സ്വാതന്ത്ര്യത്തിന്‍റെ പൂര്‍ണ്ണത / എം. തോമസ് കുറിയാക്കോസ്


ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്‍റെ പൂര്‍ത്തീകരണം എന്ന് നമ്മുടെ റിപ്പബ്ലിക് ദിനത്തെ വിളിക്കാറുണ്ട്. പലതായി വര്‍ത്തിച്ചുവന്നിരുന്ന ഭാരതീയര്‍ “നമ്മള്‍ ഒരു മനസ്സായി ഒരു ഭരണസംവിധാനത്തെ ഏകകണ്ഠ്യാ അംഗീകരിച്ച് നമുക്കുതന്നെ സമര്‍പ്പിക്കുന്നു” എന്ന് പറഞ്ഞ ആ ദിനം പുരോഗമനപരമയ ഒരു സ്വത്വപ്രഖ്യാപനവും, നാം നേടിയ സ്വാതന്ത്ര്യത്തിന്‍റെ ശിരസ്സിന്മേലുള്ള മകുടധാരണവും ആയിരുന്നു.

സ്വാതന്ത്ര്യത്തെ തുടര്‍ന്ന് അനിവാര്യമായി ഉണ്ടാകേണ്ടിയിരുന്ന ഒന്നുമായിരുന്നില്ല ഇന്ത്യന്‍ റിപ്പബ്ലിക്. മറിച്ച്, സ്വാതന്ത്ര്യസമരകാലത്തും അതേത്തുടര്‍ന്നും ഉണ്ടായ രാഷ്ട്രനിര്‍മിതിയുടെയും ആശയസംയോജനങ്ങളുടെയും ഉല്‍പന്നമായിരുന്നു അത്. ഇന്നത്തെ പ്രത്യേക സാഹചര്യത്തില്‍ ആ ചരിത്രം ഒന്ന് പുനര്‍വിചിന്തനം ചെയ്യുന്നത് മലങ്കരസഭയ്ക്ക് ഏറെ ഗുണം ചെയ്യും.

ബ്രിട്ടീഷുകാരില്‍നിന്ന് സ്വാതന്ത്ര്യം പിടിച്ചുവാങ്ങുമ്പോള്‍ നിയമപരമായി ഒന്നിച്ചു വര്‍ത്തിക്കുന്നതിന് ഇന്ത്യയ്ക്ക് യാതൊരു തടസ്സവും ഉണ്ടായിരുന്നില്ല. എന്നാല്‍ നാട്ടുരാജ്യങ്ങളുടെ സ്വയംഭരണാവകാശവാദവും ജനങ്ങള്‍ തമ്മിലുള്ള വ്യത്യാസങ്ങളില്‍ നിന്നുളവായ വിശ്വാസമില്ലായ്മയും ഒന്നിച്ചു വളരാനുള്ള ഭാരതത്തിന്‍റെ ആഗ്രഹം അത്ര എളുപ്പത്തില്‍ നേടാവുന്ന ഒന്നല്ലാതാക്കിയിരുന്നു. അടിച്ചമര്‍ത്തലുകളിലൂടെ ഉണ്ടാക്കുന്ന ഐക്യം അസാധ്യമല്ലാതിരുന്നിട്ടുകൂടി അത്തരമൊന്നു ശാശ്വതമല്ലെന്ന് തിരിച്ചറിഞ്ഞ്, ഒത്തുതീര്‍പ്പുകളിലൂടെയും ചര്‍ച്ചകളിലൂടെയും സംവാദങ്ങളിലൂടെയും ഭാരതീയരുടെ സംയോജനം സാധ്യമാക്കാന്‍ അന്നത്തെ നേതൃനിര സന്നദ്ധമായതിനാലാണ് പൊട്ടലുകളോടും ചീറ്റലുകളോടും കൂടെയെങ്കിലും പൊട്ടിത്തെറികളില്ലാതെ ഈ ദേശം 70 വര്‍ഷത്തോളം മുന്നോട്ടു പോവുകയും, പല കാര്യങ്ങളിലും അസൂയാവഹമായ നേട്ടങ്ങള്‍ ഉണ്ടാക്കുകയും ചെയ്തത്. ചുരുക്കിപ്പറഞ്ഞാല്‍, ബ്രിട്ടീഷുകാരോടുള്ള സമരമായിരുന്നില്ല, മറിച്ച് അതോടൊപ്പവും അതേത്തുടര്‍ന്നും ഉണ്ടായ സമാധാന നിര്‍മ്മിതിയാണ് ഭാരതത്തിന്‍റെ ഐക്യത്തിന്‍റെയും വളര്‍ച്ചയുടെയും ആധാരശില. വളരണം എന്ന ആഗ്രഹവും, അതിനായി ഒരേ മനസ്സോടെ എടുത്ത തീരുമാനങ്ങളുമാണ് ഇന്ത്യെ റിപ്പബ്ളിക്ക് ആക്കിയതും അതുവഴി നമ്മുടെ സ്വാതന്ത്ര്യത്തെ പൂര്‍ത്തീകരിച്ചതും. മലങ്കരസഭയിലും സ്വാതന്ത്ര്യത്തിന് പൂര്‍ത്തീകരണം ഉണ്ടാകുവാന്‍ നാം സമാധാനം ഉണ്ടാക്കേണ്ടത് അത്യന്താപേക്ഷിതമാണ്.

