കാതോലിക്കേറ്റ്: മലങ്കരസഭയുടെ ശക്തിദുര്‍ഗ്ഗവും ദീപസ്തംഭവും / കെ. വി. മാമ്മന്‍ കോട്ടയ്ക്കല്‍


ശ്രീയേശുക്രിസ്തുവിന്‍റെ അന്ത്യകല്പനപ്രകാരം ഒന്നാം നൂറ്റാണ്ടില്‍ തന്നെ മലങ്കരയില്‍ എത്തി സുവിശേഷവിത്തു വിതച്ച മാര്‍ത്തോമ്മാശ്ലീഹായുടെ കാലം മുതല്‍ മലങ്കരസഭ ആദ്ധ്യാത്മിക-ഭൗതിക രംഗങ്ങളില്‍ തികച്ചും സ്വതന്ത്രമായിരുന്നു. കേരളത്തിലെ അടിയുറച്ച ഹൈന്ദവ സംസ്കാരത്തിനോ നാട്ടുരാജാക്കന്മാര്‍ക്കോ പതിനഞ്ചാം നൂറ്റാണ്ടിന്‍റെ അന്ത്യത്തില്‍ എത്തിയ പോര്‍ട്ടുഗീസുകാര്‍ തുടങ്ങിയ വിദേശികള്‍ക്കോ സഭയുടെ വിശ്വാസാചാരങ്ങളിലോ ഭരണരീതികളിലോ കടന്നാക്രമണം നടത്താന്‍ കഴിഞ്ഞില്ലെന്നു ചരിത്രം വ്യക്തമാക്കുന്നു.

1498-ല്‍ പോര്‍ട്ടുഗീസുകാര്‍ കേരളത്തില്‍ എത്തുന്നതുവരെ ഇവിടെ ഒരു ക്രൈസ്തവസഭ മാത്രമേ ഉണ്ടായിരുന്നുള്ളു എന്ന വസ്തുതയും തര്‍ക്കമറ്റതാണ്. മലങ്കരസഭാംഗങ്ങള്‍, മാര്‍ത്തോമ്മാ ക്രിസ്ത്യാനികള്‍, നസ്രാണികള്‍ മുതലായ പേരുകളില്‍ ആദ്യകാലത്ത് അറിയപ്പെട്ടിരുന്നു. കൃഷി, വാണിജ്യം, കാലിവളര്‍ത്തല്‍ മുതലായ ജോലികളില്‍ വ്യാപൃതരായിരുന്ന ക്രൈസ്തവര്‍ ഇതരജനവിഭാഗങ്ങളുമായി സഹകരിച്ചും നാട്ടുരാജാക്കന്മാരുടെ സൈന്യത്തില്‍ ചേര്‍ന്നും ആരാധനാജീവിതത്തിനു പ്രാധാന്യം നല്‍കിയും കഴിഞ്ഞുകൂടിയ ഒരു ജനവിഭാഗമായിരുന്നു. ആദ്യകാലം മുതലേ പല സ്ഥലങ്ങളിലും പള്ളികളും ഇടവകകളും വൈദികരും ഉണ്ടായിരുന്നു. പുരാതനകാലം മുതല്‍ ക്രിസ്തുവിന്‍റെ മറ്റു ശിഷ്യന്മാര്‍ സ്ഥാപിച്ച പേര്‍ഷ്യ തുടങ്ങിയ സ്ഥലങ്ങളിലെ അപ്പോസ്തോലിക സഭകളുമായി ബന്ധം പുലര്‍ത്തിവന്ന മലങ്കരസഭയില്‍ പതിനഞ്ചാം നൂറ്റാണ്ടു വരെയെങ്കിലും മേല്‍പട്ടക്കാരോ മെത്രാന്മാരോ ഉണ്ടായിരുന്നില്ല. എന്നാല്‍ മറ്റു പുരാതന സഭകളില്‍നിന്നു മെത്രാന്മാര്‍ ഇവിടെ വരികയും മലങ്കരസഭയുടെ ആത്മീയാവശ്യങ്ങള്‍ നിറവേറ്റുകയും ചെയ്തുവന്നു. ദൈവിക നല്‍വരദാനങ്ങള്‍ക്കു പ്രതിഫലമായി എന്തെങ്കിലും അവരാരും ആഗ്രഹിച്ചിരുന്നില്ല. എ.ഡി. അഞ്ചാം നൂറ്റാണ്ടു മുതല്‍ പതിനേഴാം നൂറ്റാണ്ടു വരെ മലങ്കരയില്‍ പേര്‍ഷ്യന്‍ മെത്രാന്മാര്‍ വന്നിരുന്നു.

