സ്ഥാപനകാലത്ത് വിഭാവനം ചെയ്തതിനേക്കാള്‍ കാതോലിക്കേറ്റിന്റെ വ്യക്തിത്വം വളരെയധികം ഇന്നു വളര്‍ന്നിരിക്കുന്നു. അത് മഫ്രിയാനേറ്റാണോ, പൗരസ്ത്യ കാതോലിക്കേറ്റാണോ എന്ന ചോദ്യത്തിനൊന്നും ഇനി പ്രസക്തിയില്ല. ഇന്നത് അര്ക്കദിയാക്കോന് – മാര്‍ത്തോമ്മാ മെത്രാന് – മലങ്കര മെത്രാപ്പോലീത്താ – കാതോലിക്കാ എന്ന രീതിയില്‍ വളര്‍ന്ന മാര്‍ത്തോമ്മാശ്ലീഹായുടെ പൗരസ്ത്യ സിംഹാസനമാണ്.
1912-ല്‍ ഇന്ത്യയില്‍ ഒരു കാതോലിക്കേറ്റ് സ്ഥാപിച്ചുവെങ്കിലും മാസങ്ങള്‍ക്കുള്ളില്‍ ഒന്നാം കാതോലിക്കാ കാലം ചെയ്തതിനാല്‍ മോറാന്‍ മാര്‍ ബസേലിയോസ് പൗലൂസ് പ്രഥമന്‍, ശ്ലീഹായ്ക്കടുത്ത കിഴക്കേ സിംഹാസനത്തില്‍ കാതോലിക്കാ എന്ന സ്ഥാനനാമം ഉപയോഗിച്ചതെന്യേ, കാതോലിക്കായ്ക്ക് പ്രത്യേക സ്ഥാനചിഹ്നങ്ങളോ ആസ്ഥാനമോ ഉണ്ടായില്ല. പിന്നീട് ഒരു വ്യാഴവട്ടക്കാലം പ. സിംഹാസനം ഒഴിഞ്ഞുകിടന്ന കാലത്ത് ആരും അതിനെപ്പറ്റി ചിന്തിച്ചുമില്ല.
എന്നാല്‍ സ്വന്ത ഇഷ്ടപ്രകാരമല്ലാതെയെങ്കിലും പ. വാകത്താനത്തു ബാവാ കാതോലിക്കായായി സ്ഥാനമേറ്റതോടെ കാതോലിക്കേറ്റിന് ഒരു വ്യക്തിത്വവും സ്ഥാനചിഹ്നങ്ങളും ഉണ്ടാക്കുന്നതിലേക്ക് അദ്ദേഹത്തിന്റെ ശ്രദ്ധ തിരിഞ്ഞു. സ്വന്തം താമസസ്ഥലമായ വാകത്താനം വള്ളിക്കാട്ടു പള്ളിയെ കാതോലിക്കേറ്റ് സിംഹാസനപ്പള്ളിയായി നാമകരണം ചെയ്തു. His Holiness Moran Mar Baselius Catholicos of the Apostolic Throne of the East എന്ന് ഇംഗ്ലീഷിലും ശ്ലീഹായ്ക്കടുത്ത പൗരസ്ത്യ സിംഹാസനത്തില്‍ കാതോലിക്കാ എന്ന് മലയാളത്തിലും മേലെഴുത്തോടുകൂടിയ കല്പനക്കടലാസ് ഉപയോഗിച്ചു തുടങ്ങി. ഇവയോടൊപ്പം കാതോലിക്കേറ്റിന് സ്വന്തമായ സ്ഥാനചിഹ്നങ്ങള്‍ ഉണ്ടാക്കാനുള്ള ശ്രമവും അദ്ദേഹം ആരംഭിച്ചു.
ശ്രദ്ധേയമായ നാലു സംഭാവനകളാണ് പ. പിതാവിന്റേതായി ഈ രംഗത്ത് കണ്ടെത്തിയിട്ടുള്ളത്. അവ മുതലവായന്‍ മുടി, അംശവടി, മുദ്ര, അല്മത്തിക്കാപ്പ എന്നിവയാണ്. ഇവയെല്ലാം തനതായ വ്യക്തിത്വം പുലര്‍ത്തുന്നവയും അര്‍ത്ഥപൂര്‍ണ്ണവും പ. പിതാവിന്റെ കലാപാടവത്തിന്റെയും സഭാശാസ്ത്ര പാണ്ഡിത്യത്തിന്റെയും ബഹിര്‍സ്ഫുരണങ്ങളുമാണ്.
