പ. സുന്നഹദോസ് തീരുമാനപ്രകാരം സഭാസമാധാനവുമായി ബന്ധപ്പെട്ടു തയ്യാറാക്കി അംഗീകരിച്ച സ്റ്റേറ്റ്മെന്റ്

പരിശുദ്ധ സുന്നഹദോസ് തീരുമാനപ്രകാരം
സഭാസമാധാനവുമായി ബന്ധപ്പെട്ടു തയ്യാറാക്കി അംഗീകരിച്ച സ്റ്റേറ്റ്മെന്റ്

ഒന്നാം നൂറ്റാണ്ടിൽ തന്നെ പരിശുദ്ധ തോമാശ്ലീഹായാൽ സ്ഥാപിതമായ മലങ്കര സഭ അതിന്റെ ചരിത്രത്തിൽ പല വെല്ലുവിളികളും വിഭജനങ്ങളും നേരിട്ടിട്ടുണ്ട്. എന്നാൽ സഭയെ ഏറ്റവും വേദനിപ്പിച്ചത് ഒരേ പാരമ്പര്യവും, പൈതൃകവും, വിശ്വാസവും, ദൈവശാസ്ത്രവും ഉള്ള സഭയിലെ പിളർപ്പാണ്. ഇതു സംബന്ധിച്ചു പിളർന്ന രണ്ടു വിഭാഗവും നീതി നിർവ്വഹണത്തിനായി ഭാരതത്തിന്റെ നീതി വ്യവസ്ഥയെ സമീപിച്ചു. പല വർഷങ്ങളും ഘട്ടങ്ങളും കടന്നു 1995 ജൂലൈ 20 ആം തീയതി ബഹു. സുപ്രീംകോടതിയുടെ 3 അംഗബെഞ്ച്‌ ഈ സഭ ഒന്നാണ് എന്നും അതു 1934-ലെ ഭരണഘടന പ്രകാരം കാര്യനിർവ്വഹണം നടത്തേണ്ട സമൂഹം ആണ് എന്നും അതിൻപ്രകാരം ഭരണഘടന നിർദ്ദേശിക്കുന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസ്സോസിയേഷൻ ചേർന്നു തുടർ കാര്യങ്ങൾ തീരുമാനിക്കണം എന്നും ഉത്തരവായി. ഇതിന്മേൽ ഉയർന്ന വിവിധ ചോദ്യങ്ങളെ പരിഗണിച്ച ബഹു. കോടതിയുടെ നിർദ്ദേശപ്രകാരം ഇരു വിഭാഗവും ചേർന്നു ജസ്റ്റിസ് മളിമഠിന്റെ നിരീക്ഷണത്തിൽ അസ്സോസിയേഷൻ ചേർന്നു. എന്നാൽ മുൻ പാത്രിയർക്കിസ് വിഭാഗത്തിലെ ഒരു വിഭാഗം സമാന്തരമായി യോഗം ചേരുകയും ഒരു സഭ എന്ന നിലയിൽ പ്രവർത്തനം ആരംഭിക്കുകയും ചയ്തു. ഇതുമൂലം വ്യവഹാരങ്ങൾ തുടരുകയും പലയിടത്തും പുതിയ അസ്വസ്ഥതകൾ ഉടലെടുക്കുകയും ചെയ്തു. 2002 -ൽ സമാന്തരമായി രൂപീകരിക്കപ്പെട്ട സമൂഹം തങ്ങളുടെ നീതിയുക്തം എന്നു വിശ്വസിച്ച അവകാശങ്ങൾ നേടി എടുക്കുവാനായി പല ഘട്ടങ്ങളിൽ അപേക്ഷ സമർപ്പിക്കുകയും എന്നാൽ ബഹു. സുപ്രീംകോടതി ചോദ്യങ്ങൾ ഉന്നയിക്കപ്പെട്ട പള്ളികൾ കൂടാതെ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ഒരു ഇടവകയിലും 2002-ൽ രൂപീകരിക്കപ്പെട്ട സമാന്തര സമൂഹത്തിനു യാതൊരു അധികാരാവകാശങ്ങളും ഇല്ല എന്നും പകരം എല്ലാ പള്ളികളും 1934 -ലെ ഭരണഘടന അനുസരിച്ചു മാത്രം ഭരിക്കപ്പെടണം എന്നും തീരുമാനിച്ചു.