കാലം കടക്കവേ സഭ വളരുകയും ഭരണക്രമീകരണങ്ങള്‍ ആവശ്യമായി വരികയും ചെയ്തപ്പോള്‍ വൈദികര്‍ യോഗം ചേര്‍ന്ന് അവരില്‍ നിന്ന് ഒരാളെ ആര്‍ച്ച് ഡീക്കന്‍ എന്നര്‍ത്ഥമുള്ള അര്‍ക്കദിയാക്കോനെ തെരഞ്ഞെടുക്കുകയും അദ്ദേഹത്തിന്‍റെ കീഴില്‍ ഭരണം നടത്തുകയും ചെയ്തുവന്നു. പോര്‍ട്ടുഗീസുകാര്‍ കേരളത്തില്‍ എത്തുമ്പോള്‍ മലങ്കരസഭയുടെ ഭരണം നടത്തിവന്നത് അര്‍ക്കദിയാക്കോനാണ്. വ്യാപാരത്തോടൊപ്പം സ്വസഭയുടെ വികസനവും ആഗ്രഹിച്ച റോമന്‍ കത്തോലിക്കരായ പോര്‍ട്ടുഗീസുകാരും അവരോടൊപ്പമുണ്ടായിരുന്ന മേല്‍പ്പട്ടക്കാരും തന്ത്രപൂര്‍വ്വമായ കരുനീക്കങ്ങള്‍ നടത്തിയപ്പോള്‍ മലങ്കരസഭയില്‍ തര്‍ക്കവിതര്‍ക്കങ്ങളും ഏറ്റുമുട്ടലുകളും മറ്റും ഉണ്ടായി. ചതിരുപായങ്ങള്‍ വഴി ഒട്ടധികം മലങ്കരസഭാംഗങ്ങള്‍ കത്തോലിക്കാ സഭയുടെ കീഴില്‍ എത്തി. ഉദയംപേരൂരില്‍ 1599-ല്‍ മുഖ്യമായും കത്തോലിക്കാ സഭ വിളിച്ചുചേര്‍ത്ത സുന്നഹദോസ് മലങ്കരസഭയെ ഏതാണ്ടു വിഴുങ്ങി എങ്കിലും 1653-ല്‍ മട്ടാഞ്ചേരിയിലെ കൂനന്‍കുരിശുസത്യപ്രതിജ്ഞ മൂലം പൂര്‍വ്വിക സുറിയാനിക്കാര്‍ സ്വാതന്ത്ര്യം വീണ്ടെടുത്തു. ഇതിനിടയില്‍ സഭയ്ക്കു നേരിട്ട നഷ്ടം തിട്ടപ്പെടുത്താനാവാത്ത വിധത്തിലുള്ളതായിരുന്നു. കേരളത്തില്‍ ഇന്നു കാണുന്ന കത്തോലിക്കരും അവരുടെ പള്ളികളും എല്ലാംതന്നെ പോര്‍ട്ടുഗീസ് മേധാവിത്വത്തിന്‍റെ സ്മാരകങ്ങളാണ്. കാലം കടക്കവേ ഡച്ചുകാരും ഫ്രഞ്ചുകാരും ബ്രിട്ടീഷുകാരും കേരളത്തില്‍ എത്തി വ്യാപാരരംഗം പിടിച്ചെടുക്കുകയും പ്രൊട്ടസ്റ്റന്‍റു മതവിഭാഗക്കാരായ അവരും മലങ്കരസഭയില്‍ വിള്ളലുകള്‍ സൃഷ്ടിക്കുകയും ചെയ്തു. ഇതിനിടയില്‍ വിദേശ സഭകളില്‍ നിന്നു കേരളത്തില്‍ എത്തിയ പുരാതന സഭകളിലെ പല മേല്പട്ടക്കാരെയും വൈദേശിക ശക്തികള്‍ പീഡിപ്പിക്കുകയും ചിലരെ വധിക്കുകയും ചെയ്തിട്ടുണ്ട്. ഇക്കാലയളവിലൊന്നും മലങ്കരസഭയില്‍ സഭാദ്ധ്യക്ഷന്മാരായ മേല്പട്ടക്കാര്‍ ഉണ്ടായിരുന്നില്ല. പതിനേഴാം നൂറ്റാണ്ടില്‍ മാത്രമേ ഒരു മേല്പട്ടക്കാരന്‍ മലങ്കരസഭയ്ക്കുവേണ്ടി അവരോധിക്കപ്പെടുന്നുള്ളു. അതാണു ഒന്നാം മാര്‍ത്തോമ്മാ.

ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ ആധിപത്യം നേടുകയും സമസ്തമേഖലകളിലും അവര്‍ സ്വാധീനം ചെലുത്തുകയും ചെയ്ത പതിനെട്ടാം നൂറ്റാണ്ടു മുതല്‍ സി.എം.എസ്. മിഷനറിമാര്‍ കേരളത്തിലും എത്തി മലങ്കരസഭയുടെ വൈദിക സെമിനാരിയില്‍ (പഴയസെമിനാരി) അദ്ധ്യാപകരായി പ്രവര്‍ത്തിക്കുകയും ചെയ്തുവന്നു.

പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ ആദ്യദശകങ്ങളില്‍ കോട്ടയത്തെ പഴയസെമിനാരിയില്‍ പഠിപ്പിച്ച ചില മിഷനറിമാര്‍ മലങ്കരസഭയുടെ കാതലായ വിശ്വാസാചാരങ്ങളെ ചോദ്യം ചെയ്യുകയും പിതാക്കന്മാര്‍ ഒരിക്കലായി ഭരമേല്പിച്ച സത്യവിശ്വാസത്തെ വികലരൂപത്തില്‍ പഠിപ്പിക്കുകയും ചെയ്തപ്പോള്‍ നമ്മളും മിഷനറിമാരും തമ്മില്‍ ഭിന്നിപ്പുണ്ടായി. അന്നു തിരുവിതാംകൂര്‍ ഭരിച്ച റാണി ഗൗരിഭായിയും ദിവാനും ബ്രിട്ടീഷ് റസിഡണ്ടുമായിരുന്ന കര്‍ണല്‍ മണ്‍റോയും മലങ്കരസഭയുടെ അഭ്യുദയകാംക്ഷികളും സുഹൃത്തുക്കളുമായിരുന്നു എങ്കിലും മണ്‍റോ നിയോഗിച്ച സെമിനാരിയിലെ തീവ്രവാദികളായ ചില പ്രൊട്ടസ്റ്റന്‍റു മിഷനറി അദ്ധ്യാപകര്‍ മലങ്കരസഭയും മിഷനറിമാരും തമ്മിലുള്ള സൗഹൃദവും സഹകരണവും തകര്‍ത്തുകളഞ്ഞു. ഈ പശ്ചാത്തലത്തില്‍ അന്നത്തെ മലങ്കര മെത്രാപ്പോലീത്തായായിരുന്ന ചേപ്പാട്ട് മാര്‍ ദീവന്നാസ്യോസ് നാലാമന്‍ മാവേലിക്കരയില്‍ 1836-ല്‍ സഭയുടെ ഒരു സുന്നഹദോസ് വിളിച്ചു കൂട്ടുകയും മിഷനറിമാരുമായുള്ള സൗഹൃദബന്ധം വിച്ഛേദിക്കുകയും മാവേലിക്കര പടിയോല എന്നറിയപ്പെടുന്ന തീരുമാനങ്ങള്‍ അംഗീകരിക്കുകയും ചെയ്തു. ബന്ധം വിഛേദിക്കുന്നതിനു മുമ്പുതന്നെ വൈദികസെമിനാരിയിലെ അദ്ധ്യാപകനായിരുന്ന ഏബ്രഹാം മല്പാന്‍ (മാരാമണ്‍) തുടങ്ങിയ ചിലര്‍ മിഷനറിമാരുടെ നിലപാടുകളെ അംഗീകരിക്കുകയും പ്രൊട്ടസ്റ്റന്‍റു വിശ്വാസം സ്വീകാര്യമാണെന്നു പ്രസ്താവിക്കുകയും തക്സായില്‍ ചില മാറ്റങ്ങള്‍ വരുത്തി മാരാമണ്‍ പള്ളിയില്‍ കുര്‍ബാന അര്‍പ്പിക്കുകയും ചെയ്തു.

കന്യകമറിയാമിനോടുള്ള അപേക്ഷ, മരിച്ചുപോയവര്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥന മുതലായ കാര്യങ്ങളാണ് മിഷനറിമാര്‍ക്കും ഏബ്രഹാം മല്പാനും അസ്വീകാര്യമായിരുന്നത്. തന്നിമിത്തം തക്സായില്‍ തല്‍സംബന്ധമായ മാറ്റങ്ങള്‍ വരുത്തുകയും തിരുത്തുകയും ചെയ്തശേഷമാണ് പ്രസ്തുത തക്സാപ്രകാരം മല്പാന്‍ കുര്‍ബ്ബാന ചൊല്ലിയത്.

മലങ്കരസഭയില്‍ തന്‍റെ ആഗ്രഹപ്രകാരമുള്ള ചില കാര്യങ്ങള്‍ നടപ്പാക്കാന്‍ സ്വന്തമായി ഒരു മേല്പട്ടക്കാരന്‍ ആവശ്യമെന്നു കണ്ട കുശാഗ്രബുദ്ധിയായ ഏബ്രഹാം മല്പാന്‍ സ്വസഹോദരപുത്രനായ മാത്യൂസ് ശെമ്മാശനെ മലങ്കരസഭ അറിയാതെ 1842-ല്‍ സിറിയന്‍ ഓര്‍ത്തഡോക്സ് സഭയുടെ പാത്രിയര്‍ക്കീസിന്‍റെ അടുക്കലേക്ക് അയച്ചു മേല്പട്ടസ്ഥാനം നേടിയെടുത്തു. അദ്ദേഹം മാത്യൂസ് മാര്‍ അത്താനാസ്യോസ് എന്ന പേരില്‍ മെത്രാനായി തിരിച്ചെത്തി. മലങ്കര മെത്രാപ്പോലീത്താ സ്ഥാനം, ബ്രിട്ടീഷുകാരുടെയും മിഷനറിമാരുടെയും പിന്‍ബലത്താല്‍ പിടിച്ചെടുത്തു. മലങ്കര മെത്രാപ്പോലീത്താ ആയിരുന്ന ചേപ്പാട്ടു മാര്‍ ദീവന്നാസ്യോസിനു പ്രായാധിക്യം മൂലം ഭരിക്കാന്‍ കഴിവില്ലെന്നും മറ്റും ഗവണ്മെന്‍റിനെ തെറ്റിദ്ധരിപ്പിച്ചു കൊണ്ടാണു ഭരണാധികാരം സംബന്ധിച്ച സര്‍ക്കാരിന്‍റെ വിളംബരം തന്ത്രപൂര്‍വ്വം കരസ്ഥമാക്കിയത്.