ഒന്നാം മാര്‍ത്തോമ്മാ മുതലുള്ള മലങ്കര മെത്രാപ്പോലീത്താമാര്‍ ഉപയോഗിച്ചുവന്നിരുന്ന മുതലവായന്‍ മുടിയുടെ ഒരു വിശദമായ പതിപ്പാണ് പ. പിതാവ് കാതോലിക്കാമാര്ക്ക് രൂപപ്പെടുത്തിയ മുടി. അന്ത്യോഖ്യന്‍ പാരമ്പര്യത്തിലെ മത്തങ്ങാമുടിയില് നിന്നും വിഭിന്നമായി ലത്തീന്‍ – കല്‍ദായ പാരമ്പര്യങ്ങളില്‍നിന്നും രൂപപ്പെടുത്തിയെടുത്തതാണ് ഈ മുടി. പത്തൊമ്പതാം നൂറ്റാണ്ടില്‍ പാശ്ചാത്യ സുറിയാനി പാരമ്പര്യത്തിന്റെ കുത്തൊഴുക്കില്‍ മലങ്കര മെത്രാപ്പോലീത്താമാരുടെ ഈ മുടിക്ക് സ്ഥാനഭ്രംശം സംഭവിച്ചു. 1877-നു ശേഷം വാഴിക്കപ്പെട്ട മെത്രാന്മാരാരും ഇതുപയോഗിച്ചില്ല. എങ്കിലും പുലിക്കോട്ടില്‍ മാര്‍ ദീവന്നാസ്യോസ് അഞ്ചാമന് പ്രധാന അവസരങ്ങളില്‍ ഈ മുടി ഉപയോഗിച്ചിരുന്നു.
അല്മത്തികാപ്പയുടെ ചരിത്രവും വിഭിന്നമല്ല. പേര്‍ഷ്യന്‍ അര്ദ്ധകാപ്പായായ മാപ്രായുടേയും ലത്തീന്‍ മെത്രാന്മാരുടെ അംശവസ്ത്രത്തിന്റെയും ഒരു സമഞ്ജസനമാണ് അല്മത്തിക്കാപ്പ. മലങ്കര മെത്രാന്മാരുടെ ഔദ്യോഗികവേഷമായിരുന്ന ഇതും മുതലവായന്‍ മുടിയോടൊപ്പം അപ്രത്യക്ഷമായി. പ. വട്ടശ്ശേരില്‍ മാര്‍ ദീവന്നാസ്യോസ് തന്റെ സുന്ത്രോണീസോയ്ക്ക് ഇവ രണ്ടും ഉപയോഗിച്ചതായി രേഖയുണ്ട്.
പൗരസ്ത്യ കാതോലിക്കായുടെ ഔദ്യോഗികവേഷമായി ഇവ രണ്ടും പ. വാകത്താനത്തുബാവാ പുനര്ജീവിപ്പിച്ചു. ഒന്നര അടിയോളം ഉയരത്തില്‍ സ്വര്ണ്ണക്കുമിളകളും സ്വര്ണ്ണഗില്റ്റുമായിട്ടാണ് അതിമനോഹരമായ ഈ മുതലവായന്മുടി രൂപപ്പെടുത്തിയത്. അതുപോലെ തന്നെ വിലയേറിയ കസവുനീരാളങ്ങള് കൊണ്ടാണ് അല്മത്തിക്കാപ്പ പുനര്‍സൃഷ്ടിച്ചത്. ഇതില്‍ നിന്നും കാതോലിക്കേറ്റിന് ഒരു ഉന്നത വ്യക്തിത്വമാണ് പ. പിതാവ് വിഭാവനം ചെയ്തതെന്ന് വ്യക്തമാണ്.