തത്വങ്ങളില്‍ നിന്നും മൂല്യങ്ങളില്‍നിന്നും പിന്നോട്ടു പോകുന്നതോ താല്‍ക്കാലിക ശാന്തതയ്ക്കുവേണ്ടി എടുത്തുചാടി തീരുമാനങ്ങളിലേക്കെത്തുന്നതോ ശരിയായ സമാധാനം നേടിത്തരുന്നതിന് ഉതകുകയില്ല. അമിത വൈകാരികതയില്‍ നിന്നുണ്ടാകുന്ന ജയഘോഷങ്ങളും, മേല്‍ക്കോയ്മാ ഭാവത്തില്‍ നിന്നുയരുന്ന ഭീഷണികളും ഭീതിയില്‍ അധിഷ്ഠിതമായ ഒരു ‘യോജിപ്പ്’ താല്ക്കാലികമായ ശാന്തതയോ സമാധാനമോ ഒരുപക്ഷേ ഉണ്ടാക്കിയേക്കാം. ഇത്തരം ശാന്തത യഥാര്‍ത്ഥ സമാധാനത്തിലും അനേക കാതം പിന്നിലാണ് എന്നു മാത്രമല്ല, അത് നൈമിഷികവും കൂടുതല്‍ വലിയ ശത്രുതകളിലേക്ക് മനുഷ്യനെ നയിക്കാന്‍ പ്രാപ്തവുമാണ്. ശരിയായ സമാധാനം നിയമസംഹിതകളുടെ ഏകീകരണമോ, ഏക രൂപകങ്ങളില്‍ അധിഷ്ഠിതമായ പരോക്ഷ പ്രതികരണങ്ങളോ പ്രതീകങ്ങളോ അല്ല; വ്യത്യസ്ഥം എന്ന തോന്നലുള്ളപ്പോള്‍പോലും ഒരുമിച്ചു വര്‍ത്തിക്കണം എന്ന ആഗ്രഹമുണ്ടാകുന്നതാണത്. ഈ സമാധാനത്തിന്‍റെ അടിസ്ഥാനമാകട്ടെ പരസ്പര വിശ്വാസത്തിലും ഐക്യത്തിലും തുറന്ന മനസ്സോടെ ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും തയ്യാറാകുന്ന ഒരു മനസ്ഥിതിയില്‍ക്കൂടി മാത്രമേ ഉണ്ടാകുകയുള്ളൂ. ഇതിനാകട്ടെ വ്യക്തവും സംഗ്രവുമായ ഒരു പ്രവര്‍ത്തന പദ്ധതി ആവശ്യമാണു താനും.

സുപ്രീംകോടതി വിധിയെത്തുടര്‍ന്ന് സംജാതമായിട്ടുള്ള പ്രത്യേക പരിതസ്ഥിതിയില്‍ മലങ്കര ഓര്‍ത്തഡോക്സ് സഭാംഗങ്ങള്‍ക്ക് വിഘടിച്ചു നില്‍ക്കുന്നവരുടെമേല്‍ മാനസികമായി ഒരു ശ്രേഷ്ഠതയുള്ളപ്പോള്‍ തന്നെയും ഇതിനെ സമാധാനമാക്കി മാറ്റുന്നതിനുള്ള ശ്രമമോ അതിനുതകുന്ന ക്രോഡീകരണമോ നമുക്കില്ല. സമാധാനം എന്ത് എന്നതിനെക്കുറിച്ചുപോലും വ്യക്തമായ ധാരണ നമുക്കില്ല എന്നു മാത്രമല്ല, ഓരോരുത്തരുടെ ഇഷ്ടങ്ങളെ സമാധാനമായി സങ്കല്‍പ്പിച്ച് അതിന്‍റെ ഗുണദോഷങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുകയും, വിജയിച്ചു നില്‍ക്കുന്നതിന്‍റെ അഹങ്കാരത്താല്‍ വെല്ലുവിളികള്‍ നടത്തുകയും വഴി സാധ്യമായ സമാധാന ശ്രമങ്ങള്‍പോലും അപകടത്തിലാകുകയാണു താനും.