ഈ ഉത്തരവ്, അത്‌ ലഭിച്ച 2017 ജൂലൈ 3 എന്ന ദിവസം സഭയുടെ ഭാവി സംബന്ധിച്ചു ആ ദിനത്തിൽ സ്മരിക്കപ്പെടുന്ന മലങ്കര സഭയുടെ അപ്പോസ്തോലൻ ആയ പരിശുദ്ധ തോമാ ശ്ലീഹയുടെ ദൈവസന്നിധിയിലെ മധ്യസ്ഥതയുടെ ഫലമായിട്ടാണ് എന്നാണു ഈ സുന്നഹദോസ്സ് കാണുന്നത്. ഇതു ഉൾക്കൊണ്ടുകൊണ്ട് 1934 -ലെ ഭരണഘടന പ്രകാരം തെരഞ്ഞെടുക്കപ്പെട്ടു വാഴിക്കപ്പെട്ട പരിശുദ്ധ കാതോലിക്കാ ബസേലിയോസ് മാർത്തോമ്മാ പൗലോസ് രണ്ടാമൻ ബാവാ സഭക്കായി നൽകിയ കല്പനയിലെ പ്രത്യാശ ഈ സുന്നഹദോസ്സ് ആവർത്തിച്ചു രേഖപ്പെടുത്തുന്നു.

അദ്ദേഹം പറഞ്ഞു:
ബഹു. സുപ്രീം കോടതിയുടെ ഇപ്പോഴുണ്ടായ വിധിയുടെ അടിസ്ഥാനത്തിൽ മലങ്കര സഭാംഗങ്ങൾ ഏവരും ഒന്നായി തീരേണ്ടതു അങ്ങേയറ്റം ആവശ്യമാണ്. പരിശുദ്ധ സഭയുടെ മക്കൾ മുഴുവനും ഒരേ വിശ്വാസത്തിന്റെ പൈതൃകം പേറുന്ന കുടുംബാംഗങ്ങൾ തന്നെയാണ്. അതിനാൽ നാമെല്ലാവരും ഈ കോടതി വിധിയുടെ അന്തസത്ത ഉൾക്കൊണ്ടുകൊണ്ട് ഏകവും വിശുദ്ധവുമായ സഭയുടെ മക്കളായി വർത്തിക്കണമെന്നും ബഹു. സുപ്രീം കോടതി ആവർത്തിച്ചുറപ്പിച്ചതായ സഭാഭരണഘടനയുടെ അടിസ്ഥാനത്തിൽ പരിശുദ്ധ സഭയിൽ ശാശ്വത സമാധാനം ഉണ്ടാകണം എന്നുമാണ് നമ്മുടെ ആഗ്രഹം. “ കലഹം പിശാചിന്റെ കൗശലമാണ്, സമാധാനം ദൈവത്തിന്റെ ദാനമാണ്.” ഈ വസ്തുത നാം ഉൾക്കൊള്ളേണ്ടിയിരിക്കുന്നു. ദൈവീകമായ സമാധാനം ഈ പരിശുദ്ധ സഭയിൽ പൂർണ്ണമായും നിലനിൽക്കുവാൻ ദൈവാശ്രയത്തോടും , സമചിത്തതയോടും കൂടെ ദൈവമുമ്പാകെ മുട്ടിപ്പായി പ്രാർത്ഥിക്കണമെന്നു നാം നിങ്ങളെ പ്രത്യേകമായി ഓർമിപ്പിക്കുന്നു. കേസും , വഴക്കും സഭയുടെ സാക്ഷ്യത്തിനും പുരോഗതിക്കും എന്നും വിഘാതമാണ്. പ്രശ്നരഹിതമായ സാഹചര്യം സൃഷ്ഠിച് സഭാംഗങ്ങളുടെ ആത്മീകവും, ഭൗതീകവുമായ പുരോഗതിക്കായി പദ്ധതികൾ ആവിഷ്കരിക്കുകയാണ് ഏറ്റവും കരണീയമെന്നു നാം കരുതുന്നു. ആയതിനാൽ “സമാധാനം ഉണ്ടാക്കുന്നവർ ഭാഗ്യവാന്മാർ” എന്ന ദൈവവചനം പ്രാവർത്തികമാക്കുവാനും സമാധാനം പുലരുവാനും ദൈവാശ്രയത്തോടെ ഒത്തുചേർന്നു പ്രവർത്തിക്കുകയും ചെയ്യാം. നാമേവരും മലങ്കര സഭയുടെ വിശ്വാസം പൂർണ്ണമായി പാലിക്കണമെന്നും ദൈവീകമായ സമാധാനത്തിന്റെ ആത്മാവിൽ നിലകൊള്ളണമെന്നും നാം വീണ്ടും നിങ്ങളെ ഓർമിപ്പിക്കുന്നു.

