള്‍ മറന്ന് തോറ്റവരും വിജയികളും പരസ്പരം ആശ്ലേഷിക്കുന്ന കാഴ്ച കാണികളെ സന്തോഷചിത്തരാക്കുന്നു.

1964-ല്‍ റഷ്യന്‍ പ്രസിഡന്‍റായിരുന്ന ക്രൂഷ്ചേവ് അമേരിക്കന്‍ പ്രസിഡന്‍റിന്‍റെ അന്ത്യശാസനകളെ തുടര്‍ന്ന് ക്യൂബയില്‍ നിന്നും തന്‍റെ സൈന്യത്തേയും പടക്കോപ്പുകളെയും പിന്‍വലിച്ചില്ലായിരുന്നെങ്കില്‍ അന്ന് മൂന്നാം ലോകമഹായുദ്ധം ഉദ്ഘാടനം ചെയ്യപ്പെടുമായിരുന്നു. വീരശൂര പരമാക്രമികളായിരുന്ന ക്രൂഷ്ചേവിന്‍റെ അന്നത്തെ പിന്മാറ്റം സത്യത്തില്‍ വലിയൊരു വിജയമായിട്ടാണ് ലോകം വിലയിരുത്തുന്നത്.

വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കും എന്നൊരു ചൊല്ലുണ്ട്. വിശ്വാസപരമായ കാര്യങ്ങളാണ് മലങ്കരസഭാപ്രശ്നങ്ങളുടെ മുഖ്യകാരണമെന്ന പ്രാചരണത്തോട് പൂര്‍ണ്ണമായി യോജിക്കുന്ന ഒരു വ്യക്തിയല്ല ഞാന്‍. വിശ്വാസം എന്നതിലുപരി പണം, പ്രതാപം, സ്ഥാനം, മാനം, അധികാരം എന്നീ കസേരകളുടെ ഭാരം എടുത്തുമാറ്റുവാന്‍ സാധിക്കാത്തവിധം വര്‍ദ്ധിച്ചിരിക്കുന്നുവെന്നതല്ലേ പ്രധാന പ്രശ്നമെന്ന് ചിന്തിക്കുന്നവരാണ് ഏറിയ വിശ്വാസികളും. ആകാശങ്ങളിലിരിക്കുന്ന ബാവായിലുള്ള വിശ്വാസത്തിന്‍റെയും ഭയത്തിന്‍റെയും അപര്യാപ്തതയല്ലേ നമ്മുടെ പ്രശ്നം അനിശ്ചിതമായും അനന്തമായും നീളുന്നതിനുള്ള മുഖ്യകാരണമെന്ന് ചിന്തിക്കുന്നതില്‍ തെറ്റില്ലെന്ന് ഞാന്‍ ഉത്തമമായി വിശ്വസിക്കുന്നു.

1958-ലെ യോജിപ്പിനു മുമ്പ് പാത്രിയര്‍ക്കീസ് പക്ഷത്ത് നിന്നിരുന്ന ഒരു കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന ഒരു വ്യക്തിയാണ് ഞാന്‍. എന്നാല്‍ 1958-ലെ സഭായോജിപ്പിനുശേഷം വീണ്ടും ഒരു പിളര്‍പ്പ് ആവശ്യമില്ലായിരുന്നുവെന്ന് പൂര്‍ണ്ണമായി ഞാന്‍ വിശ്വസിക്കുന്നു. ആ വിശ്വാസമാണ് ഒരു ഓര്‍ത്തഡോക്സുകാരനായി തുടരുവാന്‍ എന്നെ പ്രേരിപ്പിക്കുന്ന ശക്തി.

സമയം ഇപ്പോഴും വൈകിയിട്ടില്ല. എന്നാല്‍ കഴിഞ്ഞുപോകുന്ന സമയം ഒരുനാളും തിരികെ ലഭിക്കുകയില്ലെന്ന് ഓര്‍ക്കണം. കൊഴിഞ്ഞുവീണ ഇലയുടെ ചാരത്തില്‍നിന്നും പുത്തന്‍ ഇലകള്‍ രൂപംകൊള്ളുന്നില്ല. ആക്ഷനേക്കാള്‍ റിയാക്ഷന് മഹത്വം കല്പിക്കണം. സ്നേഹിക്കുന്നവരെ സ്നേഹിക്കുന്നതിനേക്കാള്‍ ഉപരി സ്നേഹിക്കാത്തവരെ സ്നേഹിക്കണം. നീ നിന്‍റെ ശത്രുവിനെ സ്നേഹിക്കണമെന്ന സ്നേഹവാനായ ദൈവത്തിന്‍റെ തിരുവചനം നമുക്ക് മാര്‍ഗ്ഗദര്‍ശനമായിരിക്കണം. ഐക്യമാണ് നമ്മുടെ ബലം. സൗഹൃദവും സാഹോദര്യവുമാണ് നമ്മുടെ സമ്പത്ത്. ഒരമ്മ പെറ്റ മക്കളെന്ന നിലയ്ക്ക് നാമേവരും ഏകോദര സഹോദരങ്ങളാണ്. സമാധാനം ഉണ്ടാക്കുന്നവര്‍ ഭാഗ്യവാന്മാര്‍, അവര്‍ ദൈവത്തിന്‍റെ പുത്രന്മാര്‍ എന്ന് വിളിക്കപ്പെടും എന്ന് വി. വേദം സാക്ഷിക്കുന്നുڈ(വി. മത്തായി 5:9).