1877-ല്‍ മലങ്കര മെത്രാപ്പോലീത്തായെ കൂടാതെ വാഴിച്ച ആറു മെത്രാന്മാരും തുടര്‍ന്നു വാഴിക്കപ്പെട്ടവരും മലങ്കരസഭയുടെ ഈ പുരാതന മേല്പട്ട സ്ഥാനവസ്ത്രങ്ങള്‍ ഉപയോഗിച്ചില്ല. അവരുടെ വാഴ്ചക്കുശേഷം മലങ്കര മെത്രാപ്പോലീത്താ അപൂര്‍വ്വ അവസരങ്ങളില്‍ ഈ സ്ഥാനചിഹ്നങ്ങള്‍ ഉപയോഗിച്ചത് ജാതിക്കു തലവന്‍ എന്ന നിലയില്‍ തനിക്കുള്ള മേലധികാരം ദ്യോതിപ്പിക്കാനാണ്. ഈ വസ്തുത പരിഗണിക്കുമ്പോള്‍ പൗരസ്ത്യ കാതോലിക്കായുടെ മേലധികാരം പ്രകടമാക്കാനാണ് ഈ സ്ഥാനവസ്ത്രങ്ങള്‍ രൂപപ്പെടുത്തിയതെന്നു കാണാം. അദ്ദേഹം രൂപപ്പെടുത്തിയ മുടിയും അല്മത്തിക്കാപ്പയുമാണ് ഇന്നും കാതോലിക്കാമാര്‍ ഉപയോഗിക്കുന്നത്.
കാതോലിക്കേറ്റിന്റെ സ്ഥാനചിഹ്നങ്ങളില്‍ പ. പിതാവിന്റെ അടുത്ത സംഭാവന അംശവടിയാണ്. അന്തോഖ്യന്‍ പാരമ്പര്യപ്രകാരമുള്ള പാമ്പിന്പത്തിക്കു പകരം, പത്തിപോലെ വളഞ്ഞ – ഇലകളോടു കൂടിയ – രണ്ട് കമ്പുകളാണ് അദ്ദേഹം കാതോലിക്കാ സ്ഥാനമേറ്റ ശേഷം രൂപപ്പെടുത്തിയ അംശവടിയിലുള്ളത്. ഇത് അഹറോന്റെ തളിര്‍ത്ത വടിയുടെ സാദൃശ്യമാണ്. മഹാപുരോഹിതന്മാരുടെ സാധാരണ അംശവടിക്കു പകരം മഹാപുരോഹിതന്മാരില്‍ മുമ്പനായ അഹറോന്റെ (തളിര്‍ത്ത) വടിയോടു സാദൃശ്യമുള്ള അംശവടി രൂപപ്പെടുത്തിയതും കാതോലിക്കേറ്റിന്റെ സ്വതന്ത്രവും സ്വയംശീര്ഷകവുമായ വ്യക്തിത്വം പ്രതിഫലിപ്പിക്കാനാണെന്നു വ്യക്തമാണ്. ഈ അംശവടിയാണ് ഇന്നും പൗരസ്ത്യ കാതോലിക്കാമാരുടെ ഔദ്യോഗിക അംശവടി.
അടുത്ത ശ്രദ്ധേയമായ സംഭാവന മുദ്രയാണ്. ചുവന്ന മഷിയില്‍ കല്പനകളില് കുത്തിയിരുന്ന ഈ വൃത്താകാര മുദ്രയില്‍ മഹാപൗരോഹിത്യ ചിഹ്നങ്ങളോടൊപ്പം ശ്രദ്ധേയമായ ഒരു വേദവാക്യവുമുണ്ട്. ചെറിയ ആട്ടിന്‍കൂട്ടമേ ഭയപ്പെടേണ്ട. പ. പിതാവിന്റെ കാലശേഷം പിന്‍ഗാമി പ. ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവായും ഈ മുദ്ര കുറേക്കാലം ഉപയോഗിച്ചിരുന്നു.
1952-ലെ ഹൈക്കോടതി വിധിക്കുശേഷം കല്ക്കട്ടായില് നിന്നും പ. ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവാ അയച്ച കമ്പിസന്ദേശത്തിലെ ഈ വാക്യമാണ് അന്ന് നിരാശാഗര്ത്തത്തിലായിരുന്ന നസ്രാണികളെ ആവേശഭരിതരാക്കിയത്. അതിനും അനേകവര്‍ഷം മുമ്പ് ഈ വാക്യം കാതോലിക്കേറ്റിന്റെ ആപ്തവാക്യമാക്കിയത് പ. വാകത്താനത്തു ബാവായുടെ ദീര്‍ഘദര്‍ശനമായി കണക്കാക്കാം.