വിധി നടപ്പിലാക്കിയെടുക്കുവാന്‍ പോലും സമാധാനം അത്യന്താപേക്ഷിതമായിരിക്കുകയും, ഡോ. പൗലോസ് മാര്‍ ഗ്രിഗോറിയോസ് തിരുമേനി ഓര്‍പ്പിക്കുംപോലെ, സമാധാനകാംക്ഷികളുടെയും സമാധാന വിരോധികളുടെയും ഉദ്ദേശ്യശുദ്ധിയെ ഒരേപോലെ ചോദ്യംചെയ്യണം എന്നിരിക്കിലും വ്യക്തികളുടെ വികാരവിക്ഷോഭങ്ങള്‍ക്കു വിട്ടുനല്‍കാതെ കാര്യങ്ങളെ സമഗ്രമായി അപഗ്രഥിച്ച് കാര്യക്ഷമമായി നേരിടുന്നതിന് വ്യക്തവും സമഗ്രവുമായ ഒരു ചട്ടക്കൂടും കാര്യപരിപാടിയും സഭാതലത്തില്‍ ക്രമപ്പെടുത്തുക എന്നതാണ് ഇപ്പോള്‍ സഭയുടെ മുമ്പിലുള്ള ഏറ്റവും വലിയ വെല്ലുവിളി. അടഞ്ഞു കിടക്കുന്ന പള്ളികളില്‍പോലും എന്തുചെയ്യണം എന്നു വ്യക്തമായ ധാരണയില്ലാത്ത നമ്മള്‍ക്കു മുമ്പില്‍ മലങ്കരയിലെ എല്ലാ പള്ളികള്‍ക്കും ബാധകമായ ഈ വിധി ഒരു ബലികേറാമലയായി അവശേഷിക്കരുതെങ്കില്‍ നാം ഒട്ടും വൈകിച്ചുകൂടാ.

എല്ലാ പള്ളികള്‍ക്കും ബാധകമാകുന്ന ഒരു ഫോര്‍മുല ഉണ്ടാക്കി അത് അടിച്ചേല്‍പ്പിച്ചുകളയാം എന്ന വ്യാമോഹം ഇല്ലാതെ ചതുരുപായങ്ങള്‍ ആവശ്യാനുസരണം ഉപയോഗിക്കുവാന്‍ തക്കവണ്ണം, എന്നാല്‍ ആത്യന്തികമായി 1934-ലെ സഭാഭരണഘടന എല്ലാവര്‍ക്കും ബാധമാക്കുംവിധത്തിലുള്ള നടപടികള്‍, എങ്ങനെ കൈക്കൊള്ളാം എന്നും, അതിന് മുഴുവന്‍ സമയവും നീക്കിവച്ച് പ്രവര്‍ത്തിക്കാന്‍ ആര് (ആരൊക്കെ) തയ്യാറാകണം എന്നുമാണ് നാം ചിന്തിക്കേണ്ടത്. സ്വാതന്ത്ര്യാനന്തര കാശ്മീരിന് പ്രത്യേക ഭരണഘടനാ അവകാശങ്ങള്‍, ജനഹിത അഭിപ്രായ വോട്ടെടുപ്പ്, ഹൈദ്രാബാദില്‍ പട്ടാള വിപ്ലവം… ഇങ്ങനെ ‘പാത്രമറിഞ്ഞു വിളമ്പുവാന്‍ നമ്മുടെ ദേശീയ നേതാക്കള്‍ കാട്ടിയ ദീര്‍ഘവീക്ഷണവും കാര്യമാത്രപ്രസക്തമായ പ്രതികരണങ്ങളുമാണ് ഇന്ത്യയെ ഇന്ത്യയാക്കിയത്. സ്വന്തം സ്വപ്നവും സമാധാനവും ജനാധിപത്യപരമായും സമാധാനപരമായും നേടിയെടുത്തിടത്താണ് ഇന്ത്യയുടെ രാഷ്ട്രനിര്‍മ്മിതി നമുക്കു മാതൃകയാവേണ്ടത്.