സ്വതന്ത്രമായ മലങ്കരസഭയില്‍ നിന്ന് ആദ്യമായിട്ടാണ് ഒരാള്‍ അന്ത്യോഖ്യന്‍ പാത്രിയര്‍ക്കീസില്‍ നിന്നു മേല്പട്ടസ്ഥാനം സ്വീകരിക്കുന്നത്. നേരായ മാര്‍ഗ്ഗത്തിലൂടെ മേല്പട്ടസ്ഥാനം നേടാന്‍ ഇതിനിടയില്‍ മലങ്കരസഭ പുലിക്കോട്ടില്‍ ജോസഫ് എന്ന പട്ടക്കാരനെ പാത്രിയര്‍ക്കീസിന്‍റെ അടുക്കലേക്ക് അയയ്ക്കുകയും അദ്ദേഹം ജോസഫ് മാര്‍ ദീവന്നാസ്യോസ് അഞ്ചാമന്‍ എന്ന പേരില്‍ മെത്രാനായി തിരിച്ചെത്തുകയും ചെയ്തു. ഈ ദീവന്നാസ്യോസ് അഞ്ചാമനു (എം. ഡി. സെമിനാരി സ്ഥാപകന്‍) സഭാഭരണം സംബന്ധിച്ച സര്‍ക്കാരിന്‍റെ വിളംബരം അത്താനാസ്യോസിന്‍റെ പിടിപാടു മൂലം ആദ്യമൊന്നും ലഭിച്ചില്ല.

ഈ പശ്ചാത്തലത്തില്‍ പത്രോസ് തൃതീയന്‍ എന്ന അന്നത്തെ പാത്രിയര്‍ക്കീസിനെ മലങ്കരയില്‍ വരുത്തുകയും മാത്യൂസ് മാര്‍ അത്താനാസ്യോസിനെ രാജകീയ പിന്തുണയോടെ മുടക്കുകയും ചെയ്തു. ഈ സംഭവത്തിനു മുമ്പുതന്നെ ഏബ്രഹാം മല്പാന്‍റെ പുത്രനായ തോമസിനെ, 1868-ല്‍ തോമസ് മാര്‍ അത്താനാസ്യോസ് എന്ന പേരില്‍ മാത്യൂസ് മാര്‍ അത്താനാസ്യോസ് വാഴിച്ചു തന്‍റെ പിന്‍ഗാമിയായി നിയോഗിച്ചു സഭയുടെ അധികാരം നല്‍കിയിരുന്നു. എന്നാല്‍ പിന്നീടുണ്ടായ കോടതിവിധികള്‍ എതിരായ്കയാല്‍ തോമസ് മാര്‍ അത്താനാസ്യോസിന് താമസംവിനാ അധികാരം നഷ്ടപ്പെടുകയും ജോസഫ് മാര്‍ ദീവന്നാസ്യോസിനു മലങ്കര മെത്രാപ്പോലീത്താസ്ഥാനം സംബന്ധിച്ച വിളംബരം ലഭിക്കുകയുമുണ്ടായി. പരാജയപ്പെട്ട തോമസ് മാര്‍ അത്താനാസ്യോസും അനുയായികളും തുടര്‍ന്ന് മാര്‍ത്തോമ്മാസഭ എന്നറിയപ്പെടുന്ന വിഭാഗത്തിനു രൂപംനല്‍കി. മലങ്കരസഭാ ചരിത്രത്തിലെ ഒരു സുപ്രധാനഘട്ടം ഇവിടെ അവസാനിച്ചു.