കാതോലിക്കേറ്റിന് സ്വന്തമായ വരുമാനമാര്‍ഗ്ഗമായി റിശ്ശീസായെ പ. വാകത്താനത്തു ബാവാ കണക്കാക്കിയിരുന്നു. സഭാതലവനെന്ന നിലയില്‍ തനിക്കുള്ളതെന്ന് പാത്രിയര്‍ക്കീസ് അവകാശവാദമുന്നയിച്ചിരുന്ന റിശ്ശീസാ – അതെത്ര തുശ്ചമായിരുന്നാലും – കാതോലിക്കേറ്റിന് അവകാശപ്പെട്ടതാക്കിയതിന്റെ പിന്നില്‍ ധനത്തോടുള്ള കാംക്ഷ പ. വാകത്താനത്തു ബാവായില്‍ ആരും ആരോപിക്കുകയില്ല. മറിച്ച് കാതോലിക്കേറ്റിന് സ്വതന്ത്രമായ – പരാശ്രയമില്ലാത്ത – വ്യക്തിത്വം രൂപപ്പെടുത്താനുള്ള ശ്രമമായി ഇതിനെ കണക്കാക്കാം.
പ. വാകത്താനത്തുബാവാ കാതോലിക്കേറ്റിനു നല്കിയ വ്യക്തിത്വ നിര്‍വചനങ്ങള്‍ അദ്ദേഹം സൃഷ്ടിച്ച സ്ഥാനചിഹ്നങ്ങളുടെ അടിസ്ഥാനത്തില്‍ അപഗ്രഥിച്ചാല്‍ ലഭിക്കുന്ന ഫലങ്ങള്‍ താഴെപ്പറയുന്നവയാണ്.
1. പാശ്ചാത്യ സുറിയാനി പാരമ്പര്യത്തില്‍ നിന്നും വ്യത്യസ്തമായി തികച്ചും ദേശീയമായ ഒരു വ്യക്തിത്വം പൗരസ്ത്യ കാതോലിക്കേറ്റിനുണ്ട്.
2. പൗരസ്ത്യ കാതോലിക്കാ സിംഹാസനം ശ്ലൈഹിക സിംഹാസനമാണ്.
3. പൗരസ്ത്യ കാതോലിക്കാ മഹാപുരോഹിതന്മാരില്‍ തലവനാണ്.
4. ഒശെ ഒീഹശിലൈ എന്നും ങീൃമി ങമൃ എന്നും സംബോധന ചെയ്യപ്പെടാനും ചുവന്ന മഷിയില്‍ മുദ്ര കുത്തുവാനും അധികാരമുള്ള അത്യുന്നത മേലധികാരിയാണ്.
5. പൗരസ്ത്യ കാതോലിക്കാ സിംഹാസനത്തിനു സ്വന്തമായ വരുമാനമാര്‍ഗ്ഗമുണ്ട്.
പ. വാകത്താനത്തു ബാവായുടെ പിന്‍ഗാമിയായ പ. കല്ലാശ്ശേരില്‍ ബാവാ, മലങ്കര മെത്രാനാകുന്നതിനു മുമ്പുതന്നെ പ. വാകത്താനത്തു ബാവാ രൂപംകൊടുത്ത അംശവസ്ത്രങ്ങള്‍ ഉപയോഗിച്ചിരുന്നു. എങ്കിലും രണ്ടാം കാതോലിക്കായ്ക്കുശേഷം കാതോലിക്കേറ്റിന്റെ സ്ഥാനചിഹ്നങ്ങള്‍ രൂപപ്പെടുത്തുന്ന പ്രക്രിയ അവസാനിച്ചു.
1934-ല്‍ മലങ്കരസഭാ ഭരണഘടന പാസാക്കുകയും മലങ്കര മെത്രാന് – കാതോലിക്കാ സ്ഥാനങ്ങള്‍ സംയോജിപ്പിക്കുകയും ചെയ്തത് കാതോലിക്കേറ്റിന് തനതായ വ്യക്തിത്വത്തിലേക്കുള്ള അടുത്ത കാല്‍വയ്പ്പായി. എന്നാല്‍ കാതോലിക്കേറ്റിന്റെ വ്യക്തിത്വവും മേലധികാരവും പ്രകടമാക്കുന്ന രീതിയിലുള്ള അംശവസ്ത്രങ്ങളുടെ വികസനം അവസാനിച്ചു. എന്നു മാത്രമല്ല, പ. വാകത്താനത്തു ബാവാ രൂപംകൊടുത്ത അംശവസ്ത്രങ്ങള്‍ തന്നെ കാതോലിക്കാസ്ഥാനികള്‍ ഉപയോഗിക്കാതെയായി. സമാനമായ മലങ്കര മെത്രാന്റെ അംശവസ്ത്രം ജീവിതത്തിലൊരിക്കല്‍ – മലങ്കര മെത്രാന് എന്ന നിലയില്‍ ഫോട്ടോ എടുക്കാന്‍ – മാത്രമാണ് പിന്നീട് ഉപയോഗിച്ചു വന്നത് പ. ദിദിമോസ് പ്രഥമന്റെ കാലം മുതല്‍ അസോസിയേഷനില്‍ അദ്ധ്യക്ഷത വഹിക്കുമ്പോള്‍ അല്മത്തിയും മുതലവായന്മുടിയും ഇന്നുപയോഗിക്കുന്നുണ്ട്. പക്ഷേ, അതു മലങ്കര മെത്രാന് എന്ന രീതിയിലാണ്.