സമാധാനമുണ്ടാകരുത് എന്ന് ആഗ്രഹിക്കുകയും അതിനായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന നേതാക്കന്മാര്‍ രണ്ടു കൂട്ടത്തിലും ഉണ്ട്. അവരുടെ പ്രവര്‍ത്തനങ്ങള്‍ സമാധാന ചര്‍ച്ചകള്‍ അസാധ്യമാകുന്നുണ്ട് എങ്കിലും അനേകായിരം ജനങ്ങള്‍ ഈ സഭയില്‍ ഉണ്ട് എന്നും, അവര്‍ തമ്മിലുള്ള സമാധാനത്തിനാണ് പ്രാധാന്യമെന്നും നാം തിരിച്ചറിയണം. നവമാധ്യമങ്ങളിലൂടെയും പ്രസംഗപീഠങ്ങളിലൂടെയും തമ്മില്‍തമ്മില്‍ വെല്ലുവിളിക്കുന്നത് അവസാനിപ്പിച്ചിട്ട് കൂടുതല്‍ ചോദ്യങ്ങള്‍ ചോദിക്കപ്പെടാനും ഉത്തരങ്ങള്‍ നല്‍കുവാനുമുള്ള അവസരം ഉണ്ടാക്കണം. സുദൃഢമായ ഒരു ഭരണസംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്നവരും വര്‍ഷങ്ങളായുള്ള കോടതി വ്യവഹാരങ്ങളില്‍ വിജയിച്ചു നില്‍ക്കുന്നവരും എന്ന നിലയില്‍ ഓര്‍ത്തഡോക്സ് സഭ വേണം സമാധാനശ്രമങ്ങള്‍ക്ക് മുന്‍കൈ എടുക്കുവാന്‍. പ്രത്യേകിച്ച് മലങ്കരസഭാ പ്രശ്നങ്ങള്‍ ഒരു തെക്കു-വടക്ക് സംഘര്‍ഷമായി ചിത്രീകരിക്കുവാന്‍ ഒരു വിഭാഗം ശ്രമിക്കുമ്പോള്‍. ദീര്‍ഘകാലമായി ഭരണഘടനയ്ക്കു കീഴില്‍ വര്‍ത്തിക്കുന്നവര്‍ എന്ന നിലയില്‍ ‘ദേവലോകത്തേക്കു സ്വത്ത് കൊണ്ടുപോകുന്ന പള്ളി പിടുത്തക്കാരനല്ല’ മാര്‍ത്തോമായുടെ പിന്‍ഗാമി എന്ന് ഉദാഹരണസഹിതം സമര്‍ത്ഥിക്കുവാനുള്ള ഉത്തരവാദിത്വം നമുക്കുണ്ട്. അകത്തുള്ള പടലപ്പിണക്കങ്ങള്‍ പുറത്തുള്ളവരോടുള്ള അഭിപ്രായ ഭിന്നതകളേക്കാള്‍ അപകടകരമാണെന്ന സത്യം നാം തിരിച്ചറിയുകയും, ഒന്നിച്ചുനിന്ന് സമാധാനത്തിനു യത്നിക്കുകയും വേണം. സുദൃഢമായ തീരുമാനങ്ങല്‍ എടുക്കേണ്ടിടത്ത് ഭാരങ്ങള്‍ ഏറെ ഉണ്ടാകുമെങ്കിലും അതെടുക്കുക തന്നെ വേണം. ചരിത്രം പഠിപ്പിച്ച പാഠങ്ങള്‍ മറന്നുപോകാതെ അവയില്‍ നിന്നും മുന്നോട്ടുള്ള പാത വെട്ടിയുണ്ടാക്കുവാന്‍ നമുക്കു സാധിക്കണം.