മലങ്കരസഭ പ്രാർത്ഥനാപൂർവ്വം കാത്തിരിക്കുകയാണ്. സ്പർധയും , വിദ്വേഷവും വെടിഞ്ഞു ഒരാരാധക സമൂഹമായി ദൈവസന്നിധിയിൽ ഏവരും കടന്നുവരുന്ന അനുഗ്രഹീത മുഹൂർത്തത്തിന് വേണ്ടി. ഈ ലക്ഷ്യത്തെ ബാധിക്കുന്ന ഒരു നടപടിയും മലങ്കരസഭയുടെ ഭാഗത്തുനിന്ന് ഉണ്ടാവില്ല. എന്നാൽ നീതിനിർവഹണം ഉണ്ടാകുന്നത് ഇനിയും വൈകിക്കൂടാ എന്നും സഭക്ക് നിർബന്ധം ഉണ്ട്. സഭയിലെ ഐക്യവും സമാധാനവും സമ്പൂർണമാകുന്നതുവരെ വിശ്രമരഹിതമായി പ്രവർത്തിക്കാൻ സഭ പ്രതിജ്ഞാബദ്ധമാണ്.
ഈ ലക്ഷ്യത്തിനു ഏവരുടെയും സഹായവും, പങ്കാളിത്തവും ദൈവനാമത്തിൽ ഉണ്ടാകണമെന്ന് പരിശുദ്ധ സുന്നഹദോസ് അപേക്ഷിക്കുന്നു.

ഇത് പറയുമ്പോൾ തന്നെ രണ്ടുകാര്യങ്ങൾ എടുത്തു പറയേണ്ടതുണ്ട്. ഒന്നാമത് സഭയിലെ ഏതു വിഷയത്തിന്മേലുള്ള തീരുമാനവും

ബഹു. സുപ്രീം കോടതിയുടെ മേല്പറഞ്ഞ 2017 ജൂലൈ 3 ലെ വിധിയുടെയും 1934 ലെ ഭരണഘടനയുടെയും അടിസ്ഥാനത്തിൽ ആയിരിക്കും. രണ്ടാമത് ഇതുമൂലം ഇവരണ്ടും അംഗീകരിക്കുന്ന ഇടവകജനങ്ങളിൽ ആർക്കും ഇടവകയിൽ യാതൊരു ബുദ്ധിമുട്ടും തടസ്സവും ഉണ്ടാവുകയില്ല എന്നത് ഉറപ്പാക്കുകയും ചെയ്യുന്നു.