പൂര്‍ണമായും അന്തോഖ്യന്‍ രീതിയിലുള്ള അംശവസ്ത്രങ്ങള്‍ മാത്രമാണ് ഇന്ന് കാതോലിക്കായ്ക്കുള്ളത്. മറ്റു മേല്പട്ടക്കാരുമായുള്ള ഏക വ്യത്യാസം, പ. മാര്‍ത്തോമ്മാശ്ലീഹാ, പ. ദൈവമാതാവ് ഇവരുടെ ഐക്കണുകളുള്ള മുദ്രമാലകള്‍ മാത്രമാണ്. പ. കല്ലാശ്ശേരില്‍ ബാവായും പ. വട്ടക്കുന്നേല്‍ ബാവായും കാപ്പയോടൊപ്പം ഇടക്കെട്ടില്‍ ധരിച്ചിരുന്ന ഏഫോദ് എന്ന അഹറോന്യ മഹാപൗരോഹിത്യ ചിഹ്നവും ഇന്ന് അപ്രത്യക്ഷമായി.
കാതോലിക്കായ്ക്കടുത്ത സ്ഥാനചിഹ്നങ്ങളുടെ ഈ ശൂന്യതയ്ക്ക് മാറ്റം വരേണ്ടിയിരിക്കുന്നു. ലോകത്ത് എല്ലാ പുരാതന സഭകളിലും പ്രധാന മേലദ്ധ്യക്ഷന് മറ്റു മെത്രാപ്പോലീത്താമാരില്‍ നിന്നും വ്യത്യസ്തമായ ഒരു വേഷവിധാനമുണ്ട്. ഉദാഹരണത്തിന് എത്യോപ്യന്‍, റൂമേനിയന്‍ ഓര്‍ത്തഡോക്സ് സഭകളില്‍ മെത്രാന്മാര് കറുത്ത കുപ്പായവും തൊപ്പിയും ധരിക്കുമ്പോള്‍ പാത്രിയര്‍ക്കീസുമാര്‍ വെളുത്ത തൊപ്പിയും കുപ്പായവുമാണ് ധരിക്കുക.
പൗരസ്ത്യ കാതോലിക്കേറ്റിന് സ്വന്തമായ വ്യക്തിത്വം ഉള്ളതുപോലെ അദ്ദേഹത്തിന് തനതായ വ്യക്തിത്വമുള്ള ഒരു അംശവസ്ത്രവും ഉണ്ടാകേണ്ടിയിരിക്കുന്നു. പൗരസ്ത്യ കാതോലിക്കായുടെ സ്ഥാനചിഹ്നങ്ങളില്‍ മാറ്റംവരേണ്ടത് സാധാരണവസ്ത്രത്തിലും കൗദാശികമായ അംശവസ്ത്രങ്ങളിലുമാണ്.