സഭയുടെ ആത്മീയ സ്വാതന്ത്ര്യവും മറ്റും രക്ഷിക്കാന്‍ അന്ത്യോഖ്യാ പാത്രിയര്‍ക്കീസിനെ അഭയം പ്രാപിക്കുന്നതും അദ്ദേഹം മലങ്കരസഭയെ കീഴടക്കാന്‍ ശ്രമിക്കുന്നതും സംബന്ധിച്ച സംഭവവികാസങ്ങളാണു മലങ്കരയില്‍ കാതോലിക്കേറ്റ് ഉണ്ടാകാന്‍ വഴിതെളിച്ചത്. മേല്പട്ടക്കാരെ വാഴിച്ചും മൂറോന്‍ കൂദാശ നടത്തിയും ഉള്‍ഭരണകാര്യങ്ങളില്‍ കൈകടത്തിയും മലങ്കരസഭയെ കീഴടക്കാന്‍ ശ്രമിച്ച സിറിയന്‍ ഓര്‍ത്തഡോക്സ് സഭയിലെ പത്രോസ് മൂന്നാമന്‍ പാത്രിയര്‍ക്കീസ് പിന്‍ഗാമിയായ അബ്ദള്ളാ പാത്രിയര്‍ക്കീസ് എന്നിവരുടെ നീക്കങ്ങളെ ഫലപ്രദമായി തടയാന്‍ സാധിച്ചതിന്‍റെ ചരിത്രമാണു കാതോലിക്കേറ്റ് സ്ഥാപനം മൂലം ആരംഭിക്കുന്നത്. ജോസഫ് മാര്‍ ദീവന്നാസ്യോസിന്‍റെ അധികാരങ്ങള്‍ കുറയ്ക്കാന്‍ മലങ്കരയുടെ അനുവാദമില്ലാതെ മലങ്കരസഭയെ ഏഴ് ഭദ്രാസനങ്ങളായി തിരിക്കുകയും പുതുതായി ആറ് മെത്രാന്മാരെ വാഴിക്കുകയും ചെയ്ത പത്രോസ് തൃതീയന്‍ പാത്രിയര്‍ക്കീസുമായി തന്ത്രശാലിയായ ജോസഫ് മാര്‍ ദീവന്നാസ്യോസ് പ്രത്യക്ഷമായി ഏറ്റുമുട്ടിയില്ല. എന്നാല്‍ 1909-ല്‍ അദ്ദേഹം കാലംചെയ്തശേഷം മലങ്കര മെത്രാപ്പോലീത്താ സ്ഥാനത്തു വന്ന വട്ടശ്ശേരില്‍ ഗീവറുഗീസ് മാര്‍ ദീവന്നാസ്യോസ് തിരുമേനി പാത്രിയര്‍ക്കീസിന്‍റെ കടന്നാക്രമണങ്ങളെ തടഞ്ഞു. മലങ്കരയുടെ ഭൗതികാധികാരങ്ങള്‍ സിറിയന്‍ സഭാധികാരിക്ക് എഴുതിക്കൊടുക്കാന്‍ വിസമ്മതിച്ച വട്ടശ്ശേരില്‍ തിരുമേനിയെ, വാഴിച്ച അബ്ദള്ള പാത്രിയര്‍ക്കീസ് അകാരണമായി അദ്ദേഹത്തിനെതിരായി നീക്കങ്ങള്‍ ആരംഭിച്ചു. തുടര്‍ന്ന് അധികാരവും പണവും ലഭിക്കാന്‍ മലങ്കരയില്‍ എത്തിയിരുന്ന അബ്ദള്ളാ പാത്രിയര്‍ക്കീസ്, വട്ടശ്ശേരില്‍ തിരുമേനിയെ മുടക്കിയതോടെ മലങ്കരയില്‍ 20-ാം നൂറ്റാണ്ടിന്‍റെ ഒന്നാം ദശാബ്ദത്തില്‍ തന്നെ ബാവാകക്ഷിയെന്നും മെത്രാന്‍ കക്ഷിയെന്നും രണ്ടു വിഭാഗങ്ങള്‍ക്കു രൂപംകൊടുത്തു. വട്ടശ്ശേരില്‍ തിരുമേനിയോടു വിരോധം ഉണ്ടായിരുന്ന കൂട്ടുട്രസ്റ്റികളായ കോനാട്ടു മാത്തന്‍ കോര്‍ എപ്പിസ്കോപ്പായും അക്കരെ സി. ജെ. കുര്യനും പാത്രിയര്‍ക്കീസിനോടു ചേര്‍ന്നുകൊണ്ട് വട്ടശ്ശേരില്‍ തിരുമേനിയെ വധിക്കാനും ആസ്ഥാനമായ പഴയസെമിനാരി കൈക്കലാക്കാനും താഴത്തങ്ങാടി സ്വദേശികളായ ഏതാനും മുസ്ലീം മുട്ടാളന്മാരെ ഏര്‍പ്പാടാക്കിയതും ഈ ക്വട്ടേഷന്‍ സംഘം വട്ടശ്ശേരില്‍ തിരുമേനിയുടെ അംഗരക്ഷകനായ ആനപ്പാപ്പിയെ വധിച്ചതും സെമിനാരിയിലെ തേങ്ങ ഇടാന്‍ വന്ന സി. ജെ. കുര്യന്‍റെ പരവന്മാര്‍ മാനേജരായ മട്ടയ്ക്കല്‍ മല്പാനെ താടിക്കു പിടിച്ചു താഡിച്ചതും എല്ലാം കാതോലിക്കേറ്റു സ്ഥാപനത്തിലേക്കുള്ള പടികളായിരുന്നു.

പാത്രിയര്‍ക്കീസിനോടു തുല്യാധികാരമുള്ള ഒരു സ്ഥാനി മലങ്കരയില്‍ ഉണ്ടായാലേ പരദേശിയായ ഒരു പാത്രിയര്‍ക്കീസിന്‍റെ കടന്നാക്രമണം ശാശ്വതമായി തടയാന്‍ സാധിക്കുകയുള്ളു എന്ന വട്ടശ്ശേരില്‍ തിരുമേനിയുടെ ചിന്തയും സമര്‍ത്ഥമായ മേല്‍നടപടികളുമാണു മലങ്കരയില്‍ കാതോലിക്കാ സിംഹാസനം ഉണ്ടാകാനുള്ള മുഖ്യ കാരണം.

മാര്‍പ്പാപ്പയും, പാത്രിയര്‍ക്കീസും, കാതോലിക്കായും തുല്യസ്ഥാനികളാണ്. ഇക്കാര്യത്തില്‍ സഭയുടെ വലിപ്പം ഒരു പ്രശ്നമല്ല. ഇവര്‍ക്കു മാത്രമേ പേരിന്‍റെ ആരംഭത്തില്‍ “പരിശുദ്ധ” എന്ന ബഹുമാന പദവി വയ്ക്കാനധികാരമുള്ളു. ഇപ്പോള്‍ കേരളത്തിന്‍റെ തെക്കും വടക്കുമുള്ള സ്വയം കാതോലിക്കാ നാമധാരികള്‍ക്ക് ആ പദവി ഒരലങ്കാരം മാത്രം. റോമന്‍ കത്തോലിക്കാ സഭയില്‍ ‘കാതോലിക്കാ’ എന്ന സ്ഥാനമേയില്ല. “കര്‍ദിനാള്‍” എന്ന പദം അതിനു പകരം വയ്ക്കാന്‍ തക്ക ഉന്നതസ്ഥാനവുമല്ല. പാപ്പായുടെ ഉപദേശകസമിതിയിലെ ഒരു സാധാരണ അംഗമാണു കര്‍ദിനാള്‍. ഉന്നതാധികാരമുള്ള പദമല്ല. ശ്രേഷ്ഠ കാതോലിക്കാ എന്നതു വെറും ഒരു വാക്കു മാത്രം. ‘പരിശുദ്ധ’ എന്ന പദം പേരിന്‍റെ ആദ്യം വയ്ക്കാന്‍ അദ്ദേഹത്തിനു അധികാരമില്ല. പോപ്പിനോടൊപ്പം ഇരിക്കാനും സാധ്യമല്ല.