ചരിത്രം പരാജയപ്പെട്ട ഒരു യോജിപ്പിനെക്കുറിച്ചു മാത്രമല്ല നമ്മെ ഓര്‍മ്മിപ്പിക്കുന്നത്. ഒരുമിച്ചു വര്‍ത്തിച്ചിരുന്ന ഒരു കാലഘട്ടത്തെ കുറിച്ചും, പുനരാരംഭിച്ച കക്ഷിവഴക്കിന്‍റെ നാളുകളില്‍ കാതോലിക്കാ സിംഹാസനത്തോട് ചേര്‍ന്നുനിന്ന പഴയ പാത്രിയര്‍ക്കീസു കക്ഷിക്കാരെക്കുറിച്ചും, 1995 സമാധാനമുണ്ടാക്കി കടന്നുവന്ന കിഴക്കന്‍ കണ്ടനാടടക്കമുള്ള ഭദ്രാസനങ്ങളിലെ ജനങ്ങളെക്കുറിച്ചും, സഭ യോജിച്ചതു കൊണ്ടുമാത്രം ഒരുപക്ഷേ പൗരോഹിത്യ നല്‍വരം സ്വീകരിച്ച ലോകപ്രശസ്തനായ മലങ്കരയുടെ ബൗദ്ധിക തേജസ്സ് ഡോ. പൗലോസ് മാര്‍ ഗ്രിഗോറിയോസ് തിരുമേനിയെക്കുറിച്ചും ചരിത്രം നമ്മെ പഠിപ്പിക്കുന്നുണ്ട്. നമുക്കിഷ്ടപ്പെട്ട ഭാഗങ്ങള്‍ മാത്രം ചരിത്രത്തില്‍ നിന്നടര്‍ത്തിയെടുത്ത് സമാധാനം അപ്രാപ്യമാണെന്നു വാദിക്കുന്നവര്‍ കണ്ണടച്ചിരുട്ടാക്കുക മാത്രമല്ല, സഭയുടെ ചരിത്രത്തോടും വളര്‍ച്ചയോടും പുറംതിരിഞ്ഞ് നില്‍ക്കുക കൂടിയാണ്.

ഓരോ കാതോലിക്കാ വാഴ്ചയ്ക്കു പിന്നിലും ഒരു ദൈവനിശ്ചയം ഉണ്ട് എന്ന് ദൃഷ്ടാന്തങ്ങളിലൂടെ അടിയുറച്ചു വിശ്വസിക്കുന്നവരാണ് മലങ്കര നസ്രാണികള്‍. അഖിലഭാരതസഭയാണ് എന്‍റെ സ്വപ്നം എന്നു പ്രഖ്യാപിച്ച നസ്രാണി സിംഹം നി. വ. ദി. മ. മ. ശ്രീ മോറാന്‍ മാര്‍ ബസ്സേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് പ്രഥമന്‍റെ വാത്സല്യവാന്‍ നന്നേ ചെറുപ്പത്തില്‍ മാര്‍ത്തോമായുടെ സിംഹാസനമേറിയത് ഒരുപക്ഷേ സുദൃഡമായ തീരുമാനങ്ങള്‍ എടുക്കുന്നതിനും ദൈര്‍ഘ്യമേറിയതും വിഷമം പിടിച്ചതുമായ സമാധാന ചര്‍ച്ചകള്‍ മുന്നില്‍നിന്ന് നയിക്കുന്നതിനു വേണ്ടിയും ആയിരിക്കണം. മലങ്കര മെത്രാപ്പോലീത്തായുടെ കൈകളായി നിന്ന് പ്രവര്‍ത്തിക്കുവാന്‍ പ. എപ്പിസ്ക്കോപ്പല്‍ സുന്നഹദോസും അസോസിയേഷന്‍ മാനേജിംഗ് കമ്മറ്റിയും തയ്യാറാകണം. ജനങ്ങളെയും മലങ്കര സഭാ സംവിധാനങ്ങളെയും വിശ്വാസത്തിലെടുക്കാന്‍ സഭാധ്യക്ഷന്മാര്‍ തയ്യാറായപ്പോഴാണ് നമ്മുടെ സഭ സകല തടസ്സങ്ങളും ഭേദിച്ച് വളര്‍ച്ച കൈവരിച്ചിട്ടുള്ളത്. ഇപ്പോഴുള്ള തടസ്സങ്ങളേയും നേരിടേണ്ടത് സഭ ഒരുമിച്ചുനിന്നുകൊണ്ടാണ്. സമാധാനം വളരെയേറെ ബുദ്ധിമുട്ട് സഹിച്ച് ഉണ്ടാക്കിയെടുക്കുന്നതാണ്. അതുകൊണ്ടുതന്നെയാണ് അതുണ്ടാക്കുന്നവരെ ഭാഗ്യവാന്മാര്‍ എന്നു യേശുക്രിസ്തും വിളിക്കുന്നതും.

(ലേഖകന്‍ ഐ.ഐ.ടി. ഗുവഹട്ടിയിലെ ബിരുദാനന്തരബിരുദ അവസാന സെമസ്റ്റര്‍ വിദ്യാര്‍ത്ഥിയാണ്)

(മലങ്കരസഭാ മാസിക, മാര്‍ച്ച് 2018)