കൗദാശിക അംശവസ്ത്രങ്ങളെപ്പറ്റി മലങ്കരസഭയ്ക്ക് ഇന്ന് ശക്തമായ ഒരു സങ്കുചിത കാഴ്ചപ്പാടുണ്ട്. ഇന്ന് മലങ്കരസഭ ഉപയോഗിക്കുന്നത് പൂര്‍ണ്ണമായും അന്തോഖ്യന്സഭയുടെ കൗദാശികമായ അംശവസ്ത്രങ്ങളാണ്. അവയില്‍ എന്തെങ്കിലും മാറ്റം വരുത്തുക എന്നത് നസ്രാണികള്‍ക്ക് അചിന്ത്യമാണ്. ഈ യാഥാസ്ഥിതികത 19-ാം നൂറ്റാണ്ടിന്റെ രണ്ടാം പാദത്തില്‍ മാത്രം മലങ്കരസഭയില്‍ രൂഢമൂലമായതാണ്. അതിന്റെ ഭാഗമായാണ് മലങ്കരസഭയുടെ തനതായ വെട്ടുതൊപ്പിയെ പടികടത്തിയത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ വി. കുര്‍ബാനയ്ക്കുപോലും ഉപയോഗിച്ചിരുന്നതായി സൂചനകളുള്ള വെട്ടുതൊപ്പി ഇന്ന് കോട്ടയത്തും സമീപപ്രദേശങ്ങളിലും പെരുന്നാള്‍ പ്രദക്ഷിണങ്ങള്‍ക്കു മാത്രം ഉപയോഗിക്കുന്ന ഒന്നായി മാറിയിരിക്കുന്നു. അതുതന്നെ ധൂപപ്രാര്‍ത്ഥന നടത്തുമ്പോള്‍ മാറ്റി കറുത്ത മക്കിത്തൊപ്പി വയ്ക്കും. മറ്റൊരു ഉപയോഗം പട്ടക്കാര്‍ മരിക്കുമ്പോള്‍ തലയില്‍ വയ്ക്കാനാണ്. ഇത്തരം കടുത്ത യാഥാസ്ഥിതികത്വമാണ് കൗദാശിക അംശവസ്ത്രത്തെക്കുറിച്ചുള്ള നസ്രാണി സങ്കല്‍പ്പം.
ഈ പശ്ചാത്തലത്തില്‍ കൗദാശിക അംശവസ്ത്രങ്ങളില്‍ കാതലായ മാറ്റം വരുത്തുക ക്ഷിപ്രസാദ്ധ്യമല്ല. പക്ഷേ, പരിഗണിക്കാവുന്ന ഒന്ന് ശീലമുടിയാണ്. ബൈസന്റിയന് സഭകളില്‍ ശീലമുടിക്കു സമാനമായി ഐക്കണുകള്‍ പിടിപ്പിച്ച കിരീടമാണ് ഉപയോഗിക്കുന്നത്. കല്‍ദായ സഭയിലും, കോപ്റ്റിക്ക് സഭയിലും തനതായ കിരീടങ്ങളുണ്ട്. വി. കുര്‍ബാനയ്ക്കിടയ്ക്ക് ശീലമുടി പുറകോട്ടു മാറ്റുന്നതുപോലെ നിശ്ചിത സമയങ്ങളില്‍ ഈ കിരീടം ഊരിവയ്ക്കാറുമുണ്ട്.
പൗരസ്ത്യ കാതോലിക്കായ്ക്ക് ശീലമുടിക്കു പകരം ഇത്തരം കിരീടം പരിഗണിക്കാവുന്നതാണ്. അതില്‍ പ. മാര്‍ത്തോമ്മാശ്ലീഹാ, പ. മാര്‍ത്തോമ്മാ ഒന്നാമന്, വലിയ മാര്‍ ദീവന്നാസ്യോസ്, ഒന്നാം കാതോലിക്കാ, പ. വട്ടശ്ശേരില്‍ തിരുമേനി ഇവരുടെ ഐക്കണുകള്‍ ഉണ്ടായിരിക്കണം. ഈ കിരീടത്തിന് അടിസ്ഥാനമായി പ. വാകത്താനത്തു ബാവാ രൂപകല്‍പ്പന ചെയ്ത കാതോലിക്കായുടെ സ്വര്‍ണ്ണമുടി പരിഗണിക്കാം. അതിനു സാദ്ധ്യമല്ലെങ്കില്‍ ബൈസാന്റിയന്‍ രീതിയിലുള്ള കിരീടം തന്നെ പരിഗണിക്കണം. പക്ഷേ, അതില്‍ മലങ്കരസഭയുടെ പരിശുദ്ധന്മാരുടെ ഐക്കണുകള്‍ വേണം ചിത്രീകരിക്കാന്‍. അതോടൊപ്പം മുന്‍പുപയോഗിച്ചിരുന്ന ഏഫോദ് പുനഃസ്ഥാപിക്കുകയും വേണം.