സാത്താന്‍ ഇന്നും ശക്തനാണെന്നു നാം മറക്കരുത്. കാരണം എതിരാളികള്‍ മലങ്കരസഭയ്ക്കും ക്രിസ്തീയ തത്വങ്ങള്‍ക്കും ചേരാത്ത ചില പ്രവൃത്തികള്‍ ഇന്നും ചെയ്യുന്നുണ്ട്. അടുത്തകാലത്തു ആലുവാ തൃക്കുന്നത്തു സെമിനാരി രാത്രി അടിച്ചു തകര്‍ത്ത് അതില്‍ കയറി “പ്രാര്‍ത്ഥിച്ച”തും കോലഞ്ചേരി പള്ളിയില്‍ പെട്രോള്‍ ബോംബു വച്ചതും പാത്രിയര്‍ക്കീസിന്‍റെ വ്യാജകല്പന മൂലം ഇടുക്കി ബിഷപ്പിനെ മുടക്കിയതും ആ കല്പന ഇവിടെ തയ്യാറാക്കിയതാണെന്നു കോടതി കണ്ടുപിടിച്ചു നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടതും എല്ലാം ശ്രേഷ്ഠ കാതോലിക്കായുടെ ക്രിസ്തീയ സാക്ഷ്യവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ്.

മലങ്കരസഭയേയും കാതോലിക്കാമാരെയും മനഃപൂര്‍വ്വം ഉപദ്രവിച്ച സിറിയന്‍ ഓര്‍ത്തഡോക്സു സഭയെ 2013-ല്‍ മുസ്ലീം തീവ്രവാദികള്‍ നാമാവശേഷമാക്കിയതും സഭാംഗങ്ങളേയും പിഞ്ചുകുഞ്ഞുങ്ങളെയും രാസായുധ പ്രയോഗംകൊണ്ടു ചാമ്പലാക്കിയതും ഇന്നത്തെ ചരിത്രമാണ്. ദമസ്കോസിലെ അവസാനത്തെ പാത്രിയര്‍ക്കാസായിരുന്ന സഖാ പ്രഥമനും ശേഷിച്ച സഭാംഗങ്ങളും ലബനോനില്‍ അഭയാര്‍ത്ഥികളായി എത്തി. സഖാ വൈകാതെ കാലം ചെയ്തു. ഇന്നു സിറിയായില്‍ സഭയും പള്ളികളും ആസ്ഥാനവും ക്രിസ്ത്യാനികളും ഇല്ലെന്നുള്ള കാര്യം, ദൈവം പ്രതികാരം ചെയ്യും എന്ന വേദപുസ്തക ചരിത്രത്തിന്‍റെ ആവര്‍ത്തനമല്ലെങ്കില്‍ പിന്നെന്താണ്.

മേല്പട്ടക്കാരെ വാഴിക്കുക, മൂറോന്‍ കൂദാശ ചെയ്യുക, സുന്നഹദോസില്‍ അദ്ധ്യക്ഷത വഹിക്കുക എന്നീ മൂന്നു പ്രധാന ജോലികളാണു പാത്രിയര്‍ക്കീസിനും, കാതോലിക്കായ്ക്കും ഉള്ളത്. അതുകൊണ്ടാണ് അവര്‍ തുല്യരാണെന്നു വരുന്നത്. ഒരു പ്രത്യേക സാഹചര്യത്തില്‍ മലങ്കരസഭയ്ക്കു നഷ്ടപ്പെട്ട ആദ്ധ്യാത്മിക അധികാരം വീണ്ടെടുത്തു എന്നതാണു 1912-ലെ കാതോലിക്കാ സ്ഥാപനത്തിന്‍റെ പരമപ്രാധാന്യം.

മലങ്കര മെത്രാപ്പോലീത്താ ആയിരുന്ന വട്ടശ്ശേരില്‍ തിരുമേനിയെ ദ്രവ്യാഗ്രഹിയായിരുന്ന അബ്ദുള്ളാ പാത്രിയര്‍ക്കീസ് മുടക്കിയപ്പോള്‍ മുടക്ക് അസാധുവാണെന്നു സിറിയായില്‍ ഭരണാധികാരം നഷ്ടപ്പെട്ട അബ്ദേദ് മശിഹാ എന്ന ശരിയായ പാത്രിയര്‍ക്കീസ് പ്രസ്താവിച്ചതും ഓര്‍ക്കണം. സിറിയന്‍ സഭയിലെ അക്കാലത്തെ യഥാര്‍ത്ഥ സംഭവഗതികള്‍ അവിടെ താമസിച്ചു പഠിച്ചുവന്ന ഔഗേന്‍ റമ്പാന്‍ (പിന്നീട് പ. ഔഗേന്‍ ബാവാ) വട്ടശ്ശേരില്‍ തിരുമേനിയെ എഴുതി അറിയിച്ചിരുന്നു (തുര്‍ക്കി സുല്‍ത്താന്‍റെ സഹായം തേടിയാണു സീനിയര്‍ പാത്രിയര്‍ക്കീസായിരുന്ന അബ്ദേദ് മശിഹായെ പുറന്തള്ളി അബ്ദുള്ള പാത്രിയര്‍ക്കീസ് സ്ഥാനം കരസ്ഥമാക്കിയത്).