ഇനി സ്ഥാനചിഹ്നങ്ങളെപ്പറ്റി ചിന്തിക്കാം. പ. വാകത്താനത്തു ബാവാ രൂപംകൊടുത്ത അംശവടിയും സ്ലീബായും ഇന്നും ഉപയോഗിക്കുന്നുണ്ട്. അവയില്‍ മാറ്റംവരുത്തുവാന്‍ പാടില്ല. പിന്നീടുള്ളത് മൂന്നു മുദ്രമാലകളാണ്. ഇപ്പോള്‍ പ്രത്യേകതകളൊന്നുമില്ലാത്ത ബൈസാന്റിയന്‍ മുദ്രമാലകളും അവയോടു ചേര്‍ന്നുള്ള കുരിശുമാണ് ഉപയോഗിക്കുന്നത്. ഈ അവസ്ഥ മാറണം. അര്‍മീനിയന്‍ കാതോലിക്കായ്ക്കുള്ളതുപോലെ സ്വന്തവ്യക്തിത്വമുള്ള മുദ്രമാലകളും കുരിശും രൂപപ്പെടുത്തിയെടുക്കണം. ദേശീയമായ രീതിയില്‍ രണ്ടു മുദ്രമാലകളും പുനര്രൂപകല്പന ചെയ്യണം. അവയില്‍ ദൈവമാതാവിന്റെയും മലങ്കരയുടെ ഇതിഹാസമനുസരിച്ചുള്ള – ആശാരിമട്ടവും വേദപുസ്തക ചുരുളുമേന്തിയ – മാര്‍ത്തോമ്മാ ശ്ലീഹായുടെയും ഐക്കണുകള്‍ ആലേഖനം ചെയ്യണം. അതോടൊപ്പം അനുരൂപമായ കുരിശുമാലയും രൂപപ്പെടുത്തണം. ഇതിന് മലങ്കരയുടെ തനതായ മാര്‍ത്തോമ്മാ കുരിശോ അല്ലെങ്കില്‍ ഒന്നാം കാതോലിക്കാ ഉപയോഗിച്ചിരുന്നതും ദേവലോകം അരമനയില്‍ സൂക്ഷിച്ചിട്ടുള്ളതുമായ കുരിശുമാലയോ ഉപയോഗിക്കാം.
പരിഗണിക്കേണ്ട മറ്റൊരു സ്ഥാനചിഹ്നം ഇടക്കെട്ടു മുദ്രയാണ്. മുന്‍കാലങ്ങളില്‍ പട്ടക്കാരടക്കം ഇടക്കെട്ടില്‍ വെള്ളികൊണ്ടുള്ള മുദ്രയാണ് ഉപയോഗിച്ചിരുന്നത്. പ. ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവാ വരെയുള്ളവര്‍ ചുവന്ന കുപ്പായത്തോടൊപ്പവും ഈ മുദ്ര ഉപയോഗിച്ചിരുന്നു. പ. മാത്യൂസ് പ്രഥമന്‍ ബാവാ കൗദാശിക അംശവസ്ത്രത്തോടൊപ്പം ഇത് ഉപയോഗിച്ചിരുന്നു. ഇന്ന് ആരും ഇത് ഉപയോഗിക്കുന്നില്ല. പൗരസ്ത്യ കാതോലിക്കായ്ക്ക് സ്വന്തമായ ഒരു ഇടക്കെട്ട് മുദ്ര ഉണ്ടാകേണ്ടിയിരിക്കുന്നു. അതിന് കാതോലിക്കായുടെ സ്വന്തം മുദ്ര തന്നെ ഉപയോഗപ്പെടുത്തുന്നതാവും ഉചിതം. സാധാരണവസ്ത്രത്തോടും കാപ്പയോടുമൊപ്പം ഇതു മാത്രമാവണം ഉപയോഗിക്കേണ്ടത്.
അവസാനമായി കുപ്പായവും മുടിയുമാണ്. മേല്പട്ടത്വത്തിന്റെ സാര്‍വലൗകിക വേഷമായ ചുവന്ന കുപ്പായവും പൗരസ്ത്യ സന്യാസ വസ്ത്രമായ കറുത്ത പുറംകുപ്പായവും ഉപേക്ഷിക്കാന്‍ മലങ്കരസഭയ്ക്ക് വിമുഖത ഉണ്ടാവുക സ്വാഭാവികമാണ്. അന്തോഖ്യന്‍ രീതിയിലുള്ള മത്തങ്ങാ മുടിയുടെ കാര്യവും വിഭിന്നമല്ല. കുറഞ്ഞപക്ഷം കാതോലിക്കായുടെ മുടിയുടെയും സ്ലീബായില്‍ കെട്ടുന്ന തൂവാലയുടെയും നിറമെങ്കിലും യഥാക്രമം കറുപ്പില്‍നിന്നും ചുവപ്പില്നിന്നും വെളുപ്പാക്കേണ്ടിയിരിക്കുന്നു.