മലങ്കരയില്‍ കാതോലിക്കായെ വാഴിക്കാന്‍ സ്ഥാനത്തിന് ഒട്ടും ന്യൂനതയില്ലാത്ത അബ്ദേദ് മശിഹാ പാത്രിയര്‍ക്കീസിനെ ക്ഷണിക്കണമെന്നുള്ള ഔഗേന്‍ റമ്പാന്‍റെയും നാട്ടിലുള്ള പ്രമുഖ നേതാക്കളുടെയും ഉപദേശമനുസരിച്ചാണു വട്ടശ്ശേരില്‍ തിരുമേനി അബ്ദേദ് മശിഹായെ ക്ഷണിച്ചതും അദ്ദേഹം 1912 സെപ്തംബര്‍ 17-നു നിരണം പള്ളിയില്‍ വച്ചു കണ്ടനാടു ഇടവകയുടെ പൗലോസ് മാര്‍ ഈവാനിയോസിനെ മലങ്കരയിലെ പ്രഥമ കാതോലിക്കായായി വാഴിച്ചതും. മേലില്‍ പാത്രിയര്‍ക്കീസിനുള്ള എല്ലാ അധികാരങ്ങളും മലങ്കരയില്‍ പ്രായോഗികമാക്കാന്‍ കാതോലിക്കായുടെ നേതൃത്വത്തിലുള്ള സുന്നഹദോസിന് അധികാരമുണ്ടെന്നു കാണിച്ചു രണ്ടു കല്പനകളും അബ്ദേദ് മശിഹാ മലങ്കരയില്‍ വച്ചു പുറപ്പെടുവിച്ചു.

“മലങ്കരയില്‍ കാതോലിക്കാ ഉണ്ടായ നിമിഷത്തില്‍ പാത്രിയര്‍ക്കീസിനു മലങ്കരസഭയില്‍ നേരത്തേ ലഭിച്ചിരുന്ന സര്‍വ്വ ആദ്ധ്യാത്മിക അധികാരങ്ങളും അസ്തമിച്ചു” എന്നാണ് സമുദായ കേസ് സംബന്ധിച്ച 1958 സെപ്തംബര്‍ 12-ലെ സുപ്രീംകോടതിയുടെ ഭരണഘടനാ ബഞ്ചിന്‍റെ സുപ്രധാന വിധി. ഇതോടെ കാതോലിക്കാ മലങ്കരസഭയുടെ പരമാധികാരിയായി. സ്വാതന്ത്ര്യത്തിന്‍റെ ദീപ്തസ്തംഭവും.

പിന്നീടും എതിര്‍കക്ഷികള്‍ കേസുകളുമായി സുപ്രീംകോടതിയില്‍ എത്തി എങ്കിലും എല്ലാം തള്ളപ്പെട്ടു. മലങ്കരസഭ ഇതുവരെ എട്ട് കാതോലിക്കാമാരെ കണ്ടു. ഒന്നാം കാതോലിക്കാ മാര്‍ ബസ്സേലിയോസ് പൗലോസ് ഒന്നാമന്‍ ഒരു വര്‍ഷവും രണ്ടാം കാതോലിക്കാ മാര്‍ ബസ്സേലിയോസ് ഗീവര്‍ഗീസ് ഒന്നാമന്‍ (വാകത്താനം) മൂന്നുവര്‍ഷവും സിംഹാസനത്തില്‍ വാണു. ഇവരുടെ കാലത്തു സഭാഭരണം നടത്തിവന്നത് ശക്തനായ വട്ടശ്ശേരില്‍ തിരുമേനിയായിരുന്നു. വട്ടശ്ശേരില്‍ തിരുമേനി 1934 ഫെബ്രുവരി 23-നു കാലം ചെയ്തപ്പോള്‍ ബസ്സേലിയോസ് ഗീവറുഗീസ് രണ്ടാമന്‍ മൂന്നാം കാതോലിക്കായായി. അക്കൊല്ലം ഡിസംബറില്‍ അദ്ദേഹത്തിനു മലങ്കര മെത്രാപ്പോലീത്താ സ്ഥാനവും സഭ നല്‍കി. അതോടുകൂടി കാതോലിക്കാ ബാവാ മലങ്കരസഭയുടെ അതിശക്തനായ പരമാധികാരിയായി. 35 കൊല്ലം ഭരിച്ച അദ്ദേഹത്തിനെതിരായും മറുകക്ഷികള്‍ കേസുകൊടുക്കുകയും തിരുകൊച്ചി ഹൈക്കോടതിയില്‍ നിന്നു 1951-ല്‍ പരാജയങ്ങള്‍ ഉണ്ടാകുകയും ചെയ്തു എങ്കിലും അതുമൂലം ദേവലോകം കാതോലിക്കേറ്റ് അരമന വാങ്ങാന്‍ സാധിച്ചു എന്നതാണ് ദൈവനിയോഗം. 1951-ലെ പരാജയത്തിനെതിരെ കൊടുത്ത അപ്പീലില്‍ ആണ് സുപ്രീംകോടതി 1958-ല്‍ അന്തിമവിധി പ്രസ്താവിച്ചതും എതിര്‍കക്ഷിയെ നിര്‍വീര്യരാക്കിയതും. തുടര്‍ന്ന് സ്ഥാനവും ഭദ്രാസനവും അരമനയും എല്ലാം നഷ്ടപ്പെട്ട എതിര്‍കക്ഷിയിലെ മെത്രാന്മാര്‍ പ. കാതോലിക്കാ ബാവായുടെ കാലുപിടിക്കുകയും എല്ലാം ക്ഷമിച്ചു പഴയ സ്ഥാനങ്ങള്‍ ബാവായ്ക്കു വിധേയത്വ ഉടമ്പടി നല്‍കിയതിന്‍റെ അടിസ്ഥാനത്തില്‍ ബാവാ തിരിച്ചുകൊടുക്കുകയും ചെയ്തു. മൂന്നാം കാതോലിക്കായുടെ ഭരണകാലത്തു 1958-ല്‍ സഭയില്‍ സമാധാനം ഉണ്ടായി. സഭ ആഗോളവ്യാപകമായി വളരാന്‍ തുടങ്ങി. ലോകത്തിലെ മറ്റു സഭകളുമായുള്ള ബന്ധവും വളര്‍ന്നു. കാലംചെയ്ത ഏഴ് കാതോലിക്കാമാരില്‍ എന്തുകൊണ്ടും പ്രശസ്തനും പ്രമുഖനുമായിരുന്നു മൂന്നാം കാതോലിക്കാ.

അദ്ദേഹം 1964-ല്‍ കാലംചെയ്തശേഷം ഔഗേന്‍ബാവായെ 1964 മെയ് 22-നു യാക്കൂബ് തൃതീയന്‍ പാത്രിയര്‍ക്കീസ് നാലാം കാതോലിക്കായായി കോട്ടയത്തുവച്ചു വാഴിച്ചപ്പോള്‍ അദ്ദേഹം ഇരുകൂട്ടര്‍ക്കും ഒരുപോലെ സ്വീകാര്യനായ കാതോലിക്കായായി. അദ്ദേഹത്തെ വാഴിച്ച പാത്രിയര്‍ക്കീസു തന്നെ മാര്‍ത്തോമ്മാശ്ലീഹായ്ക്കു പട്ടമില്ലെന്നും മറ്റുമുള്ള വേദവിപരീത കല്പന 1970-ല്‍ ഇറക്കി എങ്കിലും അതൊന്നും ശോഭിച്ചില്ല. ക്രൈസ്തവ ദൈവശാസ്ത്ര രംഗത്ത് ഒറ്റപ്പെട്ടുപോയ യാക്കൂബ് മൂന്നാമന്‍ അകാലനിര്യാണം പ്രാപിക്കുകയാണുണ്ടായത്. വിനീതനെന്നു എല്ലാവരും വിശേഷിപ്പിച്ചുവന്ന ഔഗേന്‍ ബാവാ അന്നു ഏറ്റവും ശക്തനായിത്തീര്‍ന്നു എന്നു സഭാചരിത്രം രേഖപ്പെടുത്തുന്നു.

തുടര്‍ന്നുവന്ന മാത്യൂസ് പ്രഥമന്‍ ബാവായുടെയും മാത്യൂസ് രണ്ടാമന്‍ ബാവായുടെയും ദിദിമോസ് പ്രഥമന്‍ ബാവായുടെയും കാലത്തു മലങ്കരസഭയ്ക്കു സമസ്ത മേഖലകളിലും ഉണ്ടായിട്ടുള്ള നേട്ടങ്ങള്‍ വിവരിക്കണമെങ്കില്‍ പല പുസ്തകങ്ങള്‍ വേണ്ടിവരും.

പ. ഔഗേന്‍ ബാവായും മാത്യൂസ് പ്രഥമന്‍ ബാവായും, ഇപ്പോഴത്തെ (എട്ടാമത്തെ) ബാവായായ പൗലൂസ് രണ്ടാമന്‍ ബാവായും മാര്‍പ്പാപ്പാമാരുമായി സമന്മാരെപ്പോലെ ഇരുന്നു സഭാകാര്യങ്ങളും മറ്റും ചര്‍ച്ച ചെയ്തിട്ടുള്ളത് കാതോലിക്കാ സിംഹാസന ചരിത്രത്തിലെ അമൂല്യനിമിഷങ്ങളാണ്. കാതോലിക്കേറ്റിന്‍റെ ശതാബ്ദി കൊണ്ടാടിയ മലങ്കരസഭയ്ക്ക് ആഗോള സഭാരംഗങ്ങളിലുള്ള അനുപമ സ്ഥാനങ്ങളും പ്രശസ്തിയും അഭിനന്ദനീയമാണ്. മുപ്പതു ഭദ്രാസനങ്ങളും 1500 പള്ളികളുമുള്ള മലങ്കരസഭ, പിതാക്കന്മാര്‍ ഒരിക്കലായി ഭരമേല്പിച്ചിട്ടുള്ള സത്യവിശ്വാസം അന്യൂനം നിലനിര്‍ത്തുന്നു. സഭയുടെ വിവിധ മേഖലകളിലും ദൗത്യം നിറവേറ്റുന്ന സഭ സാമ്പത്തിക സാംസ്കാരിക രംഗങ്ങളില്‍ ഉന്നതസ്ഥാനത്താണ്. ഒറ്റ ദിവസംകൊണ്ടു പത്തു കോടി രൂപയാണ് കാതോലിക്കാനിധിയായി ശേഖരിക്കുന്നത്. വിദ്യാസമ്പന്നരും ഉയര്‍ന്ന പദവികളില്‍ വിരാജിക്കുന്നവരും ആയ സഭാംഗങ്ങള്‍ കാതോലിക്കേറ്റിന്‍റെ അഭിമാനഭാജനങ്ങളാണെന്നുള്ളതിനു രണ്ടുപക്ഷമില്ല.