കാതോലിക്കാമാരുടെ സാധാരണവസ്ത്രത്തോടൊപ്പം ഒരു ആര്‍ച്ച് മാന്ഡ്രിയേററ്റ് വടി കൂടി ഉള്‍പ്പെടുത്തണം. ഇത് മലങ്കരയിലെ പരമ്പരാഗത രീതിയനുസരിച്ച് വെള്ളി കെട്ടിയ ചൂരലാക്കുന്നത് ദേശീയതയ്ക്ക് തികച്ചും അനുരൂപമായിരിക്കും.
ഇതോടൊപ്പം തന്നെ ശേഷ്ഠ നിയുക്ത കാതോലിക്കായ്ക്കും ഒരു പ്രത്യേക വേഷവിധാനത്തെക്കുറിച്ചു ചിന്തിക്കേണ്ടിയിരിക്കുന്നു. 1980-ല്‍ പ. വട്ടക്കുന്നേല്‍ ബാവാ, അന്നത്തെ നിയുക്ത കാതോലിക്കാ മാത്യൂസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്തായ്ക്ക് ശ്രേഷ്ഠ നിയുക്ത കാതോലിക്കാ എന്ന സംബോധനയും സഭയില്‍ രണ്ടാം സ്ഥാനവും നല്കി. ഈ പതിവ് ഇന്നും തുടര്‍ന്നു വരികയാണ്. എന്നാല്‍ സ്ഥാനചിഹ്നങ്ങളൊന്നും പ്രത്യേകിച്ചു നല്‍കിയിട്ടുമില്ല. കുറഞ്ഞപക്ഷം കുരിശുമാലയോടൊപ്പം ഒരു മുദ്രമാല കൂടിയെങ്കിലും ശ്രേഷ്ഠ നിയുക്ത കാതോലിക്കായ്ക്ക് സ്ഥാനചിഹ്നമായി നല്‍കണം. മറ്റു മെത്രാപ്പോലീത്താമാര്‍ രണ്ടു മാല ഉപയോഗിക്കാനും പാടില്ല. പ്രത്യേകരീതിയിലുള്ള ഒരു അംശവടിയും സ്ഥാനചിഹ്നമായി അദ്ദേഹത്തിനു നല്കുന്ന കാര്യം പരിഗണിക്കണം.
പ. സുന്നഹദോസ് ആവശ്യമായ പഠനങ്ങള്‍ നടത്തി സ്ഥാനചിഹ്നങ്ങള്‍ ക്രമപ്പെടുത്തുകയും കാനോന്‍ സംഹിതയില്‍ ഉള്‍പ്പെടുത്തുകയും വേണം. കാതോലിക്കേറ്റിന്റെ വളര്‍ച്ചയുടെ പൂര്‍ണ്ണതയ്ക്ക് ഇത്തരം ബാഹ്യമായ അലങ്കാരങ്ങളും അത്യന്താപേക്ഷിതമാണ്.
(മലങ്കരസഭാ മാസിക, സെപ്റ്റംബര്‍ 2006)
(2005 മുതല്‍ പൗരസ്ത്യ കാതോലിക്കയും മലങ്കര മെത്രാപ്പോലീത്തായുമായ മോറാന്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ എല്ലാ അസ്സോസിയേഷനിലും മലങ്കര മെത്രാന്റെ പൂര്‍ണ്ണ അംശവസ്ത്രം ധരിച്ചാണ്. അദ്ധ്യക്ഷസാഥാനത്തരിയ്ക്കുന്നത്. 2007-ല്‍ പൗരസ്ത്യ കാതോലിക്കയുടെയും മലങ്കര മെത്രാപ്പോലീത്തയുടേയും പിന്‍ഗാമിയായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ പൗലൂസ് മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്തായ്ക്ക്, പ. ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ രണ്ടു മാല കല്പിച്ചു കൊടുത്തു.)